കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദി വേവ് - ഭീതിജനകമായ ചില യാഥാര്‍ത്ഥ്യങ്ങള്‍

  • By Desk
Google Oneindia Malayalam News

ടോണി തോമസ്‌

ഒരു ആധുനിക ജനാധിപത്യ സമൂഹത്തില്‍ ഫാസിസം സാധ്യമല്ല എന്നും ചരിത്രം ആവര്‍ത്തിക്കില്ല എന്നും വിശ്വസിക്കുന്നവര്‍ക്കായി ഈ സിനിമ സമര്‍പ്പിക്കുന്നു. ഫാസിസം ജനാധിപത്യത്തെ എങ്ങിനെ അപഹരിക്കുന്നു എന്നും അതിനെ എതിര്‍ക്കുന്നവരെ പോലും എങ്ങിനെ അത് പതിയെ അതിന്റെ പ്രയോക്താക്കളും അടിമകളും ആക്കി മാറ്റുന്നു എന്നുമുള്ള ചിന്തകള്‍ക്ക് ഈ സിനിമ വഴിമരുന്നിടുന്നു.

വർത്തമാന കാല രാഷ്ട്രീയ സാമൂഹിക സംഭവങ്ങളുമായി ഈ സിനിമയ്ക്ക് എന്തെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ അത് ഫാസിസത്തിന്റെ വഴികള്‍ക്കു ലോകത്തെവിടെയും ഒരേ രീതികള്‍ തന്നെ ആയതുകൊണ്ടാണ്‌.

1-the-wave

Year: 2008

Director: Dennis Gansel

Writer: Ron Jones, Johnny Dawkins, Ron Birnbach, Dennis Gansel, Peter Thorwarth

Actors: Jorgen Vogel, Frederick Lau, Max Riemelt, Jennifer Ulrich

Language: German

Country: Germany

1967ല്‍ കാലിഫോര്‍ണിയയിലെ ഒരു സ്കൂളില്‍ റോണ്‍ ജോണ്‍സ് എന്ന അദ്ധ്യാപകന്‍ നടത്തിയ സാമൂഹിക പരീക്ഷണവും തുടര്‍ന്ന് നടന്ന ചില സംഭവങ്ങളുമാണ് ഈ സിനിമയുടെ പ്രചോദനം. The third wave experiment എന്ന പേരില്‍ പ്രസിദ്ധമാണ് ഈ പരീക്ഷണം.

ഈ സിനിമ നടക്കുന്നത് ജര്‍മനിയിലാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള മൂന്നാം തലമുറയാണ് ഈ സിനിമയിലെ കുട്ടികള്‍. ജര്‍മ്മനി കടന്നു വന്ന ചരിത്രം അവരെ സംബന്ധിച്ചിടത്തോളം വെറും പഴങ്കഥയാണ്. അവരോടാണ് ഒരു ക്ലാസ്സ്‌ പ്രോജക്റ്റിന്റെ ഭാഗമായി അധ്യാപകനായ റെയ്നര്‍ ഇന്നത്തെ ജര്‍മ്മനിയില്‍ ഏകാധിപത്യം സാധ്യമോ എന്ന ചോദ്യം ഉന്നയിക്കുന്നത്. ആ ചോദ്യം തന്നെ അപ്രസക്തമെന്നാണ് കുട്ടികള്‍ക്കു തോന്നുന്നത്. കാരണം അത്രയ്ക്ക് ആധുനിക ചിന്തകളും രീതികളും പേറുന്നു സംസ്കാരമുള്ള സമൂഹമാണ് തങ്ങളെന്നാണ് അവരുടെ വിശ്വാസം.

2-the-wave

തുടര്‍ന്ന് ആ ക്ലാസില്‍ മാത്രമായി ഒരു പരീക്ഷണം നടത്താന്‍ റെയ്നര്‍ തീരുമാനിക്കുന്നു. ഫാസിസത്തിന്റെ രീതികളെ അതാണെന്ന് തോന്നാത്ത വിധത്തില്‍ കുട്ടികളില്‍ പരീക്ഷിക്കുകയാണ് അയാള്‍ ചെയ്തത്. അതിന്റെ ഭാഗമായി ആ ക്ലാസിലെ കുട്ടികള്‍ക്ക് മാത്രമായി ഒരു പ്രത്യേക അഭിസംബോധനാ രീതിയും യൂണിഫോമും കൊണ്ടുവരുന്നു. റെയ്നര്‍ തന്നെയാണ് അവരുടെ നേതാവ്.

അവര്‍ക്ക് കൂടി പ്രയോജനമെന്ന് തോന്നുന്ന വിധത്തിലുള്ള അച്ചടക്കം കൊണ്ടുവരുന്നു. അവരുടെ പതിവ് ഇരിപ്പിടങ്ങളെ മാറ്റുന്നു. പതിയെ ആ ക്ലാസ്സിലെ കുട്ടികള്‍ക്ക് തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്ഥരാണെന്നുള്ള ഒരു തോന്നല്‍ ഉണ്ടാകുന്നു. അവരുടെ വ്യക്തിത്വങ്ങളെ ഇല്ലായ്മ ചെയ്യുകയും പകരം അവര്‍ ഒരു പ്രത്യേക വൈശിഷ്ട്യമുള്ള സമൂഹമാണെന്ന തോന്നല്‍ ഉളവാകുകയും ചെയ്യുന്നു. ശകതനായ തങ്ങളുടെ നേതാവിന്റെ കീഴില്‍ മറ്റൊന്നിനും ചോദ്യം ചെയ്യാനാവാത്ത ശക്തിയായി തങ്ങള്‍ മാറിയിരിക്കുന്നു എന്ന ബോധം അവരില്‍ ഉളവാകുന്നു.

3-the-wave

തുടര്‍ന്ന് അവരുടെ ക്ലാസ്സിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹത്തിനു അവര്‍ 'the wave' എന്ന പേരും ഇടുന്നു. അവരുടെ സംഗത്തിന് ഒരു ചിഹ്നവും ഉണ്ടാക്കുന്നു. ഇവരുടെ രീതികളില്‍ ആകൃഷ്ടരായി മറ്റു ക്ലാസ്സിലെ കുട്ടികളും സ്കൂളിനു പുറത്തു വച്ച് അവരുടെ രഹസ്യ സംഘത്തില്‍ അംഗങ്ങളാകുന്നു.

തുടര്‍ന്ന് അധ്യാപകനായ റെയ്നറുടെ അറിവ് കൂടാതെ അവര്‍ സംഘം ചേരുകയും അതിലെ അംഗങ്ങള്‍ അല്ലാത്തവരെ പുച്ചത്തോടെ കണ്ടു തുടങ്ങുകയും ചെയ്യുന്നു. തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും പ്രത്യേക വൈശിഷ്യമുള്ളവരാണെന്നു അവര്‍ കരുതുന്നു. അവരുടെ കൂട്ടത്തിനിപ്പോള്‍ വേട്ടക്കാരുടെ മനോഭാവമാണ്, അവര്‍ക്ക് ഇരകള്‍ വേണം. തങ്ങളുടെ കൂട്ടത്തിലല്ലാത്തവരെ അവര്‍ ഇരകളായി കരുതുന്നു.

പതിയെ ഒരു ചെറു പരീക്ഷണമായി തുടങ്ങിയ ഇത് സംഘത്തിന്റെ ഔദ്യോഗിക നേതാവായ അധ്യാപകന്റെ കൈവിട്ടു പോകുകയും നിയന്ത്രണാതീതമായി തീരുകയും ചെയ്യുന്നു. തന്റെ പരീക്ഷണം അവസാനിപ്പിക്കാനും the wave പിരിച്ചു വിടാനും അയാള്‍ ശ്രമിക്കുന്നു. പക്ഷെ അപ്പോഴേയ്ക്കും അത് കൂടാതെ ഒരു ജീവിതം സാധ്യമല്ല എന്ന രീതിയിലേയ്ക്ക് അതിലെ അംഗങ്ങള്‍ എത്തിപ്പെടുകയും അയാളെ വിശ്വാസ വഞ്ചകന്‍ എന്ന് വിളിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് നടക്കുന്ന അനിവാര്യമായ ചില പരിണിത ഫലങ്ങളാണ് സിനിമയില്‍.

4-the-wave

1967ല്‍ താന്‍ നടത്തിയ പരീക്ഷണത്തെ കുറിച്ച് റോണ്‍ ജോണ്‍സ് "The Third Wave" എന്ന ഒരു കുറിപ്പ് എഴുതിയിരുന്നു. അത് പിന്നീട് 1981ല്‍ ഒരു ടെലിവിഷന്‍ മൂവിയായി. അതേ വര്‍ഷം
ഈ സംഭവത്തെ കുറിച്ച് Morton Rhue എഴുതിയ "The Wave" എന്നൊരു പുസ്തകവും പുറത്തു വന്നു. അത് വളരെ പ്രസിദ്ധി നേടുകയും ചെയ്തു.

സിനിമയുടെ സംവിധായകനായ Dennis Gansel പറഞ്ഞത് നാസി ജര്‍മ്മനിയുടെ ചരിത്രം കേട്ട് ചെകിടിച്ച ഒരു സ്കൂള്‍ കാലമായിരുന്നു തന്റെതെന്നും തന്റെ രാജ്യത്തിന്റെ യാഥാര്‍ത്ഥ ചരിത്രത്തില്‍ താല്പര്യം തോന്നിയത് Schindler's List എന്ന സിനിമ കണ്ടതിനു ശേഷമാണ് എന്നാണ്.

5-the-wave

അല്ലെങ്കിലും ഔദ്യോഗിക ചരിത്രം അപ്പപ്പോഴത്തെ അധികാരികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ വളച്ചൊടിക്കപ്പെട്ട ഒന്നാണല്ലോ. യഥാര്‍ത്ഥ ചരിത്രം പറയുന്നത് കാലങ്ങള്‍ക്ക് ശേഷം പുറത്തു വരുന്ന നോവലുകളോ സിനിമകളോ ഓര്‍മ്മക്കുറിപ്പുകളോ ഒക്കെയാവും.

ചെറുതോ വലുതോ ആകട്ടെ ഫാസിസം ജനാധിപത്യത്തിലേയ്ക്ക് നുഴഞ്ഞു കയറുകയും അതിനെ അപഹരിക്കുകയും ചെയ്യുന്ന രീതി എന്നും ഒന്ന് തന്നെയാണ്. ലോക ചരിത്രത്തെ കുറിച്ച് ഒരല്പം ധാരണയുള്ളവര്‍ക്ക് ഇതിനു കൃത്യമായ മുന്‍ മാതൃകകള്‍ കണ്ടെത്താനാവും. അതുകൊണ്ട് തന്നെയാണ് ഭീതിതമായ ചില നിലവിളികള്‍ നമുക്ക് ചുറ്റും ഉയരുന്നത്. അതിനെ 'പുലി വരുന്നേ പുലി' എന്ന പറ്റിക്കല്‍ വിലാപമെന്നു കരുതുന്നവര്‍ ഒരല്‍പം ചരിത്രം മനസ്സിലാക്കാന്‍ ശ്രമിക്കുക. ഇത്തരം നിലവിളികള്‍ക്കു നേരെ കണ്ണടയ്ക്കുകയും എന്നാല്‍ പിന്നീട് അവരുടെ സ്വന്തം നിലവിളികള്‍ക്കു കാതോര്‍ക്കാന്‍ ആരുമില്ലാതെ പോവുകയും ചെയ്ത ഒരുപാട് സമൂഹങ്ങള്‍ നമുക്ക് മുന്‍പേയുണ്ട്. ഇപ്പോള്‍ നാമും അത്തരമൊരു അവസ്ഥയിലാണ്.

കൃത്യമായ പദ്ധതികളോട് തന്നെയാണ് ചരിത്രം മാറ്റിയെഴുതാനും എതിര്‍ സ്വരങ്ങളെ അടിച്ചമര്‍ത്താനുമുള്ള പരിശ്രമങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നത്. ചരിത്രമെന്നത് തന്നെ അനാവശ്യമെന്ന് കരുതുന്ന, ആരാഷ്ട്രീയതയില്‍ മുങ്ങി താണ് കിടക്കുന്ന ഒരു സമൂഹമാണ് അവര്‍ക്ക് വേണ്ടത്. കാരണം അവര്‍ക്ക് പറയാനുള്ളത് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഒരു പുതിയ ചരിത്രമാണ് അവര്‍ക്ക് വേണ്ടത് ബഹുസ്വരതകള്‍ ഇല്ലാതാക്കപ്പെട്ട അടിമകളുടെ ഒരു സമൂഹമാണ്.

ഒന്നുമാത്രം, ലോക ചരിത്രത്തെ കുറിച്ചു പറയുന്ന, നിങ്ങളുടെ കണ്ണ് തുറപ്പിക്കുന്ന കുറെ നല്ല സിനിമകളുണ്ട് ലോകത്തിലെ ഭാഷകള്‍ക്കും രാജ്യതിര്‍ത്തികള്‍ക്കും അതീതമായി. അവ കാണാന്‍ ശ്രമിക്കുക.

കൂടുതല്‍ ലോകസിനിമാ വിശേഷങ്ങള്‍ക്ക് വെള്ളിത്തിര

English summary
Vellithira talking about The Wave German Movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X