കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാമറ തോക്കും കണ്ണാടിയുമാകുമ്പോള്‍

  • By Desk
Google Oneindia Malayalam News

ടോണി തോമസ്‌

ചില സിനിമകള്‍ സത്യത്തിനു നേരെ തിരിച്ചു പിടിച്ച കണ്ണാടി പോലെയാണ്. അത് തകര്‍ക്കപ്പെടേണ്ടത് ചിലരുടെ ആവശ്യവും. എങ്കിലും ചിതറിത്തെറിക്കുന്ന ഓരോ കഷണങ്ങളും സത്യത്തെ പല കോണുകളില്‍ നിന്നും പ്രതിഫലിപ്പിച്ചു കൊണ്ടേയിരിക്കും. സമീപകാലത്ത് കണ്ട മികച്ചൊരു രാഷ്ട്രീയ സിനിമയായ Manuscripts Don't Burn ആണ് ഇന്നത്തെ സിനിമ.

Manuscripts Don't Burn (2013)

യഥാര്‍ത്ഥത്തില്‍ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണീ സിനിമ. അതും 20 വര്‍ഷത്തേയ്ക്ക് സിനിമകള്‍ ചെയ്യരുത് എന്ന വിലക്കിന് കീഴില്‍ സംവിധായകനായ മുഹമ്മദ്‌ റസൂലോഫ് കഴിയുമ്പോള്‍. അതുകൊണ്ട് തന്നെ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വളരെ രഹസ്യമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഔട്ട്‌ഡോര്‍ ഷോട്ടുകള്‍ ഇറാനിലും ഇന്റീരിയര്‍ മുഴുക്കെ ജര്‍മ്മനിയിലും ആണ് ചിത്രീകരിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ റസൂലോഫിഫിന്റെതൊഴികെ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരുടെയോ അഭിനേതാക്കളുടെയോ പേരുവിവരങ്ങള്‍ പുറത്തു വിടുകയും ചെയ്തിട്ടില്ല.

manuscripts-poster

ഈ സിനിമ കാണുന്നതിനു മുന്‍പ് ഇറാന്‍റെ രാഷ്ട്രീയ-സിനിമാ ചരിത്രത്തെ കുറിച്ച് അല്പം അറിഞ്ഞിരിക്കുന്നത് കൂടുതല്‍ മികച്ച ആസ്വാദനത്തിനു നല്ലതാണ്. നീണ്ട കാലം അമേരിക്കന്‍ പിന്തുണയോടെ ഷാ രാജ വാഴ്ചയുടെ കീഴിലായിരുന്ന ഇറാന്‍ 1979ല്‍ പല ഇടതുപക്ഷ, ഇസ്ലാമിക് സംഘടനകളുടെ പിന്തുണയോടെ അയത്തുള്ള ഖൊമൈനിയുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവത്തിനെ തുടര്‍ന്നാണ്‌ ഒരു ഇസ്ലാമിക് റിപ്പബ്ലിക് ആയത്. പക്ഷെ അടിസ്ഥാന വര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം ഒരുപാട് സ്വപ്നങ്ങളോടെ സ്വീകരിക്കപ്പെട്ട ഇത് അവരുടെ ജീവിതാവസ്ഥകള്‍ക്ക് വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല. സ്റ്റേറ്റിന്റെ ഭരണത്തിനു കീഴില്‍ അവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുകയാണുണ്ടായത്.

iranian-films

ഇറാനിയന്‍ സിനിമയെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഈ മാറ്റം വ്യക്തമായി കാണാം. '79നു മുന്‍പ് ഷാ എന്ന വില്ലനെ കേന്ദ്രീകരിച്ചായിരുന്നു സിനിമകള്‍. പിന്നീട് സാമൂഹിക പ്രശ്നങ്ങളെയും യാഥാസ്ഥിതിക മുസ്ലിം സമൂഹത്തിന്റെ കടും പിടുത്തം മൂലം സാധാരണക്കാരന്‍ നേരിടുന്ന പ്രശ്നങ്ങളെയുമാണ് അവ പൊതുവെ കൈകാര്യം ചെയ്തിരുന്നത്. ഈ കാലത്തില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ തുറന്നു കാണിക്കുന്ന സിനിമകള്‍ എടുത്തതിന്റെ പേരില്‍ അബാസ് കിരോസ്താമി, ജാഫര്‍ പനാഹി, മുഹമ്മദ്‌ റസൂലോഫ് തുടങ്ങിയവരുടെ സിനിമകള്‍ നിരോധിക്കപെടുകയും സിനിമ എടുക്കുന്നതില്‍ നിന്ന് തന്നെ അവര്‍ വിലക്കപ്പെടുകയും ചെയ്യപ്പെട്ടു. ജാഫര്‍ പനാഹി വീട്ടു തടങ്കലില്‍ ആക്കപ്പെട്ടു, കിരോസ്താമി നാട് വിട്ടു. റസൂലോഫ് 2010ല്‍ അനുവാദമില്ലാതെ ഷൂട്ട്‌ ചെയ്തു എന്നാരോപിക്കപ്പെട്ട് അറസ്റ്റു ചെയ്യപ്പെടുകയും 6 വര്‍ഷത്തിനെ തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു. പിന്നീട് ഈ ശിക്ഷ ഒരു വര്‍ഷമായി ചുരുക്കപ്പെടുകയും ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയുമാണ്.

ഇതു കൊണ്ടൊക്കെ തന്നെ സിനിമ എന്നത് ഇറാനെ സംബന്ധിച്ചിടത്തോളം ഒരു വിനോദോപാധി മാത്രമല്ല മറിച്ച് സത്യം വിളിച്ചു പറയാനും വിപ്ലവത്തിനുമുള്ള മികച്ചൊരു ആയുധം കൂടിയാണ്. ഭരണകൂടം സിനിമയെ ഇത്രമേല്‍ ഭയക്കുന്നതും മറ്റൊന്നും കൊണ്ടല്ല. പേര്‍ഷ്യന്‍ സിനിമകളുടെ തീവ്രത നിങ്ങളെ പിടിച്ചുലയ്ക്കുന്നത് അവ ആത്മാവിന്റെ നോവുകളില്‍ നിന്നും ജനിക്കുന്ന സന്തതികള്‍ ആയതു കൊണ്ടാണ്.

ഇനി സിനിമയിലേയ്ക്ക് വരാം. 1988-98 കാലഘട്ടത്തില്‍ എഴുത്തുകാരും, ബുദ്ധിജീവികളും, രാഷ്ട്രീയപ്രവര്‍ത്തകരും, സാധാരണക്കാരുമുള്‍പെടെ എണ്‍പതോളം പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടു. 'Chain Murders' എന്ന പേരില്‍ നടന്ന ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഭരണകൂടത്തിന്റെ ഭീതി തന്നെയായിരുന്നു കാരണം. ആ കാലത്തിലെ ചില സംഭവങ്ങള്‍ തന്നെയാണ് ചിത്രത്തില്‍ വിഷയമാകുന്നത്.

manuscripts-dont-burn-002

വാടക കൊലയാളികള്‍ എന്ന് തോന്നുന്ന രണ്ടു പേരുടെ പിന്നാലെയാണ് തുടക്കത്തില്‍ സിനിമ സഞ്ചാരം തുടങ്ങുന്നത്. അവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി വന്നു കൊണ്ടിരിക്കുന്നു. അവരിലൊരാളുടെ കുടുംബത്തിലെയ്ക്കും ഇടയ്ക്ക് നമ്മെ കൊണ്ടുപോകുന്നുണ്ട്. അയാളുടെ കുട്ടിക്ക് അസുഖമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. അവന്റെ ചികിത്സാ ചെലവിനു വേണ്ട പണം കിട്ടാനാണ്‌ അയാള്‍ ഈ കൃത്യത്തില്‍ ഏര്‍പ്പെടുന്നത്. ചെയ്യാന്‍ പോകുന്ന കൃത്യത്തെക്കാള്‍ അയാള്‍ അസ്വസ്ഥനാകുന്നത് ഇനിയും അയാളുടെ അക്കൗണ്ടില്‍ വന്നു ചേരാത്ത പണത്തെകുറിച്ചാണ്. ചിത്രത്തില്‍ ഉടനീളം അവര്‍ നിസ്സംഗരാണ്.

പിന്നീട് നാം കാണുന്നത് എഴുത്തുകാരായ രണ്ടു പേരുടെ ജീവിതമാണ്. അവരുടെ സംഭാഷണത്തില്‍ നിന്നും ഇറാനിലെ ബോധമുള്ള മനുഷ്യരും എഴുത്തുകാരുമനുഭവിക്കുന്ന പ്രശ്നങ്ങള്‍ നാം അറിയുന്നത്. ഭരണ കൂടത്തിനെതിരെന്ന്‍ അവര്‍ക്ക് തോന്നുന്ന എന്തും നിരോധിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യകയാണ്. അതുകൊണ്ട് തന്നെ ഭീതി മൂലം പലരും എഴുത്ത് തന്നെ നിര്‍ത്തിയിരിക്കുന്നു. ബാക്കിയുള്ളവര്‍ റൊമാന്റിക്‌ കവിതകളും സുഖിപ്പിക്കല്‍ സൃഷ്ടികളുമായി സുരക്ഷിതത്വത്തില്‍ കഴിയുന്നു. സംശയമുള്ള എല്ലാവരുടെയും ഫോണ്‍ സംഭാഷണങ്ങളും മറ്റും ടാപ്പ് ചെയ്യപ്പെടുകയും അവരുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നു. അതില്‍ ഒരെഴുത്തുകാരന്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ താനറിഞ്ഞ ചില സത്യങ്ങളെ നോവല്‍ രൂപത്തില്‍ എഴുതുകയാണെന്ന് മനസ്സിലാക്കിയ അധികാരികള്‍ ആ കൃതിയുടെ എല്ലാ പകര്‍പ്പുകളും കണ്ടെത്താന്‍ ശ്രമിക്കുകയും അതിന്റെ ഉടമസ്ഥരെയും സൃഷ്ടാവിനെയും നശിപ്പിച്ച് സത്യത്തിന്റെ എല്ലാ തെളിവുകളും ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമാണ് . അതിനവര്‍ കരാര്‍ ഏല്‍പ്പിച്ച രണ്ടു പേരെയാണ് നാം ആദ്യം കണ്ടത്. അവര്‍ക്ക് നിത്യവൃത്തിക്കുള്ള ഒരു തൊഴില്‍ മാത്രമാണിത്. ഈ പാപത്തിന്റെ കറ എന്റെ കുഞ്ഞിനെ വെറുതെ വിടില്ല എന്നയാള്‍ ഇടയ്ക്കിടെ പറയുന്നുണ്ട്.

manuscripts-dont-burn-1

എന്നാല്‍ ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന ഭരണകൂടത്തിന്റെ പ്രതീകമായ വ്യക്തിക്കാവട്ടെ താന്‍ ചെയ്യുന്നത് സ്റ്റേറ്റിന്റെയും, മതത്തിന്റെയും, വിശ്വാസികളുടെയും സുരക്ഷിതത്വത്തിന് വേണ്ടിയാണെന്ന കൃത്യമായ ന്യായീകരണമുണ്ട്. മധ്യകാല മതാധിഷ്ടിത ഭരണത്തിന്റെയും ആധുനിക ടെക്നോക്രസിയുടെയും മികച്ച സങ്കരമാണയാള്‍. ഒരു ഘട്ടത്തിലും തന്റെ പ്രവൃത്തികളെക്കുറിച്ച് അയാള്‍ക്ക്‌ യാതൊരു പശ്ചാത്താപവുമില്ല. സാമ്പ്രദായിക മാധ്യമങ്ങളിലെ പ്രതിഷേധത്തിന്റെ ഓരോ സ്വരങ്ങളും എഡിറ്റിംഗ് മേശയില്‍ മുറിച്ചെറിയപ്പെടുന്നു. അത് പുറത്തു വന്നാലുണ്ടാകാവുന്ന പരിണിത ഫലങ്ങളെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ട് തന്നെ രാവും പകലുമില്ലാതെ വേറിട്ട ഓരോ ശബ്ദത്തെയും അടിച്ചമര്‍ത്താന്‍ അവര്‍ കര്‍മ്മനിരതരാണ്. അതിനവര്‍ ആശ്രയിക്കുന്നതാകട്ടെ തന്റെ കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന, ഒന്നിനെക്കുറിച്ചും ആകുലരാകാന്‍ ശേഷിയില്ലാത്ത നിസ്സഹായരായ മനുഷ്യരെയും. അവരെന്ന കാലാള്‍പടയെ യുദ്ധത്തിനു വിട്ടു ബുദ്ധികേന്ദ്രങ്ങള്‍ നിശബ്ദരായി ഫലം കാത്തിരിക്കുന്നു. ആ ഭീകരതയെ തീവ്രമായി അനുഭവിപ്പിക്കുന്നുണ്ട് ഈ സിനിമ.
dont-burn-2

തങ്ങളുടെ വിഡ്ഢിത്തങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നില്ല, നിലനില്‍പ്പിന് ഭീഷണിയാകുന്നു എന്നീ കാരണങ്ങള്‍ കൊണ്ട് വേട്ടയാടപ്പെടുന്ന എക്കാലത്തെയും മനുഷ്യരെ ഈ സിനിമ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഒരുപാട് കഥാപാത്രങ്ങള്‍ ഒന്നുമില്ല ഇതില്‍ എങ്കിലും സമൂഹത്തിന്റെ പല തട്ടിലുള്ള മനുഷ്യരെ മതവും അധികാരവും പണവും എങ്ങനെ സ്വാധീനിക്കുന്നു എന്നും മാനസികവും ശാരീരികവുമായി എങ്ങനെ ഞെരുക്കി കളയുന്നു എന്നും കൃത്യമായി കാണിച്ചു തരുന്നുണ്ട്. അവസാന ഷോട്ടിലൊഴികെ ഒരിടത്തും പശ്ചാത്തല സംഗീതം ഉപയോഗിച്ചിട്ടില്ല. യാഥാര്‍ത്ഥ്യം അതിന്റെ തീവ്രതയില്‍ നമ്മിലേയ്ക്ക് ആഴ്ന്നിറങ്ങുന്നുണ്ട്. ഒരു മനുഷ്യനെ ശ്വാസം മുട്ടി മരിക്കാന്‍ വിട്ടിട്ട് ഒരു സിഗരറ്റും വലിച്ച് അയാളുടെ മരണം കാത്തിരിക്കുന്നൊരു സീനുണ്ടിതില്‍. ആ ശ്വാസം മുട്ടല്‍ നമ്മിലെയ്ക്കും പതിയെ പടര്‍ന്നു കയറും. കാരണം ആ മരണം നമ്മുടെ കൂടി മരണമാണ്. ആഗ്രഹിക്കാനും ശബ്ദിക്കാനും പോലുമുള്ള അവകാശങ്ങള്‍ നഷ്ടപ്പെട്ട ഓരോ മനുഷ്യന്റെയും മരണം. സിനിമയുടെ genre തിരിവുകളെയോ രീതി ശാസ്ത്രങ്ങളെയോ കുറിച്ച് റസൂലോഫ് ഒട്ടുമേ വെവലാതിപ്പെടുന്നതായി തോന്നുന്നില്ല ഇതില്‍. അയാള്‍ക്ക്‌ ഒരു കാര്യം പറയാനുണ്ട്. മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദമാണയാള്‍. നിശബ്ദമാക്കപ്പെട്ട ഒരുപാട് പേരുടെ ജിഹ്വ കൂടിയാണയാളുടെ സിനിമ. അതുകൊണ്ട് തന്നെ വരും വരായ്കകളെ കുറിച്ച് ഒട്ടുമേ ആകുലതപ്പെടാതെ സൃഷ്ടിക്കപ്പെട്ട ധീരമായ ഒരു കലാസൃഷ്ടി കൂടിയാണിത്. ഒപ്പം, തന്നോട് സിനിമ എടുക്കരുതെന്ന് കല്‍പിച്ച ഭരണ കൂടത്തോടുള്ള മധുര പ്രതികാരവും.

ഒരു ശ്രദ്ധേയ സംഭാഷണം:
"പോരാട്ടങ്ങളും മാറ്റത്തിന് വേണ്ടിയുള്ള ആഗ്രഹവും ഒരുപാട് കാലങ്ങള്‍ക്ക് മുന്‍പെ അവസാനിച്ചിരിക്കുന്നു. ഇന്നത്തെ തലമുറ രാഷ്ട്രീയത്തെപ്പറ്റി ഒട്ടുമേ ഗൌനിക്കുന്നില്ല. അവര്‍ ആനന്ദത്തോടെ ജീവിക്കാന്‍ മാത്രം ആഗ്രഹിക്കുന്നു. ആഹ്ലാദം, വേഗം, ഫേസ്ബുക്ക്‌, ട്വിറ്റര്‍ അതൊക്കെയാണ്‌ അവരുടെ ലോകം. സ്റ്റീവ് ജോബ്സാണവരുടെ ആരാധനാ പാത്രം"
"പക്ഷെ നിങ്ങള്‍ പറഞ്ഞ ഈ വെബ്ബും, ഫേസ്ബുക്കും, ട്വിറ്ററും, അതിലൂടെയാണ് അവര്‍ പ്രതികരിക്കുന്നത്. അവിടെ നിന്നും വേറിട്ട സ്വരങ്ങള്‍ ഉയരുന്നുണ്ട്."

ഇനി സിനിമയുടെ പേരിനെകുറിച്ച്. സോവിയറ്റ് യൂണിയന്‍ വിമത നോവലിസ്റ്റായിരുന്ന മിഖായേല്‍ ബുള്‍ഗക്കോവിന്റെ ഒരിക്കല്‍ നിരോധിക്കപ്പെട്ടിരുന്ന നോവലായ 'Mater & Margarita' യിലെ ഒരു പദപ്രയോഗമായിരുന്നു Manuscripts Don't Burn. ഈ പേരിന്റെ തിരഞ്ഞെടുപ്പിലൂടെ പഴയ USSR ലെ വിമത കലാകാരന്മാരുടെ അവസ്ഥയും സമകാലീന ഇറാനിയന്‍ സിനിമാക്കാരുടെ അവസ്ഥയും ഒന്ന് തന്നെയാണെന്ന വ്യക്തമായ സൂചന നല്കുകകയാണ് റസൂലോഫ്.

വര്‍ത്തമാന രാഷ്ട്രീയ കാലാവസ്ഥയില്‍ ഈ സിനിമ ഒരുപാട് വാചാലമാകുന്നുണ്ട്. പ്രതിഷേധ സ്വരമുയര്‍ത്തുന്നവരുടെ വായ മൂടിക്കെട്ടപ്പെടുകയും, കാലഹരണപ്പെട്ടത് എന്ന് കരുതി 'മനുഷ്യന്‍' ഉപേക്ഷിച്ച പല വിഡ്ഢിത്തങ്ങളും പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരികയും, ഏതെങ്കിലും ഒരു കള്ളിയില്‍ കയറി നില്‍ക്കാതെ നിങ്ങള്‍ക്ക് രക്ഷയില്ലാതെയാവുകയും ചെയ്യുന്ന ഈ കാലത്തില്‍, ഇരുട്ടില്‍ തെളിച്ചു വെച്ച ഒരു വെളിച്ചം പോലെ ഈ സിനിമ ഒരു ആശ്വാസമാകുന്നു. അത് പരിഹാരങ്ങള്‍ എന്തെന്ന് പറയുന്നില്ല, ശുഭ പ്രതീക്ഷകള്‍ നല്‍കുന്നുമില്ല. പക്ഷെ അത് നിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്. ഇത്തരം അസ്വസ്ഥതകളാണ് മനുഷ്യനെ ഇന്ന് കാണുന്ന പുരോഗതിയില്‍ എത്തിച്ചതും.

Director: Mohammad Rasoulof

ട്രെയിലര്‍ കാണാം:

English summary
Manuscripts Don’t Burn, a strong example for brave and defiant film-making
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X