ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ...ഇന്ന് തിരുവാതിര

  • By: Pratheeksha
Subscribe to Oneindia Malayalam

എന്‍ എന്‍ കക്കാടിന്റെ സഫലമീ യാത്ര എന്ന കവിതയിലെ മനോഹരവരികളില്‍ നിന്ന് തന്നെ  ധനുമാസത്തിലെ തിരുവാതിരയെ കുറിച്ചോര്‍ത്തെടുക്കാം. ഇന്നാണ് തിരുവാതിര വ്രതം. ഭഗവാന്‍ ശ്രീ പരമേശ്വരന്റെ ജന്മ നാളാണ് ധനു മാസത്തിലെ തിരുവാതിര. ഭഗവാന്റെ പിറന്നാളായതു കൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നതെന്നാണ് ഐതിഹ്യം.

വിവാഹിതകളായവര്‍ ഭര്‍ത്താവിന്റെ യശസ്സിനും നെടുമാംഗല്യത്തിനും കന്യകമാര്‍ നല്ല ഭര്‍ത്താവിനെ ലഭിക്കാന്‍ വേണ്ടിയുമാണ് തിരുവാതിര വ്രതം അനുഷ്ടിക്കുന്നത്. വ്രതാനുഷ്ഠാനത്തിനു പുറമേ ഉറക്കമൊഴിയല്‍, പാതിരാപ്പൂ ചൂടല്‍, തുടിച്ചുകുളി, തിരുവാതിരപ്പുഴുക്ക് തുടങ്ങിയവയൊക്കെ തിരുവാതിരയുടെ ഭാഗമായുളള ചടങ്ങുകളാണ്.

11-1384148012-thiruv

തിരുവാതിര നാള്‍ തുടങ്ങി അവസാനിക്കുന്ന സമയം വരെയാണ് തിരുവാതിര വ്രതം. അതി രാവിലെ ഉണര്‍ന്ന് കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയാണ് വ്രതം നോല്‍ക്കുക. ശിവ പ്രീതിയ്ക്കായി മന്ത്രങ്ങള്‍ ജപിക്കും. ശിവന് കൂവളമാല സമര്‍പ്പിക്കുന്നതും സാധാരണയാണ്. അന്നേ ദിവസം അരിയാഹാരം പൂര്‍ണ്ണമായി ഉപേക്ഷിച്ച് കരിക്കിന്‍ വെളളം, കുവ കുറുക്ക് ,എട്ട് കിഴങ്ങുകള്‍ കൊണ്ടുണ്ടാക്കിയ എട്ടങ്ങാടി പുഴുക്ക് എന്നിവയാണ് കഴിക്കുക...

പണ്ടൊക്കെ ചില പ്രദേശങ്ങളില്‍ തിരുവാതിരയ്ക്കു മുന്‍പ് പത്തു ദിവസം മുന്‍പു വരെ വ്രതം നോറ്റു തുടങ്ങുമായിരുന്നുവത്രേ. കുടുംബാംഗങ്ങളെല്ലാം ഒത്തു ചേരുന്ന വേദികൂടിയായിരുന്നു തിരുവാതിര ആഘോഷം. തിരുവാതിരകളിയും വെറ്റില മുറുക്കലും ഊഞ്ഞാലാട്ടവുമൊക്കെയായി തകൃതിയായി നടത്തുന്ന ആഘോഷം പുലരും വരെ തുടരും..

ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി തിരുവാതിര വ്രതം അനുഷ്ഠിച്ചത് പാര്‍വ്വതീ ദേവിയായിരുന്നു. ശിവ പാര്‍വ്വതീ വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതിഹ്യമുണ്ട്. പാലാഴി മഥനവും ദക്ഷയാഗവുമെല്ലാം തിരുവാതിരയുടെ ഐതിഹ്യങ്ങളായി പറയപ്പെടുന്നുണ്ട്.

മലയാളി മങ്കമാരുടെ ഏറ്റവും പ്രധാന ആഘോഷമായിരുന്ന തിരുവാതിര ഇന്ന് ഏറെക്കുറെ പുതുതലമുറയ്ക്ക് അന്യമാണ്. തിരക്കുകള്‍ക്കിടയില്‍ തിരുവാതിര ആഘോഷം ഒരു ചടങ്ങുപോലെ കൊണ്ടാടുന്നവരാണ് ഏറെയും. പൂ ചൂടലും തുടിച്ചുകുളിയുമൊന്നുമില്ലെങ്കിലും കുറഞ്ഞത് വ്രതം നോറ്റ് തിരുവാതിരപ്പുഴുക്കെങ്കിലും ഉണ്ടാക്കി കഴിക്കും. മലയാളിയുടെ സംസ്‌കാരവുമായി അത്രയേറെ ഇഴുകിച്ചര്‍ന്ന ഒരാഘോഷമായിരുന്നു തിരുവാതിര.

English summary
Thiruvathira festival in kerala and its specialities
Please Wait while comments are loading...