• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിരന്തര അപമാനിക്കപ്പെടലിന്റെ ബസ് യാത്രകൾ.. ഒരു പെൺകുട്ടിയുടെ കൺസെഷൻ യുദ്ധങ്ങൾ'

  • By അപർണ പ്രശാന്തി

അപർണ പ്രശാന്തി

സ്വതന്ത്ര മാധ്യമപ്രവർത്തകയായ അപർണ പ്രശാന്തി കോളം എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയും അവതാരകയുമാണ്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടൻ പുരസ്കാരത്തിന് അപർണയുടെ ആദ്യ പുസ്തകമായ 'ചലച്ചിത്രത്താഴ്' അർഹമായി.

അപർണ പ്രശാന്തി എഴുതുന്നു..

ഒരു ബസ് സമര കാലം കൂടി കഴിയുന്നു. യാത്രാ ബുദ്ധിമുട്ടുകളെ പറ്റി, ഓരോ സമരത്തിന്റെയും രാഷ്ട്രീയ സാമൂഹ്യ മാനങ്ങളെ പറ്റി സജീവമായി ചർച്ച നടക്കുന്നു. ചർച്ചകളുടെ ഒടുവിൽ പിന്നെയും നമ്മൾ ബസിൽ കയറി നിത്യ ജീവിതത്തിന്റെ ഭാണ്ഡകെട്ട് ഇറക്കി വെക്കാൻ ഇരിപ്പിടങ്ങൾ തേടും. ബസ് യാത്രകൾ കേരളത്തിൽ എല്ലായിടത്തും വളരെ സ്വാഭാവികമായ കാഴ്ചയാണ്. ജീവിതത്തിലെ കുറെ വർഷങ്ങളോള൦ തന്നെ ബസ് യാത്രക്കായി ചിലവഴിച്ചവർ ഉണ്ട്.അത്രയും നിത്യ ജീവിതത്തിന്റെ ഭാഗമായ ഒന്നാണ് നമ്മളിൽ ബഹുഭൂരിപക്ഷം പേർക്കും ബസ് യാത്രകൾ.

ബസ്സുകളെ വെറുത്ത കാലം

ബസ്സുകളെ വെറുത്ത കാലം

ഇതിനിടയിൽ പലരുടെയും ബസ് യാത്രകളുടെ തുടക്കം ബസ്സുകളെ വെറുത്ത വിദ്യാർത്ഥി കാലത്തു നിന്ന് തന്നെയായിരിക്കും. ആദ്യത്തെ ഒറ്റക്കുള്ള ബസ് യാത്ര വിദ്യാർത്ഥി കൺസെഷനോടെ ആയവർക്കെല്ലാം ചെറുതോ വലുതോ ആയ അപമാനത്തിന്റെ ഒരു കഥയെങ്കിലും പറയാനുണ്ടാവും. നീണ്ട വരി നിക്കലിന്റെ, അപമാനിച്ചു ഇറക്കി വിട്ടതിന്റെ, അനാവശ്യമായ കടന്നു കയറ്റങ്ങളുടെ, ലൈംഗിക സ്വഭാവമുള്ള നോട്ടങ്ങളുടെ. സംസാരത്തിന്റെ, സ്പർശങ്ങളുടെ എല്ലാം. പ്രതികരിക്കുമ്പോൾ കിട്ടുന്ന അപമാനിക്കലുകൾ വേറെയും.

കൺസെഷൻ അപമാനങ്ങൾ

കൺസെഷൻ അപമാനങ്ങൾ

കൺസെഷൻ അപമാനങ്ങൾ ശീലത്തിന്റെ ഭാഗമായി നിൽക്കുന്നത് കൊണ്ടാവാം വല്ലാത്ത സ്വാഭാവികത ആ അതിക്രമങ്ങൾക്ക് വന്നിട്ടുണ്ട്. പതിനഞ്ചു വയസു വരെ നിത്യേന സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വന്നിട്ടില്ല. അന്ന് ആ വഴിയിൽ ആകെ ഓടിയിരുന്ന ഒറ്റ ബസിനെ ആശ്രയിച്ചാൽ സ്കൂളിൽ സമയത്തിനു മുന്നേ എത്താനാവുമായിരുന്നില്ല എന്നത് കൊണ്ടാണത്. അന്ന് വരെ കൺസെഷൻ ടിക്കറ്റ് കഥകൾ ദൂരങ്ങളിൽ നിന്ന് കേൾക്കുന്ന വിചിത്ര കഥകൾ മാത്രമായിരുന്നു.

നിരന്തര അപമാനങ്ങൾ

നിരന്തര അപമാനങ്ങൾ

പിന്നീട് മറ്റൊരു സ്കൂളിൽ ആയപ്പോളാണ് നിരന്തരം ബസ് യാത്രകൾ വേണ്ടി വന്നത്. വിദ്യാർത്ഥി കൺസെഷനിൽ ബസിൽ കയറിയ അന്ന് മുതൽ ഉണ്ട്, അപമാനത്തിന്റെ നിരന്തരമായ ആവർത്തിക്കലുകൾ ഉണ്ടായി കൊണ്ടേ ഇരുന്നു. കൂടെ യാത്ര ചെയ്ത് കൊണ്ടിരുന്ന പലർക്കും മിണ്ടാതിരിക്കൽ എന്നെ ശീലപ്പെട്ടതാണ്. എല്ലാ പെൺകുട്ടികളോടും വല്ലാത്തൊരു അശ്ലീല൦ കലർന്ന അധികാരത്തോടെ ഒരു കണ്ടക്റ്റർ ഉണ്ടായിരുന്നു സ്‌കൂൾ സമയത്ത്. ചുറ്റുമുള്ള എല്ലാവരോടും ''പിച്ചകണക്കിനു കയറുന്നവർ'' എന്നുറക്കെ പറഞ്ഞു അയാൾ ചിരിക്കുമായിരുന്നു.

മിണ്ടാത്ത ടീച്ചർമാർ

മിണ്ടാത്ത ടീച്ചർമാർ

നീയൊക്കെ ബാഗും തൂക്കി ഓസിനു കയറുന്നവരല്ലേ, നിന്നോട് ഞങ്ങൾക്ക് എന്തും പറയാം എന്നയാൾ ഉറക്കെ തന്നെ പറഞ്ഞു. ഉടുത്ത സാരി ഉലയുമോ എന്ന് പേടിച്ചു നഴ്‌സുമാരും ടീച്ചർമാരും ഒക്കെ ഞങ്ങളുടെ ബാഗുകളെ, ഞങ്ങളെ തന്നെ ദൂരത്തേക്ക് തള്ളിമാറ്റി കൊണ്ടിരുന്നു. തൊട്ടും തലോടിയും നുള്ളിയും അസ്വസ്ഥതയുണ്ടാക്കാൻ വലിയ ഒരു കൂട്ടം പിന്നിലും ഉണ്ടായിരുന്നു. വലിയ പബ്ലിക് സ്‌കൂളുകളുടെ ബസ്സുകളിൽ മക്കളെ കയ്യടി അയക്കുന്ന ടീച്ചർമാരിൽ പലർക്കും കൺസെഷൻ ടിക്കറ്റ് അവകാശമാണെന്ന് പറഞ്ഞു തരാൻ കഴിവുണ്ടായിരുന്നില്ല. നിങ്ങൾ ഒന്നിച്ചു തിരക്കി കയറല്ലേ എന്ന് ഉപദേശിച്ച എത്രയോ ടീച്ചർമാർ പഠിപ്പിച്ചിട്ടുണ്ട്.

സീൻ കൊടുക്കാൻ ബാധ്യസ്ഥർ

സീൻ കൊടുക്കാൻ ബാധ്യസ്ഥർ

ഒരു ദിവസം തന്റെ കയ്യിൽ നിന്ന് വീണ ചില്ലറ കുനിഞ്ഞെടുത്തു തരാൻ ആ കണ്ടക്റ്റർ എന്നോട് പറഞ്ഞു. അതൊക്കെ ഓസിനു കയറുന്നവരുടെ കടമ ആണെന്ന് അയാൾ പറഞ്ഞു. ബസ് മുതലാളിയുടെ ലാഭം കുറക്കുന്ന, പൊതുവിദ്യാലയത്തിൽ പഠിക്കുന്ന ഞാൻ വീണ ചില്ലറ കുനിഞ്ഞെടുത്തു കാണികൾക്ക് ''സീൻ'' ഇട്ടു കൊടുക്കാൻ കൂടി ബാധ്യസ്ഥയാണല്ലോ. ടീച്ചർമാരടക്കം മുതിർന്ന ഒരാളുടെ പോലും ശബ്ദം ഉയർന്നില്ല. അടക്കി പിടിച്ച ചിരികൾക്കപ്പുറം ഒന്നും കേട്ടില്ല. എനിക്ക് പിന്നിൽ ഇന്നോളം അപമാനിതരായ വേറെയും കുറെ കുട്ടികൾ.

അവധിക്കാല ദുരിതം

അവധിക്കാല ദുരിതം

പതിഞ്ഞതെങ്കിലും ഉറച്ച സ്വരത്തിൽ ഇല്ല എന്ന് പറഞ്ഞതും അയാളുടെ ഞെട്ടിയ ദേഷ്യം കലർന്ന മുഖവും ഇന്നും ഓർമയുണ്ട്. അയാളുടെ ഏറ്റവും വലിയ ശത്രുവായിരുന്നു ഞാൻ. ഒരു കാഴ്ച വസ്തുവിനെ എന്ന പോലെ എന്നും ചൂഴ്ന്നു നോക്കുന്ന ശരീരവും ആയിരുന്നു. അവധിക്കാല ക്ലാസിനു കൺസെഷൻ തരില്ല എന്നവർ ബഹളം വച്ചു. നിങ്ങൾ നിർബന്ധമായും കൺസെഷൻ കൊടുക്കണം എന്ന് പഠിപ്പിച്ച ഒരു അധ്യാപകന്റെ ധൈര്യത്തിൽ ഞങ്ങൾ യുദ്ധം ചെയ്യാൻ തീരുമാനിച്ചു. ആ തീരുമാനത്തിന് പക്ഷെ വളരെ കുറച്ചു നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. നിന്റെയൊക്കെ സാർ ഉണ്ടാക്കുന്ന ബസിൽ പൊക്കോ എന്ന അയാളുടെ ധാർഷ്ട്യം വരെ.. പകുതിയിൽ അധികം പേർ തലതാഴ്ത്തി ഫുൾ ചാർജ് കൊടുത്തു. ഞങ്ങൾ ഒന്നോ രണ്ടോ പേർ മാത്രം ഒച്ചയെടുത്തു.

അലിഖിത നിയമങ്ങൾ

അലിഖിത നിയമങ്ങൾ

വീടിനത്തുള്ളവരോ അകന്ന ബന്ധുക്കളോ 16 വയസ്സാവും മുന്നേ ശബ്ദമുയർത്തിയ പെൺകുട്ടികളെ കുറിച്ച് സ്വന്തം വീട്ടിൽ അറിയിച്ചാൽ തീരാവുന്നതേ ഉണ്ടായിരുന്നുള്ളു അവരിൽ പലരുടെയും സ്‌കൂൾ ജീവിതം തന്നെയും. സമയമാകുമ്പോഴേക്കും ''നല്ല പേരിന്റെ'' സർട്ടിഫിക്കറ്റും പിടിച്ചു കല്യാണ മാർക്കറ്റിൽ ഇറക്കാനാണ് പെൺകുട്ടികൾ ഇവിടെ ജനിച്ചു വീഴുന്നത് തന്നെ. ബസിൽ സീറ്റ് ഉണ്ടെങ്കിലും ഇരിക്കാൻ പറ്റില്ല എന്ന അലിഖിത നിയമത്തിനൊപ്പമാണ് ഈ പീഡനങ്ങൾ. അതിയായ ഔദാര്യം ഉള്ള ചിലർ ആള് വരും വരെ ഇരിക്കാനുള്ള അനുവാദം തരുമായിരുന്നു.

കേസ് കൊടുത്ത `വിചിത്ര ജന്തു'

കേസ് കൊടുത്ത `വിചിത്ര ജന്തു'

കോളേജ് കാലത്താണ് ബസിൽ വരുന്ന കൺസെഷൻ പെൺകുട്ടികളെ പ്രായഭേദമന്യേ തലോടിയും അമർത്തിയും മാറ്റുന്ന മറ്റൊരു കണ്ടക്റ്ററെ കണ്ടത്. ഞങ്ങൾക്ക് മുന്നിലുള്ള യു പി സ്ക്കൂൾ കുട്ടികളെ വരെ നെഞ്ചത്ത് അമർത്തി ഞെക്കിയാണ് അയാൾ യാത്രയിൽ ഉടനീളം കടന്നു പോയത്. കേസ് കൊടുക്കാനായി ബസിന്റെ നമ്പർ എഴുതി എടുത്ത എന്നെ അത്ഭുതത്തോടെയും അങ്കലാപ്പോടെയും വിചിത്ര ജന്തുവിനെ എന്ന പോലെ നോക്കിയ സഹപാഠികൾ ആണ് ആ ബസിലെ ഏറ്റവും ക്രൂരമായ ഓർമ. കേസ് അന്വേഷണത്തിനിടക്കാണ് ബസ് മുതലാളി തന്നെയാണ് കണ്ടക്ക്റ്ററും എന്നറിഞ്ഞത്. എന്തായാലും വിചിത്രമായ കാരണങ്ങൾ പറഞ്ഞ കേസ് അന്വേഷണം നീണ്ടത് മൂന്നു വർഷത്തിലേറെ.

പിന്നെയും തുടർച്ചകൾ

പിന്നെയും തുടർച്ചകൾ

കോളജും മറ്റൊരു കോളജും കഴിഞ്ഞു ജോലിക്കാരി ആയിരുന്നു ഞാൻ.ഉച്ച വരെ ലീവ് എടുത്ത് പഴയ കേസ് ഫയലുകൾ പെറുക്കി കോടതിയിൽ പോയി. കേസ് പിന്നെയും നീണ്ടു. അയാളുടെ മുഖം തിരിച്ചറിയുമോ എന്ന ഭയത്തിലാണ് കോടതിയിൽ എത്തിയത്. സാക്ഷിയായ പെൺകുട്ടി കേരളത്തിന് പുറത്ത് മറ്റൊരു നഗരത്തിൽ കൈക്കുഞ്ഞുമായി ജീവിക്കുകയായിരുന്നു. എന്തായാലും അയാൾ പിന്നെയും ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഞെക്കലും അമർത്തി വേദനിപ്പിക്കലും തുടർന്ന് കൊണ്ടേ ഇരിക്കുന്നു

വെള്ള പേപ്പറിൽ എഴുത്തിത്തരൽ

വെള്ള പേപ്പറിൽ എഴുത്തിത്തരൽ

ജേർണലിസം പഠന കാലത്ത് കൺസെഷൻ തരില്ലെങ്കിൽ വെള്ള പേപ്പറിൽ എഴുതി തരാൻ പറഞ്ഞു പ്രതികരിക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നു. എനിക്കും സഹപാഠികൾക്കും വേണ്ടി ആണ് എന്ന ഉറച്ച ബോധ്യത്തോടെ ഒച്ചയിൽ അങ്ങനെ പറയാൻ ഉള്ള ഊർജം ഉണ്ടായിരുന്നു. കുറെ പേർക്കിടക്കിടയിൽ പറഞ്ഞു ചിരിക്കാനുള്ള പ്രസ്താനവയായി വെള്ള പേപ്പറിൽ എഴുത്തിത്തരൽ മാറി എങ്കിലും ഒരുപാട് കാലം കൺസെഷൻ ദുരന്തങ്ങൾ അനുഭവിച്ചു കൊണ്ട് കടന്നു പോയ ഒരാൾ പ്രതികരിക്കുന്ന വളരെ ജൈവികമായ രീതി ആയിരുന്നു അത്. പിന്നെയും കാലങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും കാണാം ബസിനു മുന്നിൽ വലിയ ക്യൂ ..അനുവാദം കാത്തു കിടക്കുന്നവരെ പോലെ ഒരുപറ്റം കുട്ടികൾ ഇപ്പോഴും നിൽക്കുന്നത് കാണാം.

തീരാത്ത ഓർമ്മകൾ

തീരാത്ത ഓർമ്മകൾ

മലപ്പുറം നഗരത്തിലെ ബസ് സ്റ്റോപ്പിൽ ബസിൽ കയറാൻ തിരക്ക് കൂട്ടുന്ന കുട്ടികളോട് ഒച്ചയെടുത്ത ബസുകാരെ നോക്കി കയറുന്നതിന്റെ ആവശ്യകതയെ പറ്റി ക്ലാസ് എടുത്ത പോലീസ് ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ട്, പുതിയ ഗവർമെന്റ് കോളജ് ഉണ്ടായപ്പോൾ അവിടെ കൺസെഷൻ കൊടുക്കാൻ പറ്റില്ല എന്ന് തീർത്ത് പറഞ്ഞ പൊലീസുകാരെ പറ്റി കേട്ടിട്ടുണ്ട്. ഇനിയും കാലങ്ങളോളം ഈ പതിവ് തുടരും എന്നും അറിയാം. ഓർമകളിൽ ഇനിയും ഉണ്ട്, എന്നെ, കൂടെ പഠിച്ചവരെ ഇങ്ങനെ അപമാനിച്ചതിന് നൂറായിരം അനുഭവങ്ങൾ.

പൊള്ളയായ ധാരണകൾ

പൊള്ളയായ ധാരണകൾ

സാക്ഷ്യം പറയാൻ പോലും ബാക്കി ഇല്ലാതെ തല താഴ്ത്തി നിന്ന കരഞ്ഞ കുറെ പേരുടെ ഓർമ്മകൾ..വിദ്യാർത്ഥി സംഘടനകളുടെ ഗീര്വാണങ്ങൾ കേട്ട് മടുത്ത കോളേജി ദിനങ്ങൾ..ഇവിടെ ഇപ്പോഴും പ്രാഥമിക മനുഷ്യാകാശത്തിനായാണ് വിദ്യാർത്ഥി സമൂഹം അലയുന്നത്. അപമാന ഭാരം പേറുന്ന ഒരു കൂട്ടത്തെ നല്ല പൗരർ ആയി ഉയർത്തും എന്നൊക്കെയുള്ള ധാരണകൾ പൊള്ളയാണ്. കപടമായ ജാനാധിപത്യത്തെ കുറിച്ച് ഓർക്കുമ്പോൾ ഒക്കെ വലിയ ബാഗും പേറി മഴയത്തും വെയിലത്തും ഓരോ കവലകളിലും നിൽക്കുന്ന വിദ്യാർത്ഥികളെ ഓർമ വരുന്നു. ഓരോ ബസ് സമര കാലവും കടന്നു പോകുമ്പോൾ കൂടുതൽ അപമാനിതനായി അവർ മഴ നനഞ്ഞും വെയിലേറ്റു പൊള്ളിയും നിസ്സഹായരാകുന്നു.

ഓർമ്മകളിലേക്ക് അപ്രതീക്ഷിതമായി ഒരു പാട്ട് മൂളി കടന്ന് വന്നവൾ.. അപർണ പ്രശാന്തിയുടെ പാട്ടോർമ്മകൾ

ഒരിക്കലും പരസ്പരം തോന്നാത്ത പ്രണയത്തിന്റെ രണ്ടിരകളെ കുറിച്ചുള്ള ഓർമകൾ.. അപർണ പ്രശാന്തി എഴുതുന്നു

വിപി സത്യന്റെ ശ്വാസം ഊതി നിറച്ച പന്ത്.. ക്യാപ്റ്റൻ' ഒരു ഓർമ്മപ്പെടുത്തലാണ്.. ജയസൂര്യ വൺഇന്ത്യയോട്

English summary
Aparna Prasanthi's column about bus travel in school days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more