• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഓര്‍മ്മയിലെ ഓണം: നിറവയറിന്‍റെയും പൂക്കളുടേയും ആഘോഷ ദിനങ്ങള്‍- സുരേഷ് കനവ് എഴുതുന്നു

  • By Desk

സന്തോഷം നിറഞ്ഞു തുളുമ്പുന്നതാണ് ഓര്‍മ്മയിലെ ഓരോ ഓണവും. ഇന്നത്തെ സാഹചര്യത്തില്‍ നിന്നുകൊണ്ട് പണ്ടത്തെ ഓണ ദിനങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ അതിന് വലിയൊരു ചാരുതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഒരു ദിനം എന്നാതിയിരിക്കും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പണ്ടത്തെ ഓണം. പൂക്കളോടും പ്രകൃതിയോടുമുള്ള സ്നേഹം കൂടുതല്‍ പ്രകടമാവുകയും അവയെ അടുത്തറിയുന്നതുമായ ദിനങ്ങളായിരുന്നു അത്.

തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വരുന്ന പൂക്കള്‍ വാങ്ങിച്ച് പൂക്കളം ഒരുക്കുന്നതാണ് ഇന്നത്തെ ഒരു പതിവ് രീതി. പൂര്‍ണ്ണമായും അങ്ങനെയാണെന്നല്ല, എങ്കിലും വര്‍ണ്ണപ്പൊലിമയോടെ ഒരു പൂക്കളം തീര്‍ക്കണമെങ്കില്‍ മലയാളിക്ക് ഇന്ന് വരവ് പൂക്കളെ ആശ്രയിക്കണം. പക്ഷെ പണ്ട് ഒരു വീട്ടില്‍ അവസ്ഥ ഇതായിരുന്നില്ല. പൂക്കള്‍ തേടി കുട്ടികളും മുതിര്‍ന്നവരും ഒരേ പോലെ പറമ്പുകളിലേക്കും തൊടികളിലേക്കും ഇറങ്ങും. കൂട്ടിക്കാലത്ത് സ്കൂള്‍ വിട്ട് വരുന്ന വഴി മുതല്‍ തന്നെ പിറ്റേ ദിവസത്തേക്കുള്ള പൂക്കള്‍ ശേഖരിക്കാന്‍ തുടങ്ങും. പിന്നീട് ഓരോ സംഘമായിട്ടായിരിക്കും പൂ പറിക്കല്‍.

പൂ പറിക്കല്‍

പൂ പറിക്കല്‍

പലതരത്തിലുള്ള പൂക്കളുമായിട്ടായിരിക്കും വീട്ടിലേക്ക് മടങ്ങുക. കാക്കപ്പൂ, അരിപ്പൂ, തുമ്പ, ചെത്തി, കുറിഞ്ഞി, കൊളാമ്പിപ്പൂവ്, ചെമ്പരത്തി തെച്ചി ഇത്തരത്തില്‍ പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ ഉണ്ടാവും. പൂ പറിക്കാന്‍ പോവുമ്പോഴുള്ള അനുഭവങ്ങല്‍ തന്നെ രസകരമാണ്. തമാശകളും പാട്ടും ബഹളവുവുമൊക്കെയായി ഒരു ഓളമായിരിക്കും. പൂ തേടി ആളൊഴിഞ്ഞ പറമ്പുകളിലേക്ക് പോവുമ്പോള്‍ കാട്ടു പന്നി, മുള്ളന്‍ പന്നി, കുറുക്കന്‍, ഉടുമ്പ് എന്നിവയെ ഒക്കെ കാണാന്‍ കഴിയുമായിരുന്നു. പൂ പറിക്കുന്നതിനോടൊപ്പം തന്നെ കുറേ കളികളും ഉണ്ടാവും.

പൂക്കളം ഒരുങ്ങുന്നു

പൂക്കളം ഒരുങ്ങുന്നു

പിറ്റേദിവസം രാവിലെ കുളിച്ചൊരുങ്ങി പൂക്കളം ഇടല്‍ ആരംഭിക്കും. പൂക്കലം ഒരുക്കാനുള്ള ചാണകം മെഴുകിയ തറ അമ്മയാണ് ഒരുക്കി തറ. ഓരോ വീട്ടിലും മത്സരത്തിന്‍റെ പ്രതീതി തന്നെയാവും. പിറ്റേ ദിവസം എങ്ങനെ പൂക്കലം തീര്‍ക്കണം എന്നാലോചിച്ച് കിടക്കുമ്പോള്‍ തലേദിവസം ഉറക്കം ഒക്കെ വരാന്‍ വൈകും. കൂട്ടുകാരന്‍റെ വീട്ടിലേക്കാളും നന്നായി എന്‍റെ വീട്ടില്‍ പൂക്കളം ഒരുക്കണമെന്നായിരിക്കും ചിന്ത.

അങ്ങനെ പൂക്കള്‍ കൊണ്ട് വള്ളംകളി, കഥകളി എന്നിവയുടെയൊക്കെ ചിത്രങ്ങള്‍ ഒരുക്കാറുണ്ടായിരുന്നു. വരക്കാനുള്ള കഴിവ് ഉണ്ടായിരുന്നതിനാല്‍ സ്കൂളിലെ പൂക്കളം മത്സരത്തിലെ പ്രധാന വരക്കാരന്‍ ഞാന്‍ തന്നെയായിരുന്നു. മിക്കപ്പോഴും എന്‍റെ ക്ലാസിന് തന്നെ ഒന്നാംസ്ഥാനം ലഭിക്കുകയും ചെയ്തു.

ഇന്നത്തെ ആഘോഷം

ഇന്നത്തെ ആഘോഷം

ഇന്നത്തെ കുട്ടികളുടെ ഓണം ആഘോഷമൊക്കെ വേറൊരു രീതിയിലാണ്. പൂ തേടി പറമ്പുകളിലേക്ക് പോവുന്നതൊക്കെ അവര്‍ക്കിന്ന് അന്യമായ കാര്യങ്ങളാണ്. നാടന്‍ പൂക്കളെ കുറിച്ച് അറിയാവുന്ന കുട്ടികള്‍ ഇന്ന് എത്രയുണ്ടെന്നത് പോലും സംശയമാണ് പുറത്ത് നിന്ന് വാങ്ങിക്കുന്ന പൂവുകള്‍കൊണ്ടാണ് അവര്‍ പൂക്കളം ഒരുക്കുന്നത്. ഏറിപ്പോയാല്‍ വീട്ടില്‍ എന്തെങ്കിലും പൂവുണ്ടെങ്കില്‍ അത് പറിച്ചിടും. അത്രമാത്രമേ ഇന്നുള്ളു. എന്‍റെ മക്കള്‍ പോലും പത്ത് ദിവസം തികച്ച് പൂക്കളം ഒരുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഒന്നാമത് ആര്‍ക്കും താല്‍പര്യമില്ല.

സദ്യ

സദ്യ

ഭക്ഷണത്തിന്‍റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഓണം, വിഷു, പുരകെട്ട് എന്നിവയ്ക്കൊക്കെയാണ് നല്ലൊരു സദ്യ ഉണ്ടാക്കുക. അല്ലാത്ത ദിവസങ്ങളില്‍ റേഷനരി ചോറും ഒരു കറിയുംമാത്രമാണ്. ഇതില്‍ നിന്ന് ഞങ്ങള്‍ കുട്ടിക്കള്‍ക്ക് ഒരു മോചനം കിട്ടുന്ന അവസരം കൂടിയാണ് ഇത്തരം ആഘോഷ ദിനങ്ങള്‍. മലബാറിലെ സദ്യകളില്‍ ഒഴിച്ചു കൂടാനാവത്തതാണല്ലോ മാംസാഹാരം. പണ്ട് അത് അങ്ങനെ തന്നെയാണ്. എന്നാല്‍ ഇന്നത്തെ പോലെ ബ്രോയിലര്‍ കോഴിയായിരിക്കില്ല, നാടന്‍ കോഴി ആയിരിക്കുമെന്ന് മാത്രം.

കോഴിയെ ഓടിച്ചിട്ട് പിടിക്കുന്നതൊക്കെ ഞങ്ങള്‍ കുട്ടികളുടെ സംഘമായിരിക്കും. കോഴി കറിവെക്കുമ്പോള്‍ ഉരുളക്കിഴങ്ങ് കുടുതലായി ഇടും. എല്ലാവര്‍ക്കും കഷ്ണം പോലെ കൂടുതല്‍ കിട്ടാന്‍ വേണ്ടി അമ്മമാര്‍ ഉപയോഗിക്കുന്ന ഒരു ട്രിക്കാണ് ഈ ഉരുളക്കിഴങ്ങ് പ്രയാഗം. മല്ലിയൊക്കെ വറുത്തരച്ച് ചട്ടിക്കലത്തില്‍ വെക്കുന്ന ആ കറിക്കൊരു പ്രത്യേക രുചിയാണ്. എല്ലാവരും നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് സദ്യ കഴിക്കുക. സ്കൂള്‍ വിട്ടുവരുന്ന വഴിയിലെ സമ്പന്നന്‍റെ വീട്ടിലെ അടുക്കളപ്പുറത്തെ വിഭവസമൃദ്ധമായ ആഹാരത്തിന്‍റെ മണം മാത്രം മൂക്കിലേക്ക് വലിച്ചു കയറുന്ന മൂക്കില്‍ നിന്ന് എരിവുള്ള കോഴിക്കറിയും ചോറും കൂട്ടിക്കഴിച്ചതിന്‍റെ 'ആനന്ദ കണ്ണീര്‍' ഒഴുകി വരുന്നത് ഈ ഓണം നാളിലാണ്.

ബന്ധങ്ങള്‍

ബന്ധങ്ങള്‍

ബന്ധുക്കള്‍ വീട്ടിലേക്ക് വരും നമ്മള്‍ അങ്ങോട്ടും പോവും. അയല്‍പ്പക്കങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ ഓണമായാല്‍ എ​ല്ലാ വീടും ഒരു പോലെയാണ്. ആര്‍ക്ക് എന്ത് ആവശ്യം വന്നാലും പരസ്പരം സഹായിക്കും. അത് ഭക്ഷ്യവസ്തുക്കളായും മറ്റ് ഉത്പന്നങ്ങളുമായൊക്കെ വീടുകള്‍ക്കിടയിലൂടെ സഞ്ചരിക്കും. എന്നാല്‍ ഇന്ന് ആ ബന്ധങ്ങളുടെയൊക്കെ ഊഷ്മളത നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ന് ഓരോരുത്തരും ഒരു തുരുത്തായി മാറിയിരിക്കുകയാണ്. താനും തന്‍റെ കുടുംബവും എന്നതിനപ്പറും ചിന്തിക്കാന്‍ ആര്‍ക്കും സമയമില്ല. ആരും അയല്‍ക്കാരന്‍റെ അവസ്ഥ അറിയിന്നില്ല.

മാവേലി നാടു വാണീടുംകാലം

മാവേലി നാടു വാണീടുംകാലം

പുതിയൊരു ഉടുപ്പ് കിട്ടാന്‍ ഓണവും വിഷും ആകണം. പിന്നീട് ആ വര്‍ഷം മുഴുവന്‍ അതായിരിക്കും. ഇന്നിപ്പോള്‍ പത്തോണത്തിനും പത്ത് ഡ്രസ്സാണ്. ഇന്നത് പൊങ്ങച്ചത്തിന്‍റെ കൂടി ഒരു ഭാഗമായിരിക്കുകയാണ്.

മവേലി ഭരണം കഥയോ മിത്തോ എന്തായാലും അങ്ങനെയൊരു ഭരണം വരണമെന്ന ആഗ്രഹം അന്നൊക്കെ ഉണ്ടായിരുന്നു. 'മാവേലി നാടു വാണീടുംകാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കുംകാല- ത്താപത്തങ്ങാർക്കുമൊട്ടില്ലതാനും' എന്ന് തുടങ്ങുന്ന ആ ഗാനത്തിലെ വരികളിലേത് പോലെ ഉള്ളില്‍ കള്ളമില്ലാതെയാണ് ഇന്നോളം ജീവിച്ചു പോന്നിട്ടുള്ളത്. സാഹചര്യങ്ങളാണ് അങ്ങനെ ആക്കിതീര്‍ത്തത്. സഹജീവികളെ സ്നേഹത്തോടെ കാണുന്ന ഒരു മനസ്സുണ്ടാവുക എന്നതാണ് ഏറ്റവും പ്രധാനം. ഈ ഓണക്കാലത്തും എനിക്ക് പറയാനുള്ളത് അതാണ്. സഹജീവികളെ സ്നേഹിക്കുക, മനുഷ്യരെ.. മൃഗങ്ങളെ.. പക്ഷികളെ.. സസ്യജലാധികളെ.. പ്രകൃതിയെ.. സ്നേഹിക്കുക.. സ്നേഹിക്കുക.. സ്നേഹിക്കുക

(എടക്കാട് ബറ്റാലിയന്‍, കുഞ്ഞിരാമന്‍റെ കുപ്പായം, തല്ലുംമ്പിടി തുടങ്ങിയ പത്തിലേറെ മലയാള ചലച്ചിത്രങ്ങളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ച വ്യക്തിയാണ് സുരേഷ് കനവ്)

Kozhikode

English summary
Onam 2020: suresh kanavu about Onam Memories
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X