• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബത്തക്ക ചർച്ചകൾക്കിടെ അപമാനഭാരങ്ങളുടെ കാൽപനികമല്ലാത്ത ഓർത്തെടുക്കലുകൾ- അപർണ പ്രശാന്തി

  • By desk

അപർണ പ്രശാന്തി

സ്വതന്ത്ര മാധ്യമപ്രവർത്തകയായ അപർണ പ്രശാന്തി അറിയപ്പെടുന്ന കോളം എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയും അവതാരകയുമാണ്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടൻ പുരസ്കാരത്തിന് അപർണയുടെ ആദ്യ പുസ്കമായ 'ചലച്ചിത്രത്താഴ്' അർഹമായി. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടി.

സ്ലട്ട് ഷെയിമിങിനെക്കുറിച്ച് അപർണ പ്രശാന്തി എഴുതുന്നു..

ബത്തക്ക ഉപമയും അനുബന്ധ ചർച്ചകളും നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് സ്ലട്ട് ഷേമിങ്ങിനെ പറ്റി ഓർത്തത്. ആ വാക്കും രാഷ്ട്രീയ മാനങ്ങളും ഒക്കെ ഉപയോഗിച്ച് ശീലപ്പെടും മുന്നേ ഉള്ള സ്‌കൂൾ കാലത്തെയും സമൂഹ മാധ്യമങ്ങൾ വന്നു തുടങ്ങിയ കോളേജ് കാലത്തെയും സ്ലട്ട് ഷേമിങ് ആണെന്ന് അറിയാതെ കേട്ട, അറിഞ്ഞ, അനുഭവിച്ച സ്ലട്ട് ഷേമിങ്ങുകളെ കുറിച്ചോർത്തത്. ജീവിതത്തിൽ ഒരിക്കലെങ്കിലും സ്ലട്ട് ഷേമിങ് കേൾക്കാത്ത സ്ത്രീകൾ ഉണ്ടാകുമോ... ഇല്ല. വിശാലതകളും ഓരോ അറിയപ്പെടുന്ന സംഭവങ്ങളിലെ രാഷ്ട്രീയ ശരി-തെറ്റ് ബോധ്യങ്ങളും തർക്ക വിതർക്കങ്ങളും കഴിഞ്ഞു ബാക്കിയാകുന്ന അപമാനമുണ്ട്. ഇരവാദമെന്നു പുച്ഛിച്ചു നടത്തുന്ന അതിജീവന ശ്രമങ്ങൾക്കിടയിൽ അപമാനം. ആ അപമാന ഭാരത്തിന്റെ ഓർത്തെടുക്കലുകൾക്ക് കാല്പനിക ഗൃഹാതുരത ഒരു അതി ഭാരമാണ്.

അന്നത്തെ അവസരവാദം

അന്നത്തെ അവസരവാദം

സ്ലട്ട് ഷേമിങ്ങുകൾ എന്നറിയാതെ, അപമാനങ്ങളുടെ വലിപ്പമറിയാതെ അത്തരം അപമാനിക്കലുകൾക്ക് കയ്യടിക്കുന്ന പെൺകുട്ടി ആയിരുന്നു ഞാൻ. സ്ക്കൂളിലെ വല്യേട്ടന്മാരെ പിണക്കി ഒറ്റപ്പെടാൻ ആഗ്രഹിക്കാത്ത ഒരു അവസരവാദി. യുപി ക്ലാസ്സുകളിൽ വച്ചാണ് ഇത്തരം അപമാനിക്കലിന്റെ ആദ്യ ഓർമ്മകൾ തുടങ്ങുന്നത്. സിൽക്ക് സ്മിത എന്ന് വിളിപ്പേരുള്ള ഒരു ടീച്ചറെ ക്ലാസ്സിലെ ആൺകുട്ടികൾ നടത്തിയ സ്ലട്ട് ഷേമിങ് ആണ് ആദ്യമായി എപ്പോഴും ഓർമ വരിക. അവരുടെ ഉടലിനെ പറ്റി ബത്തക്ക തോൽക്കുന്ന നൂറായിരം ഉപമകൾ കേട്ടിരുന്നു. ക്ലാസ്സിലെ മറ്റു പെൺകുട്ടികൾക്കൊപ്പം ഞാനും അവരെ സിൽക്ക് എന്ന് വിളിച്ചു. സ്റ്റാഫ് റൂമിൽ നിന്നാണ് ഇത്തരം ഉപമകൾ പ്രചരിക്കുന്നത് എന്നറിഞ്ഞു.

ചിരിച്ച് തള്ളിയ അശ്ലീലങ്ങൾ

ചിരിച്ച് തള്ളിയ അശ്ലീലങ്ങൾ

ഏഴാം ക്ലാസിൽ വച്ച് അല്പം ദുരൂഹ സ്വഭാവമുള്ള അന്നത്തെ ഞങ്ങളുടെ ബുദ്ധിക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള കവിതകൾ എഴുതിയിരുന്ന ഒരു പെൺകുട്ടി സ്‌കൂളിൽ വന്നിരുന്നു. അവളുടെ വലിയ മാറിടത്തെ കുറിച്ചോർത്ത് ഒരു അധ്യാപകൻ പറഞ്ഞ ഉപമകൾ ഇപ്പോൾ ഓർക്കുമ്പോൾ അസ്വസ്ഥത പടരുന്നുണ്ട്. പക്ഷെ അന്നത് ചിരിച്ചു തള്ളാവുന്ന ഒരു കൗതുകം മാത്രമായിരുന്നു. അന്ന് കൂടെ ഉണ്ടായിരുന്ന പലർക്കും ദശാബ്ദത്തിനിപ്പുറവും അത് ചിരിച്ചു തള്ളാവുന്ന കഥ മാത്രമാണ് എന്നും വേദനയോടെ അറിയാം. ആ സാറിന്റെ ക്ലാസ്സിൽ തല താഴ്ത്തി ഇരുന്നിരുന്ന പേന കൊണ്ട് കുത്തി വരഞ്ഞിരുന്ന അവൾ ഞങ്ങളെ ചിരിപ്പിച്ചു. ചിരിക്കാതെ ഇരുന്നാൽ ഒറ്റപ്പെട്ടു പോകും എന്ന ബോധ്യം, അവൾക്കൊപ്പം നിന്നാൽ പിണങ്ങുന്ന പ്രബലരുടെ കൂട്ടം, കിട്ടാവുന്ന 'റെബെൽ' എന്ന പട്ടം.. അന്നത്തെ നിശബ്ദതയ്ക്കു കാരണങ്ങൾ ഇത്രയേ ഉണ്ടായിരുന്നു.

ഇന്നത്തെ നിശബ്ദതയ്ക്കുള്ള കാരണം

ഇന്നത്തെ നിശബ്ദതയ്ക്കുള്ള കാരണം

ഇന്നത്തെ നിശ്ശബ്ദതകൾക്കും കാരണങ്ങൾ ഇതൊക്കെ തന്നെ.. ബത്തക്ക ഉപമകൾ ഉണ്ടാക്കുന്ന അറപ്പുകളെ മൂടി വെക്കാൻ, കേൾക്കാത്ത പോലെ നടിക്കാൻ, വസ്ത്രത്തിന്റെ കട്ടി കൂട്ടലുകൾ കൊണ്ട് നേരിടാൻ വീടുകൾ മുതൽ ശീലപ്പെടുന്നവരാണല്ലോ നമ്മുടെ പെൺകുട്ടികൾ. ആദ്യം സ്ലട്ട് ഷേമിങ് കേട്ടത് എവിടെ നിന്നാണ് എന്ന് ഓർമ ഇല്ല. എന്നാൽ ഒരു സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ ഏതൊക്കെ രീതികളിൽ ബലാൽഭോഗം ചെയ്യും എന്ന് കമന്റിട്ടു രസിക്കുന്ന മുഖമില്ലാത്ത ഐഡികളെ ഇടവേളകൾ അധികമില്ലാതെ കാണുന്നുണ്ട്. എന്റെ ലൈംഗിക ദാരിദ്ര്യം തീർക്കാൻ വഴുതനങ്ങ വാങ്ങി തരാൻ പോയ ഒരു സിനിമാ പ്രവർത്തകൻ ഉണ്ട്. എതിർ പാർട്ടിയിലെ സ്ത്രീകളെ ഇത്തരം ഉപമകൾ കൊണ്ട് പൊതിയുന്ന, അവരെ നിരന്തരം സ്ലട്ട് ഷേമിങ് നടത്തുന്ന അണികളും വിശ്വാസികളും ഇല്ലാത്ത രാഷ്ട്രീയ പാർട്ടികൾ കുറവാണ്.

അതിസ്വാഭാവികമായ ക്രൈം

അതിസ്വാഭാവികമായ ക്രൈം

മത ന്യായീകരണങ്ങളുടെ ഭാഗമായും ഇത് കാണാം. വെറുതെ പോകുന്ന പോക്കിൽ ഒരു സിനിമാ നടിയെ വെടി എന്ന് വിളിക്കുന്നതും രാത്രിയുടെ വില ചോദിക്കുന്നതും വളരെ സ്വാഭാവികമായ പ്രതികരണമായി കരുതുന്നവരാണ് ഇവിടെ ഉള്ള ഭൂരിഭാഗവും. സമൂഹ മാധ്യമങ്ങളിൽ, പൊതു ഇടങ്ങളിൽ, പഠിക്കുന്ന ജോലിയെടുക്കുന്ന സ്ഥാപനങ്ങളിൽ ഒക്കെ അതിസ്വാഭാവികമായി ഈ ക്രൈം നടക്കുന്നുണ്ട്. കമന്റടി എന്ന ലളിതവത്കരണം ഉള്ളത് കൊണ്ട് തന്നെ പ്രതികരിക്കുന്നവരുടെ അതി വൈകാരികതയും അഹങ്കാരവും ഒക്കെ ചർച്ചയാവാറാണ് പതിവ്. ഇപ്പോൾ നടന്ന പോലെ വസ്ത്രമോ സ്വഭാവമോ ഒക്കെ പ്രശ്നവത്കരിക്കുന്നതു കൊണ്ട് തന്നെ കടുത്ത ഊർജം പ്രതികരണങ്ങൾക്ക് ആവശ്യം വരുന്നു.

ചിലരുടെ ആകുലതകൾ

ചിലരുടെ ആകുലതകൾ

രണ്ടു തരത്തിൽ സ്ലട്ട് ഷേമിങ് കണ്ടിട്ടും അനുഭവിച്ചിട്ടും ഉണ്ട്. ഒന്ന്, ഇത് പോലെ കടുത്ത പിന്തിരിപ്പൻ മനോഭാവം അടിച്ചേൽപ്പിച്ച പൊതു ബോധത്തിൽ നിന്നുണ്ടാവുന്നത്. സ്ത്രീകൾ ലെഗ്ഗിൻസ് ധരിച്ചാൽ സംഭവിക്കുന്ന മൂല്യച്യുതികളെ കുറിച്ച് വളരെ ആത്മാർത്ഥമായി സങ്കടപ്പെടുന്നവരാണിവർ. ലെഗ്ഗിങ്‌സ് അടിവസ്ത്രമാണോ, മക്കനയുടെ അളവ് ശരിയാണോ എന്നൊക്കെ ഇവർ ആകുലപ്പെട്ടു കൊണ്ടേ ഇരിക്കും. ഇവരുടെ ബോധത്തിന് പുറത്തു നിൽക്കുന്ന സ്ത്രീകൾ ഇവരെ സംബന്ധിച്ച് ജാതി മത വ്യത്യാസമില്ലാതെ നരകത്തിലെ വിറകുകൊള്ളികൾ തന്നെയാണ്. തന്റെ ശബ്ദം ഉറക്കെ കേട്ടത് കൊണ്ട് അവർ ഈ അഭിപ്രായം മാറ്റില്ല. മറ്റൊന്ന് ആശയ വ്യത്യാസമുള്ള സ്ത്രീകളോട് നേരിട്ട് ഏറ്റുമുട്ടുന്നവരാണ്. തർക്കത്തിന്റെ ആശയ വ്യതിയാനത്തിന്റെ ഭാഷ എതിർപക്ഷത്തോട് വശമില്ലാത്തവർ..

സെലക്ടീവ് ന്യായീകരണങ്ങൾ

സെലക്ടീവ് ന്യായീകരണങ്ങൾ

അവർക്ക് എതിരാളിയെ അധിക്ഷേപിക്കാൻ ഉള്ള വഴികൾ ആ സ്ത്രീ വെടിയാണോ സമൂഹത്തിലെ കണ്ടീഷനിംഗ് അവസ്ഥകളിൽ നിന്ന് എങ്ങനെ ഒക്കെ വ്യതിചലിക്കുന്നു എന്നൊക്കെയുള്ള അന്വേഷണങ്ങളാണ്. പുരോഗമനത്തിന്റെ പൂച്ചുകൾ, രാഷ്ട്രീയ ശരികൾ ഒക്കെ അഴിഞ്ഞു വീഴുന്ന ബത്തക്കക്കാരും ഉണ്ട്. അനുഭവപരമായി ഒന്ന് തന്നെയാണ് എന്നിടത്താണ് സെലെക്ടിവ് ന്യായീകരണ സിദ്ധാന്തങ്ങളുടെ പൊള്ളത്തരം വെളിവാകുന്നത്. പ്രതികരിക്കേണ്ടിടത്തൊക്കെ നിശബ്ദത പഠിപ്പിക്കുന്ന ബോധ്യങ്ങളുടെ മറ്റൊരിടമാണ് ഈ ന്യായീകരണങ്ങളും. പണ്ട് കയ്യടിച്ച, ഒറ്റപ്പെടുമെന്നോർത്ത, എല്ലാ ഇത്തരം ബത്തക്ക ഉപമകളെയും മാപ്പില്ലാതെ എതിർക്കും എന്ന് ഉറക്കെ തന്നെ പറയാൻ ശീലിച്ചു എന്നതാണ് കാലം വരുത്തിയ മാറ്റം.

മറുപടി നിശബ്ദതയല്ല

മറുപടി നിശബ്ദതയല്ല

പണ്ട് ടീച്ചറെ സിൽക്കിന്റെ ശരീര ഭാഗങ്ങളുമായി താരതമ്യം ചെയ്ത അന്നത്തെ വല്യേട്ടൻ യുവാവാണ്. സിൽക്ക് സ്മിത ടീച്ചറിന് വയസായല്ലേ എന്നവൻ എനിക്ക് മെസ്സേജയച്ചു. നിശ്ശബ്ദതക്കുത്തരമായി നിന്റെ കല്യാണം കഴിഞ്ഞില്ലല്ലേ, കാര്യങ്ങൾ ഒക്കെ നടക്കാൻ വേറെ വഴിയുണ്ടോ എന്ന് ചോദിച്ചു ഉത്തരത്തിനു കാത്തു നിൽക്കാതെ ബ്ലോക്ക് ചെയ്തോടി. ബത്തക്കകളും പേറി ചുറ്റും നടക്കുന്ന കണ്ണിലെ ടേപ്പുകൾ കൊണ്ട് അളവുകൾ എടുത്ത് നിമ്നോന്നതങ്ങളെ കുറിച്ച് ആശങ്കപ്പെടുന്ന ഈ ''സ്വാഭാവികതക്കുള്ള'' മറുപടി നിശ്ശബ്ദതയെന്നു ഊന്നി പഠിപ്പിക്കുന്ന കാലത്തോളം ലെഗ്ഗിങ്ങ്സും ബത്തക്കയും ഒക്കെ ആയി നമ്മൾ ഇങ്ങനെ ചൂളിപ്പിടിച്ചിരിക്കും. ചിലപ്പോൾ സെലെക്ടിവ് രാഷ്ട്രീയ ശരികളുമായി നമ്മുടെ സംഘടനകളിലെ വല്യേട്ടന്മാരുടെ ന്യായീകരണ തൊഴിലാളികളായി സുരക്ഷിതർ എന്ന് തെറ്റിദ്ധരിക്കും.

നിരന്തര അപമാനിക്കപ്പെടലിന്റെ ബസ് യാത്രകൾ.. ഒരു പെൺകുട്ടിയുടെ കൺസെഷൻ യുദ്ധങ്ങൾ'

ഒരിക്കലും പരസ്പരം തോന്നാത്ത പ്രണയത്തിന്റെ രണ്ടിരകളെ കുറിച്ചുള്ള ഓർമകൾ.. അപർണ പ്രശാന്തി എഴുതുന്നു

English summary
Aparna Prasanthi writes about Slut shaming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more