മഹാബലിയായി 'പഞ്ചായത്ത് പ്രസിഡൻ്റ്'; ഓണാഘോഷം കെങ്കേമമാക്കി കള്ളിക്കാട്
തിരുവനന്തപുരം: തിരുവനന്തപുരത്തിൻ്റെ മലയോര ഗ്രാമമായ കള്ളിക്കാട് ഗ്രാമ പഞ്ചായത്തിൽ ഇക്കുറി നടന്ന ഓണാഘോഷം കണ്ടാൽ ആരുമൊന്ന് ഞെട്ടി പോകും. പഞ്ചായത്തിലെ ഓണാഘോഷത്തിന് നിറപകിട്ടാർന്നെത്തിയ മഹാബലിയെ കണ്ടാണ് പഞ്ചായത്ത് ജീവനക്കാരും ആഘോഷ കമ്മിറ്റി അംഗങ്ങളുമൊക്കെ അക്ഷരാർഥത്തിൽ ഞെട്ടിയത്. വ്യത്യസ്ത ഓണാഘോഷം നടക്കാറുള്ള കള്ളിക്കാട് മഹാബലി വേഷം കെട്ടിയത് മറ്റാരുമല്ല, സാക്ഷാൽ പഞ്ചായത്ത് പ്രസിഡൻറ് തന്നെ. ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിനിധീകരിച്ച് മത്സരിച്ച് പഞ്ചായത്തിൽ താമര വിരിയിച്ച പന്ത ശ്രീകുമാറാണ് 'മാവേലി പ്രസിഡൻ്റായി' മാറിയത്.
ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

മഹാബലി അത്തപ്പൂക്കളത്തിന് അടുത്തെത്തി ആർപ്പു വിളിച്ചതോടെ ശബ്ദം കേട്ടവര്‍ ആദ്യമൊന്ന് ഞെട്ടി.പിന്നീട്, ആശ്ചര്യത്തോടെ ഇതെവിടെയോ കേട്ട ശബ്ദമാണല്ലോ എന്നു കാതോര്‍ത്തു.ഇതിനിടെ മാവേലിയുടെ മുഖത്ത് നിറഞ്ഞ ചിരി കൂടിയായതോടെ ആഘോഷത്തിന് തിരിതെളിഞ്ഞു.

സാധാരണ ദിവസങ്ങളിൽ ബഹുമാനത്തോടെ സർ എന്നുള്ള അഭിസംബോധന പലരും ഒഴിവാക്കി.ആദ്യമൊക്കെ അമ്പരന്ന് നിന്നവർ പോലും പിന്നീട് മാവേലി പ്രസിഡൻ്റേ എന്നായി വിളി. മാവേലി തമ്പുരാനെ ഞങ്ങൾക്കി ദുരിത കാലം മാറി നല്ല കാലത്തെ വരവേൽക്കാൻ അനുഗ്രഹം തരണമെന്നായി മറ്റു ചിലർ. പിന്നീടുള്ള കുറെ ആളുകൾ മാവേലി പ്രസിഡൻ്റ് എന്നും പഞ്ചായത്ത് പ്രസിഡൻ്റിനെ വിളിച്ചു. ഏതായാലും പ്രസിഡൻറ് തന്നെ മഹാബലിയായതോടെ വെറൈറ്റി ഓണാഘോഷവുമായി അരങ്ങ് തകർത്തു കള്ളിക്കാട് ഗ്രാമപഞ്ചായത്ത്.

കേരളത്തിൻ്റെ ഗ്രാമപഞ്ചായത്ത് ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു പഞ്ചായത്ത് പ്രസിഡന്റ് മാവേലിയായിട്ടെത്തുന്നത്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കേരളത്തെയും സ്വന്തം പാര്‍ട്ടിയെ കൂടി ഞെട്ടിച്ച് ബിജെപിക്ക് തങ്ക താമര വിരിയിച്ചു നൽകി കള്ളിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് പദവിയിലെത്തിയ വ്യക്തിയാണ് നാട്ടിലെ രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ പന്ത ശ്രീകുമാര്‍.

എന്നാൽ, സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷമാണ് അനന്തപുരിക്ക് പ്രധാനം. ഓണനാളുകളിൽ നഗരത്തിൽ മിന്നിത്തെളിയുന്ന ലൈറ്റുകൾ മുതൽ ഓണസദ്യയും ഓണക്കളികളും ഏറ്റവുമൊടുവിൽ നടക്കുന്ന വിവിധ നിശ്ചലദൃശ്യങ്ങൾ അണിനിരക്കുന്ന ഓണം ഘോഷയാത്രയും തലസ്ഥാനനഗരിയിൽ നിന്ന് അപ്രത്യക്ഷമായിട്ട് കഴിഞ്ഞ കുറേ നാളുകളായി.

കഴിഞ്ഞകൊല്ലവും കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്ക് വിലക്കുണ്ടായിരുന്നു. ഇക്കുറിയും ഇത് നിലനിൽക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ ഓൺലൈൻ മുഖേന നിയന്ത്രണങ്ങളോടെ സംസ്ഥാനതല ഓണം വാരാഘോഷം സംഘടിപ്പിക്കുകയാണ്.തിരുവനന്തപുരം ജില്ലയില്‍ നഗരത്തിലെ സര്‍ക്കാര്‍ വകുപ്പുകള്‍ നേരിട്ടു നടത്തുന്ന ഗംഭീര ഓണാഘോഷം പ്രശസ്തമാണ്. ഇതു കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും നല്ല നഗരത്തിലെ ഓണാഘോഷം കള്ളിക്കാടണെന്നത് വസ്തുതയാണ്.

എല്ലാ വർഷവും വ്യത്യസ്തയിനം പരിപാടികളുമായി ശ്രദ്ധേയമാകാറുണ്ട് കള്ളിക്കാട് ഗ്രാമപഞ്ചായത്ത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽപെട്ടവരുണ്ടെങ്കിലും സമത്വത്തോടെയും സാഹോദര്യത്തോടെയും ആഘോഷിക്കുന്ന ഉത്സവമായി ഓണം മാറുന്നുവെന്ന പ്രത്യേകതയുമുണ്ട്.

കളളിക്കാട്ടെ അനശ്വര ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉള്‍പ്പടെ ഒരുക്കുന്ന വ്യത്യസതമായ അത്തക്കളവും, വനം വന്യജീവി, ജലസേചന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകൾ ഒരുക്കുന്ന ഓണപരിപാടികളും ഇവിടെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാറുണ്ട്. കലാസാംസ്‌കാരിക രാഷ്ട്രീയ സംഘടനകളടക്കം ജാതിമതത്തിനതീതമായി ഒരുമയോടെ ഓണം ആഘോഷിക്കുന്നുവെന്ന പ്രത്യേകത കൂടി കള്ളിക്കാട് ഗ്രാമപഞ്ചായത്തിനും ഇതിൻ്റെ ജീവനക്കാർക്കുമുണ്ട്.












Click it and Unblock the Notifications