മൂടല്‍ മഞ്ഞില്‍ മുങ്ങി അബുദബി, വിമാനസര്‍വീസിനെ ബാധിച്ചു, പോലിസ് ജാഗ്രതാ നിര്‍ദേശം നല്‍കി

  • Posted By:
Subscribe to Oneindia Malayalam

അബുദബി: യുഎഇയുടെ തലസ്ഥാനമായ അബുദബിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. വെള്ളിയാഴ്ച കാലത്ത് മുതല്‍ തുടങ്ങിയ മൂടല്‍ മഞ്ഞ് ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യു.എ.ഇയുടെ തീരപ്രദേശങ്ങള്‍ക്കു പുറമെ ഉള്‍പ്രദേശങ്ങളിലും ഇത് അനുഭവപ്പെടും. 500 മീറ്ററിനും ഒരു കിലോമീറ്ററിനും ഇടയില്‍ ദൂരം മാത്രമേ കാഴ്ച ലഭിക്കുകയുള്ളൂ എന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി.

ഹാഫിസ് സയീദിന് വധഭീഷണി: പാകിസ്താനില്‍ സുരക്ഷ ശക്തം, പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ ഭയം!!

രാവിലെ തുടങ്ങിയ മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകിയാണ് അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ക്രിസ്മസ്-പുതുവല്‍സര അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് വെള്ളിയാഴ്ച തിരിക്കാനിരുന്ന പലരുടെയും യാത്ര ഇതോടെ വൈകി. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ വിമാന സര്‍വീസുകളുടെ ക്രമം തെറ്റിയതായി അധികൃതര്‍ അറിയിച്ചു. രാവിലെ 5.35ന് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലേക്ക് തിരിക്കേണ്ടിയിരുന്ന വിമാനം 10 മണിക്കൂര്‍ വൈകിയാണ് യാത്ര പുറപ്പെട്ടത്. രാവിലെ ഏഴ് മണിക്ക് കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനം യാത്ര പുറപ്പെട്ടത് തന്നെ ഉച്ചയ്ക്ക് 1.45നായിരുന്നു.

abudabi

അബൂദബി നഗരത്തിന് പുറമെ, പടിഞ്ഞാറന്‍ പ്രദേശങ്ങളായ മദീനത്ത് സായിദ്, റുവൈസ്, സില, ഗയാത്തി എന്നിവിടങ്ങളിലും അതിശക്തമായ മൂടല്‍ മഞ്ഞ് മൂലം അടുത്തുനിന്ന് പോലും പരസ്പം കാണാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. അല്‍ അറദ് പ്രദേശത്താണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്- 7.4 ഡിഗ്രി സെല്‍ഷ്യസ്. അബൂദബിക്ക് പുറമെ, ദുബയ്, ഷാര്‍ജ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ തുടങ്ങിയ സ്ഥലങ്ങളിലും 12നും 18നുമിടയിലായിരുന്നു താപനില. മൂടല്‍ മഞ്ഞിനൊപ്പം ശക്തമായ കാറ്റിനു കൂടി സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അബൂദബിയില്‍ നിന്ന് ന്യൂഡല്‍ഹി, മുംബൈ, ജിദ്ദ, ബഹ്‌റൈന്‍, മസ്‌കത്ത്, കയ്‌റോ, ഇസ്‌ലാമാബാദ്, ധാക്ക, ജക്കാര്‍ത്ത, കാഠ്മണ്ഡു, കൊളംബോ, മനില, മെല്‍ബണ്‍, സിഡ്‌നി, ലോസ് ആഞ്ചലസ്, ഡള്ളസ്, പാരിസ്, ഫുക്കെറ്റ്, ആതന്‍സ്, റോം, ഡബ്ലിന്‍, ബെയ്‌റൂത്ത്, ആംസ്റ്റര്‍ഡാം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ജിദ്ദ, മസ്‌കത്ത്, ബഹ്‌റൈന്‍, കുവൈത്ത്, കെയ്‌റോ, ന്യൂഡല്‍ഹി, ബ്രിസ്‌ബെയ്ന്‍, ധാക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അബൂദബിയിലേക്ക് വന്ന വിമാനങ്ങളും മണിക്കൂറുകള്‍ വൈകി. വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ക്ക് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ +971 (0) 2599 0000 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
foggy misty forecast for uae

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്