ഖത്തറിനെതിരായ ഉപരോധത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തില്ല; പ്രമുഖ പണ്ഡിതന്‍ സൗദി ജയിലില്‍!

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: പ്രമുഖ പണ്ഡിതനെ അന്യായമായി സൗദി ഭരണകൂടം കഴിഞ്ഞ നാലുമാസമായി ജയിലിലടച്ചിരിക്കുകയാണെന്ന് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്. സപ്തംബര്‍ ഏഴ് മുതലാണ് സല്‍മാന്‍ അല്‍ ഔദ എന്ന പ്രമുഖ സൗദി പണ്ഡിതനെ അധികൃതര്‍ ജയിലിലടച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ 17 കുടുംബാംഗങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. സൗദിയുടെ നേതൃത്വത്തില്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധത്തെ അനുകൂലിച്ച് അധികൃതര്‍ പോസ്റ്റ് ചെയ്യാന്‍ കല്‍പിച്ച ട്വിറ്റര്‍ സന്ദേശം തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചതിനാണ് പണ്ഡിതനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലൊരാള്‍ അറിയിച്ചതായി ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് അറിയിച്ചു.

ട്രംപിന്റെ പ്രഖ്യാപനത്തെ അനുകൂലിക്കാന്‍ ഈജിപ്ത് ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കിയതായി വെളിപ്പെടുത്തല്‍

ഉപരോധത്തെ അനുകൂലിച്ച് പോസ്റ്റിടുന്നതിന് പകരം, 'ജനങ്ങളുടെ നന്‍മയ്ക്കു വേണ്ടി അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ ദൈവം ഐക്യം നല്‍കട്ടെ' എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. അറബ് രാജ്യങ്ങള്‍ക്കിടയില്‍ അനുരഞ്ജനമാണ് വേണ്ടതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇത്. ഇതില്‍ കുപിതരായ സൗദി ഭരണകൂടം ഔദയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനു ശേഷം ഒക്ടോബറില്‍ ഒരു തവണ ഫോണ്‍ ചെയ്യാന്‍ മാത്രമേ അധികൃതര്‍ അനുവദിച്ചുള്ളൂ എന്നും ബന്ധു അറിയിച്ചു. കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്.

qatar

ഇത്തരം അന്യായമായ അറസ്റ്റുകളും ശിക്ഷാ രീതികളും നടപ്പാക്കി നിയമവാഴ്ചയെ പരിഹസിക്കുന്നത് തുടര്‍ന്നാല്‍ സൗദി സാമ്പത്തികരംഗത്തെയും സമൂഹത്തെയും നവീകരിക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് മിഡിലീസ്റ്റ് ഡയരക്ടര്‍ സാറ ലേ വിറ്റ്‌സണ്‍ പറഞ്ഞു. ഒരു തെറ്റും ചെയ്യാത്ത കുടുംബക്കാരെ ശിക്ഷിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

അതേസമയം, ഔദയുടെ അന്യായമായ അറസ്റ്റിനെ കുറിച്ച് ട്വീറ്റ് ചെയ്തതിന് അദ്ദേഹത്തിന്റെ സഹോദരന്‍ ഖാലിദിനെയും സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹവും ഇപ്പോഴും ജയിലിലാണെന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് കരുതുന്നത്. സൗദിയില്‍ പുതിയ കാലത്തിന് തുടക്കമായെന്ന കിരീടാവകാശിയുടെ പ്രസ്താവന ശരിയാവണമെങ്കില്‍ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നവരെ വിട്ടയക്കുകയാണ് വേണ്ടതെന്നും സംഘടന ആവശ്യപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cleric salman al awda held over qatar tweet

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്