അഞ്ചു ശതമാനം വാറ്റ്: സൗദിയിലെ ബഖാലകളും ബൂഫിയകളും അടച്ചുപൂട്ടലിന്റെ വക്കില്‍

  • Posted By: Desk
Subscribe to Oneindia Malayalam

ദമാം: സൗദിയിലെ ആയിരക്കണക്കിന് ബഖാലകള്‍ എന്നറിയപ്പെടുന്ന പലചരക്ക് കടകളും ബൂഫിയ എന്നു വിളിക്കപ്പെടുന്ന കഫ്റ്റീരിയകളും അടച്ചുപൂട്ടലിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്. സൗദിയില്‍ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി- വാറ്റ്- നടപ്പാലിക്കയതിനെ തുടര്‍ന്നുണ്ടായ ഭീമമായ നഷ്ടമാണ് കടകള്‍ അടച്ചുപൂട്ടാനോ മറ്റേതെങ്കിലും കടകളാക്കി മാറ്റാനോ കടയുടമകളെ പ്രേരിപ്പിക്കുന്നത്. ഇതോടെ മലയാളികളുള്‍പ്പെടെ പതിനായിരങ്ങള്‍ക്കാണ് കടകളും തൊഴിലും നഷ്ടമാവുക.

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; കാര്‍ റെന്റല്‍ സ്ഥാപനങ്ങളില്‍ മാര്‍ച്ച് മുതല്‍ സൗദികള്‍ മാത്രം

ഇവര്‍ കച്ചവടത്തിനായി വാങ്ങുന്ന സാധനങ്ങള്‍ക്ക് അഞ്ച് ശതമാനം വാറ്റ് നികുതി അടക്കുന്നുണ്ടെങ്കിലും വില്‍പ്പനവേളയില്‍ അത് ഈടാക്കാന്‍ സാധിക്കാത്തതാണ് ഇവരെ കുഴക്കുന്നത്. പഴയ രീതിയില്‍ കച്ചവടം ചെയ്യുന്ന ഈ ചെറുകടകള്‍ക്ക് അധികൃതരില്‍ നിന്നുള്ള വാറ്റ് സര്‍ട്ടിഫിക്കറ്റോ വാറ്റ് ഈടാക്കുന്നതിനുള്ള കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യയോ ഇല്ലെന്നതാണ് കാരണം. അതുകൊണ്ടുതന്നെ അഞ്ച് ശതമാനം വാറ്റ് നല്‍കി വാങ്ങുന്ന സാധനങ്ങള്‍ അതിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കടയുടമകള്‍. ചെറിയ സാധനങ്ങള്‍ മാത്രം വില്‍പ്പന നടത്തുന്ന ഇവിടങ്ങളിലാവട്ടെ ചെറിയ ലാഭം മാത്രമാണ് സാധാരണ ലഭിക്കുക. വാറ്റ് പ്രശ്‌നം വന്നതോടെ ലാഭം പോയിട്ട് മുതല്‍ പോലും കിട്ടാത്ത അവസ്ഥയാണെന്ന് ദമാമിലെ ബഖാല നടത്തിപ്പുകാരനായ മലയാളി പറഞ്ഞു.

baqala

ജനങ്ങളാവട്ടെ ഉല്‍പ്പന്നങ്ങളുടെ വിലയെക്കുറിച്ച് നല്ല ബോധവാന്‍മാരായതിനാല്‍ എം.ആര്‍.പിയെക്കാള്‍ കൂടുതല്‍ പണം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനും സാധിക്കുന്നില്ല. പലചരക്കുക കടകള്‍, റെസ്റ്ററന്റുകള്‍, പച്ചക്കറി കടകള്‍ തുടങ്ങിയ ചെറു സ്ഥാപനങ്ങളാണ് വാറ്റ് വന്നതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ അധിക കാലം മുന്നോട്ടുപോകാനാവില്ലെന്ന സ്ഥിതിയിലാണ് നടത്തിപ്പുകാര്‍. ഒന്നുകില്‍ ജനറല്‍ അതോറിറ്റി ഫോര്‍ സക്കാത്ത് ആന്റ് ടാക്‌സ് വകുപ്പ് ഇത്തരം ചെറുകടകള്‍ക്ക് വാറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ അല്ലെങ്കില്‍ ഇത്തരം സ്ഥാപനങ്ങളെ വാറ്റില്‍ നിന്ന് ഒഴിവാക്കുകയോ ചെയ്താല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാവൂ. ഇത്തരം ചെറുകടകള്‍ പൂട്ടുന്നതോടെ താഴ്ന്ന വരുമാനക്കാരായ പ്രവാസികളുടെ ആശ്രയകേന്ദ്രങ്ങളാണ് ഇല്ലാതാവുന്നതെന്ന പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്.

English summary
grocery shops in face uncertain future

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്