• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പെണ്ണല്ലേ' എന്ന പുച്ഛം നെഞ്ചേറ്റി വാങ്ങരുത്... മാറേണ്ടത് അവളാണ്- ഷിംന അസീസ് എഴുതുന്നു

  • By Desk

ഡോ. ഷിംന അസീസ്

മഞ്ചേരി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഓഫീസര്‍. സോഷ്യല്‍ മീഡിയയില്‍ ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന ഇന്‍ഫോ ക്ലിനിക്കിന്‍റെ ഭാഗം കൂടിയാണ് ഡോ ഷിംന.

ദിവസങ്ങൾക്ക്‌ മുൻപ് കോട്ടയം മെഡിക്കൽ കോളേജിന്റെ ലേഡീസ് ഹോസ്‌റ്റലിൽ ഒരു സമരം നടന്നു. മെഡിക്കൽ വിദ്യാർത്ഥിനികൾ രാത്രി ഏഴരക്ക്‌ മുൻപ്‌ ഹോസ്‌റ്റലിൽ കയറണം എന്ന്‌ നിയന്ത്രണം വെച്ചതിന്‌ എതിരെയായിരുന്നു ആ സമരം. അതേ ക്യാംപസിലെ ആൺകുട്ടികൾക്ക്‌ ഒൻപത്‌ മണി വരെയുള്ള ലൈബ്രറിയും ബാക്കി സമയത്ത്‌ ആകാശം കാണലും അനുവദിച്ച അതേ ക്യാംപസിലായിരുന്നു ഈ വിവേചനം. അവിടത്തെ മിടുക്കികൾ ഹോസ്‌റ്റലിന്‌ പുറത്തിറങ്ങി സമരം ചെയ്‌തു രാത്രി ഒൻപതര വരെയുള്ള സമയം നേടിയെടുത്തു. നാലര വർഷം പഠിച്ച്‌ ഹൗസ്‌ സർജൻമാരാകുമ്പോൾ 24 മണിക്കൂറും ഡ്യൂട്ടിയെടുക്കേണ്ട ഭാവി ഡോക്‌ടറാണ്‌ ഈ വയ്യാവേലികളിൽ കുരുങ്ങുന്നതെന്നോർക്കണം.

മിക്ക കോഴ്‌സുകളിലും, ക്യാംപസിലും, വീട്ടിലും സമൂഹത്തിലും ഇത്‌ തന്നെയാണ്‌ സ്‌ഥിതി. പിന്നെന്താ, പെൺകുട്ടികൾക്ക്‌ പാതിരാത്രി മുണ്ട്‌ മടക്കിക്കുത്തി റോഡിലൂടെ നടക്കണോ എന്ന ആക്ഷേപം നിറഞ്ഞ ചോദ്യം തെറ്റാലിയേറി എനിക്ക്‌ നേരെ വരുന്നത്‌ എനിക്ക്‌ കാണാം. ആവശ്യം വന്നാൽ, ഏത്‌ നേരത്തും എവിടെയും അവൾക്കിറങ്ങി നടക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നാണ്‌ മറുപടി. അച്‌ഛനോ അമ്മയോ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആണെന്നറിഞ്ഞാൽ പോലും ഒരു നേരം കഴിഞ്ഞാൽ തനിച്ച്‌ പുറത്തിറങ്ങാൻ സമൂഹത്തെ ഭയക്കേണ്ട ഗതികെട്ട സാഹചര്യം എന്ന്‌ മാറുന്നോ, അന്നേ പെണ്ണിന്‌ നീതി കിട്ടിയെന്നും സ്‌ത്രീസ്വാതന്ത്ര്യം പുലർന്നു എന്നും പറയാനാവൂ. സ്‌ത്രീക്ക്‌ സമത്വമോ മറുലിംഗങ്ങളിൽ നിന്നും ഉയർന്ന ഒരു സ്‌ഥാനമോ അല്ല പ്രായോഗികമായി വേണ്ടത്‌. മറിച്ച്‌, അവളുടെ തനതായ പ്രത്യേകതകളും സ്‌ഥാനവും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യവസ്‌ഥിതിയാണ്‌. അത്‌ തുടങ്ങേണ്ടത്‌ ജനനം മുതലാണ്‌ താനും.

പെണ്ണിന്‍റെ സ്ഥാനം എവിടെ

പെണ്ണിന്‍റെ സ്ഥാനം എവിടെ

പെൺഭ്രൂണഹത്യയൊക്കെ ഒരു പരിധി വരെ മലയാളികൾക്കിടയിൽ 'ക്രൂരകൃത്യം' എന്ന ചീത്തപ്പേരുള്ള സംഗതിയാണെന്ന്‌ വിശ്വസിച്ച്‌ ആശ്വസിക്കാം. എന്നാൽ, ഏറ്റവും ആരോഗ്യത്തോടെയും ബുദ്ധിയോടെയും കുടുംബത്തെയും സമൂഹത്തേയും നയിക്കേണ്ട പെണ്ണിന്‌ ആ സ്‌ഥാനം എത്രത്തോളം ലഭിക്കുന്നുണ്ട്‌? പെൺകുട്ടികൾക്ക്‌ നല്ല വിദ്യാഭ്യാസം നൽകുന്നത്‌ ഒരനാവശ്യ ഇൻവസ്‌റ്റ്‌മെന്റ്‌ ആണെന്ന്‌ കരുതുന്നവർ ഇന്നും കുറവല്ല. ഏതായാലും കെട്ടിച്ച്‌ വിടും, എന്തിന്‌ പഠിപ്പിക്കുന്നു എന്ന ചിന്ത എന്തു കൊണ്ടോ വേരുറച്ച്‌ പോയ ഇടങ്ങളുണ്ട്‌. പ്രൊഫഷണൽ ഡിഗ്രി എടുത്ത്‌ പോലും വീട്ടിലിരിക്കുന്നതിനെ 'പേഴ്‌സണൽ ചോയ്‌സ്‌' എന്ന്‌ പേരിട്ട്‌ വിളിക്കുന്ന സ്‌ത്രീകളാകട്ടെ, കുട്ടികളും കുടുംബവും പ്രാരാബ്‌ധവും കൊണ്ട്‌ സ്വപ്‌നങ്ങൾ കുഴിച്ച്‌ മൂടിയാണ്‌ അതിൻമേൽ ചിരി വിതറി ആശ്വസിക്കുന്നതെന്നതാണ്‌ പരമാർത്ഥം. വളർച്ചയുടെ ഓരോ ഘട്ടത്തിലും ഈ വിവേചനം കൂടെ വളരുന്നുണ്ട്‌,

അവന്‍ കഴിച്ചതിന്‍റെ ബാക്കി കഴിക്കേണ്ടവള്‍

അവന്‍ കഴിച്ചതിന്‍റെ ബാക്കി കഴിക്കേണ്ടവള്‍

ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടനുസരിച്ച് സ്ത്രീ-പുരുഷസമത്വത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് നമ്മൾ. ലിസ്റ്റിൽ ആകെയുള്ള 187 രാജ്യങ്ങളിൽ 132 സ്ഥാനമാണ് നമ്മൾക്ക്. ഈ വിവേചനം ഏറ്റവുമധികം പ്രത്യാഘാതം ഉണ്ടാക്കുന്ന മേഖല ആരോഗ്യരംഗമാണ്. ഭൂമിയിലേക്ക് ജനിച്ച് വീണ് മുലപ്പാൽ നൽകുന്നതു മുതൽ തുടങ്ങുന്നു ഈ വ്യത്യാസം.

എന്നും ആണിന്, അത് ആൺകുട്ടിയായാലും ഒത്ത പുരുഷനായാലും, അവർക്കാണ് ഭക്ഷണക്കാര്യത്തിൽ കുടുംബത്തിലെ ആദ്യ പരിഗണന. പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയെക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ വേണ്ട ഇളം പ്രായത്തില്‍ ‘ആണുങ്ങള്‍ ആദ്യം കഴിക്കട്ടെ' നിയമം നിലനില്ക്കുന്നയിടത്ത്, പ്രത്യേകിച്ച് സാമ്പത്തികസ്ഥിതി താഴ്ന്ന വീടുകളില്‍, മത്സ്യമാംസാദികള്‍ ആയാലും പയര്‍ വര്‍ഗമായാലും, അവള്‍ക്ക് കിട്ടുന്നത് അവന്‍ കഴിച്ചതിന്റെ ബാക്കിയാണ്. ആണുങ്ങൾ കഴിച്ച് ബാക്കി വച്ച ചോറ് വെറുതെ വാരിത്തിന്നുന്നതുകൊണ്ട് ഈ പെണ്‍കുട്ടികൾക്ക് വേണ്ട യാതൊരു ഗുണവും കിട്ടുകയുമില്ല. ആണിനെ അപേക്ഷിച്ച് അവള്‍ക്ക് കൂടുതൽ ഇരുമ്പും ധാതുലവണങ്ങളും വേണ്ട കാലത്ത്, ആർത്തവരക്‌തവും പ്രസവവുമെല്ലാം ഉള്ള ജീവിതഘട്ടത്തിൽ പോലും ഇത് നിഷേധിക്കപ്പെടുന്ന സാമൂഹികവ്യവസ്ഥ എന്നാണു തിരുത്തപ്പെടുക?

ആ തെറ്റിന്‍റെ പങ്ക് ഇവര്‍ക്കെല്ലാം...

ആ തെറ്റിന്‍റെ പങ്ക് ഇവര്‍ക്കെല്ലാം...

പെങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടാകുന്നതും അമ്മയ്ക്ക് ആര്‍ത്തവസംബന്ധിയായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതും എന്തേ നമ്മുടെ ആണ്‍കുട്ടികള്‍ അറിയാതെ പോകുന്നു? ആ നേരത്തും ആറടി ഉയരമുള്ളവന്റെ ജീന്‍സ് വെള്ളത്തില്‍ മുക്കിയെടുക്കേണ്ട ഗതികേട് പെണ്ണിന് വരുന്നത് അവരുടെ ബുദ്ധിമുട്ട് അവനെ അറിയിക്കാത്തത് കൊണ്ട് മാത്രമാണ്. ആ തെറ്റിലെ പങ്ക്‌ അവന്റെ കുടുംബത്തിനും അധ്യാപകർക്കും കൂടിയാണ്‌. കാരണം, 'നാണക്കേട്‌' എന്ന വാക്കിൽ കെട്ടിയിട്ട്‌ ആർത്തവം എന്തെന്ന്‌ അവനെ അറിയിക്കാതിരുന്നതിൽ അവരെല്ലാം തുല്യ ഉത്തരവാദികളാണ്‌. മിക്കവര്‍ക്കും ആ രക്തം എന്താണെന്നോ, അതിന്റെ പ്രസക്തിയോ അത് വരുമ്പോള്‍ സ്ത്രീ അനുഭവിക്കുന്ന കഷ്ടതകളെയോ സംബന്ധിച്ചോ യാതൊരു അറിവുമില്ല. ഇതുകൊണ്ടെല്ലാമാണ്‌ ശരീരത്തിന്റെ സ്വഭാവികതയായ ആര്‍ത്തവം ആണ്‍കുട്ടികള്‍ക്ക് വൃത്തികേടായി തോന്നുന്നത്. അവന്‍ വിവാഹിതനാകുമ്പോള്‍ അവളുടെ ശരീരത്തെ പരിഗണിക്കാതെ പോകുന്നതും.

വലിയ ആരോഗ്യ പ്രശ്നങ്ങള്‍

വലിയ ആരോഗ്യ പ്രശ്നങ്ങള്‍

ഇങ്ങനെ ആവശ്യത്തിനുള്ള ധാതുലവണങ്ങൾ ലഭിക്കാതെ വളരുന്ന പെണ്ണിന് അനീമിയ അഥവാ വിളർച്ച പോലുള്ള അസുഖങ്ങൾ മാത്രമല്ല, മുഴുവൻ വളർച്ചയും കാര്യപ്രാപ്തിയും നേടുന്നതിൽ നിന്ന് തടസ്സമുണ്ടാകുന്നത്‌ പോലുമുണ്ട്‌. ഈ അനീമിയ തന്നെ പ്രതിരോധശേഷി കുറക്കുന്നത്‌ വഴി പലവിധ അസുഖങ്ങളുണ്ടാക്കുകയും ഒപ്പം ആവശ്യത്തിന് ഊർജ്ജമില്ലാതെ ഊർധ്വൻ വലിച്ച് വീട്ടിലെ എല്ലാ ജോലികളും തലയിലേറ്റേണ്ട അവസ്ഥയുമുണ്ടാക്കുന്നു. ആര്‍ത്തവം മാത്രമല്ല, പ്രസവവും മുലയൂട്ടലും ആര്‍ത്തവവിരാമവുമെല്ലാം ശാരീരികമായി പോഷകങ്ങളുടെ ആവശ്യകത കൂടുതലുള്ള, എന്നാൽ പലപ്പോഴും പാടെ അവഗണിക്കപ്പെടുന്ന ശാരീരികാവസ്ഥകളാണ്. എത്ര അറിവ്‌ നൽകിയാലും ഇപ്പോഴും പലർക്കും പണ്ട്‌ കാലത്തേ പുലർത്തിപ്പോന്ന വ്യർത്‌ഥമായ ചിട്ടകളിൽ അഭിരമിക്കാനാണ്‌ ഇഷ്‌ടമെന്നതാണ്‌ അനുഭവം.

 ഇന്ത്യയില്‍ മരിക്കുന്ന സ്ത്രീകള്‍

ഇന്ത്യയില്‍ മരിക്കുന്ന സ്ത്രീകള്‍

യുനിസെഫിന്റെ കണക്കനുസരിച്ച് ഒരു വർഷം 44,000 സ്ത്രീകളാണ് പ്രസവവുമായി ബന്ധപ്പെട്ടതും, എന്നാൽ തടയാൻ പറ്റുമായിരുന്നതുമായ ആരോഗ്യകാരണങ്ങളാൽ ഇന്ത്യയിൽ മരണപ്പെടുന്നത്. അവള്‍ ഗര്‍ഭിണിയാകുന്ന സമയത്ത് അവളുടെ ശരീരം എത്ര മാത്രം മാറ്റങ്ങള്‍ക്കു വിധേയമാകുന്നു എന്നതും ആ സമയത്ത് നല്‍കേണ്ട മാനസികപിന്തുണയും ആരോഗ്യപരിചരണങ്ങളും ചിലയിടത്തെങ്കിലും മനോഹരമായ നടക്കാത്ത സ്വപ്നമാണ്. ചില ‘കെട്ടിച്ച വീടുകളില്‍' എങ്കിലും ഗര്‍ഭവും പ്രസവവും വേദനയും അധ്വാനവുമെല്ലാം പെണ്ണിനും, കുഞ്ഞ് മാത്രം ഭര്‍തൃവീട്ടുകാരുടേതുമാണ്. ഏത് ആശുപത്രിയില്‍ ഏത് ഡോക്ടറെ കാണണം എന്നത് ഗര്‍ഭിണിക്ക് തീരുമാനിക്കാന്‍ സാധിക്കുന്നില്ല. ഡോക്ടറുടെ മതവും ജാതിയും ജെന്‍ഡറുമൊക്കെ നോക്കി തിരഞ്ഞെടുക്കുന്നത് എന്ത് മാത്രം നീചമാണ് എന്ന് പല തവണ തോന്നിയിട്ടുണ്ട്. അവള്‍ എന്ത് കഴിക്കണം എന്ന് ഭര്‍ത്താവിന്റെ വകയിലെ ബന്ധുവിന്റെ അഭിപ്രായപ്രകാരം ചെയ്യേണ്ടി വരുന്നതെല്ലാം പ്രതികരണശേഷി അത്രയേറെ അടിച്ചമര്‍ത്തി വളര്‍ത്തപ്പെടുന്നതുകൊണ്ട് മാത്രമാണ്

പ്രസവാനന്തര അന്ധവിശ്വാസങ്ങള്‍

പ്രസവാനന്തര അന്ധവിശ്വാസങ്ങള്‍

കഷ്ടപ്പെട്ട് ഗർഭത്തിൽ ചുമന്ന് പ്രസവിച്ചാലും അതിനു ശേഷമുള്ള പ്രസവശുശ്രൂഷാപീഡനം മുതല്‍ കുഞ്ഞിനു പേരിടല്‍ വരെയോ, അതിനു മുന്നോ പിന്നോ ഉള്ള ആരോഗ്യകാര്യത്തിലോ അവൾക്ക്‌ പ്രത്യേകിച്ചൊരു ശബ്ദമൊന്നുമില്ല. തുടരെത്തുടരെ വരുന്ന ഗർഭങ്ങളും, കുഞ്ഞിന്റെ ലിംഗം നിർണയിക്കുന്നത്‌ പൂർണമായും പുരുഷന്റെ ബീജമാണെന്നിരിക്കേ ആൺകുട്ടികൾക്കായുള്ള സമ്മർദവും, എന്തെങ്കിലും ഉറക്കെ മിണ്ടിപ്പോയാൽ അത് 'കുടുംബ'ത്തിന്റെ തീരുമാനങ്ങൾക്ക് എതിരെ നിൽക്കുന്നവളായി ചാപ്പകുത്തലും എല്ലാം ചേർന്ന് 'പോസ്റ്റ് പാർട്ടം ഡിപ്രഷൻ' എന്നറിയപ്പെടുന്ന മാനസികാവസ്ഥ ഒരു നൂറിരട്ടിയാക്കിക്കൊടുക്കുകയും ചെയ്യും. പ്രസവിച്ചു കഴിഞ്ഞുള്ള ഒറ്റയ്ക്ക് കിടത്തവും ഏകാന്തതയും, സംസാരിക്കാന്‍ പാടില്ല, വായിക്കാന്‍ പാടില്ല തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതുമെല്ലാം അമ്മക്ക് പ്രസവശേഷമുള്ള മാനസികരോഗങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.

കിട്ടേണ്ടതൊന്നും കിട്ടാത്ത സ്ത്രീകള്‍

കിട്ടേണ്ടതൊന്നും കിട്ടാത്ത സ്ത്രീകള്‍

ആര്‍ത്തവവിരാമത്തിനു ശേഷം ഓസ്റ്റിയോപോറോസിസ് കാരണം എല്ല് പൊട്ടാന്‍ കൂടുതല്‍ സാധ്യതയുള്ള പെണ്ണിന് അത് തടയാന്‍ സാധിക്കും വിധം കാത്സ്യമുള്ള ചെറുമീനുകളും പാലും തൈരുമൊക്കെ ആവശ്യത്തിനു കഴിക്കാന്‍ കിട്ടുന്ന സ്ഥിതി നമുക്ക് ചുറ്റും എത്രത്തോളം ഉണ്ടെന്നു ചിന്തിച്ചു നോക്കണം. വീട്ടിലെ അമ്മമാര്‍ ത്യാഗത്തിന്റെയും ഭൂമിദേവിയോളം ക്ഷമിക്കുന്നതിന്റെയും പ്രതീകമാകുന്നതിന്റെ ഇടയ്ക്കു പ്രമേഹവും അമിതമായ രക്തസമ്മര്‍ദവും ഉണ്ടാക്കി വെക്കുന്നതില്‍ ഈ ഭക്ഷ്യശീലത്തിന് വലിയ പങ്കുണ്ട്. കൂട്ടത്തില്‍ പ്രായം കൂടുംതോറും ഉണ്ടാകുന്ന ഒറ്റപ്പെടലും മാനസികസമ്മര്‍ദവും കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ വഷളാകുന്നു. ഈ വിഷാദാവസ്ഥ ഭക്ഷണത്തിന്റെ അളവ് കുറക്കുന്നു. ഇതൊരു ചക്രമായി നീങ്ങുന്നിടത്ത് അമ്മമാര്‍ ശരിക്കും സ്വന്തം ആരോഗ്യമെന്ന വില കൊടുത്തു കുടുംബം നോക്കുന്ന ഒട്ടും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്‌ നിത്യക്കാഴ്ചയാണ്.

ജീവന്‍ പണയംവയ്ക്കുന്ന പെണ്ണുങ്ങള്‍

ജീവന്‍ പണയംവയ്ക്കുന്ന പെണ്ണുങ്ങള്‍

രോഗം തടയുക, ആരോഗ്യം ശ്രദ്ധിക്കുക എന്നിവയെല്ലാം നിസ്സംഗതയോടെയാണ്‌ വലിയൊരു പരിധി വരെ സ്‌ത്രീസമൂഹം കാണുന്നത്‌. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്‌ത്രീകൾ മരിക്കുന്ന അർബുദമായ ബ്രസ്‌റ്റ്‌ കാൻസർ രോഗമെല്ലാം കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തിയാൽ കണ്ടെത്താനാവുന്നയാണ്‌. ജീവിതശൈലീരോഗങ്ങളും മൂർദ്ധന്യാവസ്‌ഥയിൽ എത്തിയിട്ടാണ്‌ പലപ്പോഴും ഡോക്‌ടറുടെ അടുത്തെത്താറ്‌. ചില രോഗങ്ങളെങ്കിലും നേരത്തെ കണ്ടെത്തിയാൽ പൂർണമായി ചികിത്സിച്ച്‌ ഭേദമാക്കാനാവുന്നതാണ്‌. ജീവനോളം വിലയുള്ള അത്തരം മാർഗങ്ങൾ അവഗണിക്കപ്പെടുന്നത്‌ പലപ്പോഴും തനിക്ക്‌ വേണ്ടി ജീവിക്കാൻ മറന്നു പോയ പെണ്ണാണെന്നോർക്കണം.

പക്ഷേ, അഭ്യസ്ഥവിദ്യരാണെങ്കിലും അല്ലെങ്കിലും പെണ്ണിന്‌ ഏതൊരു പ്രശ്‌നമാണെങ്കിലും പലപ്പോഴും സൂചി കൊണ്ടെടുക്കേണ്ടത്‌ തൂമ്പ കൊണ്ടെടുക്കേണ്ടി വരുന്നത്‌ സാമൂഹികസാഹചര്യങ്ങൾ ചേർത്തൊരുക്കുന്ന ചങ്ങലകൾ കൊണ്ട്‌ കൂടിയാണ്‌. 'പെണ്ണല്ലേ' എന്ന പുച്‌ഛം നെഞ്ചിലേറ്റ്‌ വാങ്ങി ഈ ചങ്ങല എടുത്ത്‌ ആഭരണമാക്കുന്ന നിലപാടുകൾ കൂടിയാവുമ്പോൾ ദുരന്തം പരിപൂർണമായി. തുറന്ന പ്രതികരണങ്ങളിലൂടെയും ആവശ്യങ്ങൾ വിളിച്ച്‌ പറഞ്ഞും നടത്തിക്കാണിച്ചും മാറേണ്ടത്‌ അവളാണ്‌, മാറ്റങ്ങളുണ്ടായി തുടങ്ങേണ്ടതും അവളിൽ നിന്ന്‌ തന്നെ. പ്രതീക്ഷയുടെ പൊൻകനലുകൾ മിന്നുന്നത്‌ കാണായ്‌കയല്ല. പടർന്നു പിടിക്കാനൊരൽപം വൈകുന്നത്‌ പോലെ... അതാണ്‌ ഓർമ്മപ്പെടുത്തലുകൾ ഉണ്ടാവുന്നതും.

English summary
Dr Shimna Azeez writes about the need of women empowerment from inside women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X