കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖാവിനും വേണ്ടേ ഒരു മാറ്റം

  • By Super
Google Oneindia Malayalam News

"മനുഷ്യന്‍, ഹാ! എത്ര സുന്ദരമായ പദം" എന്ന്‌ പറഞ്ഞത്‌ ലിയോ ടോള്‍സ്‌റ്റോയിയാണ്‌. പ്രത്യയശാസ്‌ത്രം ശക്തിപ്രാപിച്ചപ്പോള്‍ ആ വാചകം "സഖാവ്‌ ഹാ! എത്ര സുന്ദരമായ പദം" എന്ന്‌ തര്‍ജമ ചെയ്യപ്പെട്ടു.

അങ്ങനെയാണ്‌ സഖാവ്‌ എന്നു വിളിച്ചാല്‍ വിളിക്കുന്നവനും കേള്‍ക്കുന്നവനും ഒരുപോലെ പുളകം വരുന്ന അവസ്ഥ രൂപപ്പെട്ടത്‌. സഖാവേ എന്നു വിളിക്കുന്പോള്‍ മനസിന്റെ പിരിമുറുക്കങ്ങള്‍ മുഴുവന്‍ അയഞ്ഞു പോകും. ആ വിളി കേള്‍ക്കുന്പോള്‍ സന്ധിബന്ധങ്ങളിലെ കെട്ടുപാടുകള്‍ ഉരുകും. ചുരുക്കത്തില്‍ ഒരു വ്യക്തി സന്പൂര്‍ണ സോഷ്യലിസം അനുഭവിക്കും.

നേരെ മറിച്ച്‌ ടോള്‍സ്‌റ്റോയി പറഞ്ഞതും കേട്ട് ആരെങ്കിലും ആരെയെങ്കിലും മനുഷ്യാ എന്നു വിളിക്കാറുണ്ടോ? തീര്‍ത്തും ഇല്ലെന്നല്ല. കന്നംതിരിവ്‌ കാണിക്കുന്പോള്‍ ചില ഭാര്യമാര്‍ കെട്ടിയവനെ വിളിക്കുന്നത്‌ "ഹേ മനുഷ്യാ" എന്നാണ്‌.

ഈ വിളി കേട്ട്‌ മറുത്തൊന്നും പറയാതെ മിണ്ടാതിരുന്നാല്‍ കുടുംബസമാധാനം ഉറപ്പാക്കാം. അല്ലെങ്കില്‍ കുടുംബത്തില്‍ യുദ്ധം നടക്കും. അത്‌ വ്യക്തമാക്കാനാണ്‌ ടോള്‍സ്‌റ്റോയി യുദ്ധവും സമാധാനവും എന്ന നോവലെഴുതിയതെന്നും ഒരു വാദമുണ്ട്‌. അതെന്തോ ആകട്ടെ.

മനുഷ്യനെക്കാള്‍ മെച്ചപ്പെട്ട കക്ഷിയാണ്‌ സഖാവ്‌ എന്ന്‌ എന്ന്‌ ഇപ്പോള്‍ വ്യക്തമായിക്കാണുമല്ലോ?

പഴയകാലത്ത്‌ ഒരു സഖാവിനെ തിരിച്ചറിയാന്‍ ചില അടയാളങ്ങള്‍ ഉണ്ടായിരുന്നു. പരിപ്പുവടയേ കഴിക്കൂ. കട്ടന്‍ചായയേ കുടിക്കൂ. ദിനേശ്‌ ബീഡിയേ വലിക്കൂ. ഏതു മനുഷ്യനിലുണ്ട്‌ ഈ മൂന്നു ഗുണവും എന്ന ചോദ്യത്തിന്റെ ഉത്തരമാണ്‌ സഖാവ്‌.

ഏറ്റവും മുറ്റിയ സഖാക്കളുളള കണ്ണൂരില്‍ ജനിച്ചു വളര്‍ന്ന ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത സന്ദേശം എന്ന സിനിമയില്‍ ഒരു സഖാവിനു വേണ്ട ഗുണങ്ങള്‍ അക്കമിട്ട്‌ നിരത്തുന്നുണ്ട്‌. നേരത്തെ സൂചിപ്പിച്ച പരിപ്പുവട, ദിനേശ്‌ ബീഡി, കട്ടന്‍ചായ കോന്പിനേഷന്‍ അതിലും പറഞ്ഞിട്ടുണ്ട്‌.

ചോരച്ചാലുകള്‍ നീന്തിക്കയറുക, തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടുക, ചോരയില്‍ മുങ്ങി ചോരയില്‍ പൊങ്ങുക (കോഴിച്ചോരയായാലും മതി. പക്ഷേ പൊങ്ങിയിരിക്കണം), വെടിയുണ്ട വരുന്പോള്‍ വിരിമാറുകാണിക്കുക, ആവശ്യത്തിന്‌ വയലാറിലെ വാരിക്കുന്തം കൈയിലുണ്ടാവുക. എന്നിങ്ങനെയുളള വിശേഷഗുണങ്ങളും ഒരു സഖാവിന്‌ നിര്‍ബന്ധമാണ്‌.

ഇത്രയും എഴുതിയത്‌ വേറെ ചിലകാര്യങ്ങള്‍ ഓര്‍മ്മിച്ചപ്പോഴാണ്‌. ഒരു സഖാവ്‌ ആഗോളീകരണകാലത്ത്‌ എങ്ങനെയിരിക്കണം എന്നതിന്‌ കാറല്‍ മാര്‍ക്‌സോ ഫ്രഡറിക്‌ ഏംഗല്‍സോ വ്‌ലാദിമിര്‍ ലെനിനോ വ്യക്തമാക്കിയിട്ടില്ല. നിലവിലുളള പ്രത്യയശാസ്‌ത്ര വിദഗ്‌ധര്‍ എഴുതിയ പുസ്‌തകങ്ങളിലും അത്‌ കാണാനില്ല.

അതുകൊണ്ട്‌ സമൂഹത്തിനുളള ദോഷങ്ങള്‍ ചില്ലറയുമല്ല. സഖാക്കളുടെ ജീവിതനിലവാരവും ഭൗതിക സാഹചര്യങ്ങളും ഉയരുന്പോള്‍ ജന്മി കുത്തക മൂരാച്ചി ഭൂപ്രഭു ബൂര്‍ഷ്വാ വര്‍ഗങ്ങള്‍ക്ക്‌ കണ്ണുകടിയുണ്ടാവുക സ്വാഭാവികമാണ്‌. പ്രാകൃത കമ്മ്യൂണിസത്തിന്റെ കാലം മുതല്‍ ഇതാണ്‌ അവസ്ഥ.

അതുകൊണ്ടാണ്‌ പാര്‍ട്ടി സെക്രട്ടറി വീടുവയ്‌ക്കുന്പോഴും അദ്ദേഹത്തിന്റെയും മുഖ്യമന്ത്രിയുടെയും മക്കള്‍ സ്വാശ്രയകോളജില്‍ പഠിക്കുന്പോഴും അവിടുന്ന്‌ പുറത്തിറങ്ങി മള്‍ട്ടിനാഷണല്‍ കന്പനികളില്‍ ജോലി ചെയ്യുന്പോഴുമെല്ലാം വര്‍ഗശത്രുക്കള്‍ അപാവദപ്രചരണങ്ങളുമായി രംഗത്ത്‌ വരുന്നത്‌.

പണ്ടും ഇതായിരുന്നു അവസ്ഥ. തന്റെ ഗ്രൂപ്പിലായിരുന്ന കാലത്ത്‌ ഒരു സഖാവ്‌ പന്ത്രണ്ടു ലക്ഷത്തിന്റെ വീടു വയ്‌ക്കുന്നു എന്ന്‌ ആരോപണമുണ്ടായപ്പോള്‍ ഗ്രൂപ്പു നേതാവ്‌ പറഞ്ഞത്‌, നല്ല വീടുവയ്‌ക്കാന്‍ ഇക്കാലത്ത്‌ അത്രയൊക്കെ ആവുമെന്നാണ്‌. വീടു വച്ച സഖാവ്‌ ഗ്രൂപ്പു മാറിയപ്പോള്‍ നേതാവിന്റെ സ്വരവും മാറിയെന്നത്‌ വേറെ കാര്യം.

മുഖ്യമന്ത്രിയായിരുന്ന സഖാവിന്റെ മകന്റെ വിവാഹത്തിന്‌ സ്വര്‍ണാഭരണങ്ങള്‍ ചാക്കില്‍ കെട്ടി വധുവിന്റെ തലവഴി കൊണ്ടിടുകയായിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു. സഖാക്കള്‍ മന്ത്രിമാരായപ്പോള്‍ വീടുമോടിപിടിപ്പിക്കുന്നതിന്‌ ഏതാനും ലക്ഷങ്ങള്‍ മുടക്കിയെന്ന പുക്കാറുണ്ടാക്കിയിട്ടും ഏറെ കാലമായിട്ടില്ല.

ഈ വിവാദങ്ങളെല്ലാം ഉണ്ടാകുന്പോള്‍ ഉയരുന്നൊരു മറുപടിയുണ്ട്‌. ഞങ്ങളെന്താ കട്ടന്‍ചായയും കുടിച്ച്‌ പാര്‍ട്ടി ഓഫീസില്‍ കിടക്കണമെന്നാണോ പറയുന്നത്‌, കാലം മാറുന്നതിനനുസരിച്ച്‌ ജീവിതരീതിയും മാറേണ്ടേ എന്നൊക്കെയാണ്‌ അവ.

യഥാര്‍ത്ഥത്തില്‍ കുറ്റം സഖാക്കളുടേത്‌ തന്നെയാണെന്ന്‌ പറയാതെ വയ്യ. ജനമിപ്പോഴും സഖാക്കളെക്കുറിച്ച്‌ വിചാരിച്ചു വച്ചിരിക്കുന്നത്‌ പഴയ വിപ്ലവലൈനില്‍ തന്നെയാണ്‌. സഖാക്കള്‍ മാറിപ്പോയതൊന്നും പാവം ജനം ഇതുവരെയറിഞ്ഞിട്ടില്ല.

അവരുടെ അജ്ഞത മുതലെടുക്കാന്‍ ആഗോളമുതലാളിത്തത്തിനെയും കുത്തകമൂലധന ശക്തികളെയും അവരുടെ പിണിയാളുകളായ വര്‍ഗവഞ്ചകരെയും ഇനിയും അനുവദിക്കണോ എന്നതാണ്‌ ചോദ്യം. പാടില്ല എന്ന വിപ്ലവകരമായ മറുപടിയുമായി മാരീചന്‍ ഒപ്പമുണ്ട്‌.

ആദ്യം ചെയ്യേണ്ടത്‌ ഈ സഖാവിന്റെ നിര്‍വചനം മാറ്റുകയാണ്‌. കട്ടന്‍ചായ, ദിനേശ്‌ ബീഡി, പരിപ്പുവട ലൈന്‍ പരിഷ്‌കരിച്ചതായും പിസ, ബര്‍ഗര്‍, ഷാംപൈന്‍, മാല്‍ബറോ ലൈന്‍ സ്വീകരിച്ചതായി പ്രഖ്യാപിക്കുക. കൊട്ടുവടിയ്‌ക്കു പകരം റെമിമാര്‍ട്ടിന്‍ ആകാം.

ജര്‍മന്‍ നിര്‍മ്മിത ദാസ്‌ ക്യാപിറ്റലായിരുന്നു പണ്ടു നമ്മുടെ മൂലധനം. ഇപ്പോള്‍ ജര്‍മെന്‍ മെയ്‌ഡ്‌ റിവോള്‍വറാണ്‌ ഉത്തമം. മക്കളുണ്ടായാല്‍ കോയന്പത്തൂരോ ബാംഗ്ലൂരോ ഉളള മികച്ച സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നവനാകണം യഥാര്‍ത്ഥ സഖാവ്‌. അവിടെ പഠിച്ചാല്‍ മാത്രം പോര. ലണ്ടനിലെ ബര്‍മിംഗ്‌ഹാമില്‍ ജോലി കൂടി ലഭിച്ചാല്‍ ഒന്നാന്തരം സഖാവ്‌ എന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാം.

സാക്ഷാല്‍ കാറല്‍ മാര്‍ക്‌സ്‌ സ്വപ്‌നം കാണാത്ത വിപ്ലവത്തിന്റെ മുഖമാണിത്‌. മുതലാളിത്തത്തിന്റെ സ്‌ക്കൂളുകളില്‍ പഠിച്ച്‌ മുതലാളിയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്‌ത്‌ രഹസ്യങ്ങള്‍ മനസിലാക്കി അവസാനം അവനെ പരാജയപ്പെടുത്തുക.

ചാരനും സൈനികനും തമ്മിലുളള വ്യത്യാസമാണ്‌ ഇവിടെയുളളത്‌. ചാരന്റെ ജോലി ഒരു സൈനികന്റേതിനെക്കാള്‍ ആപല്‍ക്കരമല്ലേ. ഏതു നിമിഷവും പിടിക്കപ്പെടാം. പിടിക്കപ്പെട്ടാലോ വധശിക്ഷ ഉറപ്പ്‌. എന്നാല്‍ തിരിച്ചറിയാതിരുന്നാലോ. മറ്റേ രാജ്യത്തിന്റെ സ്വന്തം ആളെന്നല്ലേ പറയൂ.

യുദ്ധം വന്നാലേ സൈനികനെ ആരെങ്കിലും മൈന്‍ഡു ചെയ്യൂ. അല്ലാത്തപ്പോള്‍ കാന്റീനിലെ ഉണക്കച്ചപ്പാത്തിയും വിലകുറഞ്ഞ റമ്മുമായി ചത്തതിനൊക്കുമേ ജീവിക്കാം.

എന്തിന്‌ ചാരനെയും രാജ്യതന്ത്രങ്ങളെയും കൂട്ടുപിടിക്കണം. ശ്രീനിവാസന്റെ തന്നെ നാടോടിക്കാറ്റ്‌, പട്ടണപ്രവേശം എന്നീ ചിത്രങ്ങളില്‍ മുതലാളിയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്‌താണ്‌ ദാസനും വിജയനും അധോലോകമുതലാളിത്തത്തെ അമര്‍ച്ച ചെയ്യുന്നത്‌.

മൂലധനശക്തികളുടെ താവളത്തിലേയ്‌ക്ക്‌ കേവലം ഒരു സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ സ്വന്തം മക്കളെ അയയ്‌ക്കൂന്ന ത്യാഗിവര്യരാണ്‌ നമ്മുടെ സഖാക്കളെന്ന്‌ ജനം ഇനിയെന്നാണ്‌ തിരിച്ചറിയുക.

ശത്രുവിന്‍റെ കൂടാരത്തില്‍ കടന്ന് അവന്‍റെ തലയറുത്തു വരാന്‍ മക്കളെ കളരിപഠിപ്പിച്ച് പറഞ്ഞു വിടുന്ന വടക്കന്‍പാട്ട് നായകരുടെ കുലത്തില്‍ പിറന്നവര്‍ക്ക് അടവും തന്ത്രവും ആരെങ്കിലും പറഞ്ഞു കൊടുക്കണോ? വടക്കന്‍പാട്ടിലെ ചെങ്കീരികള്‍ക്ക്‌ വാളും ഉറുമിയും ഉറുക്കും നൂലും പിന്നെ ചാപ്പനെപ്പോലുളള ചങ്ങാതിമാരുടെയും കൂട്ടൂണ്ടായിരുന്നു. ഇന്നോ, അമൃതാനന്ദമയിയുടെയും ജിപിസി നായരുടെയും കോളജില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് ധാരാളം.

ഇപ്പോള്‍ മനസിലായില്ലേ, നിര്‍വചനങ്ങളും മുന്‍വിധികളും മാറ്റിയെഴുതേണ്ടതിന്റെ അനിവാര്യത. ലിസ്‌റ്റ്‌ ഇനിയും നീട്ടാം. മക്കള്‍ ആണായാലും പെണ്ണായാലും സ്വാശ്രയകോളജില്‍ പഠിക്കണം. കഴിയുമെങ്കില്‍ മുപ്പതാം വയസില്‍ കുറഞ്ഞത്‌ കയര്‍ഫെഡ്‌ എംഡി പോലുളള പദങ്ങളില്‍ ജോലി ചെയ്‌തിരിക്കണം.

എസ്‌എസ്‌എല്‍സി കഷ്ടിച്ചു പാസായാലും രാജീവ്‌ ഗാന്ധി ബയോടെക്‌നോളജി പോലുളള സ്ഥാപനങ്ങളില്‍ സയന്റിസ്റ്റില്‍ കുറഞ്ഞ്‌ ഒരു ജോലിയും സ്വീകരിക്കരുത്‌.

ഇതൊക്കെ ചേര്‍ത്ത്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ ഒരു പ്രമേയം പാസാക്കി കീഴ്‌ഘടകങ്ങളില്‍ ചര്‍ച്ചയും ചെയ്‌ത്‌ പിന്നീട്‌ ഒരു പാര്‍ട്ടികത്താക്കി അതു ചോര്‍ത്തി പത്രങ്ങളിലും കൊടുത്താന്‍ ജനം വഴിക്കു വരുമെന്നേ.

വരാതെവിടെപ്പോകാന്‍!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X