കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളിയുടെ കോടികള്‍ ഒഴുകിയിറങ്ങുന്ന മംഗലാപുരം

  • By Staff
Google Oneindia Malayalam News

പ്രൊഫഷണല്‍ ഭ്രാന്തു പിടിച്ച സമൂഹമായി വളരുകയാണ് കേരളം. എല്ലാവരും ലക്ഷ്യമിടുന്നത് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആകാന്‍. പ്രവേശന പരീക്ഷയെന്ന കടമ്പ കേരളത്തില്‍ കടക്കാനായില്ലെങ്കിലും പേടിക്കാനില്ല. വാരിയെറിയാന്‍ ലക്ഷങ്ങളുണ്ടെങ്കില്‍ പ്രവേശനം മരീചികയല്ല.

കാസര്‍ഗോഡിന് തൊട്ടടുത്ത് കിടക്കുന്ന മംഗലാപുരത്തു മാത്രം നാലു സ്വകാര്യ മെഡിക്കല്‍ കോളെജുകളുണ്ട്. പുതിയത് ഒരെണ്ണം തുടങ്ങാനുളള തയ്യാറെടുപ്പിലും. അക്ഷരാര്‍ത്ഥത്തില്‍ ഇവിടേയ്ക്ക് കേരളം ഒഴുകുകയാണ്. പണമായും വിദ്യാര്‍ത്ഥികളായും.

മംഗലാപുരത്തും അതിനു പരിസരത്തുളള പുത്തൂര്‍, മൂദ്ബിഡ്രി, മണിപ്പാല്‍ സുള്ളിയ എന്നിവിടങ്ങളിലുമായി 25,000 മുതല്‍ 30,000 വരെ മലയാളികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഏറെയും എറണാകുളം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിന്നുളളവര്‍.

ഇവരെക്കൂടാതെ വന്നു പോകുന്നവരുമുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുളളവര്‍ക്ക് എന്നും വന്നു പോകാമെന്ന സൗകര്യമുണ്ട്. ആയിരങ്ങള്‍ ദിവസവും മംഗലാപുരത്തും ചുറ്റിലുമായി വന്നു പഠിച്ചു പോകുന്നു. കാസര്‍ഗോഡുളള 90 ശതമാനം കന്നഡിഗരും പഠിക്കുന്നത് മംഗലാപുരത്താണ്, പാരമ്പര്യമായി.

പ്രതിവര്‍ഷം മംഗലാപുരത്തേയ്ക്ക ്ചേക്കേറുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം 5,000 ആണെന്ന് കണക്കാക്കപ്പെടുന്നു. ഒന്നര ലക്ഷം മലയാളികളാണ് മംഗലാപുരത്തുളളത്. ആകെ ഇവിടെയുളള മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം 30,000 എന്നു കണക്കാക്കിയാല്‍ പ്രതിമാസ ചെലവ് 2,000 വച്ച് മാസം ആറു കോടി രൂപയാണ് ഈ ശരാശരി നഗരത്തിന് മലയാളി സംഭാവന ചെയ്യുന്നത്.

അവധിയും മറ്റുമായി രണ്ടു മാസം കിഴിച്ചാല്‍ ഒരദ്ധ്യയന വര്‍ഷത്തെ 10 മാസത്തില്‍ മലയാളികളില്‍ നിന്നുമാത്രം ഇവിടേയ്ക്കൊഴുകുന്നത് 60 കോടി രൂപ.

അമ്പരപ്പിയ്ക്കുന്ന കോടിക്കണക്ക് ഇവിടെയും തീരുന്നില്ല. പ്രവേശനത്തിനായി നല്‍കുന്ന തലവരിപ്പണം (ക്യാപ്പിറ്റേഷന്‍ ഫീ) കൂടി കണക്കാക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ കണ്ണു തളളുന്നത്.

പുതുതായി പ്രവേശനം ലഭിയ്ക്കുന്നവരില്‍ നിന്നും ഈടാക്കുന്ന ശരാശരി ക്യാപ്പിറ്റേഷന്‍ ഫീസ് രണ്ടു ലക്ഷം രൂപയാണ്. ഒരു വര്‍ഷം പ്രവേശനം നേടുന്നത് ശരാശരി 5,000 മലയാളികള്‍. 10 കോടി രൂപയാണ് ഈ നിലയില്‍ കോളെജുകള്‍ക്ക് ലഭിയ്ക്കുന്നത്. ഇത് മലയാളികളില്‍ നിന്നു മാത്രമുളള പിരിവിന്റെ കണക്കാണ്.

മംഗലാപുരത്തുളള ഒരു സാമൂഹ്യപ്രവര്‍ത്തകനായ ടി. പി. രാജീവന്‍ ഈ മേഖലയില്‍ ചില പഠനങ്ങളൊക്കെ നടത്തിയിട്ടുളളയാളാണ്. അദ്ദേഹം പറയുന്നത് പ്രതിവര്‍ഷം ഏറ്റവും കുറഞ്ഞത് 70 കോടി രൂപ മലയാളികള്‍ മംഗലാപുരത്തിനും പരിസരത്തിനുമായി നല്‍കുമെന്നാണ്.

മംഗലാപുരത്ത് ഏറ്റവും പഴക്കമുളള മെഡിക്കല്‍ കോളെജുകളില്‍ ഒന്നാണ് കസ്തൂര്‍ബാ മെഡിക്കല്‍ കോളെജ്. ഇപ്പോള്‍ ഒരു വനിതാ മെഡിക്കല്‍ കോളെജിന് ശ്രമിക്കുകയാണ് ഇവര്‍. ഫാദര്‍ മുളേളഴ്സ് മെഡിക്കല്‍ കോളെജില്‍ എംബിബിഎസിനു പുറമെ ഹോമിയോയില്‍ ബാച്ചിലര്‍ ഡിഗ്രിയും ആയൂര്‍വേദ കോഴ്സുകളും നടത്തുന്നുണ്ട്.

യെനപോയ മെഡിക്കല്‍ കോളെജിലാണ് കേരളത്തിലെ മുസ്ലീംങ്ങളില്‍ ഭൂരിഭാഗവും പഠിക്കുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മുസ്ലിം പെണ്‍കുട്ടികളേറെയും പഠിക്കുന്നത് ഇവിടെയാണ്.

എ. ജെ. ഷെട്ടി മെഡിക്കല്‍ കോളെജില്‍ ഈ വര്‍ഷത്തെ പ്രവേശനം ഉടന്‍ തുടങ്ങുന്നതോടെ മംഗലാപുരത്ത് മെഡിക്കല്‍ കോളെജുകളുടെ എണ്ണം അഞ്ചാകും. ജസ്റിസ് ഹെഗ്ഡെ മെഡിക്കല്‍ കോളെജും പ്രശസ്തമാണ്. ഇവയ്ക്കു പുറമെ മംഗലാപുരത്തെ മാതാ അമൃതാനന്ദമയി മഠം കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്കായി ഒരു കോളെജ് തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട്.

ഇവയെക്കൂടാതെ മംഗലാപുരത്തുളള ഏകദേശം 50ഓളം ആശുപത്രികളില്‍ നഴ്സിംഗ് കോഴ്സുകള്‍ നടത്തുന്നുണ്ട്. നഗരത്തിലുളള 10 അംഗീകൃത നഴ്സിംഗ് സ്ഥാപനങ്ങള്‍ക്ക് പുറമെയാണിത്. ഒരു ഐടിഎയും സുള്ളിയയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളെജും രണ്ട് ബിഎഡ് സെന്ററുകളും മലയാളികളെ മാടി വിളിയ്ക്കുന്ന സ്ഥാപനങ്ങള്‍ തന്നെ.

ഒരു മെഡിക്കല്‍ സീറ്റിന് 16 ലക്ഷം രൂപയാണ് ഇവിടത്തെ നിരക്ക്. ബിഡിഎസിന് എട്ടു ലക്ഷവും. ബിഎസ്സി നഴ്സിംഗിനും റേഡിയോളജിയ്ക്കും ലാബ് ടെക്നീഷ്യന്‍ കോഴ്സിനും ഒന്നും ഒന്നരയും ലക്ഷമാണ് ക്യാപ്പിറ്റേഷന്‍ ഫീസ്.

ഓരോ കോളെജിലും 30 മുതല്‍ 60 ശതമാനം വരെയാണ് മലയാളി പ്രാതിനിധ്യം. മെഡിക്കല്‍- പാരാമെഡിക്കല്‍ രംഗത്ത് പ്രത്യേകിച്ച്.

കേരളത്തില്‍ നിന്നും വരുന്നവര്‍ സ്വമനസാലെ വരുന്നവരാണെന്നും അവരെ ആകര്‍ഷിയ്ക്കാനായി തങ്ങളൊന്നും ചെയ്യുന്നില്ലെന്നും വിവിധ കോളെജ് അധികാരികള്‍ പറയുന്നു. കേരളത്തിലെ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം കൂട്ടിയാലും തങ്ങളെ അത് ബാധിയ്ക്കില്ലെന്നാണ് ഇവരുടെ നിലപാട്.

വര്‍ഷങ്ങളുടെ പാരമ്പര്യവും ഏറ്റവും ആധുനികമായ പഠന സൗകര്യങ്ങളും തങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഒരു മെഡിക്കല്‍ കോളെജ് വക്താവ് പറയുന്നു. പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് തീര്‍ച്ചയായും തങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന ശുഭാപ്തി വിശ്വാസം ഇദ്ദേഹത്തിനുണ്ട്.

പ്രൊഫഷണല്‍ കോളെജുകള്‍ എങ്ങനെപ്രൊഫഷണലായി നടത്തണമെന്ന് മംഗലാപുരത്തുളളവര്‍ക്കറിയാമെന്ന് ടി. പി. രാജീവന്‍ ചൂണ്ടിക്കാണിക്കുന്നു. അധികാര കേന്ദ്രങ്ങളുമായുളള അടുത്ത ബന്ധവും കുട്ടികളെ വലവീശിപ്പിടിയ്ക്കാനുളള ശക്തമായ നെറ്റ്വര്‍ക്കുകളും ഇവര്‍ക്കുണ്ട്. പഠനഭ്രാന്തു പിടിച്ച കേരളത്തിലെ ഡോക്ടര്‍ പ്രേമികളെയും എഞ്ചിനീയര്‍ പ്രേമികളെയും ഇവിടെയെത്തിയ്ക്കാന്‍ എങ്ങനെ നീങ്ങണമെന്ന് അവര്‍ക്ക് നന്നായി അറിയാം.

കോടികള്‍ വലിച്ചെറിഞ്ഞ് പഠിക്കുകയാണ് മലയാളികള്‍. പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴിലെവിടെയെന്നോ മുടക്കുന്ന തുക എങ്ങനെ മുതലാക്കാമെന്നോ ഒന്നും ആര്‍ക്കും ഒരു നിശ്ചയവുമില്ല. വിദഗ്ദ്ധരുടെ എണ്ണക്കുറവാണ് അവരുടെ വേതനം ഉയര്‍ത്തുന്നത്. എണ്ണിയാലൊടുങ്ങാത്ത വിദഗ്ദ്ധര്‍ ചുറ്റും പെരുകുമ്പോള്‍ പ്രതീക്ഷിയ്ക്കുന്ന വേതനം ലഭിക്കാതെയാകുന്ന കാലം അതിവിദൂരമൊന്നുമല്ല.

ഇത്രയും വിദഗ്ദ്ധരെ കേരളം താങ്ങുമോ? ഉത്തരം പറയേണ്ടത് കാലമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X