കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘അവര്‍ പണിയട്ടെ, ഞമ്മക്ക് വേണ്ടത് നോക്കുകൂലി‘

  • By Neethu B
Google Oneindia Malayalam News

സോണി കെ ജോസഫ്

''അന്യസംസ്ഥാനത്തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കടന്നുവരവ്‌ വലിയ നാശത്തിലേക്കാണ്‌ കേരളത്തെ എത്തിച്ചു കൊണ്ടിരിക്കുന്നത്''ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായ സോണി കെ ജോസഫ് എഴുതുന്നു

ഇന്ന് നമ്മുടെ കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് തൊഴിലില്ലായ്മ. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് യുവതിയുവാക്കളാണ് പൈപ്പിന്റെ ടാപ്പ് തുറക്കുമ്പോള്‍ വെള്ളം പുറത്തേയ്ക്ക് തള്ളുന്നതുപോലെ ഡിഗ്രിയും പോസ്റ്റുഗ്രാജേഷനുമൊക്കെ കഴിഞ്ഞ് വെളിയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് ഒരു ഫ്ലാറ്റ്ഫോം സൃഷ്ടിക്കുക എന്നത് സര്‍ക്കാരിനും തലവേദനയാകുന്നു. ഈ അവസരത്തില്‍ തന്നെ മറ്റൊരു കോണിലേയ്ക്ക് സൂക്ഷിച്ച് വീക്ഷിച്ചാല്‍ ധാരാളം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തെ തങ്ങളുടെ സമ്പന്ന തൊഴില്‍ മേഖലയായി കണ്ടുകൊണ്ട് ഇവിടേയ്ക്ക് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. ഇത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. അവര്‍ പണിയട്ടെ ഞങ്ങള്‍ അതിന്റെ ഫലം അനുഭവിക്കാം എന്ന മനോഭാവത്തോടെയാണ് നാം ഇതിനെ നോക്കി കാണുന്നത്. ഇതൊരു വിരോധ പ്രതിഭാസമല്ലേ? നമ്മുടെ ജനതയ്ക്ക് ഇതെന്തുപറ്റി, ഈ പോക്ക് എങ്ങോട്ട്? ഇത് ആരും ചിന്തിക്കുന്നില്ല. ഈ രീതി ഇങ്ങനെ ഇനിയും തുടര്‍ന്നാല്‍ ഒരു വലിയ വിപത്തിന്റെ പിടിയിലേയ്ക്കാവും നമ്മുടെ സംസ്ഥാനം എത്തിപ്പെടുക.

north-east-peoples-in-banga

എന്താണ് ആ വിപത്ത്?

കള്ളനോട്ടുകേസുകളെ സംബന്ധിച്ച് എന്‍.ഐ.എ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ബംഗ്ലാദേശികള്‍ വഴി വളരെയധികം കള്ളനോട്ടുകള്‍ കേരളത്തിലേയ്ക്ക് ഒഴുകുന്നതായി പറയുന്നു. അതിര്‍ത്തി വഴി പശ്ചിമബംഗാളിലെത്തുന്ന ബംഗ്ലാദേശികള്‍ അവിടെ നിന്നും ബംഗാളികളെന്ന വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കി കേരളത്തില്‍ നിര്‍മ്മാണത്തൊഴിലാളികളായി എത്തുകയാണ് ചെയ്യുന്നത്. അന്യസംസ്ഥാനത്തൊഴിലാളികളുടെ ഇവിടേയ്ക്കുള്ള കടന്നുവരവ് വന്‍ വിനാശത്തിലേയ്ക്കാണ് നമ്മുടെ നാടിനെ എത്തിച്ചു കൊണ്ടിരിക്കുന്നതെന്നതാണ് വസ്തുത. ഒറീസ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവും മറ്റ് ലഹരിപദാര്‍ത്ഥങ്ങളും കേരളത്തിലേയ്ക്ക് ഒഴുകുന്നതാ‍യും വാര്‍ത്തയുണ്ട്. കൂടാതെ കുഴല്‍പ്പണവും. നിലവില്‍ എണകുളം ജില്ല കേന്ദ്രീകരിച്ചു തന്നെ 20 കോടിയിലധികം രൂപയുടെ കുഴല്‍പ്പണം വ്യാപരിക്കുന്നുണ്ടെന്നാണ് അനൌദ്യോഗിക കണക്ക്. തല്‍ഫലമോ സാക്ഷരകേരളം, സാംസ്ക്കാരിക കേരളം, ശുചിത്വകേരളം, ഹരിതകേരളം സര്‍വ്വോപരി ദൈവത്തിന്റെ സ്വന്തം നാട് എന്നീ വിശേഷണങ്ങളോടെ ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിനു മുന്‍പില്‍ തന്നെ തലയുയര്‍ത്തി നില്‍ക്കുന്ന നമ്മുടെ സ്വന്തം നാടാണ് മലീമസപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് ഒരു പരിധിവരെ
ഞെട്ടിപ്പിക്കുന്ന വസ്തുതതയാണ്.

ഉത്തരവാദികള്‍ ആര്‍?

ഇന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ നമ്മുടെ സുന്ദരകേരളത്തിന്റെ മുക്കും മൂലയും പിടിമുറുക്കി വരുകയാണ്. ഒരോ മലയാളിയും ഇരുപത്തിനാല് മണിക്കൂറും തൊഴിലില്ലായ്മ എന്ന് വിലപിച്ചിരിക്കുമ്പോഴാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും ഹിന്ദിക്കാരനും, തമിഴനും, ബംഗാളിയും, ബംഗ്ലാദേശിയുമൊക്കെ കേരളത്തിലെ തൊഴില്‍ സാധ്യത മനസ്സിലാക്കി എത്തിയിരിക്കുന്നതെന്നോര്‍ക്കണം. അതിജീവനത്തിനുവേണ്ടി എന്തു തൊഴിലുമെടുക്കാന്‍ തയാറാകുന്ന ഇവരെ വിദഗ്ധമായി ഉപയോഗിക്കുന്ന മറ്റ് ചില സ്വാര്‍ഥ താല്പര്യക്കാര്‍ കേരളത്തിന്റെ സുരക്ഷയും ക്രമസമാധാനനിലയും തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നുവെന്നതാണ് ഇന്ന് നമ്മുടെ സംസ്ഥാനം നേരിടുന്ന വലിയ ഭീഷണികളിലൊന്ന്.

കേരളത്തിലെ യുവതീയുവാക്കള്‍ വിദ്യാഭ്യാസത്തിനുശേഷം മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും തൊഴില്‍തേടി അലഞ്ഞുതിരിയുമ്പോഴാണ് അന്യസംസ്ഥാനത്തുള്ളവര്‍ സംഘടിതമായി ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. കൂലിപ്പണി മുതല്‍ വിദഗ്ധ തൊഴില്‍വരെ ചെയ്ത് ഇക്കൂട്ടര്‍ കേരളത്തെ തങ്ങളുടെ പറുദീസയായി പ്രഖ്യാപിച്ചിരിക്കുന്നു.
ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പ്രമൂഖ മാഗസില്‍ നടത്തിയ വാര്‍ഷിക സര്‍വേയില്‍ ഇന്ത്യയിലെ ഏറ്റവും അഭിവൃദ്ധി നേടിയ വലിയ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനം നമ്മുടെ ഈ കൊച്ചുകേരളത്തിനാണ്. ഈ സത്യം എത്ര മലയാളികള്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് അറിയില്ല. എന്തുകൊണ്ടാണ് ഈ അനുകൂലസാഹചര്യങ്ങളെ മുതലാക്കാന്‍ നാം മടിക്കുന്നത്. ഉയര്‍ന്ന സാങ്കേതിക പരിജ്ഞാനമുള്ള ഒരു വിദേശി, തന്റെ മേഖലയുമായി ബന്ധപ്പെട്ട് എന്ത് തൊഴിലും ചെയ്യാന്‍ സന്നദ്ധനാകുമ്പോള്‍ ബിരുദം മാത്രം കൈവശം വച്ചിരിക്കുന്ന മലയാളി ചെളിപുരളാത്തതും, വിയര്‍ക്കാത്തതുമായ തൊഴിലും 30,000 രൂപയില്‍ കുറയാത്ത വരുമാനവും വേണമെന്ന വാശിയില്‍ നടക്കുന്നു. നമ്മുടെ ഈ സാമൂഹ്യ അവസ്ഥയാണ് ഇന്ത്യയുടെ ഏതുഭാഗത്തു നിന്നും വിലാസമില്ലാത്തവരെ കേരളത്തിലെത്തിക്കാന്‍ കാരണമായിരിക്കുന്നത്.

നാം തൊഴില്‍ തേടി ഗള്‍ഫ് മേഖലകളിലേയ്ക്ക് പറക്കുമ്പോള്‍ നമ്മൂടെ അയല്‍ സംസ്ഥാനമായ തമിഴ്നാടിന് കേരളം തന്നെ ഒരു ഗള്‍ഫാണ്. ഒരാഴ്ച നമ്മുടെ നാട്ടില്‍ പണി ചെയ്ത് തിരിച്ചുപോകുന്ന അവര്‍ക്ക് പിന്നീട് ഒരുമാസം ജോലിക്കുവേണ്ടി ചിന്തിക്കേണ്ട കാര്യമില്ല. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിജ്ഞാനഭാരതിയുടെ കണക്കുപ്രകാരം 22 ലക്ഷത്തിനു മുകളില്‍ തൊഴിലാളികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍തേടി ഇറങ്ങിയിട്ടുണ്ട്. ഇതില്‍ തന്നെ എട്ട് ലക്ഷത്തിലധികം പേര്‍ നമ്മുടെ കേരളത്തിലാണെന്ന് കേള്‍ക്കുമ്പോള്‍ അറിയാതെ മൂക്കത്ത് വിരല്‍ വെച്ചുപോയാല്‍ അത് സ്വഭാവികം മാത്രം. നമുക്ക് വെള്ളം വേണ്ട, മുട്ടയും ഇറച്ചിയും വേണ്ട, തൊഴിലാളിയും വേണ്ട. ഭക്ഷിക്കുക, ക്രീഡിക്കുക, ഉറങ്ങുക ഇതുമാത്രമല്ലേ നമ്മൂടെ വിനോദം.

blackmoney

ഇനി എത്രനാള്‍ ഇങ്ങനെ?

തൊഴിലില്ലായ്മയ്ക്ക് ഖ്യാതികേട്ട കേരളം ഇന്ന് ഇന്ത്യാമഹാരാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവായി മാറിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ കേരളീയന്റെ തൊഴിലില്ലായ്മയുടെ നിലവിളികള്‍ അസത്യമാണെന്നതല്ലേ സത്യം.
കായലിലെ മുങ്ങിപ്പൊങ്ങിയുള്ള കൃഷിയിലെ പരിചയക്കുറവ്, മലയോര മേഖലകളിലും തോട്ടം മേഖലയിലും കുരുമുളക് പറിക്കുന്നതിലുള്ള മലയാളിയുടെ പരിചയക്കുറവും ഇന്നാട്ടിലെ സമ്പന്നമായ ഈ തൊഴില്‍ മേഖല ബംഗാളിക്ക് കേരളം ഗള്‍ഫാക്കുന്നു. ഇവിടുത്തെ ഒരു സാധാരണ കല്ലാശാരി 750 രൂപയ്ക്കാണ് ഒരു ദിവസം പണിയെടുക്കുന്നതെങ്കില്‍ 750 ന്റെ സ്ഥാനത്ത് 350- 400 രൂപ കൊടുത്താല്‍ ബംഗാള്‍ തൊഴിലാളി ഇവിടുത്തെ ജോലിക്കാരെക്കാള്‍ കുറെക്കൂടി ആത്മാര്‍ഥതയോടെ പണിയെടുക്കുമെന്നാണ് നമ്മുടെ കോണ്‍ട്രാക്ടര്‍മാരുടെ അഭിപ്രായം. സംസ്ഥാനത്തെ അന്യദേശത്തൊഴിലാളികള്‍ ഒരുദിവസം വണ്ടികയറി നാട്ടിലേയ്ക്ക് പോയാല്‍ കേരളത്തിലെ തൊഴില്‍ മേഖലയെ ചെറിയതോതില്‍ സ്തംഭിപ്പിക്കാന്‍ കഴിയും എന്ന നിലയിലേയ്ക്ക് വന്നിരിക്കുകയാണ് കാര്യങ്ങള്‍. പെരുമ്പാവൂര്‍, കാലടി, എറണാകുളം പ്രദേശങ്ങളില്‍ മാത്രമായി ഏഴ് ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നതായാണ് വിവരം. തൊഴിലാളികളെ വിതരണം ചെയ്യുന്ന ഏജന്റുമാര്‍ക്ക് ശമ്പളത്തില്‍ നിശ്ചിതശതമാനം കമ്മീഷന്‍ നല്‍കണമെന്നതാണ് വ്യവസ്ഥ. അജ്ഞാതരായി നില്‍ക്കുന്ന ഈ അസംഖ്യം ഏജന്റുമാരിലൂടെയാണ് കുഴല്‍പണ വ്യാപനവും, മറ്റ് വിധ്വംസക പ്രവര്‍ത്തനങ്ങളും നടക്കുന്നതെന്നാണ്
രഹസ്യാന്വേഷണ വിഭാഗം സൂചന നല്‍കുന്നത്. ഈ ഏജന്റുമാരില്‍ പകുതിയും മലയാളികളാണെന്ന് അറിയുമ്പോള്‍ ഓരോ കേരളീയനും ലജ്ജിച്ച് തല താഴ്ത്തുകയല്ലേ വേണ്ടത്. ഇത്തരത്തില്‍ അന്യസംസ്ഥാനത്തൊഴിലാളികളുടെ കടന്നുവരവ് ഇന്ന് നമ്മുടെ സംസ്ഥാനത്തിന് ഗുണത്തെക്കാളേറെ ദോഷമായിരിക്കുകയാണ്. പ്രത്യേകിച്ച് ഭീകരത എങ്ങും നിഴലിക്കുന്ന സ്ഥിതിയാണുള്ളത്. ഇവിടേയ്ക്ക് കടന്നുവരുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ പൂര്‍ണമായ വിശദാശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോ ബന്ധപ്പെട്ട വകുപ്പുകള്‍ക്കോ അറിയില്ല എന്നതാണ് മറ്റൊരു വസ്തുത. യാതൊരുവിധ തിരിച്ചറിയല്‍ രേഖയുമില്ലാതെ ഈ തൊഴിലാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്നത് നമ്മുടെ നിര്‍മ്മാണ മേഖലയിലും ഹോട്ടലുകളിലുമാണ്. കള്ളനോട്ട് വിതരണത്തിനായിത്തന്നെ ഈ ജോലിക്കാരോടൊപ്പം പ്രത്യേകം നിയോഗിക്കപ്പെട്ടവരുണ്ടെന്ന് ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട ഭവനഭേദനം, കളവ്, പിടിച്ചുപറി തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ തെളിയിക്കപ്പെടാതെ പോകുന്ന 35 ശതമാനം കേസുകളും ഇവരുള്‍പ്പെട്ടതാണ്. അടുത്തകാലത്ത് വര്‍ധിച്ചു വരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ 40 ശതമാനവും ഇവരില്‍ നിന്നാണുണ്ടാകുന്നതെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അധികൃതര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. അതീവ ഗുരുതരമായ സാഹചര്യങ്ങളാണ് അന്യസംസ്ഥാനക്കാരുടെ കടന്നുകയറ്റത്തോടെ നമ്മുടെ സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്നത്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം എല്ലാ അന്യസംസ്ഥാന തൊഴിലാളികളെയും കുറ്റപ്പെടുത്താനാവില്ലെങ്കിലും ചില യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളും തീവ്രവാദികളോ മോഷ്ടാക്കളോ അല്ല. ബഹുഭൂരിപക്ഷം പേരും അധ്വാനിച്ച് ഉപജീവനം കണ്ടെത്താനും നാലു കാശ് നാട്ടിലേയ്ക്ക് അയയ്ക്കാനും വേണ്ടി പിറന്ന നാട്ടില്‍ നിന്ന് വണ്ടികയറിയവരാണ്. അവരില്‍ ചിലര്‍ മോഷ്ടാക്കളോ സാമൂഹ്യദ്രോഹികളോ ആയിരിക്കാം. എന്നിരുന്നാലും എല്ലാവരെയും അടച്ചാക്ഷേപിക്കുന്നതും കുറ്റവാളികളെന്ന് മുദ്രകുത്തുന്നതും നീതിക്ക് നിരക്കുന്നതല്ല. മാത്രമല്ല ഇന്റലിജന്‍സിന്റെ അന്വേഷണമെല്ലാം നീതി പൂര്‍വ്വമാണെന്നും ആരും കരുതുന്നുമില്ല. കുറ്റം ആരുടെയെങ്കിലും തലയില്‍ കെട്ടിവെച്ച് റിപ്പോര്‍ട്ടുണ്ടാക്കി ഇന്റലിജന്‍സ് തലയൂരുന്ന സംഭവങ്ങള്‍ നാം എത്രയോ കണ്ടിട്ടുള്ളതുമാണ്. മറ്റ് നാട്ടുകാരെ ഇവിടേയ്ക്ക് അടുപ്പിക്കേണ്ടെന്ന് തന്നെ വെയ്ക്കാമെന്ന് തീരുമാനിക്കാം.

അപ്പോഴേയ്ക്കും പ്രശ്നം ആരംഭിക്കുകയായി. ഇവിടെ റോഡ് ടാറിംഗിനും കോണ്‍ക്രീറ്റ് പണിക്കും പറമ്പ് കിളയ്ക്കാനും മറ്റ് മലയാളികള്‍ തയാറാകുമോ? പൂഴിവാരല്‍ തൊഴിലാളികളില്‍ അധികം പേരും ഇന്ന് ഉത്തരേന്ത്യക്കാരാണ്. അവരില്ലെങ്കില്‍ മലയാളി പുഴയില്‍ മുങ്ങി പൂഴിവാരുമോ? ഈ കാര്യങ്ങളും നാം ചിന്തിക്കേണ്ടതുണ്ട്.

സമരക്കാരേ കാണാന്‍ ഇല്ലേ?

എന്തിനും ഏതിനും പ്രതിഷേധവും ഹര്‍ത്താലുമായി ഇറങ്ങുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. നാട്ടിലെ യുവജനസംഘടനകളുടെ വക്താക്കളാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത് ‍. ഇവരുടെ കണ്ണ് തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പെന്‍ഷന്‍ വര്‍ധനവിനെതിരെയും തൊഴിലില്ലായ്മയ്ക്കെതിരെയും, തൊഴിലില്ലായ്മ വേതനത്തിനുവേണ്ടിയും സംഘടിക്കുന്ന ഇക്കൂട്ടര്‍ 'അവര്‍ പണിയട്ടെ ഞങ്ങള്‍ അവശ്യപ്പെടുന്നത് നോക്കുകൂലി' എന്ന ചിന്ത മാറ്റിവെയ്ക്കണം. ഈ ദൈവത്തിന്റെ നാട്ടില്‍ ജനിച്ചത് മഹത്തരമായി കണ്ടുകൊണ്ട് നമ്മുടെ മണ്ണില്‍ അദ്ധ്വാനിച്ച് പൊന്ന് വിളയിക്കുക. നമ്മുടെ സമസ്ത സുന്ദരമായ ഈ നാട് വല്ലവനും വേണ്ടിയുള്ളതാകാതിരിക്കട്ടെ. ഒരിക്കല്‍ അടിമത്വത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചവരാണ് നാം. അങ്ങനെ ഒരു സാഹചര്യം വീണ്ടും ഉണ്ടാകാന്‍ അനുവദിച്ചുകൂടാ. നമ്മുടെ നാടിന്റെ ഓരോ വളര്‍ച്ചയും തളര്‍ച്ചയും നമ്മെ ഓരോരുത്തരെയും ചുറ്റിപ്പറ്റിയാണ് നില്‍ക്കുന്നത്. ആയതിനാല്‍ ഹവാലയും, മാര്‍വാഡിയും പോലെയുള്ളവര്‍ ഇവിടെ വാഴാന്‍ അനുവദിക്കാതിരിക്കേണ്ടത് കേരളത്തെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും കര്‍ത്തവ്യമാണ്. ഒരു പഴഞ്ചൊല്ലുണ്ട് ' നാം ഇരിക്കേണ്ടിടത്ത് നാം ഇരുന്നില്ലെങ്കില്‍ അവിടെ കയറി ഇരിക്കുക നായ ആകുമെന്ന് . അങ്ങനെ ഒരു അവസ്ഥയിലേയ്ക്ക് നമ്മുടെ നാടിനെ എത്തിക്കാന്‍ അനുവദിക്കാതിരുന്നാല്‍ നന്ന്.

English summary
Feature about illegal Bangladeshi migrants to kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X