കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലത്തിന്റെ മധുരപ്രതികാരം

  • By Staff
Google Oneindia Malayalam News

കാലം അങ്ങിനെയാണ്‌ എന്തിനും ഏതിനും നിശബ്ദമായി മറുപടി നല്‍കി പ്രതികാരം വേണ്ടിടത്ത്‌ പ്രതികാരവും തലോടല്‍ വേണ്ടിടത്ത്‌ തലോടലും നല്‍കിക്കൊണ്ട്‌ അങ്ങനെ ഒഴുകിക്കൊണ്ടിരിക്കും...

ഒരു കാലത്ത്‌ അടിച്ചമര്‍ത്തപ്പെട്ടവരും അടിമത്തത്തിന്റെ പടുകുഴിയില്‍ മനുഷ്യപ്പുഴുക്കളായി ജീവിക്കേണ്ടി വന്നവരുമായ കറുത്തവര്‍ഗ്ഗക്കാര്‍ക്ക്‌ കാലത്തിന്റെ തലോടല്‍. അവരെ അടിമകളാക്കിവച്ച്‌ അധികാരക്കസര്‍ത്തുകള്‍ കാണിച്ച വെള്ളക്കാര്‍ക്ക്‌ കാലത്തിന്റെ പ്രതികാരം അതാണ്‌ അമേരിക്കയില്‍ സംഭവിച്ചത്‌.

കാലത്തിന്റെ സുഖശീതളമായ തലോടലിന്‌ മുന്നില്‍ അമേരക്കയിലെ കറുത്ത ജനത ശബ്ദമില്ലാതെ നന്ദി പറഞ്ഞുകാണണം. കറുത്ത അടിമകള്‍ പണിത വെളുത്തവര്‍ അധികാരത്തില്‍ മദോന്മത്തരായി ആറാടിയ ആ വെളുത്ത സൗധത്തിലേയ്‌ക്ക്‌ അധികാരത്തിന്റെ ചെങ്കോലുമേന്തി ഒരു കറുത്തവനും കുടുംബവും കടന്നുചെന്നിരിക്കുന്നു.

കാലത്തിന്റെ മധുരപ്രതികാരമെന്നല്ലാതെ ഇതിനെ എന്താണ്‌ വിളിക്കുക. ലോകത്തിന്റെ തന്നെ ഗതി നിയന്ത്രിയ്‌ക്കുന്ന ഈ വെളുത്ത സൗധത്തിന്റെ ഓരോ മുക്കിലും മൂലയിലും എന്നോ മണ്‍മറഞ്ഞുപോയ കറുത്ത അടിമകളുടെ കണ്ണുനീരിന്റെയും വിയര്‍പ്പിന്റെയും വിങ്ങലുകളുണ്ട്‌.

ആത്മാവുകളുണ്ടെന്ന വിശ്വാസം സത്യമെങ്കില്‍ ഒബാമയും കുടുംബവും കടന്നുചെല്ലുമ്പോള്‍ ആ അടിമകളുടെ ആത്മാക്കളൊന്നടങ്കം സന്തോഷിക്കുമെന്നുറപ്പ്‌. എബ്രഹാം ലിങ്കണ്‍ കറുത്ത അടിമകളെ സ്വതന്ത്രരാക്കുന്നതിന്‌ മുമ്പ്‌ അമേരിക്ക ഭരിച്ച 12 പ്രസിഡന്റുമാരില്‍ എട്ടുപേരും കറുത്തവര്‍ഗക്കാരെ വൈറ്റ്‌ ഹൗസില്‍ അടിമകളാക്കി വച്ചിരുന്നു.

Obama
ബാക്കിയുള്ളവര്‍ക്കെല്ലാം സ്വന്തം അടിമകളുണ്ടായിരുന്നു. 1800ല്‍ വൈറ്റ്‌ ഹൗസിന്റെ പണിപൂര്‍ത്തിയാകും മുമ്പ്‌ അതില്‍ താമസം തുടങ്ങിയ ആദ്യ പ്രസിഡന്റ്‌ ജോണ്‍ ആഡംസ്‌ അടിമകളെ ഉപയോഗിച്ചിരുന്നില്ല. അടിമത്വത്തെ എന്നും എതിര്‍ത്തയാളായിരുന്നു അദ്ദേഹം. എന്നാല്‍ ലിങ്കണ്‍ അധികാരത്തിലേറും വരെ ആഡംസിന്റെ മാതൃക ആരും പിന്തുടര്‍ന്നില്ല.

അടിമത്തത്തിനെതിരെ ഘോരഘോരം പ്രസംഗിച്ച തോമസ്‌ ജെഫേഴ്‌സണ്‍ പോലും വൈറ്റ്‌ ഹൗസില്‍ അടിമകളെ പാര്‍പ്പിച്ചിരുന്നു. ഒബാമ സത്യപ്രതിജ്ഞ ചെയ്‌ത കാപ്പിറ്റോള്‍ പണിതതും അടിമകളായിരുന്നു. വെര്‍ജിനിയയില്‍നിന്നും മേരിലാന്റില്‍ നിന്നുമാണ്‌ ഇവരെ വാഷിങ്‌ടണിലേയ്‌ക്ക്‌ പണിക്കായി കൊണ്ടുവന്നിരുന്നത്‌.

അതേ കാപ്പിറ്റോളിന്റെ പടികളില്‍ നിന്ന്‌ സത്യവാചകം ചൊല്ലി വൈറ്റ്‌ ഹൗസിലേയ്‌ക്ക്‌ ഒബാമ കാലെടുത്തുവയ്‌ക്കുമ്പോള്‍ കറുത്തവര്‍ക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കാകും ഇത്രയേറെ അഭിമാനിക്കാന്‍. കെനിയക്കാരനായ പിതാവിന്റെയും അമേരിക്കയിലെ വെള്ളക്കാരിയായ അമ്മയുടെയും മകനായി പിറന്ന ഒബാമയ്‌ക്ക്‌ ഒറ്റപ്പെടലിന്റെ വേദനകള്‍ അനുഭവിക്കേണ്ടിവന്നിരുന്നുവെങ്കിലും അടിമത്വത്തിന്റെ പാരമ്പര്യം ഏറെ അയവിറക്കാനില്ല.

എന്നാല്‍ ഇപ്പോള്‍ അമേരിക്കയുടെ പ്രഥമ വനിതയായ മിഷേല്‍ ഒബാമയുടെ കാര്യം അങ്ങനെയല്ല. തീര്‍ത്തും അടിമത്തത്തിലായിരുന്ന പൂര്‍വ്വികരുടെ പിന്‍ഗാമിയാണ്‌ മിഷേല്‍. സൗത്ത്‌ കരോലിനയിലെ നെല്‍പ്പാടങ്ങളില്‍ അടിമപ്പണി ചെയ്‌തവരായിരുന്നു മിഷേലിന്റെ മുതുമത്തച്ഛന്മാര്‍.

തന്റെ കുടുംബത്തിന്റെ പൂര്‍വ്വചരിത്രം പൂര്‍ണ്ണമായും മനസ്സിലാക്കിയത്‌ അടുത്തിടെയാണെന്ന്‌ മിഷേല്‍ കുറച്ചുനാള്‍മുമ്പ്‌ പറഞ്ഞിരുന്നു. സ്വന്തമായി ഒന്നുമില്ലാതിരുന്ന പൂര്‍വ്വികരുടെ പിന്‍ഗാമിയായ മിഷേലും കുടുംബവും ഇനി ഉറങ്ങുന്നത്‌ സുഖലോലുപതയുടെ മടിത്തട്ടിലാണ്‌. അടിമത്തത്തിന്റെ ക്രൂരതകള്‍ അനുഭവിച്ചിരുന്ന കാലത്ത്‌ കറുത്തവരില്‍ ആരും ഇങ്ങനെയൊരു മാറ്റം സങ്കല്‍പ്പിക്കാന്‍ പോലും ഭയപ്പെട്ടിരുന്നുകാണണം.

അമേരിക്കയെ പുത്തനാക്കി മാറ്റാനും, നയങ്ങള്‍ പൊളിച്ചെഴുതാനും കഴിഞ്ഞാലും ഇല്ലെങ്കിലും ഒബാമയുടെ സ്ഥാനലബ്ധി ലോകത്തിന്റെ മുഴുവന്‍ ചരിത്രമാണ്‌. ഓരോ കറുത്തവനും സ്വകാര്യ അഹങ്കാരമായി തലമുറകളോളം കൊണ്ടുനടക്കാനും കൈമാറാനുമുള്ള ഒരു അപൂര്‍വ്വകഥ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X