കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയെ തൊട്ടാല്‍ പൊള്ളുന്നതാര്‍ക്ക്....അഭിപ്രായസ്വാതന്ത്ര്യം സിനിമാനിരൂപണത്തിന് ബാധകമല്ലേ?

  • By Desk
Google Oneindia Malayalam News

ടിസി രാജേഷ്

സ്വതന്ത്ര മാധ്യമ പ്രവർത്തകനാണ് ടിസി രാജേഷ്. സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. പല വാർത്തകളും ടിസി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് മാത്രം ഉടലെടുത്തിട്ടുണ്ട്.

ഒരു ഉത്പന്നം ചീത്തയാണെങ്കില്‍ അത് ചീത്തയാണെന്നു പറയാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. മാത്രമല്ല, 'അത് ചീത്തയാണ്, വാങ്ങരുത്' എന്ന് നാലുപേരോടു പറയാനുള്ള അവകാശവുമുണ്ട്. അങ്ങിനെ പറയുന്നത് ആ ഉത്പന്നത്തിന്റെ വിപണിയെ ബാധിക്കുമെങ്കില്‍ അത് ഉത്പാദകന്റെ ഉത്തരവാദിത്തമില്ലായ്മ മൂലമാണ്. പണം മുടക്കുന്നവന് മെച്ചപ്പെട്ട ഉല്‍പന്നം നല്‍കേണ്ടത് ഉത്പാദകന്റെ ഉത്തരവാദിത്തമാണ്. അല്ലാതെ ചീത്തയായ ഉത്പന്നം ചീത്തയാണെന്നു പറയുന്ന ഉപഭോക്താവിന്റെ മേക്കിട്ടു കയറുകയല്ല വേണ്ടത്.

ഒരു മെഗാ സ്റ്റാറിന്റെ സമീപനാളില്‍ റീലിസ് ചെയ്ത സിനിമ മോശമാണെന്ന് റിവ്യുവില്‍ അഭിപ്രായപ്പെട്ടതിന് ഒരു പ്രമുഖ ചലച്ചിത്ര നിരൂപകനും വെബ്ചാനലിനും നേരിടേണ്ടിവന്നത് വലിയ എതിര്‍പ്പുകളാണ്. അവരുടെ യൂ ട്യൂബ് ചാനലിനെ തകര്‍ക്കുന്ന രീതിയിലേക്കു വരെ കാര്യങ്ങളെത്തി. സിനിമയുടെ പിന്നണി പ്രവര്‍ത്തകരായിരുന്നു അതിനു പിന്നില്‍. സിനിമയുടെ പരസ്യത്തിനായി ഉപയോഗിക്കുന്ന ട്രെയ്‌ലറിലെ ഭാഗങ്ങള്‍ നിരൂപണത്തിനിടയില്‍ കാണിച്ചതിന് പകര്‍പ്പവകാശച്ചട്ടമാണ് അവര്‍ എടുത്തുപയോഗിച്ചത്. ഈ ട്രെയ്‌ലര്‍ മറ്റാരെങ്കിലും സിനിമയുടെ പ്രചരണാര്‍ഥം ഉപയോഗിച്ചാല്‍‌ ഈ ചട്ടം പ്രശ്നമാകില്ലേയെന്നു മാത്രം ചോദിക്കരുത്. കാരണം എതിരഭിപ്രായം പറയുന്നവരുടെ തലയാണല്ലോ കൊയ്യേണ്ടത്.

സിനിമ നിരൂപണങ്ങള്‍

സിനിമ നിരൂപണങ്ങള്‍

സിനിമാ നിരൂപണമെന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്റെയൊക്കെ കൗമാരകാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കോഴിക്കോടന്‍ എഴുതുന്ന നിരൂപണങ്ങളായിരുന്നു ആശ്രയം. അതു വായിച്ചിട്ടാണ് പലപ്പോഴും സിനിമ കാണണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. ഏതെങ്കിലും സിനിമ മോശമാണെന്നു പറഞ്ഞതിന് ഉടനെ കോഴിക്കോടനേയോ മാതൃഭൂമിയേയോ ആക്രമിച്ചിട്ടുള്ളതായി അറിവില്ല. പക്ഷേ, ഇപ്പോള്‍ അതല്ല നമ്മുടെ നാട്ടില്‍ സ്ഥിതി.

മമ്മൂട്ടി സിനിമകള്‍

മമ്മൂട്ടി സിനിമകള്‍

ഞാന്‍ മമ്മൂട്ടിയുടെ ഒരു സിനിമ തിയേറ്ററില്‍ പോയി കണ്ടിട്ട് വര്‍ഷങ്ങളാകുന്നു. ചെറുപ്പത്തില്‍ മമ്മൂട്ടിയുടെ കടുത്ത ആരാധകനായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ ഓരോ സിനിമ ഇറങ്ങുമ്പോഴും തിയേറ്ററില്‍ പോയി കാണണമെന്ന് ആഗ്രഹിക്കും. പക്ഷേ, ഏതുസിനിമയും റിലീസായി രണ്ടുമൂന്നു ദിവസത്തിനുശേഷം സുഹൃത്തുക്കളുടെ അഭിപ്രായമൊക്കെ കേട്ട ശേഷമേ ഇപ്പോള്‍ ഞാന്‍ കാണണോ വേണ്ടയോ എന്നു തീരുമാനിക്കാറുള്ളു. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ സമീപകാലത്തിറങ്ങിയ സിനിമകളൊന്നും കാണാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടില്ല. മമ്മൂട്ടിയുടേതെന്നല്ല പല സിനിമകളും കാണാതിരിക്കുന്നത് മോശ​ അഭിപ്രായം ഉയരുന്നതുകൊണ്ടുതന്നെയാണ്. നിരൂപണങ്ങളേക്കാള്‍ ഇക്കാര്യത്തില്‍ ഞാന്‍ ആശ്രയിക്കുന്നത് ഫെയ്സ് ബുക്കില്‍ വരുന്ന പോസ്റ്റുകളും മറ്റുമാണ്. ഒരു സിനിമ നല്ലതാണെങ്കില്‍ അത്തരത്തിലുള്ള നാലഞ്ച് അഭിപ്രായപ്രകടനങ്ങളെങ്കിലും ​എന്റെ ശ്രദ്ധയില്‍വരും, ഞാന്‍ ആ സിനിമ കാണും. ഒരു സിനിമയെപ്പറ്റി മോശം അഭിപ്രായം കേള്‍ക്കണമെന്നില്ല, ഒരഭിപ്രായവും ആരും പറഞ്ഞുകണ്ടില്ലെങ്കില്‍ എനിക്കത് ആ സിനിമ കാണാതിരിക്കാനുള്ള മതിയായ കാരണമാണ്.

പരോളിന്റെ കാര്യത്തില്‍ സംഭവിച്ചത്

പരോളിന്റെ കാര്യത്തില്‍ സംഭവിച്ചത്

‘പരോള്‍' എന്ന സിനിമയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. സിനിമ റിലീസ് ചെയ്ത വൈകാതെ തന്നെ മോശം അഭിപ്രായങ്ങള്‍ പലരും ഫെയ്സ് ബുക്കില്‍ പങ്കുവച്ചതോടെ ഞാന്‍ ആ സിനിമയ്ക്കായി പ്രത്യക്ഷത്തില്‍ പണം മുടക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു. കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നാണല്ലോ ചൊല്ല്. അതുകൊണ്ടുതന്നെ ഒരു സിനിമ സൃഷ്ടിച്ചുവിടുന്നവര്‍ക്ക് അത് ഉത്തമ കലാസൃഷ്ടി തന്നെയായിരിക്കും. പക്ഷേ, കാണുന്നവര്‍ക്ക് അങ്ങിനെ തോന്നണമെന്നില്ല. അത്യാവശ്യം മേന്മകളുള്ള സിനിമകളൊക്കെ ഇന്ന് വിജയിക്കുന്നുണ്ട്.

ആരുടെ കാശാണ്

ആരുടെ കാശാണ്

പരോളിനെപ്പറ്റി നല്ല അഭിപ്രായങ്ങളൊന്നും പുറത്തുവന്നില്ലെങ്കിലും അത് സാമ്പത്തികമായ പരാജയപ്പെട്ടിരിക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം ചാനല്‍ സംപ്രേഷണാവകാശം തന്നെ. അതിലൂടെയും ഇനീഷ്യല്‍ പുള്ളിലൂടെയും ആ സിനിമ മുടക്കുമുതല്‍ തിരിച്ചുപിടിച്ചിട്ടുണ്ടാകും. ചാനല്‍ സംപ്രേഷണാവകാശത്തിലൂടെ ലഭിച്ച കോടികള്‍ പോലും പാവം പ്രേക്ഷകന്റെ പോക്കറ്റില്‍ നിന്നു പോകുന്ന പണമാണ്. തിയേറ്ററില്‍ പോയി സിനിമ കാണുന്നതിന് സ്വമേധയാ പണം നല്‍കുകയാണ് ചെയ്യുന്നതെങ്കില്‍, താല്‍പര്യമില്ലാത്ത ഒരു ഉല്‍പനത്തിന്റെ പരോക്ഷ വിപണിയിടപെടല്‍ മൂലം പ്രേക്ഷകന്റെ പോക്കറ്റില്‍ നിന്ന് പണം ചോര്‍ത്തപ്പെടുകയാണ് അവിടെ സംഭവിക്കുന്നത്.

എന്നിട്ടും ഒരു പടം, നല്ലതല്ലെന്നു പറയാനുള്ള അവകാശം പ്രേക്ഷകന് ഇല്ലെന്നു വരുന്നത് എന്തു നീതിയാണ്?

നല്ലതല്ലെങ്കില്‍ ഏതിന്‍റേയും ഗതി...

നല്ലതല്ലെങ്കില്‍ ഏതിന്‍റേയും ഗതി...

പണം മുടക്കിയവര്‍ അതിനു പറയുന്ന ന്യായം തങ്ങള്‍ കോടികള്‍ മുടക്കിയാണ് അതു നിര്‍മിച്ചതെന്നാണ്. ഏതു വ്യവസായവും കോടികള്‍ നിക്ഷേപമുണ്ടെങ്കില്‍ മാത്രമേ തുടങ്ങാനാകൂ. അങ്ങിനെ തുടങ്ങുന്ന വ്യവസായത്തില്‍ നിന്ന് നല്ല ഉത്പന്നം പുറത്തുവന്നില്ലെങ്കില്‍ അത് പൂട്ടിപ്പോകുമെന്ന കാര്യം ഉറപ്പാണ്. അങ്ങിനെ എത്രയോ വ്യവസായങ്ങള്‍ പൂട്ടിയിരിക്കുന്നു. കോടികള്‍ മുടക്കിയതായതുകൊണ്ട് ഉപഭോക്താക്കള്‍ അതിനെതിരെ മോശം അഭിപ്രായം പറയരുതെന്നു പറയുന്നതില്‍ എന്തടിസ്ഥാനമാണുള്ളത്? ഉല്‍പന്നത്തിന്റെ ഗുണമേന്മ ഉറപ്പാക്കാന്‍ കഴിയാത്ത ഉല്‍പാദകരേക്കാള്‍ എന്തു ധാര്‍മികതയാണ് ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ പുലര്‍ത്തേണ്ടത്?

നിലവാരം നോക്കി പറയും

നിലവാരം നോക്കി പറയും

ആമസോണിലോ ഫ്ലിപ് കാര്‍ട്ടിലോ പോയി ഒരു സാധനം വാങ്ങുന്നതിനു മുന്‍പ് ഏതൊരു ഉപഭോക്താവും നോക്കുന്നത് റേറ്റിംഗും അഭിപ്രായങ്ങളുമാണ്. മികച്ച റേറ്റിംഗും തരക്കേടില്ലാത്ത അഭിപ്രായവുമുള്ള ഉല്‍പന്നങ്ങള്‍ മാത്രമേ ആളുകള്‍ വാങ്ങൂ. എന്നിട്ടുപോലും മോശം റേറ്റിംഗിനെ അവര്‍ മറച്ചുവയ്ക്കാറില്ല. ആ സ്വാതന്ത്ര്യംപോലും സിനിമാ പ്രേക്ഷകര്‍ക്ക് നല്‍കില്ലെന്ന പിടിവാശി ആര്‍ക്കും നല്ലതല്ല.
ഒരു പുസ്തകമായാലും സിനിമയായാലും നാടകമായാലും കവിതയോ കഥയോ ആയാലും നല്ലതോ ചീത്തയോ ആയി തോന്നുന്നത് ആപേക്ഷികമാണ്. ചിലത് ചിലര്‍ക്ക് വളരെ നല്ലതായി തോന്നാം, ചിലത് ചീത്തയായും തോന്നാം. അത് അവരവരുടെ ആസ്വാദനശേഷിയെ അടിസ്ഥാനമാക്കിയിരിക്കും. സോപ്പോ പേസ്റ്റോ ഭക്ഷണവസ്തുക്കളോ പോലെ മണത്തോ രുചിച്ചോ ഒന്നും ഇതിനെ വിലയിരുത്താനാകില്ല. പ്രത്യേക ഗുണനിലവാര അളവുകോലുകളും കലാസൃഷ്ടികള്‍ക്കില്ല. പക്ഷേ, ഒരാസ്വാദകന് അത് അറിയാന്‍ പലമാര്‍ഗങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഉല്‍പന്നം/ സൃഷ്ടി ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതെന്തുകൊണ്ടാണെന്നും അവര്‍ പറയാറുണ്ട്. കാര്യകാരണ സഹിതം അത് പറയാനുള്ള അവകാശവും അവര്‍ക്കുണ്ട്.

വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കും മുന്പ്

വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കും മുന്പ്

അങ്ങിനെ ഇഷ്ടപ്പെടാതിരിക്കുന്ന കലാസൃഷ്ടി മറ്റൊരാള്‍ക്ക് ഇഷ്ടപ്പെട്ടുവെന്നും വരാം. അവര്‍ക്കും ഇതേ അവകാശങ്ങളുണ്ട്. ഇത്തരം അവസരങ്ങളില്‍ അഭിപ്രായം പറയുന്നവരുടെ ഗുഡ്‌വില്ലും ഒരു ഘടകമാണ്. അത്തരത്തില്‍ ഗുഡ്‌വില്ലുള്ള ചിലര്‍ മോശം പറയുകയും യാതൊരു തരത്തിലുമുള്ള ഗുഡ്‌വില്ലുമില്ലാത്തവര്‍ നല്ലതെന്നു പറയുകയും ചെയ്താല്‍ ആളുകള്‍ ഗുഡ്‌വില്ലുള്ളവരുടെ വാക്കുകള്‍ മാത്രമേ വിശ്വസിക്കൂ. അവര്‍ ആ ഗുഡ്‌വില്‍ ഉണ്ടാക്കിയെടുത്തത് അവരുടെ അഭിപ്രായപ്രകടനങ്ങളിലെ സത്യസന്ധതയിലൂടെയാണ്. മറ്റുള്ളവര്‍ക്ക് അതില്ലാതെ പോകുന്നത് സത്യസന്ധതയില്ലായ്മ മൂലമാണ്. വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാന്‍ ശ്രമിക്കും മുന്‍പ് സ്വന്തം വിശ്വാസ്യതയും സത്യസന്ധതയും ഉറപ്പിക്കാനെങ്കിലും സിനിമാക്കാര്‍ ശ്രമിക്കേണ്ടതുണ്ട്. അങ്ങിനെവന്നാല്‍ എതിരഭിപ്രായങ്ങളെ അവര്‍ക്ക് ഭയക്കേണ്ടിവരില്ല, എതിര്‍ക്കേണ്ടിയും.

(അഭിപ്രായസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു, ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് എഴുതിയ ആളിന്റെ മാത്രം അഭിപ്രായമാണ്. നിയമപരമായതോ അല്ലാത്തതോ ആയ കാര്യങ്ങളില്‍ മലയാളം വൺ ഇന്ത്യയ്ക്ക് ഉത്തരവാദിത്തമില്ല)

നോക്കുകൂലിയെ കുറിച്ച് വാചാലരാകുന്പോള്‍ ഇതുകൂടി ഓര്‍ക്കണം... ചുമട്ടുതൊഴിലാളികള്‍ക്കും ഒരു ജീവിതമുണ്ട്നോക്കുകൂലിയെ കുറിച്ച് വാചാലരാകുന്പോള്‍ ഇതുകൂടി ഓര്‍ക്കണം... ചുമട്ടുതൊഴിലാളികള്‍ക്കും ഒരു ജീവിതമുണ്ട്

അത്ര എളുപ്പമല്ല കേരളത്തിൽ റോഡ് വികസനം... കാരണം എന്ത്? റോഡ് വികസനത്തിന്റെ കാണാപ്പുറങ്ങളെ കുറിച്ച്... അത്ര എളുപ്പമല്ല കേരളത്തിൽ റോഡ് വികസനം... കാരണം എന്ത്? റോഡ് വികസനത്തിന്റെ കാണാപ്പുറങ്ങളെ കുറിച്ച്...

ശൗച്യാലയത്തെ ശോചനാലയമാക്കി... അക്ഷരത്തെറ്റ് വെറുമൊരു തെറ്റല്ല- ചുള്ളിക്കാട് വിവാദത്തിൽ ടിസി രാജേഷ്ശൗച്യാലയത്തെ ശോചനാലയമാക്കി... അക്ഷരത്തെറ്റ് വെറുമൊരു തെറ്റല്ല- ചുള്ളിക്കാട് വിവാദത്തിൽ ടിസി രാജേഷ്

English summary
Cinema Review: What is the possibilities of freedom of expression- TC Rajesh writes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X