തീരദേശ മേഖലയിൽ കടലാക്രമണം: തിരുവനന്തപുരത്ത് നിരവധി വീടുകളിൽ വെളളം കയറി, വീടുകളും തകർച്ചാ ഭീഷണിയില്‍
തിരുവനന്തപുരം: രണ്ട് ദിവസമായി തുടരുന്ന ശക്തമായ തിരയടിയിൽ വലിയതുറ, ശംഖുംമുഖം, പൂന്തുറ, താഴംപള്ളി അഞ്ചുതെങ്ങ് കോട്ട വരെയുള്ള ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കുളിമുറി തകർന്ന് താഴംപള്ളി പുതുവൽ പുരയിടത്തിൽ ഷൈനുവിന് (17) പരിക്കേറ്റു. തരിശുപറമ്പ് അമ്പിളി ഭവനിൽ ആന്റണി, കൊച്ചുപുത്തൻ വീട്ടിൽ ആൻഡ്രിക്, തരിശുപറമ്പിൽ ആർച്ച് പോൾ, അമ്മിണി ബെർലിൻ എന്നിവരുടെ വീടുകളിലെ കതകും ജനലുകളും ഗൃഹോപകരണങ്ങളും തകർന്നു.
ശക്തമായ തിരമാലയിൽ പൂത്തുറ മുതൽ അഞ്ചുതെങ്ങ് കോട്ട വരെയുള്ള പലയിടത്തും നാശമുണ്ട്. മണ്ണ് റോഡിൽ അടിഞ്ഞുകൂടിയതിനാൽ കഴിഞ്ഞ ദിവസം രാത്രിയിൽ പലയിടത്തും വാഹനയാത്ര തടസപ്പെട്ടു. തീരദേശ പൊലീസും നാട്ടുകാരും മണിക്കൂറുകളോളം ശ്രമിച്ചാണ് മണ്ണ് നീക്കം ചെയ്‌തത്. കല്ലുകടവ് ഭാഗത്ത് കടൽഭിത്തി തകർന്നിരിക്കുന്നതിനാൽ തിരമാലകൾ പലപ്പോഴും സമീപത്തെ റോഡിലെത്താറുണ്ട്. പൂത്തുറ, ശിങ്കാരത്തോപ്പ്, തരിശുപറമ്പ് തുടങ്ങിയ മേഖലയിലെല്ലാം കടൽഭിത്തി പൂർണമായി തകർന്നിരിക്കുകയാണ്.

തീരം സംരക്ഷിക്കുന്നതിനായി പുലിമുട്ട് വേണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല. വലിയതുറയിലെ കുഴിവിളാകം, കറുപ്പായി റോഡ്, കടൽപാലം, ചെറിയതുറ, കൊച്ചുതോപ്പ് എന്നിവിടങ്ങളിലാണ് രൂക്ഷമായ കടലാക്രമണമുള്ളത്. ഈ പ്രദേശത്ത് ബുധനാഴ്ച 4 വീടുകളും ഇന്നലെ 5 വീടുകളും തിരയടിയിൽ തകർന്നു. പല വീടുകളും തകർച്ചാ ഭീഷണിയിലായതോടെ വീട്ടിലുള്ളവർ ഒഴിഞ്ഞുപോയിത്തുടങ്ങി. തിരയടി കുറയുന്ന സമയത്ത് വീടുകളിലെത്തി വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുകയും വീട്ടുസാധനങ്ങൾ മാറ്റുകയുമാണ് ആളുകൾ.












Click it and Unblock the Notifications