കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിയാന്‍ദാദിന്റെ തവളച്ചാട്ടം

  • By Staff
Google Oneindia Malayalam News

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം അഭിമാനത്തോടെ ആഘോഷിക്കുകയാണ്‌ ഇടതുമുന്നണി. ഇന്നലെകള്‍ ജനം മറക്കുമെന്നും ഇന്നിന്റെ ആവേശങ്ങളില്‍ അവര്‍ സ്വയം മറന്ന്‌ ഉന്മാദിക്കുമെന്നും അറിയാവുന്നവരാണ്‌ രാഷ്ട്രീയക്കാര്‍. സ്‌മാര്‍ട്ട്‌ സിറ്റിയും മൂന്നാര്‍ ഒഴിപ്പിക്കലും നല്‍കുന്ന ആവേശത്തിമര്‍പ്പില്‍ ആഴ്‌ചകള്‍ക്കു മുന്പ്‌ തിരുവനന്തപുരം എസ്‌ എ ടിയില്‍ നടന്ന ശിശുമരണങ്ങള്‍ പോലും ജനം മറന്നു.

ജനം എപ്പോഴും അങ്ങനെയാണ്‌. ഒന്നുകില്‍ ആവേശത്തോടെ അഭിരമിക്കാന്‍, അല്ലെങ്കില്‍ തികഞ്ഞ രോഷത്തോടെ എതിര്‍ക്കാന്‍ അവര്‍ക്ക്‌ എന്തെങ്കിലും വേണം. ഒരു സാധാരണ തയ്യല്‍ തൊഴിലാളിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വി എസ്‌ അച്യുതാനന്ദനില്‍ കേരളത്തിന്റെ സാധാരണജനത അര്‍പ്പിച്ച പ്രതീക്ഷകളുടെ വിളവെടുപ്പ്‌ മൂന്നാറിന്റെ രൂപത്തില്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക വേളയിലായത്‌ മുന്നണിയ്‌ക്കു നല്‍കുന്ന മൈലേജ്‌ ചെറുതല്ല.

പ്രഭ മങ്ങിയ പ്രതിപക്ഷംനോക്കൂ, ഒരു വഞ്ചനാദിന പ്രഖ്യാപനത്തിന്റെ മറവില്‍ ഒളിച്ചു കളിക്കുകയാണ്‌ കേരളത്തിലെ പ്രതിപക്ഷം. സ്‌മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തിലെന്ന പോലെ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്ന ചങ്കൂറ്റത്തിനു മുന്നിലും വി എസിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പ്രതിപക്ഷത്തിന്‌ കഴിയുന്നില്ല. മൂന്നാറിലെ കയ്യേറ്റത്തിനു പൂര്‍ണ പിന്തുണ നല്‍കുന്ന രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ മറ്റു വഴിയില്ലെന്ന്‌ നാട്ടുകാര്‍ക്കറിയാം.

മൂന്നാറിലെ ഒഴിപ്പിക്കലിനു പൂര്‍ണ പിന്തുണ കെപിസിസി നല്‍കുന്നുണ്ട്‌. സിപിഎമ്മിന്റെയും സിപിഐയുടെയും പിന്തുണ വിഎസ്‌ ഉറപ്പു വരുത്തണമെന്ന്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെടുന്പോള്‍ അതിന്റെ രാഷ്‌ട്രീയമുന തിരിച്ചറിഞ്ഞ്‌ നമുക്ക്‌ ചിരിക്കാം.

കഴിഞ്ഞ ആറുമാസത്തിനുളളിലാണ്‌ മൂന്നാറില്‍ വ്യാപകമായ കയ്യേറ്റം നടന്നതെന്ന്‌ ഉമ്മന്‍ചാണ്ടിയുടെ സത്യവാങ്‌മൂലം വായിക്കുന്പോഴാണ്‌ നാം കൂടുതല്‍ ചിരിച്ചു പോകുന്നത്‌. ജെസിബിയുടെ ആക്രമണത്തില്‍ മണ്ണുപറ്റിയ കൂറ്റന്‍ റിസോര്‍ട്ടുകള്‍ക്ക്‌ എത്രകാലത്തെ പഴക്കമുണ്ടെന്ന്‌ നാട്ടുകാര്‍ക്കറിയാം.

സ്മാര്‍ട്ട് സിറ്റി - കോട്ടം കോണ്ഗ്രസിന്

സ്‌മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തിലും പ്രതിപക്ഷം പ്രതിരോധത്തിലാണ്‌. കഴിഞ്ഞ ഭരണകാലത്ത്‌ സ്‌മാര്‍ട്ട്‌ സിറ്റി സംബന്ധിച്ച്‌ എല്‍ഡിഎഫ്‌ ഉയര്‍ത്തിയ എതിര്‍പ്പും ഇപ്പോള്‍ യുഡിഎഫ്‌ ഉയര്‍ത്തുന്ന എതിര്‍പ്പും താരതമ്യം ചെയ്യുക.

ഇന്‍ഫോ പാര്‍ക്ക്‌ വിട്ടുകൊടുക്കുന്നതിനും ഭൂമി കുറഞ്ഞ വിലയ്‌ക്ക്‌ കൈമാറുന്നതിനുമെതിരെ വന്‍രാഷ്ട്രീയ പ്രക്ഷോഭമാണ്‌ എല്‍ഡിഎഫ്‌ നടത്തിയത്‌. ഭരണത്തില്‍ വന്നപ്പോള്‍ അവര്‍ പിടിച്ചിടത്ത്‌ ടീകോമിനെ കെട്ടാനും കഴിഞ്ഞിട്ടുണ്ട്‌. അതിന്റെ ഫലവും ഗുണവും കാലം തെളിയിക്കേണ്ടതാണ്‌.

തങ്ങളുടെ കരാറാണ്‌ മികച്ചതെന്ന്‌ ഉമ്മന്‍ചാണ്ടി പറയുന്നു. ടീകോമിന്‌ അനര്‍ഹമായ സൗജന്യങ്ങളാണ്‌ ഇടതുമുന്നണി നല്‍കുന്നതെന്ന്‌ എം എം ഹസന്‍. പിന്നെ എന്തുകൊണ്ടാണ്‌ അതൊരു ജനകീയ പ്രക്ഷോഭണത്തിലേയ്‌ക്ക പോകാത്തത്‌?

നാടിന്റെ സ്വത്ത്‌ ഇടതുമുന്നണി ടീകോമിന്‌ അനര്‍ഹമായി അനുവദിക്കുകയാണെന്ന ആരോപണം സത്യസന്ധമാണെങ്കില്‍ അതിനെ ചെറുക്കാന്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയില്‍ പ്രതിപക്ഷം എന്താണ്‌ ചെയ്യുന്നത്‌?

യുഡിഎഫ്‌ ഭരിക്കുന്പോള്‍ കൊച്ചിയില്‍ ഭൂമിവില സെന്റൊന്നിന്‌ 20,000 രൂപയായിരുന്നുവെന്ന എം ഐ ഷാനവാസിന്റെ വാദവും രസകരം തന്നെ.

തകരുന്ന ഇടതു പ്രതിച്ഛായകള്‍

സ്‌മാര്‍ട്ട്‌ സിറ്റിയും മൂന്നാര്‍ ഒഴിപ്പിക്കലും നല്‍കുന്ന കൂറ്റന്‍ തലക്കെട്ടുകളില്‍ നിന്നും കണ്ണെടുത്ത്‌ ഓര്‍മ്മയെ കുറെക്കൂടി പിന്നോട്ടു കൊണ്ടു പോയാല്‍ ഇതൊരു ഇടതുപക്ഷ ഭരണമാണോ എന്ന അന്പരപ്പാവും ലഭിക്കുക. ഇടതുപക്ഷ ഭരണത്തെക്കുറിച്ചുളള പരന്പരാഗത സങ്കല്‍പങ്ങളെ തിരുത്തിയെഴുതുന്ന പ്രകടനങ്ങളുമുണ്ട്‌ ഈ മന്ത്രിസഭയുടെ പ്രവര്‍ത്തന മണ്ഡലത്തില്‍.

വ്യാജസിഡി റെയിഡിനോടനുബന്ധിച്ച്‌ അരങ്ങേറിയ കൊട്ടാരവിപ്ലവവും അതേതുടര്‍ന്നുണ്ടായ പരസ്യശാസനയും വിമര്‍ശനവും ഏത്‌ കടുത്ത അനുയായിയുടെയും ഇടതുപക്ഷ മുന്‍വിധികള്‍ തകര്‍ത്തെറിയുന്നതായിരുന്നു. അധോലോക പരിവേഷമുളള ഒരുദ്യോഗസ്ഥന്റെ ഓഫീസ്‌ റെയിഡു ചെയ്‌ത പൊലീസ്‌ ഉദ്യോഗസ്ഥന്‌ 24മണിക്കൂറിനകം സ്ഥാനം പോയി എന്ന വാര്‍ത്ത അന്പരപ്പോടെയാണ്‌ ജനം കേട്ടത്‌. മുഖ്യമന്ത്രിയുടെ ഉത്തരവിന്‌ പുല്ലുവില നല്‍കി ആഭ്യന്തര മന്ത്രിയും ഡിജിപിയും പൊട്ടന്‍കളിച്ചപ്പോള്‍ പതിറ്റാണ്ടുകള്‍ കൊണ്ട്‌ കെട്ടിപ്പൊക്കിയ മിത്തുകള്‍ പലതും തകര്‍ന്നടിഞ്ഞു.

എഡിബി വായ്‌പയുടെ കാര്യത്തിലും മന്ത്രിസഭയിലെ ഭിന്നതകള്‍ ആന്റണി - കരുണാകരന്‍ പോരിനെ ഓര്‍മ്മിപ്പിച്ച്‌ വെളിയില്‍ വന്നു. സ്വന്തം കാബിനെറ്റിലെ മന്ത്രിമാര്‍ക്കെതിരെ പരസ്യമായ വെല്ലുവിളിയുയര്‍ത്തിയ മുഖ്യമന്ത്രി പിന്നീട്‌ അതിന്റെ പേരില്‍ പാര്‍ട്ടി ശാസനയും ഏറ്റു വാങ്ങി.

സ്വാശ്രയ നിയമത്തിന്റെ കാര്യത്തിലും സര്‍ക്കാരിന്‌ അഭിമാനിക്കാന്‍ വകുപ്പില്ല. ഏതാനും ആയിരങ്ങള്‍ പഠിക്കുന്ന കുറേ സീറ്റുകള്‍ക്കു വേണ്ടി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗമാകെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു എം എ ബേബി. കാര്യപ്രാപ്‌തിക്കുറവും നിയമനിര്‍മ്മാണത്തിലെ പരിചയമില്ലായ്‌മയും മൂലം ഇടതുമുന്നണി സ്വന്തം കെണി സ്വയം ഒരുക്കുകയായിരുന്നു.

ഭരണഘടനയ്ക്ക് നിരക്കാത്ത വകുപ്പുകള്‍ എഴുതിച്ചേര്‍ത്ത നിയമം കോടതിയില്‍ നിലനില്‍ക്കില്ലെന്ന്‌ തിരിച്ചറിയാനുളള സാമാന്യബോധമില്ലാത്തവരായിരുന്നു സ്വാശ്രയ നിയമം എഴുതിയുണ്ടാക്കിയത്‌ എന്ന വാദം രഹസ്യമായി പറയുന്നത്‌ ഇടത്‌ എം എല്‍ എമാര്‍ തന്നെയാണ്‌.

റവന്യൂ വകുപ്പില്‍ നിന്നൊരു ആശ്വാസം

ബ്യൂറോക്രസി കെട്ടിക്കുരുക്കിയിട്ട ചുവപ്പു നാടയില്‍ തൊടാന്‍ പോലുമായിട്ടില്ലെങ്കിലും റവന്യൂ വകുപ്പില്‍ നിന്നും ലഭിക്കുന്ന ചില സര്‍ട്ടിഫിക്കറ്റുകളുടെ കാലപരിധി ദീര്‍ഘിപ്പിച്ചത്‌ വിപ്ലവകരമായ നടപടി തന്നെയാണ്‌. ആജീവനാന്തം ഉപയോഗിക്കാവുന്ന പല സര്‍ട്ടിഫിക്കറ്റുകള്‍ക്കും ആറു മാസത്തെ കാലാവധിയാണ്‌ നേരത്തെ ഉണ്ടായിരുന്നത്‌. ഇതു മൂലം വീണ്ടും വീണ്ടും വില്ലേജ്‌ ഓഫീസു മുതല്‍ കളക്ടറേറ്റു വരെ കയറിയിറങ്ങേണ്ട അവസ്ഥയുണ്ടായിരുന്നു സാധാരണക്കാരന്‌.

ഈ സ്ഥിതിയ്‌ക്ക്‌ അറുതി വരുത്തിയത്‌ ഇടതു സര്‍ക്കാരിന്റെ തൊപ്പിയുടെ തിളക്കം കൂട്ടിയിട്ടുണ്ട്‌. രാവിലെ മുതല്‍ വൈകുന്നേരം വരെ ഓഫീസുകള്‍ക്കു മുന്നില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ ക്യൂ നില്‍ക്കുന്നവനാണ്‌ ഈ തീരുമാനത്തിന്റെ ഗുണം ഉളളുകൊണ്ട്‌ തൊട്ടറിയുന്നത്‌. അത്തരം അനുഭവങ്ങളില്ലാത്തവര്‍ ഒരുപക്ഷേ ഇതിനെ മറ്റൊരു സര്‍ക്കാര്‍ ഉത്തരവ്‌ എന്ന നിസംഗതയിലൊതുക്കും.

അടുത്ത പേജില്‍.....

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X