കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയില്‍ ഇത്തവണ എന്ത്? ഏഴില്‍ ആറും ഇടതിനൊപ്പം... പക്ഷേ, ചരിത്രം പറഞ്ഞാല്‍ തിരിച്ചടി ഉറപ്പ്!

Google Oneindia Malayalam News

Recommended Video

cmsvideo
#LoksabhaElections2019 : ആലപ്പുഴയിൽ ശക്തമായ പോരാട്ടം തന്നെ നടക്കും | Oneindia Malayalam

കിഴക്കിന്റെ വെനീസ് എന്നാണ് ആലപ്പുഴ അറിയപ്പെടുന്നത്. കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രവും ആണ് ആലപ്പുഴ. ഒരുപാട് കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ക്കും സമരങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള നാട്... പുന്നപ്ര, വയലാര്‍ സമരങ്ങളുടെ ഓര്‍മകള്‍ പേറുന്ന നാട്....

ആലപ്പുഴ ലോക്‌സഭ മണ്ഡലത്തെ കുറിച്ചാണ് നാം ഇന്ന് പരിശോധിക്കുന്നത്. കമ്യൂണിസ്റ്റ് സമരങ്ങളുടെ ചരിത്രം ഒക്കെ പറയാനുണ്ടെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ കമ്യൂണിസ്റ്റുകളെ പിന്തുണച്ച ചരിത്രം വളരെ കുറവാണ്. അതേ സമയം വന്‍ അട്ടിമറി വിജയങ്ങളും ഇവിടെ ഇടതുപക്ഷം സ്വന്തമാക്കിയിട്ടുണ്ട്.

അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലപ്പുഴ ലോക്‌സഭ മണ്ഡലം. ഏഴ് മണ്ഡലങ്ങളില്‍ ആറെണ്ണത്തിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തല വിജയിച്ചതാണ് ഇത്തവണ മണ്ഡലത്തിലെ യുഡിഎഫിന്റെ ഏക ആശ്വാസം. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിലും ഇതുപോലെ തന്നെ ആയിരുന്നു കാര്യങ്ങള്‍. പക്ഷേ, 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസിന്‍റെ കെസി വേണുഗോപാല്‍ തന്നെ!

KC Venugopal

ഇതുവരെ നടന്ന ആകെ 12 തിരഞ്ഞെടുപ്പുകളില്‍ നാലെണ്ണത്തില്‍ മാത്രമാണ് സിപിഎമ്മിന്, അല്ലെങ്കില്‍ ഇടതുപക്ഷത്തിന് വിജയിക്കാനായിട്ടുള്ളത്. ബാക്കിയെല്ലാ തവണയും കോണ്‍ഗ്രസിനൊപ്പം ഉറച്ച് നിന്ന മണ്ഡലം ആണ് ആലപ്പുഴ. ആലപ്പുഴയെ പ്രതിനിധീകരിച്ച് ഏറ്റവും അധികം തവണ തിരഞ്ഞെടുക്കപ്പെട്ട എംപി വിഎം സുധീരന്‍ ആണ്. നാല് തവണ സുധീരന്‍ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയില്‍ എത്തി.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പകളും കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ആണ് ആലപ്പുഴയില്‍ നിന്ന് വിജയിച്ചത്. യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയും ആയിരുന്നു വേണുഗോപാല്‍. 2009 ല്‍ സിപിഎമ്മില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു വേണുഗോപാല്‍. ഡോ കെഎസ് മനോജിനെ മുന്‍നിര്‍ത്തി 2004 ല്‍ വിഎം സുധീരനില്‍ നിന്നായിരുന്നു സിപിഎം മണ്ഡലം പിടിച്ചെടുത്തത്. 2009 ല്‍ വീണ്ടും കെഎസ് മനോജിനെ തന്നെ സിപിഎം രംഗത്തിറക്കിയെങ്കിലും വേണുഗോപാല്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നു.

എന്നാല്‍ 2014 ല്‍ എത്തിയപ്പോള്‍ കെസി വേണുഗോപാലിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഇക്കാലയളവില്‍ കെസി വേണുഗോപാല്‍ നേരിട്ടിരുന്നു. സിപിഎമ്മിന്റെ സിബി ചന്ദ്രബാബു ആയിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി.

Alappuzha

കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളില്‍ ഒരാളാണ് കെസി വേണുഗോപാല്‍. എഐസിസി ജനറല്‍ സെക്രട്ടറിയും ആണ്. എന്നാല്‍ കണക്കുകള്‍ പ്രകാരം അത്ര മികച്ച പ്രകടനം ഒന്നും വേണുഗോപാല്‍ ലോക്‌സഭയില്‍ കാഴ്ചവച്ചിട്ടില്ല. 131 ചര്‍ച്ചകളില്‍ ആണ് ആകെ പങ്കെടുത്തത്. സംസ്ഥാന ശരാശരി ഇക്കാര്യത്തില്‍ 135 ഉം ദേശീ. ശരാശരി 63.8 ഉം ആണ്. സഭയില്‍ ആകെ ഉന്നയിച്ചത് 336 ചോദ്യങ്ങളാണ്. ഇക്കാര്യത്തില്‍ സംസ്ഥാന ശരാശരി 398 ഉം ദേശീയ ശരാശരി 273 ഉം ആണ്. സ്വകാര്യ ബില്ലുകള്‍ ഒന്ന് പോലും അവതരിപ്പിച്ചിട്ടില്ല. 82 ശതമാനം ഹാജര്‍നിലയുണ്ട്.

ഒരു ദേശീയ നേതാവ് എന്ന രീതിയില്‍ കെസി വേണുഗോപാലിന്റെ വളര്‍ച്ചയാണ് അടുത്ത കാലത്ത് കണ്ടത്. കര്‍ണാടകത്തിലും രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഇത്തവണ ആലപ്പുഴയില്‍ കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കാന്‍ സാധ്യത വളരെ കുറവാണ്.

നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വല വിജയത്തിന്റെ കരുത്തിലാണ് സിപിഎം ഇത്തവണ ആലപ്പുഴയില്‍ മത്സരത്തിനിറങ്ങുന്നത്. ലോക്‌സഭ മണ്ഡലം പിടിക്കുക അത്ര എളുപ്പമല്ലെന്ന് അറിയാമെങ്കിലും, ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാന്‍ ആയിരിക്കും സിപിഎമ്മിന്റെ പദ്ധതി. മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനും ആലപ്പുഴ മണ്ഡലത്തിലെ വോട്ടര്‍മാരാണ്. മണ്ഡലത്തില്‍ ഏത് വിധേനയും വിജയം നേടുക എന്നത് ഇവരുടേയും കൂടി ആവശ്യമാണ്.

Alappuzha Demographs

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്ന മണ്ഡലം എന്ന പ്രത്യേകതയും ഉണ്ട് ആലപ്പുഴയ്ക്ക്. കഴിഞ്ഞ തവണ ആര്‍എസ്പി(ബി) യുടെ എവി താമരാക്ഷന്‍ ആയിരുന്നു ബിജെപി പിന്തുണയോടെ മത്സരിച്ചത്. ആകെ നേടിയത് 4.3 വോട്ടുകള്‍ മാത്രമായിരുന്നു.

ബിഡിജെഎസിന് സ്വാധീനമുള്ള ഏറെ മേഖലകള്‍ ആലപ്പുഴ മണ്ഡലത്തിലുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ബിജെപി സീറ്റ് ബിഡിജെഎസിന് വിട്ടുകൊടുക്കാനുള്ള സാധ്യതയും കൂടുതലാണ്. ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടാമെന്ന പ്രതീക്ഷയും ബിജെപി വച്ചുപുലര്‍ത്തുന്നുണ്ട്.

ആരോപണങ്ങളുടെ കരിനിഴലുകള്‍ ഒന്നുമില്ലാതെ ആയിരിക്കും ഇത്തവണ കെസി വേണുഗോപാല്‍ തിരഞ്ഞെടുപ്പിനെ നേരിടുക. അതുപോലെ തന്നെ, സിപിഎമ്മിനെ വിഭാഗീയത ഏറെക്കുറെ അവസാനിച്ചത് അവര്‍ക്കും പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

English summary
Know detailed information on Alappuzha Lok Sabha Constituency like election equations, sitting MP, demographics, election history, performance of current sitting MP, 2014 election results and much more about Alappuzha Loksabha Seat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X