കർക്കടകത്തിന്റെ ദുർക്കടം തീർക്കാൻ നാലമ്പല ദർശനം!! ദശരഥ പുത്രന്മാരെ വണങ്ങി പുണ്യം നേടാം!!

  • Posted By:
Subscribe to Oneindia Malayalam

ദുർക്കടം പിടിച്ച കർക്കടക മാസത്തിലേക്ക് കടക്കുകയാണ്. ജൂലൈ 17നാണ് കർക്കടകം തുടങ്ങുന്നത്. ആരോഗ്യ പരിചരണവും, രാമായണ പാരായണവുമെല്ലാം ഈ മാസത്തിന്റെ പ്രത്യേകതയാണ്. സമൃദ്ധിയുടെ ചിങ്ങപ്പുലരിക്ക് കാത്തിരിക്കുന്നതിനാൽ ഭക്തി നിർഭരമായിരിക്കും കർക്കടക മാസം. കർക്കടകമാസം രാമയണ മാസമെന്നും അറിയപ്പെടുന്നതിനാൽ നാലമ്പല ദർശനവും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ദശരഥ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങൾ ഒരേദിവസം ദർശിക്കുന്നത് പുണ്യമായി കാണുന്നു.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പല ദര്‍ശനത്തിലെ അമ്പലങ്ങൾ. കോട്ടയം, എറണാകുളം, തൃശൂർ എന്നീ മൂന്നു ജില്ലകളിലാണ് ഈ ക്ഷേത്രങ്ങൾ ഉൾപ്പെടുന്നത്.

sriraman

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ തൃപ്രയാര്‍ പുഴയുടെ തീരത്താണ് തൃപ്രയാർ ശ്രീരാമ ക്ഷേത്രം. ശംഖ്, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുര്‍ബാഹുവായ ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശാസ്താവ്, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ എന്നീ ഉപദേവതകളും ഇവിടെയുണ്ട്. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളില്‍നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്. നാലമ്പല ദർശം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. 600 വർഷത്തിലധികം പഴക്കമുള്ള അമ്പലമാണിതെന്നാണ് പറയപ്പെടുന്നത്.

തൃപ്രയാറിൽ നിന്ന് അടുത്ത് എത്തേണ്ടത് കൂടൽ മാണിക്യ ക്ഷേത്രത്തിലാണ്. തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. മൂന്നു കൈകളിൽ കോദണ്ഡം, ശംഖ്, ചക്രം എന്നിവയും അഭയമുദ്രയോട് കൂടിയതുമാണ് പ്രതിഷ്ഠ. വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണമാണ് ഇവിടെ. ഉപദേവതാ പ്രതിഷ്ഠ ഇല്ലായെന്നൊരു സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്നും കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായതെന്നാണ് പറയപ്പെടുന്നത്.

ഇവിടെ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ് വിശ്വാസം.

എറണാകുളം ജില്ലയിലെ ആലുവ മാള റൂട്ടിലെ മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രമാണ് നാലമ്പല ദർശനത്തിലെ മൂന്നാമത്തെ ക്ഷേത്രം. ചതുർബാഹുവായ വിഗ്രമാണ് ഇവിടെ. പീഠത്തിൽ തന്നെ ഹമനുമാന്റെ സാന്നിധ്യവുമുണ്ട്. നൂറ്റിയെട്ട് തിരുപ്പതികളില്‍ ഒന്നായി വൈഷ്ണവാചാര്യന്മാരായ ആഴ്വാര്‍മാര്‍ ഈ ക്ഷേത്രത്തെ പാടി പുകഴ്ത്തിയിട്ടുണ്ട്. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ് ഉപദേവതമാര്‍. അനന്താവതാരമായ ലക്ഷ്മണ മൂര്‍ത്തിയാണ് ഇവിടെ വസിക്കുന്നതെന്നാണ് ഐതിഹ്യം. അതുകൊണ്ട് ഈ ഗ്രാമത്തില്‍ സര്‍പ്പത്തിന്റെ ഉപദ്രവം ഉണ്ടാകില്ല എന്നൊരു വിശ്വാസമുണ്ട്. പാൽപ്പായസം, ഒറ്റയപ്പം, അവൽ അരവണ, കദളിപ്പഴം എന്നിവ വഴിപാട്. ക്ഷിപ്ര കോപിയാണെങ്കിലും തിരുമൂഴിക്കുളത്തപ്പൻ ക്ഷിപ്രപ്രസാദിയാണ്. കൂടൽ മാണിക്യത്തു നിന്ന് തിടുക്കത്തിൽ വന്നാലെ മൂഴിക്കുളത്ത് പ്രഭാത പൂജയ്ക്ക് എത്താൻ കഴിയുകയുള്ളു.

നാലമ്പല ദർശനത്തിലെ അവസാനത്തെ ക്ഷേത്രമാണ് പായമ്മൽ ശത്രുഘ്ന ക്ഷേത്രം. കൊടുങ്ങല്ലൂര്‍-ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍നിന്നും ആറ് കിമീ അകലെ പൂമംഗലം പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയായ ശ്രീകോവിലാണ് ഇവിടെ. ധർമ്മ പത്നിയായ ശ്രുതകീർത്തി സാന്നിധ്യവും ഇവിടെയുണ്ട്. ഉപദേവൻ വിഘ്നേശ്വരൻ മാത്രമാണ്. മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിയ്ക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.

കോട്ടയം , മലപ്പുറം ജില്ലകളിലും നാലമ്പല ദർശനം ഉണ്ട്. രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ്. രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂര്‍ ചൊവാണയില്‍ ഭരതക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയില്‍ ശത്രുഘ്‌ന ക്ഷേത്രം ഇവയാണ് മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍.

English summary
four temple visit in ramayana month.
Please Wait while comments are loading...