• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സതീശന്റെ അഭിപ്രായങ്ങളോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മൗനം, കോൺഗ്രസിലും യുഡിഎഫിലും ഇനിയെന്ത്?

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ മാറ്റി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വിഡി സതീശന്‍ എത്തിയ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനോട് ചോദ്യങ്ങളുമായി സിപിഎം. കൊവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് വിഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു.

43ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ ചിത്രങ്ങള്‍ കാണാം

അതേസമയം വിഡി സതീശന്റെ അഭിപ്രായങ്ങളോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മൗനമാണെന്നും പ്രതിപക്ഷ നേതാവിന്റെ നിലപാടിലേക്ക് കോണ്‍ഗ്രസും യുഡിഎഫും വരില്ല എന്നതിന്റെ സൂചന ആണെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ വിലയിരുത്തുന്നു..

VD1

രമേശ് ചെന്നിത്തലയെ മാറ്റി പ്രതിപക്ഷ നേതാവായി വി ഡി സതീശനെ എഐസിസി നിർദേശിച്ച ശേഷം അദ്ദേഹം നടത്തിയ ചില പ്രതികരണങ്ങൾ മാധ്യമങ്ങൾ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നുണ്ട്. ശരിയാണ്, രാഷ്ട്രീയ കേരളം ഗൗരവമായി പരിഗണിക്കേണ്ട ചില വിഷയങ്ങൾ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. അതുപോലെ പ്രധാനമാണ്, കോൺഗ്രസിനകത്ത് വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് പ്രത്യക്ഷമായും പരോക്ഷമായും നടത്തിയ ചില അഭിപ്രായപ്രകടനങ്ങളും. കഴിഞ്ഞ അഞ്ചുവർഷം എൽഡിഎഫ് സർക്കാരിനോട് പ്രതിപക്ഷം സ്വീകരിച്ച നിലപാട് തീർത്തും നിഷേധാത്മകമായിരുന്നുവെന്ന വിമർശം സിപിഐ എം നേരത്തേ ഉന്നയിച്ചുവരുന്നതാണ്. യുഡിഎഫിന്റെ പരാജയം ഇത്ര ദയനീയമായതിന് ഈ നിഷേധാത്മക നയവും പങ്കുവഹിച്ചിട്ടുണ്ട്. ഈ നിലപാട് തിരുത്തി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാൻ തയ്യാറാകും എന്ന സൂചനകൾ സതീശന്റെ പ്രസ്താവനകളിലുണ്ട്.

VD2

കോവിഡ്-19 പ്രതിരോധിക്കാൻ സർക്കാരുമായി പ്രതിപക്ഷം കൈകോർക്കുമെന്നും സർക്കാർ ചെയ്യുന്ന എല്ലാ നല്ല കാര്യത്തിനും പിന്തുണ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നയവ്യതിയാനം സ്വാഗതാർഹമാണ്. ജനവിധിയിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ കോൺഗ്രസും യുഡിഎഫും തയ്യാറാകുന്നുവെങ്കിൽ അത്രയും നല്ലത്. സതീശന്റെ പ്രഖ്യാപനം അതിന്റെ അന്തഃസത്തയിൽ പ്രാവർത്തികമായാൽ സംസ്ഥാന താൽപ്പര്യത്തിന് ഗുണമാകുമെന്നതിൽ തർക്കമില്ല. വികസന കാര്യത്തിലും പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും നേരിടുന്നതിലും പ്രതിപക്ഷവുമായി അങ്ങേയറ്റം സഹകരിച്ചു പോകാനാണ് ഒന്നാം പിണറായി വിജയൻ സർക്കാർ ശ്രമിച്ചത്. ദൗർഭാഗ്യകരമെന്നു പറയട്ടെ, പ്രതിപക്ഷ നിലപാട് നിഷേധാത്മകമായിരുന്നു. അതിലേക്ക് ഇപ്പോൾ പോകുന്നില്ല. വി ഡി സതീശന്റെ പ്രഖ്യാപനങ്ങളിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുമോ എന്നതാണ് പ്രധാനം.

VD3

പുതിയ പ്രതിപക്ഷനേതാവ് ഉന്നയിച്ച മറ്റു വിഷയങ്ങൾകൂടി വിലയിരുത്തേണ്ടതുണ്ട്. അക്കാര്യങ്ങൾ ഇങ്ങനെ ചുരുക്കാം: ‘‘കോൺഗ്രസിലെ കാര്യങ്ങൾ കോൺഗ്രസിനകത്തുതന്നെ തീരുമാനിക്കണം. പാർടിക്ക് പുറത്തുള്ളവർ കാര്യങ്ങൾ തീരുമാനിക്കുന്ന സ്ഥിതി ഉണ്ടാകരുത്. ജാതി മത സംഘടനകൾക്ക് കോൺഗ്രസിൽ ഇടപെടാൻ കഴിയരുത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും എതിർത്തു തോൽപ്പിക്കണം''. കഴിഞ്ഞ ആറുപതിറ്റാണ്ടു കാലം കോൺഗ്രസ്‌ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകൾക്ക് കടകവിരുദ്ധമായ സമീപനമാണ് സതീശന്റേത്. കേരളത്തിന്റെ പൊതുബോധത്തിൽ വർഗീയതയ്‌ക്കും പ്രതിലോമതയ്ക്കും മാന്യസ്ഥാനം കിട്ടുന്ന നിലപാടാണ് കോൺഗ്രസ്‌ സ്വീകരിച്ചുപോന്നത്.

VD4

സതീശന്റെ പ്രസ്താവനയ്ക്കുശേഷവും അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായങ്ങൾക്ക് അനുകൂലമായി കോൺഗ്രസിൽനിന്നോ യുഡിഎഫിലെ മറ്റു ഘടകകക്ഷികളിൽ നിന്നോ പിന്തുണ ലഭിച്ചതായി കാണുന്നില്ല. കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ നിശ്ശബ്ദത പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. എന്തുകൊണ്ടാണ് ഈ മൗനമെന്ന് കോൺഗ്രസിനെയും യുഡിഎഫിനെയും നിരീക്ഷിക്കുന്നവർക്ക് ഊഹിക്കാവുന്നതേയുള്ളൂ. ജാതി മത സംഘടനകളെക്കുറിച്ച് സതീശൻ പ്രകടിപ്പിച്ച നിലപാട് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് കരുതുന്നവരാണ് കോൺഗ്രസ് നേതാക്കളിൽ അധികവും. അതവർ തുറന്നു പറയുന്നില്ലെന്നേയുള്ളൂ. പ്രതിപക്ഷ നേതാവിന്റെ നിലപാടിലേക്ക് കോൺഗ്രസും യുഡിഎഫും വരില്ല എന്നതിന്റെ സൂചനയാണത്.

VD5

കോൺഗ്രസിലെ കാര്യങ്ങൾ പാർടിയിൽത്തന്നെ തീരുമാനിക്കണമെന്നും ഒരു ജാതി മത സംഘടനയ്‌ക്കും ഇടപെടാൻ കഴിയരുതെന്നുമുള്ള പ്രസ്താവന, ആത്മപരിശോധനയ്‌ക്ക് ആ പാർടി തയ്യാറാകുന്നു എന്ന സൂചനയായി കാണാൻ കഴിയില്ല. കോൺഗ്രസിന്റെ നിലപാടുകളെ മുസ്ലിംലീഗ് അട്ടിമറിക്കുന്നു എന്ന വിമർശം തെരഞ്ഞെടുപ്പ് വേളയിൽ സിപിഐ എം ഉയർത്തിയിരുന്നു. അതിന്റെ പേരിലാണ് സിപിഐ എം മുസ്ലിംവിരുദ്ധ നിലപാട് എടുക്കുന്നു എന്ന പ്രചാരണവുമായി മുസ്ലിംലീഗ് രംഗത്തിറങ്ങിയത്. യുഡിഎഫിലെ അനൗപചാരിക ഘടകകക്ഷിയായ ജമാ അത്തെ ഇസ്ലാമിയും ഈ പ്രചാരണത്തിന്റെ മുമ്പിലുണ്ടായിരുന്നു. എന്നാൽ, മുസ്ലിം ജനസാമാന്യത്തെ തെറ്റിദ്ധരിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല.

VD6

സിപിഐ എം ഉയർത്തിയ വിമർശം വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. ജമാ അത്തെ ഇസ്ലാമിയെന്ന തീവ്രവർഗീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പാർടിയായ വെൽഫയർ പാർടിയുമായി പ്രാദേശിക തെരഞ്ഞെടുപ്പിൽ യുഡിഎഫ് സഖ്യമുണ്ടാക്കുന്നതിനെ എഐസിസി നേതൃത്വവും കെപിസിസി അധ്യക്ഷനും പരസ്യമായി എതിർത്തിരുന്നു. എന്നാൽ, മുസ്ലിംലീഗിന്റെ സമ്മർദത്തിന് വഴങ്ങി എതിർപ്പ് ഉപേക്ഷിക്കാൻ കോൺഗ്രസ് നിർബന്ധിക്കപ്പെട്ടു. സംസ്ഥാനത്താകെ വെൽഫയർ പാർടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കി. മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ബന്ധം തുടർന്നു. മതനിരപേക്ഷ കക്ഷിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്, കൂടുതൽ കൂടുതൽ മതാധിഷ്ഠിതമായി നീങ്ങുന്ന മുസ്ലിംലീഗിന് കീഴ്പ്പെടേണ്ടിവന്നു.

VD7

രണ്ടാമത്തെ പ്രശ്നം സംവരണേതര വിഭാഗങ്ങൾക്കുള്ള പത്തുശതമാനം സംവരണത്തിന്റെ കാര്യമാണ്. സംവരണത്തിന് അർഹതയില്ലാത്ത സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് പത്തുശതമാനം ഉദ്യോഗ സംവരണം നൽകണമെന്നത് സിപിഐ എമ്മിന്റെ പ്രഖ്യാപിത നിലപാടാണ്. 2016ൽ എൽഡിഎഫ് പ്രകടനപത്രികയിലും അക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതു നടപ്പാക്കുന്നതിന് നിയമപരമായുള്ള തടസ്സം ഭരണഘടനാ ഭേദഗതിയിലൂടെ നീങ്ങിയപ്പോൾ, പത്തു ശതമാനം സംവരണം ഏർപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിച്ചു. ഇതിനെ എതിർത്തുകൊണ്ട് മുസ്ലിംലീഗ് രംഗത്തുവന്നു. മാത്രമല്ല, ഇതര മുസ്ലിം സംഘടനകളെ യോജിപ്പിച്ച് സർക്കാരിനെതിരെ സമരം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി. ഇതുവഴി സാമുദായിക ധ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായിരുന്നു ലീഗിന്റെ പരിപാടി.

VD8

സംവരണേതര വിഭാഗങ്ങൾക്ക് പത്തുശതമാനം സംവരണമെന്നത് കോൺഗ്രസിന്റെയും നയമാണെന്ന് ഓർക്കണം. മാത്രമല്ല, 2016ലെ യുഡിഎഫ് പ്രകടനപത്രികയിലും ഈ വാഗ്ദാനമുണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ച് മുസ്ലിംലീഗ് സമരത്തിന് ഇറങ്ങിയപ്പോൾ അതിനെതിരെ ഒരക്ഷരം പറയാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. സാമുദായിക ധ്രുവീകരണ ശ്രമങ്ങൾ സിപിഐ എം തുറന്നു കാട്ടിയപ്പോഴാണ് മുസ്ലിംലീഗ് അതിൽനിന്ന് പിന്തിരിഞ്ഞത്.

ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യാൻ തീരുമാനിച്ചതിനെ ദുർവ്യാഖ്യാനിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാനും മുസ്ലിംലീഗ് ശ്രമിച്ചു. മുഖ്യമന്ത്രി ഈ വകുപ്പ് കൈകാര്യം ചെയ്യുന്നതിനെ സ്വാഗതം ചെയ്യുകയാണ് മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങൾ പൊതുവേ ചെയ്തത്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും മതന്യൂനപക്ഷങ്ങളാണ്. ഇരുവിഭാഗത്തിനും പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി വകുപ്പ് കൈകാര്യം ചെയ്യുന്നതിനെ അഭിനന്ദിക്കുന്നതിന് പകരം ഇത്‌ മുസ്ലിം സമുദായത്തിനെതിരായ നീക്കമാണെന്ന് പ്രചരിപ്പിക്കാനാണ് ലീഗ് ശ്രമിച്ചത്. ഇക്കാര്യത്തിലും ലീഗിനെ തിരുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല.

VD9

ഇത്തരത്തിൽ പ്രതിലോമകരമായ നിലപാട് എടുക്കുന്ന മുസ്ലിംലീഗിനെ യുഡിഎഫിൽ നിർത്തിയാണ് ജാതി മത സംഘടനകൾക്ക് കീഴടങ്ങില്ലെന്ന് വി ഡി സതീശൻ പ്രഖ്യാപിച്ചത്. അതു നടക്കുമെങ്കിൽ കേരളത്തിനും കോൺഗ്രസിനും നല്ലത്. ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചു. ജമാ അത്തെ ഇസ്ലാമിയെ കൂടെനിർത്തി ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും എതിർക്കുമെന്ന് പറയുമ്പോൾ അതിനെ അധരവ്യായാമമെന്നേ വിളിക്കാൻ കഴിയൂ. ഭൂരിപക്ഷ വർഗീയതയുമായി കോൺഗ്രസ് എന്നും ചങ്ങാത്തത്തിലായിരുന്നു. മൃദുഹിന്ദുത്വനയം സ്വീകരിച്ചുകൊണ്ട് ആർഎസ്‌എസിന്റെ ഹിന്ദുത്വ പദ്ധതിയെ നേരിടാമെന്നാണ് കോൺഗ്രസ് കരുതുന്നത്. മൃദുഹിന്ദുത്വം ഇപ്പോൾ കോൺഗ്രസിന്റെ ദേശീയ നയമായി മാറി. പലഘട്ടങ്ങളിലും ഹിന്ദുവർഗീയതയുമായി മത്സരിക്കാനും കോൺഗ്രസ് തയ്യാറാകുന്നു.

VD10

അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിടൽ ഇന്ത്യാ ഗവൺമെന്റിന്റെ പരിപാടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മാറ്റിയപ്പോൾ അതിനെ എതിർക്കാനല്ല, ആ പരിപാടിക്ക് അനുഗ്രഹം ചൊരിയാനാണ് കോൺഗ്രസിന്റെ നേതാക്കൾ മത്സരിച്ചത്. പൂജ ചെയ്ത ഇഷ്ടികകൾ അയച്ചുകൊടുത്തവരും അക്കൂട്ടത്തിലുണ്ട്. ഇതാണ് കോൺഗ്രസിന്റെ സ്ഥിതി. കമ്യൂണിസ്റ്റ് പാർടിക്ക് വൃദ്ധനേതൃത്വമാണെന്ന് മാധ്യമ പിന്തുണയോടെ പ്രചരിപ്പിച്ച അറുപതുകളിലെ കോൺഗ്രസ് നേതാക്കളെല്ലാം 80 കഴിഞ്ഞിട്ടും ഇപ്പോഴും നേതൃത്വസ്ഥാനത്ത് തുടരുന്നതിന് നമ്മൾ സാക്ഷികളാണ്. തെരഞ്ഞെടുപ്പുകളിൽ ജയിച്ച് ലഭിക്കുന്ന സ്ഥാനങ്ങൾ ഒരിക്കലും വിട്ടുകൊടുക്കാത്തതാണ് അവരുടെ ശൈലി. വസ്തുത ഇതായിരിക്കേ പിടിച്ചുനിൽക്കാനുള്ള ന്യായങ്ങൾ തരാതരംപോലെ തട്ടിവിടുന്ന ശൈലി സതീശനും തുടരുന്നുവെന്ന് സംശയിച്ചാൽ കുറ്റം പറയാനാകില്ല. അടുത്തൊന്നും തെരഞ്ഞെടുപ്പുകൾ ഇല്ലാത്തതുകൊണ്ടാണ് ചില "ധീരപ്രഖ്യാപനങ്ങൾ' പ്രതിപക്ഷ നേതാവ് നടത്തുന്നത്.

VD11

ഐക്യകേരള പിറവിക്കുശേഷം എല്ലാ തെരഞ്ഞെടുപ്പിലും വർഗീയ ജാതി മത ശക്തികൾക്കൊപ്പമാണ് അവർ നിലയുറപ്പിച്ചത്. വസ്തുത ഇതായിരിക്കേ ഇത്തരം പ്രസ്താവനകൾ വിശ്വസിക്കാൻ കോൺഗ്രസുകാർപോലും തയ്യാറാകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐ എം വിരുദ്ധ നിലപാടുകൾ സ്വീകരിച്ച ചില സാമുദായിക സംഘടനകളുടെ സമീപനങ്ങളെ പാർടി വിമർശിച്ചത് സ്വാഭാവികമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിനുശേഷം സതീശൻ നടത്തിയ പ്രസ്താവനയുടെ പൊള്ളത്തരം എൻഎസ്എസ് ജനറൽ സെക്രട്ടറിതന്നെ വ്യക്തമാക്കുകയുണ്ടായി. ആവശ്യം വരുമ്പോൾ എൻഎസ്എസ് ആസ്ഥാനത്ത് പോയി സഹായം അഭ്യർഥിച്ച് മണിക്കൂറുകൾ ചെലവഴിച്ചവരാണ് ഇപ്പോൾ വിമർശിക്കുന്നത് എന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവന മാധ്യമങ്ങളിൽ വന്നു. വാക്കും പ്രവൃത്തിയും തമ്മിലുള്ള ഇത്തരം വൈരുധ്യങ്ങൾ കോൺഗ്രസ് നേതാക്കളുടെ സമീപനങ്ങളിൽ ഇതിനുമുമ്പും കണ്ടിട്ടുണ്ട്.

VD12

കേരളത്തിൽ 1991 മുതൽ ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള ധാരണ കോൺഗ്രസിനുണ്ട്. 1991 വടകര, ബേപ്പൂർ പരീക്ഷണം കോൺഗ്രസിന്റെ മുഖത്തെ മായാത്ത കറുത്ത പാടാണ്. അതിനുശേഷം മൂന്ന് പതിറ്റാണ്ട് കടന്നുപോയി. ഹിന്ദുവർഗീയത രാജ്യത്താകെ ശക്തിപ്പെട്ടു. ആർഎസ്എസിന്റെ നിയന്ത്രണത്തിൽ കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്നു. ഭരണഘടനാസ്ഥാപനങ്ങളെ ഒന്നൊന്നായി അവർ വരുതിയിലാക്കുന്നു. ദേശീയ ഐക്യത്തിനുമേൽ തീവ്ര വർഗീയത ഫണമുയർത്തി. ഈ ഘട്ടത്തിൽ കോൺഗ്രസ് എന്താണ് ചെയ്യുന്നത് ? വോട്ടും സീറ്റും കിട്ടാൻ നൂറോളം മണ്ഡലത്തിൽ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കി. കോൺഗ്രസ് ടിക്കറ്റിൽ പത്തുപേരെങ്കിലും ജയിച്ചത് ബിജെപിയുടെ വോട്ട് നേടിയാണ്. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനും എല്ലാത്തരം വർഗീയതയെയും തുറന്ന് എതിർക്കാനും തയ്യാറാകുമോ എന്നതാണ് ചോദ്യം.

VD13

കോൺഗ്രസിന്റെ നിലപാട് പറയേണ്ടത് പ്രതിപക്ഷ നേതാവല്ല, കെപിസിസിയാണ് എന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഇതിനിടയിൽ വരുന്നുണ്ട്. അതുംകൂടി നാം ശ്രദ്ധിക്കണം. വർഗീയ പാർടികളോട്‌ മാത്രമല്ല, വർഗീയതയുടെ പ്രത്യയശാസ്ത്രത്തോടും നാം പൊരുതേണ്ടതുണ്ട്. സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തലത്തിലും പിടിമുറുക്കാനാണ് ആർഎസ്‌എസ് ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷ ഉള്ളടക്കം ഇല്ലാതാക്കാനുള്ള നീക്കങ്ങൾ ആശങ്ക ഉയർത്തുന്നതാണ്. സാമ്പത്തിക രംഗത്താണെങ്കിൽ, ആഗോളവൽക്കരണവും വൻകിട കോർപറേറ്റ് അനുകൂല നയങ്ങളുമായി കേന്ദ്രം മുമ്പോട്ടു പോകുന്നു. ആർഎസ്എസിന്റെ ഹിന്ദുത്വ പദ്ധതി ഇതെല്ലാം ചേർന്നതാണ്. ഇതിനോടെല്ലാം ഒത്തുപോകുകയും ഇതിനെയൊക്കെ പിന്താങ്ങുകയും ചെയ്യുന്ന നയം കോൺഗ്രസ് ഉപേക്ഷിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

മധുരിമയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  MM Hassan Press Meet | Oneindia Malayalam

  English summary
  CPM acting Secretary A Vijayaraghavan analysis Congress and UDF situations
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X