തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഴ്‌സ് ആന്‍ലിയയുടെ മരണം: ഭര്‍ത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നഴ്‌സ് ആന്‍ലിയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ഭര്‍ത്താവ് മുല്ലശേരി അന്നകര സ്വദേശി വി.എം. ജസ്റ്റിന്റെ (29) മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയ്ക്കു വേണ്ടിയാണ് നടപടി. ഇന്നലെ വിയ്യൂര്‍ ജയിലില്‍നിന്നു കസ്റ്റഡിയില്‍ വാങ്ങിയ ജസ്റ്റിനുമൊത്ത് അന്വേഷണസംഘം അന്നകരയിലെ വീട്ടിലെത്തി പരിശോധന നടത്തി. മൊബൈല്‍ഫോണ്‍ വിളികള്‍ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് കരുതുന്നു. വീട്ടില്‍ നിന്നും മറ്റു ചില രേഖകളും ശേഖരിച്ചു. കഴിഞ്ഞ ആഗസ്റ്റ് 25ന് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കാണാതായ ആന്‍ലിയയുടെ മൃതദേഹം 28ന് ആലുവയ്ക്കടുത്ത് പുഴയില്‍ കണ്ടെത്തുകയായിരുന്നു.

മരണം സംബന്ധിച്ച അന്വേഷണത്തില്‍ അലംഭാവമുണ്ടെന്നു ചൂണ്ടിക്കാട്ടി ആന്‍ലിയയുടെ കുടുംബം നേരത്തെ പരാതി നല്‍കിയിരുന്നു. ജസ്റ്റിന്‍ നേരിട്ട് കൊലപ്പെടുത്തിയെന്നതില്‍ അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. അതേസമയം കൊലയ്ക്ക് പിന്നില്‍ ഇയാളുടെ പ്രേരണയും പങ്കും ഉണ്ടെന്നാണ് കരുതുന്നത്. ഇന്നും ജസ്റ്റിനെ വിശദമായി ചോദ്യം ചെയ്ത ശേഷം നാളെ കോടതിയില്‍ ഹാജരാക്കും.

മരണം ആത്മഹത്യയാക്കി മാറ്റാന്‍ തുടക്കം മുതലേ നീക്കമുണ്ടെന്നായിരുന്നു ആരോപണം. ലോക്കല്‍ പൊലീസിന്റെ അന്വേഷണം വഴിമാറുന്നുവെന്നാരോപിച്ച് ആന്‍ലിയയുടെ പിതാവ് ഫോര്‍ട്ട്‌കൊച്ചി നസ്രേത്ത് പാറയ്ക്കല്‍ ഹൈജിനസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് വിശദാന്വേഷണത്തിനു വഴി തുറന്നത്.

anliadeath-15484009

ശനിയാഴ്ച ക്രൈംബ്രാഞ്ചിന് അന്വേഷണച്ചുമതല കൈമാറിയ വാര്‍ത്ത പുറത്തുവന്നതോടെ ജസ്റ്റിന്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള ശ്രമം പാളി. വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ജസ്റ്റിനെ ഇന്നലെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ മറ്റു പലരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പിതാവ് ആരോപിച്ചു.

ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്

പെരിയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തൃശൂര്‍ സ്വദേശി ജസ്റ്റിന്റെ ഭാര്യ ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്. എം.എസ്.സി. നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്ന ആന്‍ലിയ ഭര്‍തൃവീട്ടില്‍ അനുഭവിച്ചിരുന്ന പീഡനങ്ങള്‍ വിശദമാക്കുന്നതാണു ഡയറിയിലെ വിവരങ്ങള്‍. കഴിഞ്ഞ 28 നാണ് ചീര്‍ത്തു നീര്‍ത്ത നിലയില്‍ ആന്‍ലിയയുടെ മൃതദേഹം നോര്‍ത്ത് പറവൂര്‍ വടക്കേക്കര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെരിയാറില്‍ കാണപ്പെട്ടത്. അതു ആന്‍ലിയയുടെ മൃതദേഹമാണെന്നു സ്ഥിരീകരിച്ചതോടെയാണ് മകളുടേത് ആത്മഹത്യയാണെന്ന് ആരോപിച്ച് പിതാവ് ഹൈജിനസ് രംഗത്തുവന്നത്. ആന്‍ലിയയുടെ കുടുംബത്തിന്റെ ആരോപണങ്ങളും സഹോദരനയച്ച മെസേജുകളും ശരിവയ്ക്കുന്നതാണു ഡയറികുറിപ്പുകള്‍.

ജോലി നഷ്ടപ്പെട്ടതു മറച്ചുവച്ചാണു ഭര്‍ത്താവ് തന്നെ വിവാഹം കഴിച്ചതെന്നു ഡയറിയില്‍ ആന്‍ലിയ കുറിച്ചിട്ടുണ്ട്. പതിനെട്ടു പേജുകളിലായി തന്നെ നിര്‍ബന്ധിച്ചു ജോലി രാജിവയ്പിച്ചെന്നും ജസ്റ്റിന്റെ വീട്ടില്‍വച്ചു ദേഹോപദ്രവം ഏല്‍പിച്ചെന്നും എഴുതിയിട്ടുണ്ട്. ജസ്റ്റിന്റെ കുടുംബവുംമാനസികമായി പീഡിപ്പിച്ചു. പഠിക്കാനായി ജോലി രാജിവച്ചതിനു പരിഹസിച്ചു. സര്‍ട്ടിഫിക്കേറ്റുകള്‍ വ്യാജമാണെന്നു കുറ്റപ്പെടുത്തി. ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും ആന്‍ലിയ എഴുതി. നാട്ടില്‍ നല്ലൊരു ജോലി ലഭിക്കുന്നതും നല്ല വിദ്യാഭ്യാസം നല്‍കി കുഞ്ഞിനെ വളര്‍ത്തുന്നതും നല്ല വീടു വയ്ക്കുന്നതിനും കാര്‍ വാങ്ങുന്നതും സമ്പാദ്യമുണ്ടാക്കുന്നതുമെല്ലാം തന്റെ സ്വപ്നങ്ങളായി അവള്‍ കുറിച്ചു. എല്ലാം നേടുമെന്ന ഉറപ്പും അതിലുണ്ടായിരുന്നു.തന്റെ ജീവിതത്തിലെ മറക്കരുതാത്ത ദിവസങ്ങള്‍, വിവാഹം, അമ്മയാകുകയാണെന്നറിഞ്ഞത്, ഏറെ ഇഷ്ടമുള്ള ബന്ധുക്കളും കൂട്ടുകാരും , തന്റെ സ്വപ്നങ്ങള്‍ തകര്‍ന്നത്, തന്നെ മാനസിക രോഗിയാക്കാന്‍ ശ്രമിച്ചത് തുടങ്ങിയ വിവരങ്ങളെല്ലാം ആന്‍ലിയയുടെ ഡയറിയിലുണ്ട്.

ആന്‍ലിയ കടവന്ത്ര പോലീസിനെഴുതിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ഡയറിയിലും ഉള്ളത്. ഗര്‍ഭിണിയായപ്പോഴും മനസലിവുണ്ടായില്ല. തനിക്കു പഴകിയ ഭക്ഷണമാണു നല്‍കിയത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവം തുടര്‍ന്നു. കേട്ടാലറയ്ക്കുന്ന തെറികള്‍ വിളിച്ചാണു പീഡനം. തന്നില്‍നിന്നു കുഞ്ഞിനെ വേര്‍പെടുത്താനും ശ്രമങ്ങളുണ്ടായി തുടങ്ങിയ കാര്യങ്ങളെല്ലാം കടവന്ത്ര പൊലീസിനെഴുതിയ പരാതിയിലുണ്ടായിരുന്നു.

അതില്‍ ആത്മഹത്യാ സൂചനയും ഉണ്ടായിരുന്നില്ല. താന്‍ വലിയ പീഡനമാണ് അനുഭവിക്കുന്നതെന്നും ജസ്റ്റിന്റെയോ വീട്ടുകാരുടെയോ ഉപദ്രവം ഭയക്കാതെ ജീവിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ കുഞ്ഞിന് അച്ഛന്‍ വേണമെന്നും തനിക്കു ഭര്‍ത്താവിനെ വേണമെന്നുമുള്ള ആഗ്രഹവും കുറിച്ചിരുന്നു. തനിക്കീ നാട്ടില്‍ വേറെയാരുമില്ല. വീട്ടുകാര്‍ നാട്ടിലില്ല. തന്റെ അപേക്ഷ ദയാപൂര്‍വം പരിഗണിക്കണം എന്നായിരുന്നു പരാതിയിലെ വിവരണം. ഭര്‍തൃവീട്ടില്‍ അനുഭവിച്ചിരുന്ന പീഢനങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ചിത്രവും ആന്‍ലിയ വരച്ചിരുന്നു. ചുറ്റും ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന കുറേ കൈകള്‍ക്കു നടുവില്‍ കരഞ്ഞുകൊണ്ട് കുറിപ്പെഴുതുന്ന തന്റെ പ്രതീകത്തെയാണ് ആന്‍ലിയ വരച്ചത്.

പിതാവ് മട്ടാഞ്ചേരി സ്വദേശി പാറയ്ക്കല്‍ ഹൈജിനസ് ആരോപിക്കുന്നതുപോലെ മരണത്തിലെ ദുരൂഹത വെളിപ്പെടുത്തുന്നതാണ് പല വിവരങ്ങളും. ആന്‍ലിയയെ പരീക്ഷയ്ക്കായി ബംഗളുരുവിലേക്കു ട്രെയിന്‍ കയറ്റിവിട്ടു എന്നായിരുന്നു ജസ്റ്റിന്‍ ആദ്യം പറഞ്ഞത്. പിന്നീടാണു ഭാര്യയെ കാണാനില്ലെന്നു റെയില്‍വേ പോലീസില്‍ പരാതി കൊടുത്തത്. തൃശൂര്‍ റെയില്‍വേ എ.എസ്.ഐ. അജിത്താണു വിവരം വിദേശത്തുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചത്. ആന്‍ലിയയുടെ സംസ്‌കാര ചടങ്ങുകളില്‍ ഭര്‍ത്താവും കുടുംബവും പങ്കെടുത്തില്ല. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും മൃതദേഹം കാണിക്കാന്‍ അനുവദിച്ചില്ല. വീട്ടില്‍നിന്നാല്‍ ജസ്റ്റിനും അമ്മയുംകൂടി കൊല്ലും. പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ഭര്‍ത്താവ് സമ്മതിക്കുന്നില്ല. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയും വീട്ടുകാരുമാണ് ഉത്തരവാദി, അവരെ വെറുതെ വിടരുത് എന്നെല്ലാം എഴുതി സഹോദരനയച്ച സന്ദേശങ്ങളും ഡയറിക്കുറിപ്പുകളെ സാധൂകരിക്കുന്നതാണ്.

Thrissur
English summary
Nurse anlia's husband quized on her murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X