ആത്മീയ വിശുദ്ധി നേടാന്‍ വിശ്വാസികള്‍ ജാഗരൂകരാവണം: സമസ്ത പ്രസിഡന്റ്

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ആത്മീയ വിശുദ്ധിയാണ് റമദാന്‍ മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശമെന്നും അത് ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ എപ്പോഴും ജാഗരൂകരാവണമെന്നും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ബോധിപ്പിച്ചു. ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു തങ്ങള്‍. ഖുര്‍ആന്‍ അവതീര്‍ണമായ മാസം എന്നത് മാത്രമല്ല, റമദാന്റെ പ്രത്യേകത. കാരണം, ഖുര്‍ആന് മുമ്പ് അവതരിച്ച വേദ ഗ്രന്ഥങ്ങളും റമദാനില്‍ തന്നെയായിരുന്നു. എന്നാല്‍, ഖുര്‍ആനികമായ വചനങ്ങള്‍ കൊണ്ട് റമദാന്റെ സവിശേഷത വിശദീകരിക്കപ്പെട്ടു എന്നതാണ് ശ്രദ്ധേയമായ ഒരു പ്രത്യേകത.

നോമ്പ് സംബന്ധമായ ഖുര്‍ആനിക വചനങ്ങള്‍ കൃത്യമായി പറയുന്നത് മനുഷ്യനില്‍ ഭക്തി സൃഷ്ടിച്ചെടുക്കാന്‍ വേണ്ടിയാണ് നോമ്പ് നിശ്ചയിച്ചതെന്നാണ്. ഭക്തിയാണ് മനുഷ്യനെ വിമലീകരിക്കുക. മനുഷ്യന് വിശുദ്ധിയുടെ ആവശ്യം വരുന്നത് അവന്റെ ചുറ്റുപാടുകള്‍ പാപങ്ങളിലേക്കുള്ള കുറുക്കുവഴികള്‍ ഒരുക്കുന്നത് കൊണ്ടാണ്. സാഹചര്യങ്ങള്‍ക്കടിപ്പെട്ട് നാം ഓരോ തെറ്റ് ചെയ്യുമ്പോഴും നമുക്കകത്ത് ഓരോ കറ രൂപപ്പെടുന്നുണ്ട്. ലോഹങ്ങര്‍ക്ക് കറ പറ്റുന്നത് പോലെ അത് പിന്നീട് പരന്നും വലുതായും ഹൃദയത്തെ തന്നെ ഇരുണ്ടതാക്കുന്നു. ഹൃദയം കടുത്തു പോകുന്ന ഈ ഘട്ടത്തില്‍ മനുഷ്യന് ശരിയായ ഒരു വീക്ഷണം സാധിക്കാതെ വരും. ശരിയെ തെറ്റായും തെറ്റിനെ ശരിയായുമായാണ് അവന്‍ കാണുക. ആത്മീയ പാഠങ്ങള്‍ തീര്‍ത്തും അരോചകമായി തോന്നുന്ന മനസ്സിന്റെ പരാജയ ഘട്ടമാണ് അത്. ഈ ആത്മീയ പ്രതിസന്ധി മറികടക്കാനുള്ള പാഠമാണ് റമദാന്‍ പ്രധാനമായും നമുക്ക് പകര്‍ന്നു തരുന്നത് -ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്ത്തു. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്ന നാല് കാര്യങ്ങള്‍ പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. അവ നാലും ആത്യന്തികമായി മനുഷ്യന്റെ പരാജയ കാരണങ്ങളുമാണ്.

holy

മിനുക്കിയും ഒരുക്കിയും അമിത പ്രാധാന്യം കൊടുക്കുന്ന ശരീരവും പ്രലോഭിപ്പിക്കുന്ന ഭൗതിക ലോകവും പിഴപ്പിക്കുന്ന പിശാചും ആവശ്യത്തിലപ്പുറം കെട്ടു പിണഞ്ഞു കിടക്കുന്ന ആളുകളുമാണ് ആ നാല് കാര്യങ്ങള്‍. ഇതില്‍ ഓരോന്നും പ്രത്യക്ഷമായോ പരോക്ഷമായോ ആത്മീയ ഔന്നത്യത്തിന് ഒരാള്‍ക്ക് തടസ്സമാകുന്നുണ്ടെങ്കില്‍ അത് തിരിച്ചറിയാന്‍ അവനു കഴിയണം. വികാരങ്ങളുടെ നിയന്ത്രണമാണ് നോമ്പ് ശീലിപ്പിക്കുന്നത്. പറ്റാത്തത് തിന്നാത്തത് പോലെ, കണ്ടു കൂടാത്തത് കാണാതിരിക്കാനും നമ്മുടെ അവയവങ്ങള്‍ക്ക് കഴിയണം. ആ സ്വഭാവത്തിന്റെ അടയാള മുദ്ര പെരുമാറ്റത്തില്‍ പ്രകടമാവുകയും വേണം. നിഷിദ്ധമായതിനോട് പ്രകൃതിപരമായി തന്നെ അകല്‍ച്ച രൂപപ്പെടേണ്ടത് അങ്ങനെയാണ്. മഹാനായ ബിശ്റുല്‍ ഹാഫി തങ്ങളുടെ കൈകള്‍ നിഷിദ്ധമായ ഭക്ഷണത്തിലേക്ക് നീങ്ങാന്‍ വിസമ്മതിച്ച ചരിത്രമുണ്ട്. അവയവങ്ങളുടെ ആത്മീയ ഔന്നത്യമാണത്. തെറ്റ് ചെയ്യുമ്പോള്‍ ഓരോ അവയത്തിലും അതിന്റെ അടയാളം ബാക്കിയാക്കുന്നത് പോലെ ശരി ശീലിപ്പിച്ചാല്‍ ശരീരവും അതോട് താദാത്മ്യപ്പെടും. പ്രവാസികളെ സംബോധന ചെയ്യുമ്പോള്‍ പ്രത്യേകിച്ച് ഓര്‍മപ്പെടുത്തേണ്ട ഒരു കാര്യമുണ്ട്. അതായത്, സമ്പാദ്യം വേണ്ടെന്ന് ആരും ഉപദേശിക്കാറില്ല.

പക്ഷെ, അത് വേണ്ടുവോളം കീശയിലിരിക്കുമ്പോഴും അതിനോടുള്ള ആര്‍ത്തി മനസ്സില്‍ നിന്ന് അതിര്‍ത്തി കടക്കുമ്പോഴാണ് ഒരാള്‍ക്ക് ആത്മീയ സായൂജ്യം നേടാനാവുക -ജിഫ്രി തങ്ങള്‍ വിശദീകരിച്ചു. ദുബായ് സുന്നി സെന്ററിനെ പ്രതിനിധീകരിച്ചാണ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ദുബായ് ഹോളി ഖുര്‍ആന്‍ പരിപാടിയില്‍ പങ്കെടുത്തത്. ദുബായ് സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദുബായ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി ഉപാധ്യക്ഷന്‍ ഡോ. സഈദ് അബ്ദുല്ലാഹ് ഹാരിബ് ഉദ്ഘാടനം ചെയ്തു. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ വിഷയാവതരണം നടത്തി. അബ്ദുസ്സലാം ബാഖവി സ്വാഗതവും ഷൗക്കത്തലി ഹുദവി നന്ദിയും പറഞ്ഞു.

English summary
Samastha President; Devotees should be prepared to attain Spiritual Holiness
Please Wait while comments are loading...