• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൃത്താലയിലെ കുടിവെള്ള വിവാദം: ഒരു വര്‍ഷത്തിനുള്ളില്‍ പ്രശ്നപരിഹാരവുമായി എംബി രാജേഷ്

Google Oneindia Malayalam News

പാലക്കാട്: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് നടന്ന മണ്ഡലാമായിരുന്നു തൃത്താല. കോണ്‍ഗ്രസിലെ വിടി ബല്‍റാമിനെ വീഴ്ത്താന്‍ സിപിഎം എംബി രാജേഷിനെ ഇറക്കിയപ്പോള്‍ തന്നെ തിരഞ്ഞെടുപ്പിന് വീറും വാശിയുമേറിയിരുന്നു. പ്രചരണത്തിന്റെ ഓരോ ഘട്ടത്തിലും ഇത് ഏറി വന്നു. കൊണ്ടും കൊടുത്തും ഇരുപക്ഷവും മുന്നേറിയപ്പോള്‍ സജീവ ചര്‍ച്ചയായ ഒരു വിഷയമായിരുന്നു കുടിവെള്ള പ്രശ്നം. സ്ഥിരമായി വെള്ളം ലഭിക്കാത്ത ഒരു പൈപ്പിന് മുന്നില്‍ നിന്ന് എംബി രാജേഷ് ലൈവ് ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം. പിറ്റേ ദിവസം തന്നെ വിടി ബല്‍റാം അതേ പൈപ്പിന്‍ ചുവട്ടില്‍ വരികയും പൈപ്പ് തുറന്ന് വെള്ളം വരുന്നത് കാണിക്കുകയും ചെയ്തു. എംബി രാജേഷ് കള്ളം പറയുന്നുവെന്ന് കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചപ്പോള്‍ സ്ഥിരമായി വെള്ളം ലഭിക്കാത്തതാണ് തങ്ങളുയര്‍ത്തിയ പ്രശ്നമെന്ന് സിപിഎമ്മും തിരിച്ചടിച്ചു. ഏതായാലും തിരഞ്ഞെടുപ്പില്‍ വിജയിച്ച എംബി രാജേഷിപ്പോള്‍ തൃത്താലയിലെ അരലക്ഷത്തിലേറെ ആളുകളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്ന പദ്ധതി ലക്ഷ്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. എംബി രാജേഷ് തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

'നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ തൃത്താലയിൽ തീപിടിച്ച വിവാദ വിഷയം കുടിവെള്ളമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ശേഷം കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിച്ചു. ഒരു വർഷത്തിനുള്ളിൽ അര ലക്ഷം പേർക്കു കണക്ഷൻ നൽകി വീട്ടിൽ ടിവെള്ളമെത്തിക്കാനുള്ള മൂന്ന് പ്രധാന പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. എന്നാൽ ഇതുകൊണ്ടു മാത്രം ശാശ്വത പരിഹാരമാകില്ല. ഭൂഗർഭ ജലസമ്പത്ത് വർധിപ്പിച്ചു കൊണ്ട് മാത്രമേ ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകൂ. അതിനുള്ള സമഗ്രമായ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചു. തൃത്താല മണ്ഡലത്തിനായുള്ള സമഗ്രമായ ജലസംരക്ഷണ പദ്ധതിയാണത്.' - എന്നാണ് രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

പദ്ധതിക്ക് മാതൃകയായത് വിദ്യാർഥി സംഘടനാ പ്രവർത്തന കാലം മുതൽ എന്റെ സുഹൃത്തായ സ. ഐ ബി സതീഷ് എം എൽ എ യുടെ നേതൃത്വത്തിൽ കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കി വിജയിച്ച 'ജലസമൃദ്ധി 'പദ്ധതിയാണ്. കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ ഭൂഗർഭ ജലനിരപ്പുയർത്തി ജലസംരക്ഷണം യാഥാർഥ്യമാക്കാൻ 2016 ൽ ആരംഭിച്ച പദ്ധതിയാണ് ജലസമൃദ്ധി . തിരുവനന്തപുരം ജില്ലയിൽ ഭൂഗർഭ ജലനിരപ്പ് അപകടകരമാം വിധം താഴ്ന്ന് സെമി ക്രിട്ടിക്കൽ എന്ന അവസ്ഥയിലായിരുന്നു 2016-ൽ കാട്ടാക്കട മണ്ഡലം. അഞ്ച് വർഷം കൊണ്ട് ഭൂഗർഭ ജലനിരപ്പ് സുരക്ഷിത നിലയിലെത്തിക്കാൻ ജലസമ്യദ്ധിക്ക് കഴിഞ്ഞു. കാട്ടാക്കടയിൽ പ്രയോഗിച്ച് വിജയിച്ച ഈ പദ്ധതിയുടെ മുഖ്യ സംഘാടകനും ഭൂ വിനിയോഗ ബോർഡ്‌ ‌കമീഷണറുമായ നിസാമുദ്ദീൻ തന്റെ പ്രവർത്തനാനുഭവങ്ങൾ വിശദീകരിക്കുകയും തൃത്താലക്കായുള്ള പ്രവർത്തന പദ്ധതി മുന്നോട്ടു വെക്കുകയും ചെയ്തു.

കേരളത്തിലെ ഏറ്റവും പ്രധാന നദികളിലൊന്നായ ഭാരതപ്പുഴയുടെ 25 കിലോമീറ്റർ നീളമുള്ള തീരമുണ്ട് തൃത്താല മണ്ഡലത്തിൽ. നിരവധി കുളങ്ങൾ, പട്ടിക്കായൽ, പുളിയപ്പറ്റ കായൽ എന്നീ ജലാശയങ്ങൾ വേറെയും . എന്നിട്ടും തൃത്താലക്ക് ദാഹമാണ്. ഭൂഗർഭ ജലനിരപ്പിൽ തൃത്താല മണ്ഡലം സെമി ക്രിട്ടിക്കൽ എന്ന അപകട രേഖയിലാണ്. കാട്ടാക്കടയിൽ ജലസമൃദ്ധിയെ വീണ്ടെടുത്ത മാതൃകയിൽ തൃത്താലയിലും ജലസമ്പത്തിനെ വീണ്ടെടുക്കാനുള്ള ശ്രമത്തിനാണ് തുടക്കമാവുന്നത്. തൃത്താലയുടെ ദാഹം തീർക്കാൻ സുസ്ഥിരമായ ജലസംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കും. അതിനായി ജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൈകോർക്കും. ഈ ദൃഢനിശ്ചയത്തോടെയാണ് ശില്പശാല സമാപിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലാ ജലസ്രോതസ്സുകളെയും വീണ്ടെടുത്ത് ആരോഗ്യകരമായി നിലനിർത്തുക, ഭൂഗർഭത്തിലേക്ക് ജലസമ്പത്തിനെ താഴ്ത്താനുള്ള റീചാർജിങ് പദ്ധതികൾ വീടുകളിലും സ്ഥാപനങ്ങളിലും നടപ്പാക്കുക, തോടുകൾ, കുളങ്ങൾ എന്നിവയെ നവീകരിച്ച്, വീണ്ടെടുത്ത് ജലസമ്പത്തിനെ കാത്തുസൂക്ഷിക്കുക തുടങ്ങി സംയോജിതമായ സമീപനത്തിലൂടെ, വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ കാട്ടാക്കടയിൽ പദ്ധതി വിജയകരമായതിന്റെ ആവേശകരമായ അനുഭവമാണ് നിസാമുദീൻ വിവരിച്ചത്. സെമി ക്രിട്ടിക്കൽ ആയിരുന്ന കാട്ടാക്കടയിൽ ഭൂഗർഭ ജലനിരപ്പിനെ വീണ്ടെടുത്ത് സുരക്ഷിതമായ അളവിലെത്തിക്കാൻ കഴിഞ്ഞതാണ് വിജയം. ഇപ്പോൾ ടാങ്കറുകളിൽ അവിടേക്ക് കുടിവെള്ളമെത്തിക്കുന്നില്ല. കൃഷി മെച്ചപ്പെട്ടു, പരിസ്ഥിതി അവബോധവും ജലസാക്ഷരതയും ജനങ്ങളിലെത്തി. വിദ്യാർത്ഥികൾ ജലസംരക്ഷണ അവബോധം നേടി ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ആവേശത്തോടെ പങ്കാളികളാകുന്നു.

ഈ മാതൃക, തൃത്താലയുടെ മാത്രം സവിശേഷതകളോടെ നമുക്ക് പുനരാവിഷ്കരിക്കാൻ കഴിയും. ഹരിതകേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ വൈ. കല്യാണകൃഷ്ണന്റെ നേതൃത്വത്തിൽ ജലസംരക്ഷണ-വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജനങ്ങളും ഇതിൽ സജീവ പങ്കാളികളാകും. രണ്ടു വർഷം കൊണ്ട് തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. ആദ്യപടിയായി എട്ടു പഞ്ചായത്തുകളിലെ എട്ടു തോടുകൾ നവീകരിച്ച് ജലസമൃദ്ധമാക്കും. അതിനായി പഞ്ചായത്തുകൾ തന്നെ പദ്ധതികൾ തയ്യാറാക്കും. തൊഴിലുറപ്പു തൊഴിലാളികളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. മഴയിലൂടെ കിട്ടുന്ന വെള്ളം മണ്ണിലേക്കിറക്കാൻ വീടുകളും സ്ഥാപനങ്ങളും തയ്യാറാകും. അതിനായി പട്ടിക തയ്യാറാക്കുമെന്നും രാജേഷ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

cmsvideo
  ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

  ഒരു കോടി പുതിയ പാര്‍ട്ടി അംഗങ്ങള്‍: യുപിയില്‍ അംഗത്വ വിതരണത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്ഒരു കോടി പുതിയ പാര്‍ട്ടി അംഗങ്ങള്‍: യുപിയില്‍ അംഗത്വ വിതരണത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്

  English summary
  Drinking water controversy in Trithala: MB Rajesh with problem solving within a year
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X