സ്വന്തം വോട്ട് പോലും കിട്ടാത്ത സ്ഥാനാര്‍ത്ഥി, കൊടുവള്ളിയില്‍ എല്‍ഡിഎഫ് പൂജ്യത്തിലേക്ക് വീണത് ഇങ്ങനെ
കോഴിക്കോട്: കാരാട്ട് ഫൈസലിനെതിരെ കൊടുവള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റ രീതി അമ്പരിപ്പിക്കുന്നതായിരുന്നു. പൂജ്യം വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത കാര്യമാണ് എങ്ങനെ പൂജ്യം വോട്ടുകളില്‍ ഒതുങ്ങിയെന്ന കാര്യം. കൊടുവള്ളി നഗരസഭയില്‍ 15ാം വാര്‍ഡിലാണ് കാരാട്ട് ഫൈസല്‍ വിജയിച്ചത്. ആദ്യമായിട്ടായിരിക്കും എല്‍ഡിഎഫ് പോലൊരു സുപ്രധാന മുന്നണിയുടെ സ്ഥാനാര്‍ത്ഥി പൂജ്യം വോട്ടില്‍ ഒതുങ്ങുന്നത്. ഇതിന് പല കാരണങ്ങളുണ്ട്. ഇവിടെ വലിയ ഒത്തുകളി നടന്നുവെന്ന് ഉറപ്പാണ്. അത് സിപിഎം ഒത്താശയോടെ തന്നെയാണ്.
സിപിഎമ്മിന് കൊടുവള്ളിയില്‍ മൂന്ന് അംഗങ്ങളും 38 അനുഭാവുകളുമാണ് ഉള്ളത്. ആ മൂന്ന് അംഗങ്ങളുടെ വോട്ട് പോലും എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചില്ല. ഐഎന്‍എല്‍ നേതാവും കൊടുവള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒപി അബ്ദുള്‍ റഷീദായിരുന്നു ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഒരു വോട്ട് പോലും റഷീദിന് ലഭിച്ചില്ല. സ്വന്തം വോട്ട് പോലും റഷീദിന് കിട്ടിയില്ലേ എന്ന് സമൂഹ മാധ്യമങ്ങളില്‍ ചോദ്യം ഉയര്‍ന്നിരുന്നു. റഷീദിന്റെ വോര്‍ഡ് മറ്റൊരു വാര്‍ഡിലാണ്. ഏറ്റവും രസകരമായ കാര്യവും ഇത് തന്നെയാണ്. അതുകൊണ്ട് സ്വന്തം വോട്ടും കിട്ടിയില്ല. എന്നാല്‍ പ്രചാരണ വേളയിലും റഷീദ് ഇവിടെ സജീവമായിരുന്നില്ല.
ഞെട്ടിക്കുന്ന കാര്യം നാമനിര്‍ദേശ പത്രികയെ പിന്തുണച്ച് ഒപ്പിട്ട വാര്‍ഡിലുള്ളവര്‍ പോലും റഷീദിന് വോട്ട് ചെയ്തില്ലെന്നതാണ്. ലീഗ് വിമതനായ കാരാട്ട് ഫൈസലിനെയായിരുന്നു എല്‍ഡിഎഫ് കൊടുവള്ളിയില്‍ ആദ്യം സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസും ഇതില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയും ചെയ്തതോടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ എല്‍ഡിഎഫ് നിര്‍ബന്ധിതമാവുകയായിരുന്നു. എന്നാല്‍ രഹസ്യമായ പിന്തുണ ഇടതുപക്ഷം ഫൈസലിന് ഇവിടെ നല്‍കിയിരുന്നു. അത് കണ്ടറിഞ്ഞാണ് വോട്ടര്‍മാരും പെരുമാറിയത്.
പേരിനൊരു സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് അബ്ദുള്‍ റഷീദിനെ നിര്‍ത്തിയത്. കാരാട്ട് ഫൈസല്‍ ഇവിടെ സ്വതന്ത്രനായിട്ടാണ് മത്സരിച്ചത്. 568 വോട്ടുകള്‍ നേടിയാണ് കാരാട്ട് ഫൈസല്‍ വിജയിച്ചത്. അതേസമയം ഫൈസലിന്റെ അപരന് വരെ ഏഴ് വോട്ടുകള്‍ ലഭിച്ചു. മിനികൂപ്പര്‍ കാറിലേറിയായിരുന്നു വിജയാഹ്ലാദ പ്രകടനം. ഇത്തവണയും അത് വിവാദമായിരുന്നു. നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട മിനി കൂപ്പര്‍ യാത്രയും വിവാദമായിരുന്നു.