കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫത്ഹുമായി യോജിച്ചു നീങ്ങാന്‍ ഹമാസ് സമ്മതിച്ചു; ഗാസ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പിരിച്ചുവിട്ടു

  • By Desk
Google Oneindia Malayalam News

ഗാസ സിറ്റി: ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്ഹ് വിഭാഗവുമായി യോജിച്ചു നീങ്ങാനും ഫലസ്തീനില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താനും ഹമാസ് നേതാക്കള്‍ സമ്മതിച്ചു. മഹ്മൂദ് അബ്ബാസ് മുന്നോട്ടുവച്ച സുപ്രധാന ആവശ്യങ്ങള്‍ തങ്ങള്‍ അംഗീകരിക്കുന്നതായി ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഹമാസ് രൂപീകരിച്ച ഗസ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പിരിച്ചുവിട്ടു. സമാന്തര ഭരണകൂടമായി ഫലസ്തീന്‍ അതോറിറ്റി ഇതിനെ കുറ്റപ്പെടുത്തിയിരുന്നു.

അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഐക്യസര്‍ക്കാരിനെ ഗസയിലേക്ക് ക്ഷണിക്കുന്നതായി ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഫത്ഹ് വിഭാഗവുമായി ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നും അവര്‍ അറിയിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഫത്ഹ് വിഭാഗത്തെ പരാജയപ്പെടുത്തിയ ഹമാസിനാണ് 2007 മുതല്‍ ഗസയുടെ നിയന്ത്രണം. ഇതിനു ശേഷം ഇരു വിഭാഗവും പരസ്പരം ശത്രുതയോടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2014ല്‍ ഐക്യസര്‍ക്കാര്‍ രൂപം കൊണ്ടിരുന്നുവെങ്കിലും ഗസയില്‍ അതിന് നിയന്ത്രണമുണ്ടായിരുന്നില്ല. ഹമാസിന്റെ തീരുമാനത്തെ ഫത്ഹ് വിഭാഗം സ്വാഗതം ചെയ്തിട്ടുണ്ട്.

hamaslogo

വളരെ ശുഭാപ്തിവിശ്വാസത്തോടെയാണ് ഹമാസിന്റെ തീരുമാനത്തെ ഫത്ഹ് നോക്കിക്കാണുന്നതെന്ന് മഹ്മൂദ് അബ്ബാസിന്റെ ഉപദേഷ്ടാവ് നബീല്‍ ശാത്ത് പറഞ്ഞു. ഐക്യസര്‍ക്കാര്‍ ഗസയിലും വെസ്റ്റ് ബാങ്കിലും ഭരണം നടത്തുകയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഗസാ നിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നതോടെ ആദ്യ പടി കടക്കാനാവും. രണ്ടാമത്തെ പടിയായാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തിന്റെ നേതൃത്വത്തില്‍ ഇരുവിഭാഗവും തമ്മില്‍ കെയ്‌റോയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പരസ്പരം സഹകരിച്ച് മുന്നോട്ടുപോവാന്‍ തീരുമാനമായത്.

എന്നാല്‍ പുതിയ നീക്കം എത്രമാത്രം വിജയിക്കുമെന്ന കാര്യം കണ്ടറിയാനിരിക്കുന്നതേയുള്ളൂ. നേരത്തേയും ഇത്തരം അനുരഞ്ജന ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും പലവിഷയങ്ങളിലും തട്ടി തകരുകയായിരുന്നു. ഗസയുടെ സുരക്ഷാ ചുമതല വിട്ടുകൊടുക്കാന്‍ ഹമാസ് വിസമ്മതിച്ചതായിരുന്നു 2011ലെ അനുരഞ്ജന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്. എന്നാല്‍ ഇത്തവണ ഈജിപ്തിന്റെ നേതൃത്വത്തിലുള്ള അനുരഞ്ജന ശ്രമങ്ങള്‍ സ്വാഗതം ചെയ്യുകയല്ലാതെ ഹമാസിനു മുമ്പില്‍ മറ്റു വഴികളില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അത്രമാത്രം ദയനീയമാണ് ഗസയിലെ അവസ്ഥ. ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ചികില്‍സയോ വൈദ്യുതിയോ ലിഭിക്കാതെ വലിയൊരു ദുരന്തത്തിന് കാതോര്‍ത്തിരിക്കുകയാണ് ഗസയെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഐക്യസര്‍ക്കാര്‍ ഗസയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ ഹമാസ് ഗസ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചത്. ഇതോടെ ഇസ്രായേല്‍-ഈജിപ്ത് ഉപരോധത്താല്‍ കഷ്ടപ്പെടുകയായിരുന്ന ഗസയ്‌ക്കെതിരേ നടപടികള്‍ ശക്തമാക്കാന്‍ മഹ്മൂദ് അബ്ബാസും തീരുമാനിക്കുകയായിരുന്നു. ഗസയിലെ ജീവിതം അത്യന്തം ദുരിതപൂര്‍ണമായതിന്റെ പ്രധാന കാരണവും ഇതായിരുന്നു.

English summary
Hamas has agreed to talks with the rival Fatah movement and expressed its willingness to hold general elections in the Palestinian territories. In a statement issued on Sunday, Hamas said it has accepted key conditions set by President Mahmoud Abbas, and dissolved the Gaza administrative committee, a body viewed by Abbas' Palestinian Authority (PA) as a parallel government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X