കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസ്താങ്ങ് - തടവറകളില്‍ നിന്നും അവര്‍ക്ക് രക്ഷപ്പെടേണ്ടതുണ്ട്...

  • By Desk
Google Oneindia Malayalam News

ടോണി തോമസ്‌

യാഥാസ്ഥിതിക സമൂഹവും മതവും ചേര്‍ന്ന് കാലങ്ങളായി ഞെരുക്കി കളയുന്ന, തലമുറകളായി ഒരേതരം ജീവിതം ജീവിക്കേണ്ടിവരുന്ന ലോകമെങ്ങുമുള്ള പെണ്‍ സമൂഹത്തെ കൃത്യമായി അടയാളപ്പെടുത്തുകയാണ് മസ്താങ്ങ്.

Mustang (2015)

അമ്മൂമ്മയോടൊപ്പം ജീവിക്കുന്ന അനാഥരായ അഞ്ചു സഹോദരിമാരുടെ കഥയാണ് സിനിമ. കരിങ്കടലിന് ചേര്‍ന്ന് കിടക്കുന്ന ഒരു ഗ്രാമ പ്രദേശത്താണ് കഥ നടക്കുന്നത്. സ്കൂള്‍ വിട്ടു വരുന്ന വഴിക്ക് സഹപാഠികളായ ആണ്‍കുട്ടികളുടെ കൂടെ കടലില്‍ ഇറങ്ങി കളിച്ചതിന്റെ പേരില്‍ നാട്ടില്‍ ലൈംഗിക അപവാദം പൊട്ടി പുറപ്പെടുകയും അതിന്റെ പേരില്‍ വീട്ടു തടങ്കലിലാകുകയും ചെയ്യുകയാണ് ഈ കുട്ടികള്‍. സംരക്ഷകനായ അമ്മാവന്‍ കൂടി എത്തുന്നതോടെ അവരുടെ ജീവിതം വീട്ടിനുള്ളില്‍ ഒതുങ്ങുന്നു.

1-mustang

ആദ്യം കന്യകാത്വ പരിശോധന. തുടര്‍ന്ന് പെണ്‍കുട്ടികളെ 'വഴിതെറ്റിക്കുന്ന' സകലതും അവരുടെ ജീവിതത്തില്‍ നിന്നും മാറ്റപ്പെടുന്നു, വിദ്യാഭ്യാസം, ഇറുകിയ വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടര്‍, മേയ്ക്കപ്പ് ഒക്കെയും. പിന്നെ കുറെ മധ്യ വയസ്കകള്‍ വന്ന് അവരെ പാചകവും വീട്ടു ജോലികളും പരിശീലിപ്പിക്കുന്നു.

കുട്ടികളില്‍ ഇളയവളായ ലയ്ലിന്റെ കാഴ്ചയിലൂടെയാണ് പലയിടങ്ങളിലും സിനിമ മുന്‍പോട്ടു പോകുന്നത്. അവളുടെ വോയിസ്‌ ഓവറുകള്‍ സമര്‍ത്ഥമായി സിനിമയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു. വീട്ടില്‍ ഗാര്‍ഹിക പരിശീലനം മുറുകുമ്പോള്‍ അവള്‍ പറയുന്നത് ഇതാ ഞങ്ങളുടെ വീടൊരു വൈഫ്‌ ഫാക്ടറി ആയിരിക്കുന്നു എന്നാണ്.

2-mustang

അറുബോറന്‍ ജീവിതത്തിലൂടെ കടന്നു പോകെ അവരൊരിക്കല്‍ വീട് ചാടി ഒരു ഫുട്ബോള്‍ മത്സരം കാണാന്‍ പോകുന്നു. ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ 'ഓഫ് സൈഡ്' എന്ന സിനിമയിലെ വിലക്കപ്പെട്ട മത്സരം കാണാന്‍ പുരുഷ സുഹൃത്തുക്കളോടൊപ്പം പോകുന്ന പെണ്‍കുട്ടിയെ ആ രംഗം ഓര്‍മ്മിപ്പിക്കുന്നു. അതിനെ തുടര്‍ന്ന് അവരുടെ പുറത്തേയ്ക്കുള്ള എല്ലാ ജനാലകളും ഗ്രില്‍ ഇടപ്പെടുകയും മതിലുകളും ഗേറ്റുകളും ഉണ്ടാവുകയും ചെയ്യുന്നു. ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ വീടെന്ന തടവറയിലാണ്.

മൂത്ത രണ്ടുപേര്‍ വിവാഹിതരാവുകയും മറ്റൊരാള്‍ അമ്മാവന്റെ പീഡനം മൂലം ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. ആദ്യരാവില്‍ വെളുത്ത ഷീറ്റു വിരിച്ച കിടക്കയില്‍ ചോര കാണുന്നതോട് കൂടി മാത്രമേ അവര്‍ ഭര്‍തൃ ഗൃഹത്തില്‍ സ്വീകാര്യരാവുകയുള്ളു. അത് അവിടുത്തെ നാട്ടു നടപ്പാണ്. കന്യകാത്വ പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ തങ്ങള്‍ വിവാഹത്തിനു മുന്‍പ് ഗുദഭോഗത്തിലാണ് ഏര്‍പ്പെടാറെന്നു സിനിമയില്‍ ഒരിടത്ത് പെണ്‍കുട്ടികള്‍ പരസ്പരം പറയുന്നുണ്ട്.

3-mustang

ഗാര്‍ഹിക പരിശീലനം മുറയ്ക്ക് നടക്കുമ്പോളും ആരും ഒരിക്കലും അവരോടു ലൈംഗിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നെയില്ല. വിവാഹത്തിനു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വിവാഹിതയാകാന്‍ പോകുന്ന പെണ്‍കുട്ടിയുടെ തലയണയ്ക്കരികില്‍ ഒരു സെക്സ് പുസ്തകം വെച്ചാണ് അമ്മൂമ്മ ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നത്.

ഈ നശിച്ച തടവറയില്‍ നിന്നും എങ്ങിനെയും ചാടിപ്പോവുക എന്നൊരു ലക്‌ഷ്യം മാത്രമേ ഇനി അവശേഷിക്കുന്ന ഇരുവര്‍ക്കുമുള്ളു. ദൂരെ ദൂരെ നഗരമായ ഇസ്താംബുളില്‍ അവരുടെ പഴയൊരു ടീച്ചറിന്റെ അടുത്തേയ്ക്ക് എത്തിപ്പെടുക എന്നതാണ് അവരുടെ ലക്‌ഷ്യം.

ഡെനിസ് ഗാംഴെ എര്‍ഗുവെന്‍ എന്ന തുര്‍ക്കിയില്‍ വേരുകളുള്ള ഫ്രഞ്ചു സംവിധായികയുടെ ആദ്യ ഫീച്ചര്‍ സിനിമയാണിത്. ഒരു സംവിധായികയ്ക്ക്‌ മാത്രം കഴിയുന്ന കയ്യടക്കത്തോടും മികവോടുമാണ് അവരീ സിനിമ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടികളുടെ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളുണ്ട്, അവര്‍ക്ക് മാത്രം മനസ്സിലാകുന്ന ചില കാര്യങ്ങള്‍. അവയെ അത്രമേല്‍ ലളിത സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.

4-mustang

സിനിമയില്‍ മറ്റു ചില അവസാനങ്ങളായിരുന്നു കൂടുതല്‍ മികവുറ്റതായിരുന്നിരിക്കുക എന്ന് തോന്നുന്നു. ഒരു പക്ഷെ പ്രതീക്ഷാ നിര്‍ഭരമായ ഒരു അവസാനമുണ്ടാക്കാനുള്ള സംവിധായികയുടെ ആഗ്രഹമാവും ഇങ്ങിനെ ഒന്നിന് അവരെ പ്രേരിപ്പിചിരിക്കുക.

സിനിമ കൂടുതലായും ഒരു യൂറോപ്യന്‍ സിനിമാ ശൈലിയാണ് പിന്തുടരുന്നത്. സോഫിയ കപ്പോളയുടെ 'The Virgin Suicides' നെ ഓര്‍മ്മിപ്പിക്കുന്നുണ്ടിത്. പക്ഷെ സങ്കടകരമായ അവസ്ഥയെ കുറിച്ച് പറയുമ്പോളും വല്ലാത്ത ഒരുതരം നര്‍മ്മബോധത്തോടെയാണ് ഓരോ ഷോട്ടും അവതരിപ്പിച്ചിരിക്കുന്നത്. അത് തന്നെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നതും.

ടര്‍കിഷ് സിനിമകള്‍ക്കും ഇറാനിയന്‍ സിനിമകള്‍ക്കും ഒരുപാട് സമാനതകള്‍ കാണാം. തുര്‍ക്കിയ്ക്കും ഇറാനുമുള്ള സമാന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ കൂടിയാവാം അതിന്റെ കാരണം. അവിടുത്തെ സംവിധായകര്‍ക്ക് സിനിമ എന്നത് രാഷ്ട്രീയവും സാമൂഹ്യവുമായ ചെറുത്തു നില്‍പ്പിനുള്ള ആയുധം കൂടിയാണ്.

5-mustang

തുര്‍ക്കിയിലെ ഒരു ചെറു ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ കഥ ലോകമെങ്ങുമുള്ള പെണ്‍കുട്ടികളുടെ പ്രതീകമാകുകയാണ്. അവര്‍ തടവറകളിലാണ് എന്ന ബോധം പോലും നഷ്ടപ്പെട്ട ഇതില്‍ കൂടുതല്‍ എന്ത് ജീവിത സുഖമാണ് അവര്‍ക്ക് വേണ്ടത് എന്ന് ചിന്തിക്കുന്ന, പെണ്‍കുട്ടികളുടെ ജീവിതം ആണിന് സുഖം പകരാനും കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും മാത്രമുള്ളതാണെന്ന് കരുതുന്ന യാഥാസ്ഥിതിക സമൂഹങ്ങള്‍ക്ക് ലോകത്തെവിടെയും ഒരേ രീതികള്‍ തന്നെയാണല്ലോ.

Director: Deniz Gamze Erguven
Writer: Deniz Gamze Erguven (screenplay), Alice Winocour (screenplay)
Actors: Gunes Sensoy, Doga Zeynep Doguslu, Tugba Sunguroglu, Elit Iscan
Language: Turkish
Year: 2015

കൂടുതല്‍ ലോകസിനിമാ വിശേഷങ്ങള്‍ക്ക് വെള്ളിത്തിര

English summary
Vellithira talks about turkish movie mustang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X