തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ ആകെ വിതരണം ചെയ്‌തത് 28643 പോസ്‌റ്റല്‍ ബലറ്റുകള്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ സ്‌പെഷല്‍ ബാലറ്റ് ഉള്‍പ്പെടെ 28643 പോസ്‌റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്‌തതായി കലക്ടര്‍ നവജോത് ഘോസ അറിയിച്ചു. ഇതില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി 15570 പോസ്‌റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്‌തു. കോവിഡ് പോസിറ്റവായ രോഗികള്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കായി സ്‌പെഷല്‍ ഓഫീസര്‍ തപാല്‍ മുഖേന 6576 ബാലറ്റുകളാണ് വിതരണം ചെയ്തത്.

നാല് മുനിസിപ്പാലിറ്റികളിലായി 1492 പോസറ്റല്‍ ബാലറ്റുകളും 683 സ്‌പെഷ്യല്‍ ബാലറ്റുകളും ഉള്‍പ്പെടെ 2175 പോസ്‌റ്റല്‍ ബാലറ്റുകളും നല്‍കി. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 2601 പോസ്‌റ്റല്‍ ബാലറ്റുകളും 1701 സ്‌പെഷല്‍ ബാലറ്റുകളും ഉള്‍പ്പെടെ 43221 പോസ്‌റ്റല്‍ ബാലറ്റുകളാണ് അയച്ചിട്ടുള്ളതെന്നും കലക്ടര്‍ വ്യക്തമാക്കി. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 7 വരെ 135 സ്‌പെഷ്യല്‍ ടീമുകളായി പോളിങ് ഓഫീസര്‍മാര്‍ മുഖേന 5900 ബാലറ്റുകളും പോസ്‌റ്റല്‍ മുഖേന 3080 പോസ്‌റ്റല്‍ ബാലറ്റുകളും അയച്ചു.
കോവിഡ് പോസിറ്റീവായ 45 പേര്‍ ഉള്‍പ്പെടെ 146 സ്‌പെഷ്യഷല്‍ വോട്ടര്‍മാര്‍ തലസ്ഥാന ജില്ലയില്‍ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയതായും ജില്ല കലക്ടര്‍ അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് കൗണ്ടിങ് പാസ് നിര്‍ബന്ധമാണെന്നും കല്‌ക്ടര്‍ പറഞ്ഞു.
ചീഫ് ഇലക്ഷന്‍ ഏജന്റ് കൗണ്ടിങ് ഏജന്റ് എന്നിവര്‍ക്കുമാത്രമേ വോട്ടെണ്ണല്‍ നടക്കുന്നിടത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളേയും പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് കലക്ടര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇലക്ടോണിക് ഉപകരണങ്ങളോ, മൊബൈല്‍ ഫോണുകളോ യാതൊരുതരത്തിലും വോട്ടെണ്ണല്‍ കേന്ദ്രത്തിനകത്ത് കൊണ്ടുവരാന്‍ പാടില്ലെന്നും കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി.