കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിഎന്‍ ഇനി ഓര്‍മ്മ

  • By Staff
Google Oneindia Malayalam News

ചെന്നൈ: കര്‍ണ്ണാടകസംഗീതത്തിലെ ഒരു വിശുദ്ധനദികൂടി വറ്റി. ശുദ്ധമായ രാഗാലാപനംകൊണ്ട് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സംഗീതാരാധകര്‍ക്ക് പ്രിയങ്കരനായിരുന്ന കെവിഎന്‍ എന്ന കെ.വി. നാരായണസ്വാമി ഇനി ഒരോര്‍മ്മ മാത്രം.

മാര്‍ച്ച് 31 ഞായറാഴ്ച രാത്രിയായിരുന്നു കെവിഎന്നിന്റെ അന്ത്യം. 79 വയസ്സായിരുന്നു. 1923ല്‍ പാലക്കാട് ഒരു സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം കഴിഞ്ഞ ഏഴ് ദശകങ്ങളോളം കര്‍ണ്ണാടകസംഗീതത്തില്‍ നിറഞ്ഞുനിന്നു. കൊല്ലങ്കോട് വിശ്വനാഥഭാഗവരാണ് അച്ഛന്‍.

പുതുമക്കാരെല്ലാം കര്‍ണ്ണാടകസംഗീതം വേഗം കൂട്ടിപ്പാടിയും കീര്‍ത്തനങ്ങള്‍ ആറ്റിക്കുറുക്കിയും കയ്യടി നേടിയപ്പോള്‍ കെവിഎന്‍ പാരമ്പര്യത്തിലുറച്ചു നിന്നു പാടി, ആവോളം കയ്യടി നേടുകയും ചെയ്തു. തിരുവനന്തപുരത്ത് കൊട്ടാരം വക എല്ലാ വര്‍ഷവും നടത്തിവരുന്ന നവരാത്രി സംഗീതോത്സവത്തില്‍ കെവിഎന്‍ സ്ഥിരം മുഖമായിരുന്നു. അത് അമ്മ മഹാറാണിയുടെ തന്നെ നിര്‍ബന്ധമായിരുന്നു. കാരണം എത്രയോ മഹാഗായകരുടെ ആലാപനം കേട്ടുതഴമ്പിച്ച കൊട്ടാരത്തിന്റെ കാതുകള്‍ കെവിഎന്നിന്റെ സ്വരം പ്രത്യേകം തിരിച്ചറിഞ്ഞിരുന്നു.

കെവിഎന്നില്‍് അമ്മ മഹാറാണിയ്ക്ക് അത്രയേറെ വിശ്വാസമായിരുന്നു. അതിനാലാകാം സ്വാതിതിരുനാളിന്റെ പൂരപ്രബന്ധം മുഴുവന്‍ പക്കമേളമില്ലാതെ, വെറും തംബുരു ശ്രുതിയുടെ മാത്രം അകമ്പടിയോടെ പാടാന്‍ കെവിഎന്നിനെ തന്നെ ക്ഷണിച്ചത്.

മൃദംഗവിദ്വാന്‍ പാലക്കാട് മണി അയ്യരുടെ കീഴില്‍ സംഗീതാഭ്യാസം തുടങ്ങിയ കെ.വി. നാരായണസ്വാമിയെ പിന്നീട് അരിയക്കുടി രാമാനുജയ്യങ്കാരുടെ അടുത്തെത്തിച്ചതും പാലക്കാട് മണി അയ്യര്‍ തന്നെ. കര്‍ണ്ണാടകസംഗീതാലാപന രംഗത്തെ ഒട്ടേറെ പോരായ്മകള്‍ പരിഹരിച്ച് സ്വന്തമായ ഒരു വഴി വെട്ടിത്തുറന്ന അരിയക്കുടിയുടെ കീഴിലെ അഭ്യാസം കെവിഎന്നിലെ സംഗീതജ്ഞനെ പാകപ്പെടുത്തി.

ഒരിയ്ക്കല്‍ തന്റെ കഴിവില്‍ സംശയം തോന്നിയ കെവിഎന്‍ അരിയക്കുടിയുടെ അരികില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചതാണ്. കെവിഎന്‍ നേരെ ചെന്നെത്തിയത് മഹാത്മാഗാന്ധിയുടെ ആശ്രമത്തിലേക്കാണ്. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ ആശ്രമത്തില്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം മടങ്ങി. പിന്നീട് അരിയക്കുടിയെ വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് ഗുരുവിന്റെ ഉള്ളിലിരിപ്പ് കെവിഎന്‍ മനസ്സിലാക്കിയത്. നിന്നെ ഒരു സംഗീതജ്ഞനാക്കാന്‍ ഞാന്‍ മോഹിച്ചിരുന്നു എന്ന അരിയക്കുടിയുടെ മറുപടി കേട്ട് കെവിഎന്‍ ആഹ്ലാദംകൊണ്ട് കരഞ്ഞുപോയി. പിന്നീട് കെവിഎന്‍ പതറാതെ അരിയക്കുടിയുടെ പിന്നാലെ ചുവടുവച്ചു.

ആ യാത്ര സാര്‍ത്ഥകമായി. സംഗീതകലാനിധിപ്പട്ടം, പത്മശ്രീ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ കെവിഎന്നിന് ലഭിച്ചു. വിദേശത്തും മദ്രാസ് സംഗീതസ്കൂളിലും സംഗീതാധ്യാപകനായിരുന്നിട്ടുണ്ട്. ഭാര്യ പത്മ. മൂന്നു മക്കള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X