• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിലെ ചൈൽഡ് മിസിങ് കേസുകൾക്ക് പിന്നിലെ മാഫിയ ബന്ധങ്ങൾ... അജ്മൽ സികെ എഴുതുന്നു!

  • By Muralidharan

അജ്മല്‍ സികെ

മാധ്യമ പ്രവര്‍ത്തകനും ബ്ലോഗറുമാണ് അജ്മല്‍ സികെ. എഴുത്തുകളെ ഒരുപാട് സ്‌നേഹിക്കുന്ന അജ്മല്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്.

ഇന്നും കണ്ടിരുന്നു ഒരു പൈതലിനെ. 5 വയസ്സ പോലും തികയാത്ത ആ കുഞ്ഞ് യാചനാ ഭാവത്തില്‍ ഓരോരുത്തരുടേയും മുമ്പില്‍ കൈ നീട്ടുകയാണ്. കോഴിക്കോട് ബീച്ച് പരിസരത്താണ് സംഭവം. 2012 ല്‍ അന്നത്തെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ബാല ഭിക്ഷാടന നിരോധിത ജില്ലയായി പ്രഖ്യാപിച്ച കോഴിക്കോടിന്റെ മണ്ണിലാണ് 2018ലും ഇത്തരത്തില്‍ ബാല ഭിക്ഷാടനം അരങ്ങേറുന്നത്. കോഴിക്കോടോ കേരളമോ മാത്രമല്ല ഇന്ത്യയിലങ്ങോളമിങ്ങോളം ഇന്നും ബാല ഭിക്ഷാടനവും ബാല വേലയും അരങ്ങേറുന്നുവെന്നതാണ് സത്യം. എത്ര പിഞ്ചു ബാല്യങ്ങളെ ഇതു പോലെ പലയിടങ്ങളിലായ് നമ്മള്‍ കാണുന്നു. സഹാനുഭൂതിക്കപ്പുറം അവരെങ്ങനെ തെരുവുകളിലെത്തിയെന്ന് നമ്മളില്‍ എത്രപോര്‍ ആലോചിച്ചിട്ടുണ്ട്.

ജസ്റ്റിസ് ലോയ കേസ്; ബോംബെ ഹൈക്കോടതിയിലെ കേസുകള്‍ സുപ്രീം കോടതി സ്വമേധയാ ഏറ്റെടുത്തു

അത് തിരിച്ചറിയണമെങ്കില്‍ നമ്മുടെ പത്രങ്ങളിലും ചാനലുകളിലും കാണാറുള്ള ചൈല്‍ഡ് മിസ്സിംങ് വാര്‍ത്തകള്‍ ശ്രദ്ധിക്കണം. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാകുന്നു, സ്‌കൂളിലേക്ക് പോയ കുട്ടി മടങ്ങി വാരാതാകുന്നു. അങ്ങനെ പല വാര്‍ത്തകളും നമ്മള്‍ ശ്രദ്ധിക്കാതെ അലസമായ് മറന്ന് പോയിക്കാണും. ഇവയൊന്നും നമ്മളെ ബാധിക്കില്ലല്ലോയെന്നോര്‍ത്ത് അവഗണിച്ചു കാണും. പക്ഷെ ഒന്നോര്‍ക്കുക മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഈ കഴിഞ്ഞ 2 വര്‍ഷം ചൈല്‍ഡ് മിസ്സിംഗ് കേസുകള്‍ വര്‍ദ്ധിച്ച് വരികയാണ്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് കാണാതാകപ്പെട്ട കുട്ടികളുടെ എണ്ണം 47 ആണ്. ഞാനീ ലേഖനം എഴുതി കൊണ്ടിരിക്കുന്ന ഈ സമയത്ത് പുതിയ ഒരു മിസ്സിംങ് കേസു കൂടി റിപ്പോര്‍ട് ചെയ്യപ്പെട്ടിണ്ട്.

ഇനി നമുക്ക് ചില കണക്കുകളിലേക്ക് പോകാം. ഇന്ത്യയില്‍ ഓരോ 8 മിനുറ്റും ഓരോ കുട്ടി വീതവും കേരളത്തില്‍ ഒരോ 24 മണിക്കൂറും ഓരോ കുട്ടി വീതവും കാണാതാകപ്പെടുന്നുണ്ട്. ഓരോ വര്‍ഷവും ഇന്ത്യയില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണം ഒരു ലക്ഷത്തിലേറെയാണ്. ഡല്‍ഹി, മദ്ധ്യപ്രേദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളായിരുന്നു ഇത്തരം സംഭവങ്ങളില്‍ മുന്‍പന്തിയിലെങ്കില്‍ അവിടങ്ങളില്‍ നിയമം കര്‍ശനമാക്കിയത് കാരണം ഇതിന് പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ മറ്റു സംസ്ഥാനങ്ങളെ നോട്ടമിട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടായ മിസ്സിംങ്ങ് കേസുകളുടെ ഭിതിജനകമായ വര്‍ദ്ധനവ് അതിന്റെ സൂചനയാണ്. 2011 ല്‍ 952 കേസുകള്‍ ഇത്തരത്തില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട. എന്നാല്‍ 2012ല്‍ അത് 1079 കുട്ടികള്‍ ആയും, 2013 ല്‍ 1208 ആയും, 2014ല്‍ 1229 ,ആയും 2015ല്‍ 1630 ആയും കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു. 2016ല്‍ 2400 ഉം 2017 ല്‍ 2895 ഉം എന്ന നിരക്കില്‍ കുട്ടികള്‍ കാണാതാകപ്പെട്ടു. ഇങ്ങനെ കാണാതാകപ്പെട്ടവരില്‍ പലരേയും വിവിധയിടങ്ങളില്‍ വെച്ച് കണ്ടെത്താനായെങ്കിലും ഒരു പാട് കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല എന്നത് പരമാര്‍ത്ഥം.

ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കുട്ടികള്‍ എവിടെ പോകുന്നുവെന്നത് ഇപ്പോഴും ഒരു ചോദ്യമായി അവശേഷിക്കുന്നു. ഇതിന് ചുറ്റി പറ്റി കുറച്ച് പഠിച്ചപ്പോള്‍ മനസ്സിലായ ചില വസ്തുതകള്‍ ഞാനിവിടെ കുറിക്കുകയാണ്. വലിയ തോതിലുള്ള ഒരു നെറ്റ് വര്‍ക്ക് ഇതിന് പിറകിലുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പ്രധാനമായും 4 കാര്യങ്ങള്‍ക്ക് വേണ്ടിയാണ് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോകാറ്. ഭിക്ഷാടനം, ബാല വേല, സെക്‌സ് റാക്കറ്റ്, അവയവ കച്ചവടം എന്നിവയാണവ. ഇവ ഓരോന്നിന്റെയും സാധ്യതകളെ നമുക്കൊന്ന് പരിശോധിക്കാം.

ഏറ്റവും വലിയ മാഫിയ ഭിക്ഷാടന മാഫിയ തന്നെയാണ്. സാഹചര്യങ്ങള്‍ മാറിയപ്പോള്‍ എല്ലാ മേഖലയും പ്രൊഫഷണല്‍ ആയപ്പോള്‍ ഭിക്ഷാടനവും തികച്ചും പ്രൊഫഷണല്‍ ആയി. വെറും യാചനയിലൂടെ ലക്ഷപ്രഭുക്കളായ ആളുകളുള്ള നാടാണ് നമ്മുടെ ഇന്ത്യ. മുബൈ സ്വദേശിയായ ദാത്ത് ജെയ്‌ന്റെ ഇന്നത്തെ മാസവരുമാനം 60000 രൂപയില്‍ മേലെയാണ്. 70 ലക്ഷം രൂപ വിലയുള്ള രണ്ട് അപ്പാര്‍ട്‌മെന്റ് കടകള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇവയെല്ലാം അദ്ദേഹം ഉണ്ടാക്കിയത് വെറും യാചനയിലൂടെയായിരുന്നു എന്നറിയുമ്പോള്‍ ഭിക്ഷാടനത്തിന്റെ അപാര സാധ്യത എത്രത്തോളമെന്ന് ഊഹിക്കാം.

ദിവസവും നമ്മള്‍ നമ്മുടെ യാത്രകളില്‍ എത്ര ഭിക്ഷാടന ബാല്യങ്ങളെ കാണുന്നു. എത്ര പേര്‍ നമ്മുടെ മുമ്പില്‍ കൈ നീട്ടി നിന്നിട്ടുണ്ട്. ഭിക്ഷാടന മേഖലയില്‍ ഇത്രയധികം കുട്ടികള്‍ എങ്ങനെ വന്നുവെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ഏറ്റവുമധികം നമുക്കിടയില്‍ വിറ്റയിക്കപ്പെടുന്ന ഒന്നാണ് നമുക്കുള്ളില്‍ ഒളിഞ്ഞ് കിടക്കുന്ന സഹാനുഭൂതിയും ദയയുമൊക്കെ. അത് കൃത്ത്യമായ രീതിയില്‍ ഉപയോഗിക്കുകയാണ് ഭിക്ഷാടന മാഫിയ. കൈ കുഞ്ഞ് മുതല്‍ 15 വയസ്സ് വരെയുള്ള ബാല്യങ്ങളെ നമുക്ക് മുമ്പില്‍ നിരത്തി നിര്‍ത്തിയാല്‍ അലിഞ്ഞു പോകുന്ന നമ്മുടെ മനസ്സ് അവര്‍ മാര്‍ക്കറ്റ് ചെയ്യുമ്പോഴും നമ്മള്‍ പോലുമറിയാതെ നമ്മള്‍ അവര്‍ക്കെറിഞ്ഞ് കൊടുക്കുന്ന ചില്ലറതുട്ടുകള്‍ ആയിരവും പതിനായിരവും ലക്ഷവും കോടിയുമായ് കൈ മറിഞ്ഞ് പോകുന്നതിനെ കുറിച്ച് നമ്മള്‍ ഇനിയും ബോധവാന്മാരായിട്ടില്ല. പലപ്പോഴും കഴിക്കാനുള്ള ഭക്ഷണം പോലും ആ പൈതങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് സത്യം.

ഇതിന് പിറകില്‍ പ്രവര്‍ത്തികുന്ന മാഫിയക്ക് കൃത്യമായ രൂപരേഖയും അജണ്ടയുമുണ്ട് . എവിടെയൊക്കെയാണ് ഭിക്ഷാടനത്തിന് സാധ്യതകളുള്ളതെന്നും മറ്റും കണക്ക് കൂട്ടി അമ്പല,പള്ളി, നടകളിലും മറ്റ് തിരക്ക് പിടിച്ച ഇടങ്ങളില്‍ ചുട്ടു പൊള്ളുന്ന വെയിലോരത്ത് ഈ പിഞ്ചുങ്ങളെ ഒറ്റക്കോ അല്ലാതെയോ കൊണ്ടിരുത്തും. അമ്മയും കൈകുഞ്ഞു ട്രൈനിലും ബസ്സ്റ്റാന്റ് പരിസരങ്ങളിലും യാചകവേശത്തില്‍ നമ്മളെത്ര കണ്ടതാണ്. സീസണനുസരിച്ച് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് അവര്‍ പൈതങ്ങളേയും കൊണ്ട് സഞ്ചരിച്ചു കൊണ്ടിരിക്കും. ഭിക്ഷാടനത്തിന് വേണ്ടി, ജനിച്ച് വീണ കുഞ്ഞുങ്ങളെ വരെ വാടകക്ക് കൊടുക്കുന്ന സംഭവങ്ങള്‍ നമ്മള്‍ കണ്ടതാണ്. കുഞ്ഞുങ്ങള്‍ ഉണര്‍ന്ന് കരയാതിരിക്കാന്‍ 24 മണിക്കൂറും ഉറക്കി കിടത്താവുന്ന മയക്കു മരുന്നുകള്‍ ഇവരുടെ കൈവഷം യഥേഷ്ടമാണ്. ഭിക്ഷാടനത്തിന് വേണ്ടി ഇങ്ങനെ പലയിടങ്ങളില്‍ നിന്നായ് കടത്തി കൊണ്ടു വരുന്ന കുഞ്ഞുങ്ങളുടെ കണ്ണുകള്‍ ചൂയ്‌ന്നെടുത്തും കാലും കൈയ്യും മുറിച്ചെടുത്തും പൊള്ളിച്ചും മുറിവുണ്ടാക്കിയും വികൃതരൂപത്തിലാക്കിയും അവര്‍ നമ്മളിലെ സഹാനുഭൂതി വളര്‍ത്തും, നാണയക്കിലുക്കം ധാരാളമാകാന്‍.

രണ്ടാമത്തെ മാഫിയ ബാല തൊഴില്‍ കച്ചവടക്കാരാണ്. അവരും ടാര്‍ഗ്ഗറ്റ് ചെയ്യുന്നത് കുട്ടികളിലെ നിഷ്‌കളങ്കത തന്നെയാണ്. ബീച്ചുകളിലും മറ്റും കടല പാക്കറ്റുകള്‍ കൊണ്ട് വരുന്ന ബാല്യങ്ങളെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ട്രൈനിലും മറ്റും പാട്ടു പാടിയും തലകുത്തി മറിഞ്ഞ് അഭ്യാസങ്ങള്‍ കാണിച്ചും നടക്കുന്ന കുരുന്നുകളെയും നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ഉത്സവപ്പറമ്പുകളില്‍ ബലൂണും പീപ്പിയും പിടിച്ച് നടക്കുന്ന കുരുന്നുകളെയും നിങ്ങള്‍ കണ്ടിട്ടുണ്ടാവും. കളിച്ച് നടക്കേണ്ട പ്രായത്തില്‍ ഇവര്‍ കച്ചവടത്തിന്റെ പിടിയാളാവുകയാണ്. ഇത്തരത്തില്‍ ബാല വേലകളില്‍ ഏര്‍പ്പെടുന്നവരില്‍ പലരും പല സ്റ്റേറ്റുകളില്‍ നിന്ന് തട്ടികൊണ്ടുവന്നതോ അല്ലാത്തതോ ആയുള്ള കുഞ്ഞുങ്ങളായിരിക്കും. ചോദിക്കാനും പറയാനും ആരുമുണ്ടാവില്ലെന്നും സംഘടിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടും കൂലിയായിട്ട് ഒന്നും പകരം നല്‍കേണ്ടതില്ലെന്ന ബോധവുമാകാം ഇത്തരത്തില്‍ കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്നതിലെ മറ്റൊരു വികാരം.

കച്ചവടം എന്നു പറയുമ്പോള്‍ കടലയും ബലൂണും പീപ്പിയും മാത്രമല്ല വന്‍ കിട ഡ്രഗ്‌സ് മാഫിയകളുടെ ഇടനിലക്കാരായ് പോലും ഈ കുട്ടികള്‍ ഉപയോഗിക്കപ്പെടുന്നു. കുട്ടികളാവുമ്പോള്‍ പോലീസ് സംശയിക്കില്ലല്ലോയെന്ന ധാരണയാണ് ഇതിന് പിറകില്‍. കച്ചവട മാഫിയ ആയാലും, ഭിക്ഷാടന മാഫിയ ആയാലും ഇങ്ങനെ പുറത്തിറക്കപ്പെടുന്ന കുട്ടികളുടെ പിറകില്‍ ഇവരുടെ കണ്ണുകള്‍ മുഴുവന്‍ സമയവും ഉണ്ടായിരിക്കും. പൊതു ജനങ്ങളില്‍ ആരെങ്കിലും ആ കുട്ടികളോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ കുട്ടികള്‍ ഭയചകിതരായ് അവിടെ നിന്ന് വേഗം സ്ഥലം വിടുന്നതും പെട്ടെന്ന് തന്നെ അപ്രത്യക്ഷമാവുന്നതും അതുകൊണ്ടാണ്.

മറ്റൊരു പ്രധാന മാഫിയ അവയവ കച്ചവട സംഘങ്ങളാണ്. ഇന്ത്യയില്‍ മാത്രം 1,50,000 ആളുകള്‍ ജീവന്‍ നില നിര്‍ത്താന്‍ കിഡ്‌നി മാറ്റല്‍ സര്‍ജറിക്കായ് കാത്തിരിക്കുന്നുണ്ട്. ഇവരില്‍ 3000 ആളുകള്‍ക്ക് മാത്രമാണ് കിഡ്‌നി ഡോണറെ ലഭിച്ചിട്ടുള്ളു. ബാക്കിവരുന്ന 90% ആളുകളും ഡോണറിന് വേണ്ടി കാത്തിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുക്കുകയാണ് അവയവ മാഫിയ. പലയിടങ്ങളില്‍ നിന്നായി തട്ടി കൊണ്ടു വരപ്പെടുന്ന കുട്ടികളുടെ കിഡ്‌നി അവര്‍ ഓപ്പറേറ്റ് ചെയ്‌തെടുക്കുകയും വന്‍ തുകക്ക് ഇത് കച്ചവടം ചെയ്യുകയും ചെയ്യും. ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെയാണ് അവയവ കച്ചവടം പൊടിപൊടിക്കുന്നത്. ശേഷം തെരുവോരങ്ങളില്‍ ഈ കുട്ടികളെ ജീവനോടെയോ അല്ലാതെയോ ഉപേക്ഷിക്കുന്നു. ചിലപ്പോള്‍ ഇവരെ ഭിക്ഷാടന മാഫിയക്കാര്‍ക്ക് മറിച്ച് വില്‍ക്കുന്നു. ഡോക്ടര്‍മാരും രാഷ്ട്രീയ പ്രമുഖരുമുള്‍പ്പെടെ വലിയ നെറ്റ് വര്‍ക്കാണ് ഈ മാഫിയയുടെ ചരടു വലികള്‍ നടത്തുന്നത്. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് വേണ്ടി സുപ്രീം കോടതിയിലെ കൊടികുത്തിയ വക്കീലന്മാര്‍ വാദിക്കുന്നത് ഈ ചരടുവലികള്‍ കൊണ്ടാണ്.

നാലാമത്തെ മാഫിയ സെക്‌സ് റാകറ്റ് ആണ്. സെക്‌സ് കമ്പോളത്തില്‍ 15 വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് വലിയ ഡിമാന്‍് ആണ്, വലിയ വിലയും. ഇത്തരത്തില്‍ റാക്കറ്റുകളുടെ കൈകളില്‍ എത്തിപ്പെടുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രകൃതി വിരുദ്ധ പീഢനങ്ങളുള്‍പ്പെടെ കൊടിയ പീഢനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നു. സെക്‌സ് റാക്കറ്റ്, ഭിക്ഷാടനമാഫിയ, ബാലവേല, അവയവ കച്ചവട മാഫിയ തുടങ്ങി ഏത് സംഘത്തിന്റെ കൈയ്യില്‍ നമ്മുടെ കുട്ടികളെത്തിയാലും അവരനുഭവിക്കുന്ന പീഢനങ്ങള്‍ക്ക് കൈയ്യും കണക്കുമുണ്ടാവില്ല. അനുസരിപ്പിക്കാനും ഏത് നീചകൃത്യം ചെയ്യാനും മടിയില്ലാത്ത ആളുകളാണ് ഇതിന് പിറകില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ബാല നീതി നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം, ട്രാവന്‍കൂര്‍ ബെഞ്മറി പ്രിവന്‍ഷന്‍ നിയമം എന്നു തുടങ്ങി നിരവധി നിയമങ്ങളും ശക്തമായ ശിക്ഷാ നടപടികളും നമ്മുടെ നാട്ടില്‍ നിലവിലുണ്ടെങ്കിലും ഇപ്പോഴും ധാരാളം കുട്ടികള്‍ എവിടേക്കെന്നില്ലാതെ അപ്രത്യക്ഷമാകപ്പെടുന്നു.

ഓപ്പറേഷന്‍ വാത്സല്യ ശരണ ബാല്യം തുടങ്ങി ഇന്ത്യയിലുടനീളം വിവിധ ഓമനപ്പേരുകളിട്ട് നടപ്പിലാക്കിയ പദ്ധതികള്‍ മുഖേന പല കുഞ്ഞുങ്ങളേയും വീണ്ടെടുക്കാനും പുനരധിവസിപ്പിക്കാനും നമുക്ക് സാധിച്ചുവെങ്കിലും ഇനിയും എത്രയോ കുഞ്ഞുങ്ങള്‍ കാണാ മറയത്ത് തന്നെ നില്‍ക്കുന്നു. എന്ത് പദ്ധതി ആയാലും ആദ്യം വേണ്ടത് പൊതു ജന പങ്കാളിത്തമാണ്. നാളെ നമ്മുടെ വീടുകളില്‍ നിന്ന് നമ്മുടെ പൈതങ്ങള്‍ കാണാതാകപ്പെടേണ്ടെങ്കില്‍ ഇന്ന് നമുക്കേവര്‍ക്കും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കൈകോര്‍ക്കാം. ഇത്തരക്കാരുടെ കൈകളില്‍ നമ്മുടെ കുട്ടികള്‍ എത്തിപ്പെടാതിരിക്കാനുള്ള ചില മുന്‍ കരുതല്‍ നമ്മള്‍ എടുക്കേണ്ടതുണ്ട്.

നാടോടി സംഘങ്ങളുടെ രൂപത്തിലും യാചകരുടേയും വില്‍പ്പനക്കാരുടെ രൂപത്തിലും നമ്മുടെ നാടുകളില്‍ എത്തുന്നവര്‍ ഒരു പക്ഷെ ഈ റാക്കറ്റുകളുടെ ഭാഗമായിരിക്കാം. ഇവരുടെ കൈകളില്‍ എത്തിക്കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം നമുക്കാര്‍ക്കും തിരിച്ചറിയാന്‍ വയ്യാത്ത വിധം അവര്‍ കുട്ടികളുടെ രൂപവും കോലവും മാറ്റിയെടുക്കും. 24 മണിക്കൂര്‍ തികയും മുമ്പ് തന്നെ അവരുടേതായ ഇടങ്ങളില്‍ അവരെത്തും. ഇത്തരക്കാരില്‍ നിന്ന് നമ്മുടെ കുട്ടികളെ അകറ്റി നിര്‍ത്തുക എന്നുള്ളതാണ് പ്രഥമമായി നമ്മള്‍ ചെയ്യേണ്ട കാര്യം.

നമ്മുടെ എല്ലാ നഗരങ്ങളും ഗ്രാമങ്ങളും ജില്ലയും നിയമം മൂലവും അല്ലാതെയും ഭിക്ഷാടന നിരോധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും എല്ലാവരും ഒറ്റക്കെട്ടായ് ഇതിനായ് രംഗത്തിറങ്ങുകയും ചെയ്യുകയെന്നതാണ് അതില്‍ പ്രധാനപപ്പെട്ട മറ്റൊന്ന്. മാറിയ ജീവിത സാഹചര്യത്തില്‍ ഭിക്ഷ യാചിച്ച് ജീവിക്കേണ്ട സാഹചര്യമുള്ളവര്‍ വളരെ കുറവാണ് എന്നിരിക്കെ ഇത്തരത്തിലുള്ള വ്യാജന്മാരുടെ കാപട്യം തിരിച്ചറിയാനുള്ള വകതിരിവ് ഇനിയെങ്കിലും നമുക്കുണ്ടാവട്ടെ. ഭിക്ഷ ചോദിച്ച് വരുന്ന കുഞ്ഞുങ്ങള്‍ക്ക് ഭിക്ഷ നല്‍കാതെ അവരുടെ കൈപിടിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയോ പോലീസിലറിയിക്കുകയോ ആണ് വേണ്ടത്. കുഞ്ഞുങ്ങള്‍ മുഖേനയുള്ള ഭിക്ഷാ വരുമാനം കുറയുമ്പോള്‍ സ്വാഭാവികമായും ചൈല്‍ഡ് മിസ്സംങ് കേസുകളുടെ എണ്ണം ഗണ്ണ്യമായ രീതിയില്‍ കുറയുക തന്നെ ചെയ്യും.

1098 എന്ന ടോള്‍ ഫ്രീ നമ്പര്‍ ചൈല്‍ഡ് പ്രൊടക്ഷന്‍ യൂണിറ്റിന്റെ നമ്പറാണ്. ഈ നമ്പറില്‍ കുട്ടികളുമായ് ബന്ധപ്പെട്ട എന്തു കാര്യത്തിനും നിങ്ങള്‍ക്ക് ഏത് സമയവും വിളിക്കാവുന്നതാണ്. ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ കാണുമ്പോള്‍ ഈ നമ്പറില്‍ വിളിച്ച് കാര്യം പറയാനുള്ള സമയമെങ്കിലും നിങ്ങളുടെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ സന്മനസുണ്ടാകട്ടെ. അന്യസംസ്ഥാന കുട്ടികളല്ലെയെന്നോര്‍ത്ത് അവഗണിക്കാതിരിക്കു. നമ്മുടെ കുഞ്ഞുങ്ങളും ഇതുപോലെ അന്യസംസ്ഥാനങ്ങളില്‍ ഭിക്ഷയാചിക്കുന്നുണ്ടാവും. ഇന്ന് ആരുടേയോ മക്കളെങ്കില്‍ നാളെയത് എന്റേയോ നിങ്ങളുടേയോ മക്കളാവും. ഈ മാഫിയാ സംഘങ്ങളെ കണ്ടെത്തി തടവിലടക്കാനും നമ്മുടെ കുഞ്ഞുങ്ങളെ മോചിപ്പിച്ച് സമൂഹത്തിന് ഉപകാര പ്രദമായി വളര്‍ത്താനും ഇനിയും വൈകികൂട.

English summary
Ajmal CK writes as child missing and child trafficking reports in the state go high.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more