ചുവപ്പുമഴയ്ക്കു കാരണം ആല്‍ഗകള്‍

Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ 2001 ജൂലായ്, ആഗസ്ത് മാസങ്ങളില്‍ ഉണ്ടായ ചുവപ്പുമഴയ്ക്ക് കാരണം ഒരു പ്രത്യേക ഇനം ആല്‍ഗയാണെന്ന് കണ്ടെത്തി. മഴയ്ക്ക് കാരണമായ മേഘങ്ങളില്‍ ട്രെന്റോപോളിയ എന്ന ഈ ആല്‍ഗകളുടെ ബീജങ്ങള്‍ ധാരാളമായുണ്ടായിരുന്നതിനാലാണ് ചുവപ്പുമഴ പെയ്തതെന്നും കണ്ടെത്തി.

സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റഡീസും(സെസ്) ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടും(ടിബിജിആര്‍ഐ) നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. പക്ഷെ മഴമേഘങ്ങളില്‍ ആല്‍ഗകളുടെ ബീജങ്ങള്‍ ഇത്രയധികം ഉണ്ടായതെങ്ങനെയെന്ന ചോദ്യം ശാസ്ത്രജ്ഞരെ കുഴക്കുന്നു.

മരങ്ങളിലും പാറകളിലും വിളക്കുകാലുകളിലുമാണ് ട്രെന്റോപോളിയ എന്ന ആല്‍ഗകളെ സാധാരണ കണ്ടുവരുന്നത്. ഈ ആല്‍ഗകളുടെ ബീജങ്ങളില്‍ കണ്ടുവരുന്ന ഹീമാറ്റോക്രോം എന്ന പദാര്‍ത്ഥമാണ് ചുവപ്പുനിറത്തിന് കാരണമെന്നും കരുതുന്നു.

ഉല്ക്ക പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അതിന്റെ അവശിഷ്ടങ്ങല്‍ മേഘങ്ങളില്‍ കലര്‍ന്നതാകാം കേരളത്തിലെ പത്ത് ജില്ലകളില്‍ ചുവപ്പുമഴ പെയ്തതിനു കാരണമെന്ന് ശാസ്ത്രജ്ഞര്‍ ഊഹിച്ചിരുന്നു. ജൂലായ് 25ന് ചങ്ങനാശേരിയില്‍ പെയ്ത ചുവപ്പുമഴയ്ക്കുമുമ്പ് വലിയ ശബ്ദത്തില്‍ ഇടിവെട്ടിയിരുന്നതായി പറയപ്പെടുന്നു. സാധാരണ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിനോടനുബന്ധിച്ച് ഇടിവെട്ടാറില്ലത്രെ. അതുകൊണ്ട് ഈ വലിയ ശബ്ദം ഉല്ക്ക പൊട്ടിത്തെറിച്ചുണ്ടായതാകാമെന്ന ഊഹം ശരിയായേക്കാമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

ഈ ഗവേഷണഫലം ഉടനെ സര്‍ക്കാരിന് കൈമാറുമെന്നും സെസിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. വിശദമായ മൈക്രോബയോളജി പരീക്ഷണങ്ങള്‍ക്കു ശേഷം മാത്രമേ ആല്‍ഗകളുടെ ബീജങ്ങള്‍ ഇത്രയ്ക്ക് വര്‍ധിച്ച തോതില്‍ മേഘങ്ങളിലുണ്ടായതെങ്ങനെയെന്ന ചോദ്യത്തിന് കൃത്യമായി വിശദീകരണം നല്കാന്‍ കഴിയൂ.

Please Wait while comments are loading...