കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ സന്തോഷവതിയാണ്: ഉര്‍വശി

  • By Lakshmi
Google Oneindia Malayalam News

മുപ്പത് വര്‍ഷത്തോളമായി ചലച്ചിത്രലോകത്ത് നിറഞ്ഞുനില്‍ക്കുന്ന താരമാണ് ഉര്‍വശി. പൊതുവേ നടിമാര്‍ക്ക് നമ്പര്‍ വണ്‍ സ്ഥാനം പതിച്ചുനല്‍കാത്ത മലയാളത്തില്‍ ഏറെക്കാലം നമ്പര്‍ വണിന് തുല്യമായ സ്ഥാനത്തായിരുന്നു ഉര്‍വശിയുടെ സ്ഥാനം. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലുമെല്ലാം വെന്നിക്കൊടി പാറിച്ച ഉര്‍വശി ഇപ്പോള്‍ സഹനടി, അമ്മ വേഷങ്ങളാണ് കൂടുതലും ചെയ്യുന്നത്.

മലയാളത്തില്‍ ഏതാണ്ട് എല്ലാ നടന്മാരുടെയും നായികയായി ഉര്‍വശി അഭിനയിച്ചിട്ടുണ്ട്. ഇതില്‍ മോഹന്‍ലാല്‍ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍താരങ്ങളും ജയറാം, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയ രണ്ടാംനിര നായകന്മാരുമുണ്ട്. എല്ലാവര്‍ക്കുമൊപ്പം മികച്ച കെമിസ്ട്രി പങ്കിടുന്ന നായികയെന്ന പേര് എന്നേ സ്വന്തമാക്കിക്കഴിഞ്ഞ ഉര്‍വശിയുടെ കരിയറില്‍ മികച്ച ഒട്ടേറെ കഥാപാത്രങ്ങളുമുണ്ടായിട്ടുണ്ട്.

Urvashi

എല്ലാ നടിമാരും നായികാവേഷത്തില്‍ നിന്നും മാറി അമ്മവേഷത്തിലുടെയും സഹോദരീവേഷത്തിലൂടെയും തിരിച്ചെത്തിക്കഴിഞ്ഞാല്‍ പിന്നീട് സംവിധാനത്തിലേയ്ക്ക് ശ്രദ്ധതിരിക്കുന്നത് ഒരു പതിവാണ്. അംബികയെപ്പോലുള്ള നടിമാര്‍ ഇത്തരത്തില്‍ സംവിധാന രംഗത്തേയ്ക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ ഉര്‍വശി പറയുന്നത് താന്‍ സംവിധാനരംഗത്തേയ്ക്കില്ലെന്നാണ്.

സംവിധാനത്തിന് ഞാനില്ല

അടുത്തിടെയാണ് ഉര്‍വശി സംവിധായികയുടെ വേഷമണിയാന്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഉര്‍വശി അക്കാര്യം നിഷേധിയ്ക്കുകയാണ്. നിര്‍മ്മാണവും സംവിധാനവുമൊന്നും തനിയ്ക്ക് ചേര്‍ന്നതല്ലെന്നും രണ്ടും തലവേദന പിടിച്ച പണിയാണെന്നുമാണ് താരം പറയുന്നത്.

ഈ ജീവിതത്തില്‍ സന്തോഷവതി

തന്റെ ജീവിതത്തില്‍ താന്‍ സന്തോഷവതിയാണെന്നും കരിയറില്‍ താന്‍ ഉയരങ്ങളില്‍ എത്തിയിട്ടുണ്ടെന്നും ഉര്‍വശി പറയുന്നു. ഇനി ഒരു കാര്യത്തിലും പുതിയൊരു തുടക്കം തന്റെ ജീവിതത്തില്‍ ഉണ്ടാകില്ലെന്നും താരം വ്യക്തമാക്കി.

കവിത രഞ്ജിനിയെന്ന ഉര്‍വശി

തിരുവനന്തപുരത്ത് ചവറ വിപി നായരുടെയും വിജയലക്ഷ്മിയുടെയും മൂന്നാമത്തെ മകളായി ജനിച്ച കവിത രഞ്ജിനിയാണ് പിന്നീട് തെന്നിന്ത്യയുടെ ഇഷ്ടതാരം ഉര്‍വശിയായി വളര്‍ന്നത്.

ഹാസ്യത്തിന്റെ റാണിയായ ഉര്‍വശി

കോമഡി മികച്ചരീതിയില്‍ അവതരിപ്പിക്കുകയെന്നതാണ് അഭിനയത്തില്‍ ഏറ്റലും വെല്ലുവിളിയായ കാര്യമെന്ന് നടന്മാരും നടിമാരുമെല്ലാം പറയാറുണ്ട്. എന്നാല്‍ കോമഡി നന്നായി വഴങ്ങുന്നവരുടെ കൂട്ടത്തിലാണ് ഉര്‍വശി. വളരെ സീരിയസായ വേഷങ്ങളും അതി സരസമായ വേഷങ്ങളും ഉര്‍വശി ചെയ്തിട്ടുണ്ട്.

ആദ്യ ചിത്രം

കെ ഭാഗ്യരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം മുന്താണൈ മുടിച്ച് ആണ് ഉര്‍വശിയുടെ ആദ്യ ചിത്രം. 1980ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഒരു പുതുമുഖത്തിന്റെ യാതൊരു പതര്‍ച്ചകളുമില്ലാത്ത പ്രകടനമായിരുന്നു ഉര്‍വശി കാഴ്ചവച്ചത്.

മലയാളത്തിലെത്തിയത് 1984

മലയാളത്തില്‍ ഉര്‍വശി ചെയ്ത ആദ്യ ചിത്രം 1984ല്‍ റിലീസ് ചെയ്ത എതിര്‍പ്പുകളായിരുന്നു. പിന്നീട് മലയാളത്തില്‍ സജീവമായ ഉര്‍വശി എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും മുന്‍നിര നായിക നടിയായിരുന്നു.

ഉര്‍വശി അനശ്വരമാക്കിയ കഥാപാത്രങ്ങള്‍

സുഖമോ ദേവിയിലെ ദേവി, നിറക്കൂട്ടിലെ ശശികല, പാദമുദ്രയിലെ ലക്ഷ്മി, മാളൂട്ടിയിലെ രാജി, വടക്കുനോക്കിയന്ത്രം, മിഥുനം തുടങ്ങി എത്രയോ ചിത്രങ്ങളില്‍ ഒന്നിനൊന്ന് വ്യത്യസ്തമായ എത്രയോ കഥാപാത്രങ്ങള്‍ ഉര്‍വശി ചെയ്തിട്ടുണ്ട്. ഓരോന്നും മറക്കാനാവാത്ത അഭിനയമുഹൂര്‍ത്തങ്ങള്‍ മലയാളികള്‍ക്ക് സമ്മ്ാനിച്ചിട്ടുണ്ട്.

പുരസ്‌കാരങ്ങള്‍

അഞ്ച് ചിത്രങ്ങളിലെ അഭിനയത്തിന് ഉര്‍വശിയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രശംസ നേടിയ ചിത്രം 1995ല്‍ പുറത്തിറങ്ങിയ കഴകമായിരുന്നു. 2006ല്‍ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

അമ്മ, സഹനടി

2005ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം അച്ചുവിന്റെ അമ്മയിലൂടെയാണ് ഉര്‍വശി അമ്മ കഥാപാത്രമായി എത്തിയത്. അതിന് മുമ്പും അമ്മ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മുതിര്‍ന്ന താരങ്ങളുടെ അമ്മ വേഷം ഉര്‍വശി ചെയ്തത് അതാദ്യമായിരുന്നു. പിന്നീട് സകുടുംബം ശ്യാമള , മധുചന്ദ്രലേഖ, മഞ്ചാടിക്കുരു തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഉര്‍വശി തിളങ്ങി.

മോഹന്‍ലാലിനൊപ്പം

മോഹന്‍ലാലിനൊപ്പം മികച്ച കെമിസ്ട്രി പങ്കിടുന്ന നായികയാണ് ഉര്‍വശി. ലാലിനൊപ്പം ഉര്‍വശി ആദ്യമായി അഭിനയിച്ച ചിത്രം പത്താമുദയംആണ്. പിന്നീട് ദേശാടനക്കിളികള്‍ കരയാറില്ല, അര്‍ഹത, ഭരതം, വിഷ്ണുലോകം, മിഥുനം, സൂര്യഗായത്രി, അഹം, കളിപ്പാട്ടം, സ്ഫടികം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ഉര്‍വശി-ലാല്‍ ജോഡികളെ നാം കണ്ടു. ഈ ചിത്രങ്ങളെല്ലാം വന്‍ വിജയം നേടുകയും ചെയ്തിരുന്നു.

മമ്മൂട്ടിയ്‌ക്കൊപ്പം

മലയാളത്തില്‍ ഉര്‍വശിയുടെ ആദ്യചിത്രമായ എതിര്‍പ്പുകളില്‍ മമ്മൂട്ടി പ്രധാന നടനായിരുന്നു. പിന്നീട് നിറക്കൂട്ട്, ക്ഷമിച്ചു എന്നൊരു വാക്ക്, നന്ദി വീണ്ടും വരിക, ന്യൂഡല്‍ഹി, ഒരു സിബിഐ ഡയറിക്കുറുപ്പ്, അബ്കാരി, ഓഗസ്റ്റ് 1, 1921, തന്ത്രം, അടിക്കുറിപ്പ്, കനല്‍ക്കാറ്റ്, കിഴക്കന്‍ പത്രോസ്, ആയിരപ്പറ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയും ഉര്‍വശിയും ഒന്നിച്ചഭിനയിച്ചു.

ജയറാം, മുകേഷ്, സിദ്ദിഖ്

സൂപ്പര്‍താരങ്ങള്‍ക്കുപുറമേ, സുരേഷ് ഗോപി, ജയറാം, മുകേഷ്, സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്തിട്ടുള്ള ഉര്‍വശിയെ ചലച്ചിത്രലോകം എന്നും മികച്ച പ്രൊഫഷണല്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

തെന്നിന്ത്യന്‍ നായിക

തമിഴില്‍ കരിയര്‍ തുടങ്ങിയ ഉര്‍വശി ഒരുകാലത്ത് മലയാളത്തിലും കന്നഡയിലും തെലുങ്കിലുമെല്ലാം ഒരുപോലെ തിരക്കുള്ള താരമായിരുന്നു. തമിഴില്‍ ഉര്‍വശി നായികയായി ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഇപ്പോഴും മലയാളത്തിലെന്നപോലെ തമിഴകത്തും ഉര്‍വശി സജീവമാണ്. കമല്‍ ഹസ്സന്‍, രജനീകാന്ത് തുടങ്ങി മുന്‍നിര നായകന്മാര്‍ക്കൊപ്പവും ഉര്‍വശി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

English summary
Urvashi said that she is happy with her life and no plans to direct or produce any film
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X