കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ വീണ്ടും നക്സല്‍ബാരി

  • By Staff
Google Oneindia Malayalam News

മുത്തങ്ങയിലെ ഭൂമികയ്യേറ്റവും വെടിവയ്പും അറസ്റും ജയില്‍വാസവും ഒന്നും ആദിവാസികളുടെ മനോവീര്യം കെടുത്തിയിട്ടില്ല.

അന്ന് ആദിവാസി ഗോത്രസഭയുടെ കീഴില്‍ അവരുടെ നേതാക്കളായ ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ അണിനിരന്നിരുന്ന വയനാട്ടിലെ ആദിവാസി യുവാക്കള്‍ സമരതൃഷ്ണയുമായി ഇപ്പോള്‍ മറ്റൊരു പാതയിലാണ്- വര്‍ഗ്ഗീസ് അവര്‍ക്ക് കാട്ടിക്കൊടുത്ത പാത; നക്സല്‍ ബാരിയുടെ പാത.

സായുധസമരം കൊണ്ടേ തങ്ങളുടെ ഭൂമിപ്രശ്നവും നിലനില്പിന്റെ പ്രശ്നവും പരിഹരിയ്ക്കപ്പെടൂ എന്ന വിശ്വാസമാണ് ഇവര്‍ക്കുള്ളത്. നഷ്ടപ്പെടുവാനില്ലൊന്നും കൈവിലങ്ങുകളല്ലാതെ എന്ന മുദ്രാവാക്യം അവരുടെ ഹൃദയങ്ങളില്‍ അലയടിയ്ക്കുകയാണ്.

വയനാട്ടിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് നക്സല്‍ബാരി സംഘടനകള്‍ക്ക് വീണ്ടും ജീവന്‍ വയ്ക്കുകയാണ് . ആദിവാസികളുടെ ഭൂമിക്ക് വേണ്ടിയുള്ള സമരത്തിന്റെ പുതിയ വഴിത്തിരിവുകളാണ് വയനാട്ടില്‍ തീവ്രവാദത്തിന്റെ സ്വരം വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്.

മുത്തങ്ങ സംഭവത്തിന് ശേഷം ആദിവാസി സമരം മുന്നോട്ടുകൊണ്ടുപോവുന്നതില്‍ സി. കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസി ഗോത്ര മഹാസഭ വേണ്ടവിധം വിജയിക്കാതെ പോയതാണ് നക്സല്‍ സംഘടനകളുടെ പ്രവര്‍ത്തനത്തിന് വേദിയൊരുക്കിയിരിക്കുന്നത്. നക്സല്‍ സംഘടനകള്‍ ഇപ്പോള്‍ വയനാട്ടിലെ ആദിവാസി കോളനികളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ സംഘടനകളിലെ അംഗങ്ങള്‍ വളരെ സജീവമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പേരില്‍ നക്സല്‍ ബന്ധമുണ്ടെന്ന സൂചനയൊന്നുമില്ലാതെയാണ് ഈ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. സാമൂഹിക ക്ഷേമ സംഘടനകളായാണ് ചില സംഘടനകള്‍ രജിസ്റര്‍ ചെയ്തിരിക്കുന്നത്.

അതേ സമയം രാത്രി വൈകിയ നേരങ്ങളില്‍ ഈ സംഘടനകള്‍ വയനാട്ടില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നത് പതിവാണ്. കേരള- കര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളായ വനപ്രദേശങ്ങളില്‍ രാത്രികളില്‍ പ്രത്യയശാസ്ത്രക്ലാസ്സുകള്‍ സജീവം. നക്സല്‍ബാരി സിന്ദാബാദ്, ചാരുമജുംദാര്‍ സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വയനാട്ടിലെ ഗ്രാമങ്ങളില്‍ നിന്ന് ഇപ്പോള്‍ മുഴങ്ങികേള്‍ക്കാം.

തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നക്സല്‍ പ്രസ്ഥാനങ്ങളുമായി ഈ സംഘടനകള്‍ക്ക് ബന്ധമുണ്ട്. സംഘടനകളുടെ മുതിര്‍ന്ന നേതാക്കള്‍ അയല്‍സംസ്ഥാനങ്ങള്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ട്. ആദിവാസികള്‍ക്കിടയിലെ പണിയ, നായ്ക്ക, അടിയ വിഭാഗങ്ങള്‍ക്കാണ് നക്സല്‍ സംഘടനകളുമായി ബന്ധം. അതേ സമയം കുറുംബ സമുദായം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുകയാണ്.

പണ്ടൊക്കെ ആദിവാസികളായ പെണ്‍കുട്ടികളും സ്ത്രീകളും അപരിചിതരെക്കണ്ടാല്‍ നാണിച്ചൊളിയ്ക്കുന്ന പതിവൊന്നും ഇപ്പോഴില്ല. ചുരിദാര്‍ ധരിച്ച എത്രയോ ആദിവാസി പെണ്‍കുട്ടികള്‍ ഈ സംഘടനകളില്‍ സജീവപ്രവര്‍ത്തകരാണ്. അവര്‍ കുറെശ്ശേ ഇംഗ്ലീഷും സംസാരിക്കുന്നവരാണ്. പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികളോടുള്ള വെറുപ്പ് അവരുടെ ശബ്ദത്തില്‍ പ്രകടമായി കാണാം. ആദിവാസികള്‍ക്കിടയിലുള്ള പട്ടിണിയും തൊഴിലില്ലായ്മയും തന്നെയാണ് ഈ സംഘടനകളെ വളര്‍ത്തുന്നത്.

ഒരു മുന്‍ എസ്എഫ്ഐ നേതാവും എറണാകുളത്തെ ഒരു അഭിഭാഷകനും ബാംഗ്ലൂരില്‍ നിന്നുള്ള രണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് സംഘടനകള്‍ക്ക് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ആറ് പേരടങ്ങിയ ഒരു സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

അതേ സമയം തങ്ങള്‍ തീവ്രവാദികളല്ലെന്നാണ് ഈ സംഘടനകളിലെ പ്രവര്‍ത്തകര്‍ പറയുന്നത്. അന്യസംസ്ഥാനങ്ങളിലെ സംഘടനകളുമായി ബന്ധമുണ്ടെങ്കിലും തങ്ങള്‍ക്ക് തങ്ങളുടേതായ പ്രവര്‍ത്തനശൈലിയുണ്ടെന്നും ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടി മാത്രമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു.

ഞങ്ങള്‍ കൊലപാതികളായോ തീവ്രവാദികളായോ മുദ്രകുത്താന്‍ ഇഷ്ടപ്പെടുന്നില്ല. കേരളത്തിലെ നക്സല്‍ പ്രസ്ഥാനം അതിന്റെ ഉയര്‍ച്ച താഴ്ചകളില്‍ നിന്ന് ഏറെ പഠിച്ചിട്ടുണ്ടെന്നും ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു.

ഈ സംഘടനകളുടെ പ്രവര്‍ത്തനം പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആദിവാസി കോളനികളില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അധികൃതര്‍ വെളിപ്പെടുത്തി. 10 ആദിവാസി കോളനികള്‍ ഈ സംഘടനകളുടെ മുഖ്യ പ്രവര്‍ത്തന കേന്ദ്രങ്ങളാണെന്ന് പൊലീസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X