നിയമലംഘനം: സൗദിയില്‍ പിടിയിലായത് മലയാളികളുള്‍പ്പെടെ 5.3 ലക്ഷം പേര്‍

  • Posted By: Desk
Subscribe to Oneindia Malayalam

റിയാദ്: നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച കാംപയിന്റെ ഭാഗമായി മലയാളികള്‍ ഉള്‍പ്പെടെ 534,764 പേര്‍ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധ കുടിയേറ്റം, വിസാ കാലാവധി കഴിഞ്ഞുള്ള താമസം, തൊഴിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, അതിര്‍ത്തി സുരക്ഷ തുടങ്ങിയവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിലാണ് ഇത്രയും പേര്‍ പിടിക്കപ്പെട്ടത്.

സദ്ദാമിന്റെ മകള്‍ റഗദ് ഉള്‍പ്പെടെ 60 പേര്‍ ഇറാഖിന്റെ ഭീകരപ്പട്ടികയില്‍; ഐഎസ് തലവന്‍ പുറത്ത്!

റസിഡന്‍സി നിയമം ലംഘിച്ചതിന് 359,748 പേരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 124,161 പേരും മതിയായ രേഖകളില്ലാതെ അതിര്‍ത്തിവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 50,855 പേരെയുമാണ് പോലിസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 7,670 പേരെ അതിര്‍ത്തിയില്‍ വച്ചുതന്നെ പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ചതായും സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. ഇവരില്‍ 70 ശതമാനവും യമനി പൗരന്‍മാരാണ്. 28 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്.

saudi

നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള സഹായം ചെയ്തുകൊടുത്തവരും പോലിസ് പിടികൂടിയിട്ടുണ്ട്. അനധികൃത താമസക്കാര്‍ക്ക് യാത്രചെയ്യാനും പാര്‍ക്കാനും സൗകര്യം ചെയ്തുകൊടുത്തവരാണ് കുടുങ്ങിയത്. ഇങ്ങനെ 1,607 പേര്‍ ഇതിനകം അറസ്റ്റിലായതായി പോലിസ് അറിയിച്ചു. ഇവരില്‍ 169 പേര്‍ സൗദി പൗരന്‍മാരാണ്. അറസ്റ്റിലായ സൗദികളില്‍ 154 പേരെ ശിക്ഷിച്ചതായും 15 കേസുകള്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും അധികൃതര്‍ അറിയിച്ചു. ഇതിനു പുറമെ, ആവശ്യമായ രേഖകളില്ലാതെ അതിര്‍ത്തിയിലൂടെ സൗദിയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച 480 പേരെയും സൗദി അധികൃതര്‍ പിടികൂടുകയുണ്ടായി.

19 മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്നാണ് അനധികൃത താമസക്കാരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ നടത്തിവരുന്നത്. ഇങ്ങനെ പിടികൂടപ്പെട്ടവരില്‍ 91,593 പേരെ അവരവരുടെ നാടുകളിലേക്ക് തിരിച്ചയച്ചു. 60,707 പേരെ ബന്ധപ്പെട്ട എംബസികളിലേക്കും കോണ്‍സുലേറ്റുകളിലേക്കും ആവശ്യമായ യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിനായി റഫര്‍ ചെയ്തിരിക്കുകയാണ്. 66,268 പേര്‍ വിമാന ടിക്കറ്റ് ശരിയാക്കി കാത്തിരിക്കുകയാണ്. 10,371 പുരുഷന്‍മാരും 2,078 സ്ത്രീകളുമടക്കം 12,449 പേരെ താല്‍ക്കാലിക തടവുകേന്ദ്രങ്ങളില്‍ താമസിപ്പിച്ചിരിക്കുകയാണ്.

English summary
over 534000 violators arrested in saudi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്