ചറപറാ ചെക്കിങ്.. തീവ്രപ്രകാശമുള്ള ലൈറ്റുകള്‍ അഴിപ്പിച്ചു, ചെത്ത് ബൈക്കുകള്‍ പിടിച്ചു
കോഴിക്കോട്: രാമനാട്ടുകര മുതല്‍ വെങ്ങളം വരെ ദേശീയപാതയിലും കോഴിക്കോട് നഗരത്തിലുമായി മോട്ടര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രത്യേക വാഹന നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ 138 വിവിധ തരം വാഹങ്ങളുടെ പേരില്‍ കേസ് എടുത്തു. 66700 രൂപ പിഴയിനത്തില്‍ ഈടാക്കി. ഈ മേഖലയില്‍ വര്‍ധിച്ചു വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്.
സേഫ് കേരള എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ ലഭ്യമായ 5 സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. 238 വാഹനങ്ങള്‍ പരിശോധിച്ചു. അതി തീവ്രമായ പ്രകാശം പരത്തുന്ന തരത്തിലുള്ള ലൈറ്റുകള്‍ ഘടിപ്പിച്ച 44 വാഹനങ്ങള്‍ക്കെതിരെയും അനധികൃത രൂപമാറ്റം വരുത്തിയ 18 ഇരുചക്ര വാഹങ്ങള്‍ക്കെതിരെയും കേസ് എടുത്തു. അനധികൃതമായി ഘടിപ്പിച്ച ലൈറ്റുകള്‍ നീക്കം ചെയ്തു. അതിനു ശേഷമാണ് പിഴ ഈടാക്കിയത്.
നഗരത്തില്‍ ബീച്ച്, മാനാഞ്ചിറ, കല്ലായി, ഫറോക്ക് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 37 ഓട്ടോറിക്ഷകള്‍ പരിശോധിച്ച് വിവിധ വകുപ്പുകള്‍ പ്രകാരം 18 എണ്ണത്തിന് കേസ് എടുത്തു. വരും ദിവസങ്ങളില്‍ നിരന്തരമായ പരിശോധന നാഷണല്‍ ഹൈവേയില്‍ നടത്താനും തീരുമാനിച്ചു. ആര്‍ ടി ഓ എന്‍ഫോഴ്സ്മെന്റ് പി എം ഷബീറിന്റെ നേതൃത്വത്തില്‍, എം വി ഐ മാരായ കെ. രണ്‍ദീപ്, സനല്‍ മാമ്പിള്ളി, ജയന്‍ കെ.വി, അനില്‍ കുമാര്‍, പ്രശാന്ത് പി എന്നിവരും 14 എ എം വി ഐ മാരും പങ്കെടുത്തു.
നാഷണല്‍ ഹൈവേയില്‍ സംരക്ഷിത പാത ഒരുക്കുന്നതിന് ചെക്കിങ് രീതി വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ബീച്ച് റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ അനധികൃതമായി റേസിംഗ് നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പൊതു ജനങ്ങള്‍ക്ക് 8281786094 എന്ന നമ്പറില്‍ പരാതി അറിയിക്കാമെന്നും റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ