സ്‌കൂളുകളില്‍ ഫീസിനത്തില്‍ തീവെട്ടിക്കൊള്ള!കീശ കാലിയായ രക്ഷിതാക്കള്‍ സ്വന്തം സ്‌കൂള്‍ തുറന്നു....

  • By: Afeef
Subscribe to Oneindia Malayalam

ബെംഗളൂരു: സ്വകാര്യ സ്‌കൂളുകളിലെ അന്യായമായ ഫീസ് വര്‍ദ്ധനവ് താങ്ങാനാകാത്ത രക്ഷിതാക്കള്‍ ചേര്‍ന്ന് സ്വന്തമായി സ്‌കൂള്‍ തുടങ്ങി. ബെംഗളൂരു വൈറ്റ്ഫീല്‍ഡ് നിവാസികളായ ഏതാനുംപേര്‍ ചേര്‍ന്നാണ് സ്‌കൂള്‍ ആരംഭിച്ചിരിക്കുന്നത്. നഗരത്തിലെ മറ്റ് സ്‌കൂളുകളിലെ അന്യായമായ ഫീസും നിലവാര തകര്‍ച്ചയുമാണ് രക്ഷിതാക്കളെ സ്വന്തം സ്‌കൂള്‍ തുടങ്ങുന്നതിലേക്ക് നയിച്ചത്.

ഗുരുകുല്‍ എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച്, അതിന് കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക. സ്‌കൂളുകളിലെ ഉയര്‍ന്ന ഫീസിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളിലൂടെയാണ് പുതിയ സംരഭത്തിന്റെ തുടക്കമെന്ന് ട്രസ്റ്റ് സ്ഥാപകരിലൊരാളായ അഭിലാഷ് മട്‌ലപുടി പറഞ്ഞു. ഈ ചര്‍ച്ചകളില്‍ നിന്നാണ് രക്ഷിതാക്കളെല്ലാം ചേര്‍ന്ന് ഒരു സ്‌കൂള്‍ ആരംഭിച്ചാലോ എന്ന ആശയം ഉടലെടുത്തത്.

student

വൈറ്റ്ഫീല്‍ഡിലും പരിസരത്തുമുള്ള രക്ഷിതാക്കളെ കൂടി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ അംഗമാക്കുകയും, പദ്ധതിയെക്കുറിച്ച് അഭിപ്രായം തേടുകയും ചെയ്തു. എല്ലാവരില്‍ നിന്നും പിന്തുണ ലഭിച്ചതോടെയാണ് സ്‌കൂള്‍ തുടങ്ങാനുള്ള പദ്ധതികളുമായി മുന്നോട്ട് പോയത്. ആദ്യഘട്ടമായി 14 പേര്‍ പതിനായിരം രൂപ വീതമാണ് സ്‌കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനത്തിനായി നീക്കിവെച്ചത്.

ഈ അധ്യയന വര്‍ഷം മുതല്‍ തന്നെ അധ്യയനം ആരംഭിക്കാനാണ് ഗുരുകല്‍ ട്രസ്റ്റ് അംഗങ്ങളുടെ തീരുമാനം. ഫീസിനെ സംബന്ധിച്ച് രക്ഷിതാക്കളുമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കൂ. ലാഭയിനത്തില്‍ ലഭിക്കുന്ന തുക സ്‌കൂളിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും അധ്യാപകരുടെ ശമ്പളത്തിനും ഉപയോഗിക്കാനാണ് തീരുമാനം. മറ്റു സന്നദ്ധ സംഘടനകളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നതായും അറുപതോളം കുട്ടികളുമായി ഈ അധ്യയന വര്‍ഷം സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നുമാണ് അഭിലാഷ് പറഞ്ഞത്.

English summary
Parents From Bengaluru Are Opening Their Own School.
Please Wait while comments are loading...