കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗ മരിക്കുമോ?

  • By <b>സിജി സുരേന്ദ്രന്‍</b>
Google Oneindia Malayalam News

ഹിമവാനും ചൂട് ബാധിയ്ക്കുന്നു- രണ്ടാം ഭാഗം

നമ്മള്‍ ഭാരതീയിര്‍ പുണ്യനദിയെന്ന്‌ വിളിക്കുന്ന ഗംഗയുള്‍പ്പെടെയുള്ള പ്രധാന നദികളുടെ നാശത്തിലേയ്‌ക്കാണ്‌ ഈ ഹിമാനിയുരുക്കം വിരല്‍ ചൂണ്ടുന്നത്‌. ഭൂമിയിലെ ജലവിതാനം സംതുലിതമായി സൂക്ഷിക്കുന്നതില്‍ ഹിമാനികള്‍ക്കുള്ള പങ്ക്‌ ചെറുതല്ല. അതുകൊണ്ടുതന്നെ ഇവക്രമാതീതമായി ഉരുകുന്നു എന്നത്‌ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്‌. പരിസ്ഥിതി ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഗംഗാനദി ഉത്ഭവിക്കുന്ന ഗംഗോത്രി മഞ്ഞുപാളിയെക്കുറിച്ച്‌ പഠിക്കാന്‍പോയ സംഘവും നിരത്തുന്നത്‌ ഭീതിജനകമായ കാര്യങ്ങളാണ്‌.

180 വര്‍ഷത്തിനുള്ളില്‍ ഗംഗോത്രി ഹിമാനി 2.2 കിലോമീറ്ററോളം പിന്നോട്ട്‌ പോയെന്നാണ്‌ ഹിമാനികളെക്കുറിച്ച്‌ പഠനം നടത്തുന്ന വേള്‍ഡ് വൈഡ് ഫണ്ടിലെ പ്രമുഖ ജിയോളജിസ്റ്റായ രാജേഷ്‌ കുമാര്‍ പറയുന്നത്‌.

ഗംഗോത്രി മഞ്ഞമലയിലെ ഗംഗാനദിയുടെ ഉത്ഭവസ്ഥാനമായ ഗോമുഖിന് 1891മുതല്‍ കാര്യമായ സ്ഥാനവ്യത്യാസം വരുന്നുവെന്നാണ്‌ അദ്ദേഹം പറയുന്നത്‌.കഴിഞ്ഞ അമ്പത്‌ വര്‍ഷത്തിനിടയില്‍ ഹിമാലയന്‍ മലനിരകളിലെ മഞ്ഞുപാളികളില്‍ 21ശതമാനവും ഉരുകി അപ്രത്യക്ഷമായിക്കഴിഞ്ഞു. ഗംഗോത്രി ഹിമാനി പ്രതിവര്‍ഷം ശരാശരി 17 മീറ്റര്‍ മുതല്‍ 20 മീറ്റര്‍ വരെ ഉരുകിക്കൊണ്ടിരിക്കുന്നുവെന്നാണ്‌ പഠനങ്ങള്‍ കാണിക്കുന്നത്‌.

ഗംഗോത്രി ഹിമാനിയുടെ ഉരുകലിനെക്കുറിച്ച്‌ വിവിധ വര്‍ഷങ്ങളില്‍ നടന്ന പഠനങ്ങള്‍ ഇങ്ങനെ. 1935ല്‍ നടത്തിയ പഠനത്തില്‍ പ്രതിവര്‍ഷം ഏഴ് മീറ്ററോളം ഹിമാനി ഉരുകുന്നുവെന്നാണ്‌ തെളിഞ്ഞത്‌. പിന്നീട്‌ 1990ല്‍ ഉരുകി അപ്രത്യക്ഷമാകുന്ന ഭാഗത്തിന്റെ അളവ്‌ 18 മീറ്റര്‍ആയി കൂടി. പിന്നീട്‌ 2006ല്‍ 21 ശതമാനത്തോളം ഗംഗോത്രി ഹിമാനി ഉരുകിത്തീര്‍ന്നുവെന്നാണ്‌ കണ്ടത്‌ ! !

ഹിമാലയത്തിലെ ഏറ്റവും വലിയ ഹിമാനികളില്‍ ഒന്നാണ്‌ ഗംഗോത്രി. സമുദ്ര നിരപ്പില്‍ നിന്നും 7100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇതിന്‌ 4000മീറ്ററോളം ഉയരവും 143 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവും ഉണ്ട്‌.

സമുദ്ര നിരപ്പില്‍ നിന്നും 7100 മീറ്റര്‍ ഉയരത്തില്‍ തുടങ്ങുന്ന ഈ ഹിമാനിയുടെ ഏറ്റവും താഴ്ന്ന പ്രദേശം 4000 മീറ്റര്‍ ഉയരത്തിലാണ്. 143 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ ചുറ്റളവ്. 27.75 ക്യുബിക് കിലോമീറ്റരാണ് ഇതിന്റെ വ്യാപ്തം.

ഗംഗ ചുരുങ്ങുന്നു
കൃത്യമായി പ്രതിവര്‍ഷവും ഗോമുഖ് സന്ദര്‍ശിക്കുന്ന പലരും സാക്ഷ്യപ്പെടുത്തുന്നത്‌ ഇരുപത്‌ വര്‍ഷത്തിനുള്ളില്‍ ഗംഗോത്രി ഹിമാനിയിലെ ഈ മുനമ്പ് അഞ്ഞൂറ്‌ മീറ്ററോളം പിന്നോട്ടുപോയെന്നാണ്‌.

ഇതില്‍ നിന്നും മഞ്ഞുരുക്കത്തിന്റെ വേഗത ഏറെക്കുറെ നമുക്ക്‌ മനസ്സിലാക്കാം. ഇങ്ങനെ ഗംഗോത്രി ഹിമാനി ഉരുകിയുരുകി ഇല്ലാതാവുന്നതോടെ ഗംഗയെന്ന ഒരു നദി തന്നെ നഷ്ടപ്പെട്ടുപോകും!!! ആ അവസ്ഥയെക്കുറിച്ച്‌ ഒന്ന്‌ ചിന്തിച്ചുനോക്കൂ. ഒരു നദി മരിക്കുന്നുവെന്നോ മറ്റോ ആലങ്കാരിക ഭാഷയില്‍ നമുക്ക്‌ പറയാം. പക്ഷേ ആ യാഥാര്‍ത്ഥ്യത്തെക്കുറിച്ച്‌ ഒന്ന്‌ ചിന്തിച്ചുനോക്കൂ.

ഗംഗയെച്ചുറ്റിപ്പറ്റിയുള്ള അനേകമായ പ്രകൃതി സമ്പത്ത്‌, അതിനെ അവലംബിച്ച്‌ ജീവിക്കുന്നവര്‍. അതിന്റെ തടങ്ങളില്‍ പിറന്ന സംസ്‌കാരങ്ങള്‍ എല്ലാം നഷ്ടപ്പെടുന്നു. ഗംഗയുടെ കാര്യത്തില്‍ ശാസ്‌ത്രജ്ഞര്‍ മുന്നറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു. ഗംഗോത്രിയ്‌ക്ക്‌ തൊട്ടുതാഴെയും നദിയിലും നിക്ഷേപിക്കപ്പെടുന്ന രാസമാലിന്യങ്ങളാണ്‌ ഗംഗയെ കൊന്നുകൊണ്ടിരിക്കുന്നത്‌.

ഗംഗയുടെ കരകളിലായി നൂറോളം വ്യാവസായിക ശാലകളുണ്ട്‌. ഇവയില്‍ നിന്നെല്ലാമുള്ള മാലിന്യങ്ങള്‍ നിര്‍ബാധം ഒഴുകുന്നത്‌ ഗംഗയിലേയ്‌ക്കുതന്നെ. ഹിമാലയത്തിലെ മഞ്ഞുരുക്കത്തെക്കുറിച്ച്‌ ജിയോളജിക്കല്‍ സര്‍വ്വേകളെല്ലാം ഒരേസ്വരത്തില്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. പുരോഗതിയിലേയ്‌ക്കും വികസനത്തിലേയ്‌ക്കും ആണവശക്തിയിലും വരെ മുന്നേറ്റം നടത്തുമ്പോള്‍ നമുക്ക്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്താണെന്നതിനെക്കുറിച്ച്‌ കുറച്ചെങ്കിലും ഓര്‍മ്മിക്കുകയെന്ന സന്ദേശമാണ്‌ എല്ലാ സര്‍വ്വേ റിപ്പോര്‍ട്ടുകളും മുന്നോട്ടുവയ്‌ക്കുന്നത്‌.

ഇത്തരത്തില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ അധികം വൈകാതെതന്നെ ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന നദികളെല്ലാം ഒരു ഓര്‍മ്മയോ അല്ലെങ്കില്‍ ചരിത്രമോ മാത്രമായി മാറുമെന്നാണ്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്‌.

ഈ പരിസ്ഥിതി ദിനത്തില്‍ നമുക്ക്‌ നമ്മുടെ നദികളെക്കുറിച്ചോര്‍ക്കാം ആഗോള താപനമെന്ന വിപത്തില്‍ നിന്നും ഇവയെ രക്ഷിച്ചു നിര്‍ത്തി വരും തലമുറകള്‍ക്കും ഈ പ്രകൃതി ജന്യ സൗഭാഗ്യങ്ങള്‍ അനുഭവിക്കാനായി നമുക്ക്‌ നമ്മുടെ ഭൂമിയെ നമ്മുടെ പരിസ്ഥിതിയെ കാത്തുരക്ഷിക്കാനായി ചെറിയ ഒരു ശ്രമമെങ്കിലും നടത്താം.

<strong>ഹിമവാനും ചൂട് ബാധിയ്ക്കുന്നു</strong>ഹിമവാനും ചൂട് ബാധിയ്ക്കുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X