ഇനി ശിവരാത്രി പുണ്യം!! മഹാശിവരാത്രിക്കൊരുങ്ങി ക്ഷേത്രങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മഹാശിവരാത്രി ആഘോഷങ്ങള്‍ക്കായി സംസ്ഥാനത്തെ ക്ഷേത്രങ്ങളൊരുങ്ങി. ഫെബ്രുവരി 24നാണ് മഹാശിവരാത്രി. വിവിധ പരിപാടികളോടെ വിപുലമായ ആഘോഷങ്ങള്‍ക്കാണ് ക്ഷേത്രങ്ങള്‍ തയ്യാറെടുക്കുന്നത്. ആറാട്ടോടെ ആഘോഷങ്ങള്‍ അവസാനിക്കും.

കേരളത്തില്‍ ആലുവ ശിവരാത്രി പ്രസിദ്ധമാണ്. മഹാ ശിവരാത്രി ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറം ഒരുങ്ങുകയാണ്. ശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന ബലി തര്‍പ്പണങ്ങള്‍ക്കും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നുണ്ട്. ശിവരാത്രിയുടെ ഭാഗമായി നടക്കുന്ന ശിവാലയ ഓട്ടത്തിന് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളും ഒരുങ്ങുന്നുണ്ട്.

 ശിവരാത്രി വ്രതം

ശിവരാത്രി വ്രതം

ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. വ്രത ശുദ്ധിയോടെ ശിവ പൂജകളുമായി ഉപവാസമിരിക്കുന്നതും ഉറക്കമിളയ്ക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങളാണ്.നല്ല ഭര്‍ത്താവിനെ ലഭിക്കുന്നതിനും ദോഷങ്ങള്‍ അകറ്റുന്നതിനും വേണ്ടിയാണ് സ്ത്രീകള്‍ ശിവരാത്രി വ്രതമെടുക്കുന്നത്.

 ഉറക്കം വെടിഞ്ഞ് ഭക്തര്‍

ഉറക്കം വെടിഞ്ഞ് ഭക്തര്‍

ശിവരാത്രിയുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങള്‍ നിലവിലുണ്ട്. മഹാദേവനു വേണ്ടി പാര്‍വതി ദേവി ഉറക്കമിളച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഒരു ഐതീഹ്യം പര്‍വതി ദേവി ഉറക്കം വെടിഞ്ഞതിനാല്‍ ഇതേ ദിവസം ഉറക്കം വെടിഞ്ഞ് ഭക്തരും ശിവരാത്രി ആഘോഷിക്കുന്നു. ദേവാസുര യുദ്ധത്തില്‍ പാലാഴി കടയുന്നതിനിടെ പുറത്തു വന്ന കാളകൂട വിഷം ലോകത്തെ നശിപ്പിക്കാതിരിക്കാന്‍ ഭഗവാന്‍ ശിവന്‍ കുടിച്ചെന്നും അതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ബോധക്ഷയം ഉണ്ടായെന്നും പറയുന്നു. ഇതുകണ്ട് ദേവന്മാര്‍ ഉറങ്ങാതെ ശിവനെ പ്രകീര്‍ത്തിച്ചു കൊണ്ടേയിരുന്നു. ഈ ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നതെന്നും പറയുന്നുണ്ട്. ശിവ ഭഗവാന്‍ ലിംഗ സ്വരൂപിയായ ദിനമാണ് ശിവരാത്രിയെന്നാണ് ശിവ പുരണാത്തില്‍ പറയുന്നത്. ശിവരാത്രി ദിനം ശിവലിംഗ പൂജ പ്രധാനമാണ്.

 ശിവരാത്രി വ്രതാനുഷ്ഠാനം

ശിവരാത്രി വ്രതാനുഷ്ഠാനം

ശിവരാത്രി വ്രതം നോക്കുന്നവര്‍ അന്നേദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം. പാലഭിഷേകം, തേനഭിഷേകം, ജലധാര തുടങ്ങിയ പൂജകള്‍ ദര്‍ശിക്കണം. ഓം നമശിവായ മന്ത്രങ്ങള്‍ ഉറുവിട്ട് മഹാദേവനെ പൂജിക്കണം. പകലും രാത്രിയും നീണ്ട് നില്‍ക്കുന്ന വ്രതത്തിലൂടെയാണ് ഭഗവാനെ പൂജിക്കേണ്ടത്. ശിവരാത്രി വ്രതം എടുക്കുന്നവര്‍ അരി ആഹാരം വര്‍ജിക്കണം. ഉള്ളി, വെളുത്തുള്ളി എന്നിവയും വര്‍ജിക്കണം. ഉറക്കമൊഴിഞ്ഞ ശിവ പൂജ നടത്തണം. അടുത്ത ദിവസം രാവിലെ ശിവ ക്ഷ്ത്ര ദര്‍ശനം നടത്തണം. വൈകിട്ട് ചന്ദ്രനെ ദര്‍ശിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത്.

 12 ശിവക്ഷേത്രങ്ങള്‍

12 ശിവക്ഷേത്രങ്ങള്‍

ശിവരാത്രിയോടനുബന്ധിച്ച് തെക്കന്‍ കേരളത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട ആചാരമാണ് ശിവാലയ ഓട്ടം. ശിവരാത്രി നാളില്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലെ 12 ശിവക്ഷേത്രങ്ങളില്‍ ശിവഭക്തര്‍ കാല്‍ നടയായി എത്തുന്നത് ശിവാലയ ഓട്ടം. ഒരു രാത്രിയും ഒരു പകലും കൊണ്ടാണ് ശിവാലയ ഓട്ടം പൂര്‍ത്തിയാക്കേണ്ടത്. തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നീ 12 ശിവക്ഷേത്രങ്ങളിലാണ് ശിവാലയ ഓട്ടത്തിന്റെ ഭാഗമായി സന്ദര്‍ശിക്കുന്നത്. 100 കിലോ മീറ്റര്‍ ചുറ്റളവിനുള്ളിലാണ് ഈ ക്ഷേത്രങ്ങള്‍.

 ഗോവിന്ദ , ഗോപാല മന്ത്രം

ഗോവിന്ദ , ഗോപാല മന്ത്രം

ശിവരാത്രി ദിവസത്തിന്റെ തലേദിവസം വൈകുന്നേരം തിരുമല ക്ഷേത്രത്തിലെ ദീപാരാധന തൊഴുതാണ് ശിവാലയ ഓട്ടം ആരംഭിക്കുന്നത്. ശിവരാത്രി ദിനം വൈകുന്നേരം തിരുനട്ടാലം ക്ഷേത്രത്തില്‍ ശിവാലയ ഓട്ടം അവസാനിക്കുന്നു. കാവി വസ്ത്രവും തുളസിമാല എന്നിവയും കൈയിലൊരു വിശറിയുമായിട്ടാണ് ഭക്തര്‍ ശിവനെ കാണാനെത്തുന്നത്. ഭസ്മ സഞ്ചിയും കൈകളിലുണ്ടാകും. ഗോവിന്ദ ഗോപാല എന്ന വൈഷ്ണവ മന്ത്രങ്ങള്‍ ഉച്ചരിച്ചാണ് ഭക്തര്‍ എത്തുന്നത്.

 വിഷ്ണുവിന്റെ നിര്‍ദേശം

വിഷ്ണുവിന്റെ നിര്‍ദേശം

ശിവാലയ ഓട്ടത്തിനു പിന്നിലെ ഐതീഹ്യം മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ്. ധര്‍മപുത്രര്‍ നടത്തിയ യാഗത്തില്‍ പങ്കെടുക്കാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദേശ പ്രകാരം വ്യാഘ്രപാദ മുനിയെ കൂട്ടിക്കോണ്ട് വരാന്‍ പോയ ഭീമനെ കടുത്ത ശിവഭക്തനായ മുനി തന്റെ തപസിളക്കിയതിന് ആട്ടിപ്പായിക്കുന്നു. ശ്രീകൃഷ്ണന്‍ നല്‍കിയ 12 രുദ്രാക്ഷങ്ങളുമായി ഭീമന്‍ വീണ്ടും മുനിയെ കാണാനെത്തി. തിരുമലയില്‍ തപസനുഷ്ഠിക്കുകയായിരുന്ന മുനി ഭീമനെ കണ്ട് കുപിതനായി ഭീമന്റെ അടുത്തെത്തി. ഇതുകണ്ട് ഭീമന്‍ ഗോവിന്ദ ഗോപാല എന്ന് വിളിച്ച് ഓടി. വീണ്ടും മുനി അടുത്തെത്തുമ്പോള്‍ ഭീമന്‍ വീണ്ടും ഓടി. ഇങ്ങനെ ഓടുന്ന സ്ഥലങ്ങളില്‍ 11 രുദ്രാക്ഷങ്ങള്‍ നിക്ഷേപിച്ചെന്നും അവ പിന്നീട് ശിവ ലിംഗങ്ങളായി മാറിയെന്നുമാണ് ഐതീഹ്യം. 12 ാമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ട് വ്യഘ്ര്പാദന് ശിവനായും ഭീമന് വിഷ്ണുവായും ദര്‍ശനം നല്‍കുന്നു. ഈ 12 ശിവലിംഗങ്ങള്‍ ഉയര്‍ന്നു വന്ന 12 ക്ഷേത്രങ്ങളിലാണ് ശിവാലയ ഓട്ടം നടത്തുന്നത്. അവസാന ക്ഷേത്രമായ തിരുനട്ടാലത്ത് ശിവന്റെയും വിഷ്ണുവിന്റെയും അമ്പലങ്ങളുണ്ട്.

English summary
temples in kerala ready for shivarathri celebration.
Please Wait while comments are loading...