കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കഥ, മൂന്ന് സിനിമകള്‍, മൂന്ന് സംസ്കാരങ്ങള്‍

  • By Desk
Google Oneindia Malayalam News

ടോണി തോമസ്‌

ഒരേ കഥ സിനിമയെന്ന കലാരൂപമായി മൂന്ന് ഭൂഖണ്‌ഡങ്ങളിലെയ്ക്ക് പറിച്ചു നടപ്പെടുമ്പോള്‍ അതെങ്ങിനെ വിവിധ സംസ്കാരങ്ങളുടെയും കാഴ്ചാ ശീലങ്ങളുടെയും പ്രതിഫലനമായി മാറുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ മൂന്ന് സിനിമകള്‍.

The Uninvited (2009)
Director: Charles Guard, Thomas Guard
Writer: Craig Rosenberg (screenplay), Doug Miro (screenplay), Carlo Bernard (screenplay)
Actors: Emily Browning, Arielle Kebbel, David Strathairn, Elizabeth Banks
Language: English

ഒരപകടത്തെ തുടര്‍ന്നു മാനസിക നില തകരാറിലായ അന്ന കുറെ കാലം നീണ്ട മാനസികാരോഗ്യകേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം തിരികെ കടല്‍ത്തീരത്തുള്ള തന്റെ വീട്ടിലെത്തുന്നു. അവിടെ അവളെക്കാത്തിരിക്കുന്ന ചേച്ചി. ചേച്ചി മാത്രമാണ് അന്നയെ പഴയ പോലെ തന്നെ കാണുന്നത്. അമ്മയെ ചികിത്സിക്കാന്‍ ഉണ്ടായിരുന്ന ഹോം നേഴ്സ് അവളുടെ രണ്ടാനമ്മയായി മാറിയിരുന്നു. അച്ഛനും രണ്ടാനമ്മയും അവളെ ഒരു രോഗിയെന്ന സഹാനുഭൂതിയോടെയാണ് കാണുന്നത്. അവളെ ചെടിപ്പിക്കുന്നതും അത് തന്നെയാണ്. ഓര്‍മ്മകളില്‍ നിന്നും മാഞ്ഞു പോയ പഴയ ദിനങ്ങളെ, അമ്മയുടെ മരണത്തിലുള്ള അവളുടെ സംശയങ്ങളെ ഒക്കെ ചേച്ചിയുടെ സഹായത്തോടെ അവള്‍ തിരികെ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഒപ്പം ചില സത്യങ്ങളും. സെക്സ് ഒരു ചേരുവയായി ഉപയോഗിക്കപ്പെടുന്നത് ഈ സിനിമയില്‍ മാത്രമാണ്. അമേരിക്കന്‍ മുഖ്യധാരാ പ്രക്ഷകര്‍ക്ക് വേണ്ടി വല്ലാതെ സ്പൂണ്‍ ഫീഡിംഗ് നടത്തുന്നുമുണ്ട് സംവിധായകന്‍. പ്രേക്ഷകന് ഒന്നും ചിന്തിക്കാന്‍ വിട്ടു കൊടുക്കാതെ വിശദീകരിച്ചു നശിപ്പിക്കുന്ന ആ പതിവ് ഹോളിവുഡ് രീതി.

2-uninvited

ഈ സിനിമ കഥയുടെ തെരഞ്ഞെടുപ്പില്‍ പതിവ് ഹോളിവൂഡ്‌ രീതികളില്‍ നിന്നും മാറി നടക്കുമ്പോള്‍ തന്നെയും അത് പറയാനുപയോഗിക്കുന്നത് നാം പലവട്ടം കണ്ടു മടുത്ത രീതികള്‍ തന്നെയാണ്. സസ്പെന്‍സ്, ഹൊറര്‍ എന്നിങ്ങനെ പതിവ് ഹോളിവുഡ് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള ഘടകങ്ങള്‍ സമാസമം ചേര്‍ത്തു തന്നെയാണ് ഇതൊരുക്കിയിരിക്കുന്നത്. സസ്പെന്‍സും, ഹൊററും ജനിപ്പിക്കാന്‍ സാങ്കേതികതയുടെയും, പശ്ചാത്തല സംഗീതത്തിന്റെയും, സഹായം വല്ലാതെ തേടുന്നുണ്ട് ഈ സിനിമ. മൂന്നു കഥകളിലും കഥ നടക്കുന്ന അന്തരീക്ഷം ഒരു കഥാപാത്രമായിത്തന്നെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ഒരു നീണ്ട യാത്രയ്ക്കൊടുവില്‍ പരിചയമില്ലാത്തൊരു നഗരത്തില്‍ ഉറക്കം വരാതെ, ഇനിയും ഉറങ്ങാത്ത നഗരത്തെ നോക്കിയിരിക്കെയാണ് മറ്റൊന്നും അന്വേഷിക്കാതെ ഈ സിനിമയില്‍ എത്തിപ്പെടുന്നത്. ഏതോ ഒരു ബി ഗ്രേഡ് ഹോളിവൂഡ് ഹൊറര്‍ സിനിമ എന്ന രീതിയില്‍ കണ്ടു തുടങ്ങി. സിനിമയുടെ തുടക്കം പണ്ടെങ്ങോ കണ്ടു മറന്ന I Know What You Did Last Summer (1997) എന്ന സിനിമയെ ഓര്‍മ്മപ്പെടുത്തി. പക്ഷെ പതിയെ പതിയെ ഹോളിവുഡിന്റെ ഹൊറര്‍ രീതികളില്‍ നിന്നും അല്പം വഴിവിട്ടു തുടങ്ങിയപ്പോളാണ് ഇതില്‍ രസം പിടിച്ചത്. പിന്നെ സിനിമ അവസാനിച്ചപ്പോള്‍ സമാന സിനിമ താല്പര്യങ്ങള്‍ പുലര്‍ത്തുന്നൊരു സുഹൃത്തിന് 'Watched an unconventional horror movie from Hollywood, The Uninvited (2009)' എന്നൊരു മെസ്സേജും അയച്ചു. പിന്നീടുള്ള തിരച്ചിലില്‍ ആണ് ഇത് പ്രസിദ്ധ കൊറിയന്‍ സിനിമയായ A Tale of Two Sisters എന്ന സിനിമയുടെ റീമേയ്ക്ക് ആണെന്ന് മനസ്സിലായത്. അങ്ങിനെ A Tale of Two Sisters ല്‍ എത്തുന്നു.

A Tale of Two Sisters (2003)
Director: Jee-woon Kim
Writer: Jee-woon Kim (screenplay)
Actors: Kap-su Kim, Jung-ah Yum, Su-jeong Lim, Geun-young Moon
Language: Korean

ജോസോണ്‍ രാജ വാഴ്ചക്കാലത്തെ ഒരു നാടോടിക്കഥയാണ് ഈ സിനിമയ്ക്ക് ആധാരം. ഒറിജിനല്‍ സിനിമ. പൊതുവേ കൊറിയന്‍ / ഏഷ്യന്‍ സിനിമകളില്‍ കാണാറുള്ള പാപബോധം, ആത്മീയത, നിഷ്കളങ്കതയുടെ നഷ്ടം എന്നിവയുടെ ഒരു അന്തര്‍ധാര ഇതിലും കാണാം, മറ്റു രണ്ടു സിനിമയിലും ഇല്ലാത്ത ഒന്ന്. കഥ നടക്കുന്ന അന്തരീക്ഷം വല്ലാതെ നമ്മെ വേട്ടയാടുന്നത് ഈ സിനിമയില്‍ തന്നെയാണ്.

3-tale-of-two-siters

ഇവിടെയും രണ്ടു പെണ്‍കുട്ടികള്‍ തന്നെയാണ് പ്രധാന കഥാപാത്രങ്ങള്‍. ഒരുപാട് സൂചനകളിലൂടെ, പ്രേക്ഷകന്റെ ചിന്തയ്ക്ക് ഒരുപാടിടങ്ങള്‍ വിട്ടു കൊടുത്താണ് കഥ മുന്നോട്ടു പോകുന്നത്. അതുകൊണ്ട് തന്നെ കാര്യങ്ങളുടെ വ്യക്തതയ്ക്ക് ഒരു രണ്ടാം കാഴ്ച പോലും ആവശ്യപ്പെടുന്നുണ്ട് ചിലയിടങ്ങളില്‍ സിനിമ. ഇരുണ്ട ഇടങ്ങളിലൂടെ, നിഴല്‍ വീണ ഇടനാഴികളിലൂടെ ഭീതി പതിയെ പതിയെ നമ്മിലേയ്ക്ക് പടര്‍ന്നു കയറുന്നത് ഈ സിനിമയിലാണ്.

തന്റെ കാണികളുടെ ബുദ്ധിശക്തിയില്‍ വിശ്വാസമര്‍പ്പിച്ചാണ് സംവിധായകന്‍ സിനിമയെടുത്തിരിക്കുന്നത്. ഒരു അമേരിക്കന്‍ മുഖ്യധാരാ സിനിമയില്‍ നിന്നും അപൂര്‍വമായി മാത്രം നമുക്ക് പ്രതീക്ഷിക്കാനാവുന്ന ഒന്ന്.

കൊറിയയിലെ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളില്‍ ഒന്നാണിത്. ഒപ്പം അമേരിക്കയില്‍ തിയേറ്റര്‍ റിലീസ് ചെയ്യപ്പെട്ട ആദ്യ കൊറിയന്‍ സിനിമയും.

Goodnight Mommy (2014)
Director: Severin Fiala, Veronika Franz
Writer: Veronika Franz (screenplay), Severin Fiala (screenplay)
Actors: Lukas Schwarz, Elias Schwarz, Susanne Wuest, Hans Escher
Language: German

യുറോപ്യന്‍ ആര്‍ട്ട് സിനിമാ സംസ്കാരത്തിന്റെ മികച്ച ഉദാഹരണമാണ് ഈ ജര്‍മ്മന്‍ സിനിമ. മറ്റു രണ്ടു സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഇരട്ടകളായ രണ്ട് ആണ്‍കുട്ടികളാണ്‌ ഇതിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മുകളില്‍ പറഞ്ഞ കഥ യുറോപ്പിന്റെ പശ്ചാത്തലത്തിലെയ്ക്ക് അതിസമര്‍ത്ഥമായി പറിച്ചു നട്ട ഒന്ന്.

4-gdnt-mommy

വിജനതയില്‍, ആധുനിക സൌകര്യങ്ങള്‍ ഒക്കെയുമുള്ള ഒരു വീട്. അതിനു ചുറ്റുമുള്ള ഭൂപ്രദേശങ്ങളില്‍ സ്വതന്ത്ര വിഹാരം ചെയ്യുന്ന രണ്ടു കുട്ടികള്‍. ആദ്യ ഷോട്ടുകളില്‍ തന്നെ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്ന സൂചനകള്‍ സമര്‍ത്ഥമായി ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഭൂതകാലത്തെയ്ക്ക് ചില സൂചനകള്‍ അങ്ങിങ്ങായി നല്‍കി ബാക്കിയൊക്കെയും പ്രേക്ഷകന്റെ ചിന്തയ്ക്ക് വിട്ടിരിക്കുന്നു. ഒരപകടത്തെ തുടര്‍ന്ന് ഏറെക്കാലം ആശുപത്രിയിലായിരുന്ന അവരുടെ അമ്മ മുഖം മുഴുക്കെ ബാന്‍ഡേജുമായി വന്നു കയറുന്നു. അമ്മയുടെ പെരുമാറ്റത്തിലും രീതികളിലുമുള്ള പ്രകടമായ മാറ്റം മൂലം അത് തങ്ങളുടെ അമ്മയല്ല എന്ന സംശയത്തില്‍ എത്തുകയാണ് കുട്ടികള്‍. തുടര്‍ന്ന് അതാരെന്നു കണ്ടെത്താന്‍ അവര്‍ ശ്രമിക്കുകയാണ്. അന്വേഷണം പതിയെ നിങ്ങളെ തീര്‍ത്തും അസ്വസ്ഥരാക്കുന്ന വയലന്‍സിലെയ്ക്ക് വഴിമാറുന്നു.

പശ്ചാത്തല സംഗീതത്തിന്റെ മിനിമല്‍ ഉപയോഗം, ഗിമ്മിക്കുകളില്ലാത്ത റിയലിസ്റ്റിക് കഥ പറച്ചില്‍, ചുരുക്കം കഥാപാത്രങ്ങളിലൂടെ, അവരുടെ മനോ വ്യാപാരങ്ങള്‍ക്കും വിശദാംശങ്ങള്‍ക്കും പ്രധാന്യം നല്‍കിയുള്ള കഥാകഥനം എന്നിങ്ങനെ യൂറോപ്യന്‍ ആര്‍ട്ട് സിനിമയുടെ രീതികള്‍ അടയാളപ്പെടുത്തുന്നുണ്ട് ഇത്.

കഥയല്ല കഥ പറയുന്ന രീതി തന്നെയാണ് ഓരോ സിനിമയുടെയും ആത്മാവെന്നു നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ഈ മൂന്ന് സിനിമകളും. അവിചാരിതമായി കണ്ടതെങ്കിലും മൂന്ന് ഭൂഖണ്ഡങ്ങളുടെ സിനിമാ സംസ്കാരത്തിന്റെ കൃത്യമായ അടയാളങ്ങള്‍ ഇവയില്‍ കാണാം എന്നതിനാലാണ് ഇങ്ങനെയൊരു കുറിപ്പെഴുതിയത്. സിനിമാ സംസ്കാരങ്ങളുടെ താരതമ്യത്തിന് ഈ മൂന്ന് സിനിമകള്‍ നിങ്ങളെ സഹായിച്ചേക്കും.

കൂടുതല്‍ ലോകസിനിമാ വിശേഷങ്ങള്‍ക്ക് വെള്ളിത്തിര

English summary
Vellithira talks about the movies The Uninvited, A Tale of Two Sisters and Goodnight Mommy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X