ശബരിമല ഓണ്‍ലൈന്‍ ബുക്കിങ്ങ് എങ്ങനെ; വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ ശ്രദ്ധേക്കേണ്ട കാര്യങ്ങള്‍
പത്തനംതിട്ട: സര്‍ക്കാര്‍ തീരുമാനം വന്നതോടെ ശബരിമല സന്നിധാനത്ത് കൂടുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണ്. തിങ്കള്‍ മുതല്‍ വെള്ളിവരേയുള്ള ദിവസങ്ങളില്‍ പ്രതിദിനം 2000 പേരയും ശനി ഞായര്‍ ദിവസങ്ങളില്‍ 4000 പേരെയുമാണ് ഇന്ന് മുതലുള്ള ദിവസങ്ങളില്‍ അനുവദിക്കുക. നേരത്തെ ഇത് യഥാക്രമം ആയിരവും രണ്ടായിരവുമായിരുന്നു. ഇതനുസരിച്ച് ഇന്നുമുതല്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്കിങ്ങ് തുടങ്ങും. മൂന്നാം തിയതി മുതല്‍ ദര്‍ശനത്തിന് അനുമതി ലഭിച്ചേക്കും.

ഓണ്‍ലൈന്‍ ബൂക്കിങ്
ദിനംപ്രതി എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടിയ സാഹചര്യത്തില്‍ പത്തനംതിട്ട,നിലക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ കൊവിഡ് പരിശോധനക്ക് കൂടുതല്‍ സൗകര്യമൊരുക്കും. ദർശനത്തിനായി ഓൺലൈൻ ബുക്കിംഗ് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ആരംഭിക്കും. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ബുക്കിങ്സൗജന്യമായാണ് ക്യൂ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. www.sabarimalaonline.org എന്ന വെബ് പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

ബുക്കിങ് രണ്ട് തരം
അപ്പം, അരവണ, വിഭൂതി, നെയ്യ്, കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് എന്നിവയും ഈ വെബ് പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കും. മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് എത്തുന്ന തരത്തിലാണ് വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിൽ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ കൂപ്പണുകള്‍ അനുവദിക്കും.

സ്വാമി ക്യൂ
മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വഴി സന്നിധാനം നടപ്പന്തലിൽ എത്തുന്ന പരമ്പരാഗത പാതയിലൂടെയുള്ള തീർഥാടനമാണ് സ്വാമി ക്യൂ എന്ന വിഭാഗത്തിലെ ബുക്കിങ്. തീര്‍ത്ഥാടകരുടെ പേര്, വയസ്സ് , ഫോട്ടോ, വിലാസം, തിരിച്ചറിയല്‍ രേഖ (ആധാര്‍, വോട്ടേഴ്സ് ഐഡി മുതലായവ), മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പൂര്‍ണ്ണമായും വൈബ്സൈറ്റില്‍ നല്‍കണം. വെബ് പോർട്ടലിലെ കലണ്ടറിൽ നിന്നും ലഭ്യതയ്ക്കനുസരിച്ച് ദർശന ദിവസവും സമയവും തിരഞ്ഞെടുക്കാന്‍ സാധിക്കും.

ബുക്കിംഗ് പൂർത്തിയാക്കിയശേഷം
ബുക്കിംഗ് പൂർത്തിയാക്കിയശേഷം വെർച്വൽ ക്യൂ, സ്വാമി ക്യൂ കൂപ്പൺ സേവ് ചെയ്ത് പ്രിന്റ് എടുക്കണം. അതേസമയം, അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് ബുക്കിംഗ് ആവശ്യമില്ല. അതിനു മുകളിലുള്ള കുട്ടികൾക്ക് ബുക്കിങ്ങിന് സ്കൂൾ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാന്‍ കഴിയും. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ഓരോ സേവനത്തിനും പ്രത്യേകം കൂപ്പണുകള്‍ ലഭ്യമാവും.

പമ്പയില്‍ എത്തണം
കൂപ്പണിൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പ ഗണപതി അമ്പലത്തിലെ ആഞ്ജനേയ മണ്ഡപത്തിലെ പൊലീസിന്റെ വെരിഫിക്കേഷൻ കൗണ്ടറിൽ കാണിച്ച് പ്രവേശന കാർഡ് കൈപ്പറ്റണം. കൃത്യമായ ദിവസങ്ങളില്‍ എത്തുന്നവര്‍ക്ക് മാത്രമേ പ്രവേശനത്തിന് അനുമതി നല്‍കുകയുള്ളു. ബുക്കിംഗിന് ഉപയോഗിച്ച ഫോട്ടോ തെന്ന തിരിച്ചറിയൽ കാർഡ് കൗണ്ടറിൽ കാണിക്കണം. ഹെൽപ്പ് ലൈൻ നമ്പർ: 7025800100.