പോലീസുകാരനും ഭാര്യക്കും നേരെ ഗുണ്ടാ അക്രമണം, ഭാര്യയുടെ കൈപിടിച്ച് തിരിച്ച് തള്ളിയിട്ടു, പണംകവര്‍ന്നു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം:വിനോദസഞ്ചാരകേന്ദ്രത്തില്‍ നിന്നും മടങ്ങുകയായിരുന്ന പോലീസുകാര്‍ക്കും കുടുംബത്തിനും നേര്‍ക്ക് ഗുണ്ടകളുടെ ആക്രമണം. പ്രതികളില്‍ ഒരാള്‍ കസ്റ്റഡിയില്‍, മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

കണ്‍ട്രോള്‍ റൂമിന്റെ ചുമതലയുള്ള നിലമ്പൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ബഷീര്‍ അഹമ്മദ്(39), ഭാര്യ ജസീന(30) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

gunda

ചാലിയാര്‍ ഇടിവണ്ണയില്‍ ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ സിവില്‍ പോലീസ് ഓഫീസര്‍ ബഷീര്‍ അഹമ്മദ്(39)

ഞായറാഴ്ച്ച കക്കാടംപൊയിലിലെ പാര്‍ക്കില്‍ നിന്നും മടങ്ങവേ വൈകുന്നേരം നാലരയോടെ മൂലേപ്പാടത്ത് വെച്ചാണ് ഗുണ്ടകളുടെ ആദ്യ ആക്രമണം ഉണ്ടായത്.

പോലീസുകാര്‍ സഞ്ചരിച്ചിരുന്ന വാഹനം എതിരെ വാഹനം വരുന്നത് കണ്ട് ഹോണടിച്ചതോടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ഗുണ്ടകള്‍ പുറത്ത് വരികയും പോലീസുകാരെ അസഭ്യം പറയുകയുമായിരുന്നു. ബഷീര്‍ അഹമ്മദിനൊപ്പമുണ്ടായിരുന്ന സഹോദരീ ഭര്‍ത്താവും കാളികാവ് എഎസ്‌ഐയുമായ അബ്ദുള്‍ കരീം കാറില്‍ നിന്നുമിറങ്ങി കാര്യം തിരക്കിയതോടെ നിങ്ങളെയല്ല അസഭ്യം പറഞ്ഞതെന്ന് പറഞ്ഞതോടെ യാത്ര തുടരുകയായിരുന്നു.

ഇതിനിടയില്‍ ഇടിവണ്ണ അങ്ങാടിക്ക് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ സമീപത്ത് വെച്ച് പോലീസുകാര്‍ സഞ്ചരിച്ച കാറിന് കുറുകെ ഗുണ്ടാസംഘം സഞ്ചരിച്ച കാര്‍ ഇടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. തടയാന്‍ ചെന്ന ബഷീര്‍ അഹമ്മദിന്റെ ഭാര്യ ജസീനയുടെ കൈപിടിച്ച് തിരിക്കുകയും തള്ളിയിടുകയും ചെയ്തു. ബഷീറിന്റെ ഷര്‍ട്ട് വലിച്ചുകീറി. നെഞ്ചിനും മുഖത്തുമാണ് കൂടുതല്‍ മര്‍ദ്ദനമേറ്റത്. നാട്ടുകാര്‍ ഓടിക്കൂടിയാണ് പോലീസുകാരെ രക്ഷപെടുത്തിയത്. ഇതിനിടയില്‍ സംഘം ഓടി രക്ഷപെട്ടു. ബഷീറിന്റെയും ഭാര്യയുടെയും എടിഎം കാര്‍ഡുകളും കയ്യിലുണ്ടായിരുന്ന പതിനായിരം രൂപയും പോലീസ് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘം തട്ടിയെടുക്കുകയും ചെയ്തു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നിലമ്പൂര്‍ സ്റ്റേഷനില്‍ നിന്നും പോലീസ് എത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംഘത്തില്‍ പെട്ട എടക്കര സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ഗുണ്ടാ സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ താക്കോല്‍ നാട്ടുകാര്‍ ഊരിയെടുത്തതിനാല്‍ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു. മറ്റ് മൂന്ന് പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. ഇവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ബഷീര്‍ അഹമ്മദും അബ്ദുള്‍ കരീമും പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Violence against police and wife

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്