കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൊറര്‍ സിനിമാ പ്രേമികള്‍ക്കായി ഒരു കുറിപ്പ്

  • By Desk
Google Oneindia Malayalam News

ടോണി തോമസ്‌

പേടി ആളുകള്‍ക്ക് നിത്യ ജീവിതത്തില്‍ ഇഷ്ടമില്ലാത്ത ഒരു വികാരമാണ്. എന്നാല്‍ സിനിമയുടെ കാര്യം വരുമ്പോള്‍ ഹൊറര്‍ സിനിമകളുടെ കടുത്ത ആരാധകരായി ഒരു വലിയ കൂട്ടം ആളുകളെ നമുക്ക് കാണാം. ഹൊറര്‍ സിനിമകള്‍ ഉണ്ടാക്കുന്ന ബോക്സ്‌ ഓഫീസ് കിലുക്കങ്ങള്‍ തന്നെ മതി അതിനു തെളിവായി.

എന്താവും ഹൊറര്‍ സിനിമകളോടു പൊതുവേയുള്ള ഈ ഇഷ്ടത്തിന്റെ കാരണം?

തീരെ സംഭവ ബഹുലമല്ലാത്ത, മന്ദ താളത്തിലുള്ള അതി സാധാരണ ജീവിതത്തിലൂടെയാണ് മിക്ക മനുഷ്യരും കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ സംഭവ ബഹുലതകളിലൂടെ, ഭീതിയിലൂടെ, ആവേശങ്ങളിലൂടെ ഒക്കെയും നമുക്ക് കടന്നു പോകാനുള്ള ഒരു ഉപാധി കൂടിയാണ് സിനിമ. അതും സുരക്ഷിതമായ അകലത്തില്‍ നിന്നും. എത്ര സങ്കീര്‍ണ്ണമായ അല്ലെങ്കില്‍ ഭീതിജനകമായ സിനിമയാണെങ്കിലും നിങ്ങളുടെ അബോധ മനസ്സിനറിയാം ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ നിങ്ങള്‍ സുരക്ഷിതരായി നിങ്ങളുടെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിപോകും എന്ന്.

horror-1

പ്രസിദ്ധ മനശ്ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ് പറയുന്നത് ഭീതി എന്ന വികാരം നമ്മുടെ ഈഗോയും അബോധ മനസ്സും അടിച്ചമര്‍ത്തി വച്ചിരിക്കുന്ന ചിന്തകളെയും ഭയങ്ങളെയും തുറന്നു വിടാന്‍ സഹായിക്കുന്നു എന്നാണ്.

കാലങ്ങളായി സിനിമ പിന്തുടരുന്ന വിക്ടോറിയന്‍ സദാചാര സങ്കല്പങ്ങളെ ഹൊറര്‍ സിനിമകള്‍ പൊതുവേ പിന്തുടരുന്നത് കാണാം. ഒരു പഴയ കെട്ടിടത്തിലെയ്ക്ക് ഒളിച്ചു വന്നു സെക്സിലേര്‍പ്പെടുന്ന യുവതിയും യുവാവും കൊല്ലപ്പെടാന്‍ പോവുകയാണെന്ന് നിങ്ങള്‍ക്ക് മുന്‍കൂട്ടി തന്നെ അറിയാം. നന്മ നിറഞ്ഞ കഥാപാത്രങ്ങള്‍ മാത്രമേ ഒടുക്കം രക്ഷപ്പെടാന്‍ പോകുന്നുള്ളൂ എന്നും. അത് കാലങ്ങളായുള്ള നമ്മുടെ കാഴ്ചാ ശീലങ്ങള്‍ ഉണ്ടാക്കിയെടുത്ത അറിവാണ്. ആ അറിവിന്റെ പരിധിയില്‍ നിന്ന് കൊണ്ട് തന്നെ നിങ്ങളില്‍ ഭീതി ജനിപ്പിക്കുക എന്ന വിഷമകരമായ ജോലിയിലാണ് ഓരോ ഹൊറര്‍ സിനിമാ സംവിധായകനും ഏര്‍പ്പെട്ടിരിക്കുന്നത്.

ഹൊറര്‍ സിനിമകള്‍ പലപ്പോളും നേരിട്ട് പറയാന്‍ ആവാത്ത പല കാര്യങ്ങളും സിംബോളിക് ആയി പറഞ്ഞു ഫലിപ്പിക്കാനുള്ള മാധ്യമം കൂടി ആയി ഉപയോഗിക്കപ്പെടുന്നുണ്ട്. ഡ്രാക്കുള എന്ന കഥാപാത്രത്തിന്റെ സൃഷ്ടി തന്നെ ഉദാഹരണം. കാലങ്ങളായി അടിച്ചമര്‍ത്തി വയ്ക്കപ്പെട്ടിരുന്ന ലൈംഗിക സദാചാര ബോധത്തെ വെല്ലു വിളിക്കാനാണ് ആ കഥാപാത്രത്തെ ബ്രാം സ്റ്റോക്കര്‍ സൃഷ്ടിച്ചതെന്ന രീതിയിലുള്ള ചില വായനകളുണ്ട്.

സമീപ കാലത്ത് പുറത്തു വന്ന ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചില ഹൊറര്‍ സിനിമകളുടെ പരാജയം കാണിക്കുന്നത് കാഴ്ചക്കാരനെ പേടിപ്പിക്കാന്‍ സംവിധായകര്‍ പുതു വഴികള്‍ തേടേണ്ടിയിരിക്കുന്നു എന്നതാണ്. കാരണം അവര്‍ ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള, ഒരുങ്ങി ഇരിക്കുന്ന കാണികളാണ് എന്നത് തന്നെ.

ഹൊറര്‍ സിനിമകളെ തന്നെ പലതരം വിഭാഗങ്ങളായി തിരിക്കാം. താഴെക്കാണുന്ന ചാര്‍ട്ട് ഹൊറര്‍ സിനിമകളിലെ ഉപവിഭാഗങ്ങളെ കാണിക്കുന്നു.

horror-2

(കടപ്പാട്: ഹൊറര്‍ ഓണ്‍ സ്‌ക്രീന്‍)

ഇനി അടുത്തിടെ കണ്ട, എന്നാല്‍ കണ്ടു ശീലിച്ച ഹൊറര്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായ ചില സിനിമകളെ കുറിച്ച്. ഇവയെല്ലാം തന്നെ നിര്‍മ്മാണ കമ്പനികളുടെ വന്‍കിട പ്രോജക്റ്റ്കളല്ല മറിച്ച് ചെറിയ രീതിയിലുള്ള സ്വതന്ത്ര സിനിമകളാണ് (indie movies). എന്നാല്‍ അവ തരുന്ന അനുഭവം ഒന്നാന്തരവും.

Resolution (2012)
Director: Justin Benson, Aaron Moorhead
Writer: Justin Benson
Actors: Peter Cilella, Vinny Curran, Emily Montague, Kurt David Anderson
Language: English
Country: USA

horror-3

നിങ്ങളുടെ സിനിമാ സങ്കല്‍പങ്ങളെ കാഴ്ചാ ശീലങ്ങളെ വെല്ലുവിളിക്കുകയാണീ സിനിമ. കഥ ചുരുക്കി പറയുകയാണെങ്കില്‍ ലഹരി മരുന്നുകളുടെ കടുത്ത ഉപയോഗം മൂലം സാമൂഹിക ജീവിതത്തില്‍ നിന്നും അകന്ന് ദൂരെ ഒരു ക്യാബിനില്‍ ഭ്രാന്തനെപോലെ ജീവിക്കുന്ന ക്രിസ് എന്ന തന്റെ സുഹൃത്തിനെ തിരികെ കൊണ്ട് പോകാനാണ് മൈക്കല്‍ എത്തുന്നത്. ക്രിസ് അതീവ അക്രമാസക്തനായത് കൊണ്ട് അയാളെ മൈക്കല്‍ ചങ്ങലയ്ക്കിടുന്നു. അയാളുടെ കെട്ടിറങ്ങുന്നത് വരേയ്ക്കും അവിടെ താമസിക്കാനാണ് തീരുമാനം. തുടര്‍ന്ന് അവിടെ നടക്കുന്ന ഉത്തരം കിട്ടാത്ത ചില അനുഭവങ്ങളിലൂടെയാണ്‌ കഥ വികസിക്കുന്നത്.

പഴയ വീഡിയോ ടേപ്പുകള്‍, ഫോട്ടോ ഗ്രാഫുകള്‍, ലൈബ്രറി ഫുടെജുകള്‍ എന്നിങ്ങനെ എന്തിലെയ്ക്കോ ഉള്ള തെളിവുകളെ പിന്തുടരേണ്ടി വരികയാണ് സിനിമയിലുടനീളം മൈക്കലിനു. എന്നാല്‍ ഭീകരമായതെന്തോ ഉണ്ടെന്നല്ലാതെ എന്താണതെന്നോ എന്തിനാണ് അത് തങ്ങളെ പിന്തുടരുകയും തങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതെന്നോ അവര്‍ക്ക് പിടികിട്ടുന്നതെ ഇല്ല.

സിനിമയില്‍ അവസാനം മൈക്കല്‍ സ്ക്രീനിലേയ്ക്ക് നോക്കി പറയുന്ന സംഭാഷണത്തിലാണ് സിനിമയുടെ കീ ഇരിക്കുന്നത്. ആ ചാവി ഉപയോഗിച്ച് വേണം ഈ സിനിമയുടെ കുരുക്കു നിങ്ങള്‍ അഴിച്ചെടുക്കാന്‍.

സ്പോയിലര്‍ ആയതു കൊണ്ട് സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പാരഗ്രാഫ് സിനിമ കണ്ട ശേഷം മാത്രം വായിക്കുക. അവസാനം സിനിമയുടെ നാലാം ഭിത്തി പൊളിച്ച് മൈക്കല്‍ പറയുന്നത് "Can we try it another way?" എന്നാണ്. അപ്പോളാണ് നമുക്ക് മനസ്സിലാവുന്നത് അവരുടെ സ്ക്രീനിനുള്ളിലെ ജീവിതത്തെ നമ്മുടെ ആകാംക്ഷകളും ഹൊറര്‍ സിനിമകളുടെ കാഴ്ചാ ശീലങ്ങളില്‍ നിന്നുമുള്ള പതിവ് പ്രതീക്ഷകളും കൊണ്ട് നിയന്ത്രിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നത് നാം തന്നെ ആയിരുന്നു എന്നതാണ്. അതായത് അവര്‍ കണ്ടിരുന്ന, പേടിച്ചിരുന്ന അജ്ഞാത ശക്തി സ്ക്രീനിനിപ്പുറമിരിക്കുന്ന നമ്മള്‍ തന്നെയാണ്. ഈ അറിവ് നമ്മെ വീണ്ടുമൊരു കാഴ്ചയ്ക്ക് കൂടി പ്രേരിപ്പിക്കുന്നുണ്ട്.

Justin Benson, Aaron Moorhead എന്നീ ഇരട്ട സംവിധായകരുടെ ആദ്യ മുഴുനീള സിനിമാ സംരംഭമായിരുന്നു ഇത്. പതിവ് ഹൊറര്‍ സിനിമാ രീതികളുപയോഗിച്ച്‌ നമ്മെ കൂടി പങ്കാളികളാക്കുന്ന ഒരു വ്യത്യസ്ത പരീക്ഷണം. പരീക്ഷണ സിനിമകള്‍ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും കണ്ടിരിക്കെണ്ടുന്ന ഒന്ന്. സിനിമ കണ്ട ശേഷം താഴെക്കാണുന്ന ലിങ്കുകള്‍ വായിക്കുക. അത് സിനിമയെ കുറച്ചു കൂടി നന്നായി മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കും.

ലിങ്ക് 1

ലിങ്ക് 2

5150 ELM'S WAY (2009)

Director: Eric Tessier
Writer: Patrick Senecal (scenario & adaptation)
Actors: Marc-Andre Grondin, Normand D'Amour, Sonia Vachon, Mylene St-Sauveur
Language: French
Country: Canada

horror-4

5150 ELM'S WAY ഒരു ചെറു പട്ടണത്തിലെ തെരുവിന്റെ അഡ്രസ്‌ ആണ്. തന്റെ സിനിമാ പഠന കോഴ്സിന്റെ ഭാഗമായി കുറച്ചു വിഷ്വലുകള്‍ ചിത്രീകരിക്കാന്‍ ആ പ്രദേശത്തു കൂടി കറങ്ങി നടക്കുന്നതിനിടയില്‍ യാനിക്ക് എന്ന യുവാവിനു സൈക്കിളില്‍ നിന്നും വീണു കുറച്ചു മുറിവ് പറ്റുന്നു. അടുത്തു കണ്ട വീട്ടില്‍ മുറിവ് കഴുകാനായി കയറിയതായിരുന്നു അയാള്‍. അവിടെ വച്ച് അയാളുടെ ജീവിതം കീഴ്മേല്‍ മറിയുന്നു. ആ വീട്ടില്‍ തടവിലായിപ്പോകുന്ന യാനിക്കിന്റെ കഥയാണ് സിനിമ.

ഇതൊരു psychological horror സിനിമയാണ്. ചെസ്സ് കളിയെയും, സദാചാര ബോധത്തെയും തമ്മില്‍ ബന്ധിപ്പിച്ചു വളരെ രസകരമായാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യന്തം കാഴ്ചക്കാരനില്‍ ടെന്‍ഷന്‍ നിലനിര്‍ത്തുക എന്നതാണ് ഹൊറര്‍-ത്രില്ലര്‍ സിനിമ സംവിധാനം ചെയ്യുന്നതിലെ വെല്ലുവിളി. അത് വളരെ മികവോടെ കൈകാര്യം ചെയ്തിട്ടുണ്ട് ഇതില്‍.

Inside (2007)
Director: Alexandre Bustillo, Julien Maury
Writer: Julien Maury, Alexandre Bustillo, Alexandre Bustillo
Actors: Alysson Paradis, Jean-Baptiste Tabourin, Claude Lule, Dominique Frot
Language: French
Country: France

horror-5

ലോല ഹൃദയര്‍ക്ക് ടൈറ്റില്‍ കാണുമ്പോള്‍ തന്നെ മതിയാക്കി പോകാനുള്ള അവസരം കൊടുത്താണ് സിനിമ തുടങ്ങുന്നത്. ഒഴുകി പടരുന്ന ചോരയിലാണ് സിനിമ തുടങ്ങുന്നത്. അത് വളരെ ഏറെ നേരം ഉണ്ട് താനും.

ക്രിസ്തുമസിനു നാല് മാസങ്ങള്‍ക്ക് മുന്‍പ് മാത്യുവും സാറയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നു. സാറയും അവളുടെ വയറ്റില്‍ വളരുന്ന കുഞ്ഞും മാത്രമാണ് രക്ഷപ്പെട്ടത്. ഇന്ന് ക്രിസ്തുമസ് സന്ധ്യയില്‍ സാറ വീട്ടില്‍ ഒറ്റയ്ക്കാണ്. നാളെ പ്രസവത്തിനായി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആകണം. ഇരവില്‍ എപ്പോഴോ വാതിളില്‍ മുട്ട് കേട്ട് വാതില്‍ പഴുതിലൂടെ നോക്കുമ്പോള്‍ മുന്‍പ് കണ്ടു പരിചയമില്ലാത്ത ഒരു സ്ത്രീ. ഒന്ന് ഫോണ്‍ ചെയ്യണം എന്നതാണ് അവരുടെ ആവശ്യം. പറ്റില്ല എന്ന് സാറ പറയുമ്പോള്‍ സാറയ്ക്ക് മാത്രം അറിയാവുന്ന ചില കാര്യങ്ങള്‍ അവര്‍ പറയന്നു. ഭയന്ന് പോയ അവള്‍ പോലീസിനെ വിളിച്ചു. അവര്‍ വന്നു നോക്കുമ്പോള്‍ അങ്ങനെ ഒരു സ്ത്രീയെ കാണാനേ ഇല്ല. എന്നാല്‍ പോലീസ് വീട്ടില്‍ നിന്നിറങ്ങി അല്‍പ സമയത്തിനുള്ളില്‍ അവര്‍ വീണ്ടും എത്തുന്നു. എന്തായിരുന്നു ആ സ്ത്രീയുടെ ആവശ്യം ആരായിരുന്നു അവര്‍ എന്നീ കാര്യങ്ങളാണ് പതിയെ നാം അറിയുന്നത്.

സിനിമയുടെ ഭൂരിഭാഗവും ഒരു വീടിന്റെ ഉള്ളിലാണ് നടക്കുന്നത്. വയലന്‍സിന്റെ അങ്ങേയറ്റം വരെ പോകുന്നുണ്ട് സിനിമ. പൊതുവേ സ്ത്രീകളെ ദുര്‍ബലരായാണ് ഹൊറര്‍, വയലന്‍സ് സിനിമകളില്‍ കാണാറുള്ളത്. ഇവിടെ ക്രൂരതയുടെ പര്യായമായി ഒരു സ്ത്രീ. പലപ്പോളും വയലന്‍സ് മൂലം സിനിമ മതിയാക്കി പോകാന്‍ തോന്നുമ്പോളും അതിനനുവദിക്കാതെ നമ്മെ പിടിച്ചിരുത്തുന്ന വല്ലാത്ത ഒരു ആകര്‍ഷണീയത. ഒരല്പം മനക്കട്ടിയുള്ളവര്‍ക്ക് നല്ലൊരു ഹൊറര്‍ സിനിമയ്ക്കുള്ള വകയൊരുക്കുന്നു ഇത്.

It Follows (2014)
Director: David Robert Mitchell
Writer: David Robert Mitchell
Actors: Bailey Spry, Carollette Phillips, Loren Bass, Keir Gilchrist
Language: English
Country: USA

horror-6

ആദ്യ ഷോട്ടില്‍ തന്നെ അമ്പരപ്പിച്ചു കളഞ്ഞ സിനിമ. ഹൊറര്‍ സിനിമകളെ ഒരു അലിഗറിയായി എങ്ങിനെ ഉപയോഗിക്കാം എന്നതിന്റെ മികച്ച ഉദാഹരണം. പത്തൊന്‍പതുകാരിയായ ജയ്‌ തന്റെ കാമുകനുമൊത്ത് സെക്സിലെര്‍പ്പെടുന്നു. അതിനു ശേഷമാണ് അയാള്‍ അവളോട്‌ വെളിപ്പെടുത്തുന്നത് ഒരു ശാപം അയാളില്‍ നിന്നും അവളിലേയ്ക്ക് സംക്രമിച്ചിരിക്കുന്നു എന്ന്. ആ ശാപം ബാധിച്ചവരെ ഒരു മനുഷ്യ രൂപം പിന്തുടരും. അത് എവിടെ വച്ചും നിങ്ങളെ പിന്തുടര്‍ന്നു കൊല്ലും. നിങ്ങള്‍ കാണുന്ന ആളുകളില്‍ ആരായിരിക്കും അതെന്നു നിങ്ങള്‍ പതിയെയെ തിരിച്ചറിയൂ. മന്ദ ഗതിയിലാണ് അതിന്റെ സഞ്ചാരം. അത് കൊണ്ട് അടഞ്ഞ മുറികളിലോ ഇടുങ്ങിയ ഇടങ്ങളിലോ ചെന്ന് പെടാതിരിക്കുക.

ഈ ശാപത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക മാര്‍ഗ്ഗം അത് മറ്റൊരാള്‍ക്ക് കൊടുക്കുക എന്നത് മാത്രമാണ്. അത് സെക്സിലെര്‍പ്പെടുന്നതിലൂടെയെ നിങ്ങള്‍ക്ക് കൈമാറ്റം ചെയ്യാനാവൂ. എന്നാല്‍ അത് അയാളെ കൊന്നു കഴിഞ്ഞാല്‍ തിരികെ നിങ്ങളെ തേടിയെത്തും.

ഈ ശാപവും പേറി നടക്കുന്ന ജയ്യുടെയും അതില്‍ നിന്നും അവളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന കൂട്ടുകാരുടെയും കഥയാണ് സിനിമ. മരണം അവളുടെ തൊട്ടു പിന്നില്‍ പതിയെ നടന്നു വന്നു കൊണ്ടിരിക്കുന്നു. ലൈംഗിക രോഗങ്ങളെ കുറിച്ചും അത് പടര്‍ത്തുന്ന ഭീതിയെക്കുറിച്ചുമുള്ള മികച്ചൊരു അലിഗറിയാണ് സിനിമ. അതിലെ പല സീനുകളെയും പല തരത്തില്‍ നിങ്ങള്‍ക്ക് വ്യാഖ്യാനിക്കാം.

ഈ സിനിമകളൊക്കെ മികച്ച അനുഭവങ്ങളായിതീരട്ടെ എന്നാശംസിച്ചു കൊണ്ട്...

കൂടുതല്‍ ലോകസിനിമാ വിശേഷങ്ങള്‍ക്ക് വെള്ളിത്തിര

English summary
Vellithira talking about hollywood horror movies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X