പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്പില്‍ ഓവര്‍ പദ്ധതികള്‍ ഇല്ലാതാകും - മന്ത്രി കെടി ജലീല്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ഒരു സാമ്പത്തിക വര്‍ഷം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തുക ആ വര്‍ഷം തന്നെ ചെലവഴിക്കുന്ന രീതി പ്രോത്സാഹിപ്പിക്കുന്നതിന് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സ്പില്‍ ഓവര്‍ പദ്ധതികള്‍ നിര്‍ത്തലാക്കുമെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി കെ.ടി.ജലില്‍ പറഞ്ഞു. തിരുവല്ല ബോധനയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗം സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം കൂടി മാത്രമേ സ്പില്‍ ഓവര്‍ പദ്ധതികള്‍ അനുവദിക്കൂ. ധനകാര്യ കമ്മീഷനും സ്പില്‍ ഓവര്‍ പദ്ധതികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുന്‍കാലങ്ങളില്‍ പദ്ധതി രൂപീകരണത്തിന് ഒന്‍പത് മാസം വരെ എടുത്തിരുന്നു. പലപ്പോഴും നിര്‍വഹണം ആരംഭിക്കുന്നത് ഡിസംബര്‍ മാസത്തിലാണ്. ഇതുകാരണം നാല് മാസം കൊണ്ട് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു.

ഈ സാഹചര്യത്തിന് ഇപ്പോള്‍ മാറ്റമുണ്ടായിട്ടുണ്ട്. 2018-19 വര്‍ഷത്തെ പദ്ധതി രൂപീകരണ പ്രക്രിയ 2018 മാര്‍ച്ച് 31ന് മുമ്പ് ഭൂരിപക്ഷം തദ്ദേശഭരണ സ്ഥാപനങ്ങളിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ പദ്ധതിരൂപീകരണ പ്രക്രിയ പൂര്‍ത്തിയായതിനാല്‍ നിര്‍വഹണത്തിന് 12 മാസം ലഭിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാതെ അടുത്ത വര്‍ഷത്തേക്ക് സ്പില്‍ ഓവര്‍ ആകില്ല. ഒരു സാമ്പത്തിക വര്‍ഷം നല്‍കുന്ന തുക ആ. സാമ്പത്തിക വര്‍ഷം തന്നെ ചെലവഴിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണം. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അവര്‍ക്ക് ആശ്വാസമേകുന്നതിനും നല്‍കുന്ന തുക ചെലവഴിക്കാതെ അടുത്ത വര്‍ഷത്തേക്ക് മാറ്റി വയ്ക്കുന്നത് ആശാസ്യകരമല്ല. ഈ രീതിക്ക് മാറ്റം വരുത്തി ഒരു വര്‍ഷം നല്‍കുന്ന തുക ആ വര്‍ഷം തന്നെ ചെലവഴിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇന്ന് ലഭിക്കേണ്ട ആനുകൂല്യം ഒരു വര്‍ഷത്തിന് ശേഷം ലഭ്യമാക്കാം എന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്പില്‍ ഓവര്‍ പദ്ധതികള്‍ നിര്‍ത്തലാക്കുന്നതോടെ പദ്ധതികള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റി വയ്ക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവണതയും ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു.

news

നഗരപ്രദേശങ്ങളില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു വീടിന് 1.5 ലക്ഷം രൂപയാണ് നല്‍കുന്നത്. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ 2.5 ലക്ഷം രൂപ കൂടി നല്‍കി നാല് ലക്ഷം രൂപയ്ക്കാണ് പിഎംഎവൈ അര്‍ബന്‍ ലൈഫ് എന്ന പേരില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. 1.5 ലക്ഷം രൂപയ്ക്ക് കേരളത്തിലെ സാഹചര്യത്തില്‍ ചെറിയ ഒരു വീട് പോലും നിര്‍മിക്കുവാന്‍ കഴിയില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷനുമായി ബന്ധിപ്പിച്ച് കൂടുതല്‍ തുക നല്‍കി പിഎംഎവൈ പദ്ധതി നഗരപ്രദേശങ്ങളില്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ല, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് വിവിധ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ഗുണഭോക്താക്കളുടെ പട്ടിക ലഭിക്കേണ്ടതുണ്ട്. ചില ഗ്രാമപഞ്ചായത്തുകള്‍ സമയത്ത് ഗുണഭോക്തൃ പട്ടിക ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ജില്ലാ പഞ്ചായത്തിനും നല്‍കാത്തതുമൂലം തുക വിനിയോഗിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇത് ഒഴിവാക്കുന്നതിനായി ഗുണഭോക്തൃ ലിസ്റ്റ് നല്‍കാത്ത ഗ്രാമപഞ്ചായത്തുകളെ ഒഴിവാക്കി പട്ടിക നല്‍കിയ ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും നിര്‍ബന്ധിത പ്രോജക്ടുകളായ ഗെയിംസ് ഫെസ്റ്റിവല്‍, സംരംഭക ക്ലബ്, ഭിന്നശേഷി വിഭാഗക്കാരുടെ കലോത്സവം എന്നിവയ്ക്ക് തുക വകയിരുത്തണമെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരുടെ കലോത്സവത്തിന് അഞ്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുവാന്‍ പഞ്ചായത്തുകള്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കേണ്ട പദ്ധതികളുടെ പുരോഗതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40 ശതമാനം മാത്രമായിരുന്നു. ഡിപ്പോസിറ്റ് വര്‍ക്കുകളുടെ കാര്യത്തില്‍ കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും കാര്യക്ഷമമായ നടപടികള്‍ എടുത്തിട്ടില്ലാത്ത സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ കെഎസ്ഇബിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും യോഗം അടിയന്തരമായി വിളിച്ച് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

2017-18 വര്‍ഷം കെട്ടിട നികുതി പിരിവില്‍ 100 ശതമാനം നേട്ടം കൈവരിച്ച അരുവാപ്പുലം, ഇലന്തൂര്‍, ചെന്നീര്‍ക്കര, കവിയൂര്‍, കൊടുമണ്‍, കുളനട, മെഴുവേലി, നെടുമ്പ്രം, തുമ്പമണ്‍, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തുകള്‍ക്കും 2017-18 വാര്‍ഷിക പദ്ധതിയില്‍ 100 ശതമാനം ചെലവ് കൈവരിച്ച ആനിക്കാട്, നാറാണംമൂഴി, അരുവാപ്പുലം, തുമ്പമണ്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ മികച്ച നേട്ടം കൈവരിച്ച പുളിക്കീഴ്, പറക്കോട്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തകള്‍ക്കും കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ 80 ശതമാനത്തിലധികം നേട്ടം കൈവരിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്തിനും മന്ത്രി പ്രത്യേക ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ലൈഫ് മിഷന്‍ ഡെപ്യൂട്ടി സിഇഒ സാബുക്കുട്ടന്‍ നായര്‍, അഡീഷണല്‍ ഡവലപ്‌മെന്റ് കമ്മീഷണര്‍ പി.വിജയകുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സോമസുന്ദരലാല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി.കൃഷ്ണകുമാര്‍, ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി അഡ്വ.എന്‍.രാജീവ്, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിതുക വിനിയോഗം അവലോകനം ചെയ്യുന്നതിന് തിരുവല്ല ബോധനയില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ സംസാരിക്കുന്നു.

English summary
KT Jaleel about Spill over projects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X