കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായിച്ച് വായിച്ചങ്ങനെ വളരട്ടെ

  • By Neethu B
Google Oneindia Malayalam News

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും

വായനാദിനം വന്നെത്തിയപ്പോള്‍ കുഞ്ഞുണ്ണി മാഷിന്റെ ഈ വരികളാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്. ഇങ്ങനെ ഒരു ദിനം വായിക്കാന്‍ മാത്രമായി വേണോ എന്നതാണ് എന്റെ ചിന്ത. മറക്കാതിരിക്കാനായി ഒരു വായനാ ദിനം എന്നു വേണമെങ്കില്‍ പറയാം. എന്താണ് ആദ്യമായി വായിച്ചതെന്ന് ഓര്‍മ്മയില്ല. ആരാണ് വായിക്കാന്‍ പഠിപ്പിച്ചതെന്നും ഓര്‍മ്മയില്ല. എങ്കിലും വായനാ ദിനത്തില്‍ ഓര്‍ക്കാന്‍ പലതുമുണ്ട്.

കുമാരനാശാന്‍, വള്ളത്തോള്‍, ബഷീര്‍, ഒ.എന്‍.വി കുറുപ്പ്, മാധവിക്കുട്ടി തുടങ്ങി മലയാളത്തില്‍ വായനയുടെ സുകൃതം പകര്‍ന്നവര്‍ നിരവധിപേരുണ്ട്. മലയാളിയെ അക്ഷരത്തിന്റെയും, വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയര്‍ത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ട ശ്രീ പി.എന്‍ പണിക്കരുടെ ചരമദിനം ആയ ജൂണ്‍ 19 ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യമായ ദിവസം എന്നുതന്നെ പറയാം.

kid

വായിച്ചാലേ വളരൂ എന്നുണ്ടോ..? വായന ഇഷ്ടമില്ലാത്ത ചിലര്‍ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകാം. വായിക്ക്, വായിക്ക് എന്ന് അലമുറയിടുന്ന അമ്മയും അച്ഛനും, സ്‌കൂളില്‍ ചെന്നാല്‍ അധ്യാപകരുടെ ശാസന, എന്നാല്‍ അവരൊക്കെ പറയുന്നത് പാഠപുസ്തകം തുറന്ന് വായിക്കാനാണ്, പിന്നെങ്ങനെ പുസ്തകം തുറക്കാന്‍ തോന്നും എന്നാണ് ചില കുസൃതിക്കുട്ടന്‍ന്മാര്‍ പറയുന്നത്. പാഠപുസ്തകത്തില്‍ നിന്നും ഒരുപാട് ദൂരെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. നിരന്തര വായനയിലൂടെ മാത്രമേ യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാനാകൂ. അതിന് കുട്ടിക്കാലം മുതലേ വായന ഒരു ശീലമാക്കുക തന്നെ വേണം. കയ്യില്‍ കിട്ടുന്നതെന്തും വായിക്കാനുള്ള ഒരു മനസ്സ് എല്ലാവര്‍ക്കും ഉണ്ടാകണം.

bookshelf

വായന മരിക്കുന്നു എന്ന് പലരും പറയുന്നു.. എന്നാല്‍ അതല്ല യാഥാര്‍ത്ഥ്യം. വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. ഇന്റര്‍നെറ്റും, ഇമെയിലും ഉപയോഗിക്കുന്നവരാണ് പലരും. പുസ്തക വായന ആയമുള്ളതാണെങ്കില്‍, ഓണ്‍ലൈന്‍ വായന പരന്നതെന്ന് പറയാം. ഒരു വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വായന തീര്‍ച്ചയായും കൗതുകമുള്ളതു തന്നെ.

bookfair

സാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ-മെയിലുകളും,ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നുണ്ട്. വായന താളിയോലകളില്‍ തുടങ്ങി പേപ്പര്‍ വഴി മോണിറ്ററിലേക്ക് എത്തിയിരിക്കുന്നു. വരുംകാല സാങ്കേതിക വിദ്യ വായനയെ ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്ന് പറയാന്‍ കഴിയില്ല.

reading

എന്നാല്‍ ഒരിക്കലും മണവും സ്പര്‍ശവും അറിഞ്ഞുകൊണ്ടുള്ള പുസ്തകവായന മാറ്റിവച്ച് ഓണ്‍ലൈന്‍ വായനയെ പരിപോഷിപ്പിക്കരുത്. സ്‌കൂള്‍ തുറന്ന് പുത്തന്‍ ബാഗും ഉടുപ്പുമൊക്കെ ഇട്ട് സ്‌കൂളിലെത്തുമ്പോള്‍ നിങ്ങള്‍ക്കായി സ്‌കൂള്‍ ലൈബ്രറിയില്‍ എത്ര സുഗന്ധമുള്ള പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം. ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാദിനം ഉപയോഗപ്പെടുത്താം.

English summary
The reading day celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X