യുഡിഎഫിലേക്ക് തന്നെയെന്ന് മാണി സി കാപ്പൻ: എൻസിപി ദേശീയ നേതൃത്വത്തിന് അന്ത്യശാസന
കോട്ടയം: പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ മുന്നണി പ്രവേശം സംബന്ധിച്ച് നിലപാടറിയിച്ച് മാണി സി കാപ്പൻ. എൻസിപിയുടെ മുന്നണി മാറ്റം സംബന്ധിച്ച തീരുമാനം ഇന്ന് പ്രഖ്യാപിക്കാമെന്നായിരുന്നു മാണി സി കാപ്പൻ വ്യക്തമാക്കിയത്. യുഡിഎഫിലേക്ക് പോകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കിയെങ്കിലും പതിറ്റാണ്ടുകള്‍ നീണ്ട എൽഡിഎഫുമായുള്ള ബാന്ധവം ഒറ്റ സീറ്റിന്റെ പേരിൽ ഉപേക്ഷിക്കരുതെന്നാണ് എകെ ശശീന്ദ്രന്റെ നിലപാട്.
21 സിറ്റിംഗ് എംഎല്‍എമാര്‍ ഇറങ്ങും, കെസി ജോസഫ് ഇരിക്കൂര്‍ വിടും, കോണ്‍ഗ്രസ് അടിമുടി ഞെട്ടിക്കും!!

യുഡിഎഫിലേക്ക്
എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേരുമെന്നാണ് മാണി സി കാപ്പൻ വ്യക്തമാക്കിയിട്ടുള്ളത്. രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരളയാത്ര ഞായറാഴ്ച പാലായിലെത്തുന്നതിന് മുമ്പ് തന്നെ മുന്നണി പ്രവേശനത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകണമെന്ന് മാണി സി കാപ്പൻ എൻസിപി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കാപ്പൻ തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം എൽഡിഎഫ് വിടില്ലെന്ന് എകെ ശശീന്ദ്രൻ വ്യക്തമാക്കിയ സാഹചര്യത്തിൽ അദ്ദേഹം എൽഡിഎഫിനൊപ്പം നിൽക്കട്ടെ പാർട്ടി നേതൃത്വം തന്നെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും കാപ്പൻ കൂട്ടിച്ചേർത്തിരുന്നു.

അരുതെന്ന് ശശീന്ദ്രൻ
മാണി സി കാപ്പൻ എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകരുതെന്ന ആവശ്യവും എകെ ശശീന്ദ്രൻ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ മുന്നണി മാറ്റം സംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്നതിനായി എൻസിപി ദേശീയ നേതൃത്വം തന്നെ ദില്ലിയിലേക്ക് വിളിപ്പിച്ചില്ലെന്നും ഇക്കാര്യത്തിലുള്ള അഭിപ്രായം നേരത്തെ തന്നെ അറിയിച്ചതാണെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

പ്രതിസന്ധി
നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിനെച്ചൊല്ലി ആരംഭിച്ച തർക്കമാണ് മുന്നണി മാറ്റത്തിലേക്ക് എത്തിനിൽക്കുന്നത്. എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേരാൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ എകെ ശശീന്ദ്രന്റെ നിലപാട് കൂടി അറിഞ്ഞ ശേഷമേ അന്തിമ നിലപാട് സ്വീകരിക്കൂ എന്നാണ് എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം.

എന്തിന് മുന്നണി മാറ്റം?
പാലാ സീറ്റിന്റെ കാര്യത്തിൽ മാത്രമാണ് തർക്കമുള്ളതെന്നും ഇതിന്റെ പേരിൽ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നുമാണ് എ കെ ശശീന്ദ്രന്റെ നിലപാട്. ഇക്കാര്യത്തിൽ പാർട്ടിയിലെ വലിയൊരു വിഭാഗം ആളുകൽക്ക് ഇതേ നിലപാട് തന്നെയാണുള്ളതെന്നും അദ്ദേഹം വാദിക്കുന്നു. അതേ സമയം തന്നെ എൽഡിഎഫിന് തുടർഭരണം ലഭിക്കാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഒറ്റ സീറ്റിനെച്ചൊല്ലി പതിറ്റാണ്ടുകളുടെ ബന്ധം അവസാനിപ്പിക്കാനുള്ള നീക്കം ബുദ്ധിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണി മാറ്റം സംബന്ധിച്ച നിലപാട് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് മാണി സി കാപ്പൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. എന്നാൽ ശശീന്ദ്രന്റെ നിലപാട് കണക്കിലെടുത്താണ് അന്തിമ പ്രഖ്യാപനം വൈകുന്നതെന്നാണ് സൂചന.
ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ