കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന്റെ കളി കോണ്‍ഗ്രസിനു വേണ്ടിയോ?

  • By ചന്ദ്രപ്രഭ
Google Oneindia Malayalam News

രാജ്യതലസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുകയാണ്. നാലാംവട്ടവും ദില്ലിയില്‍ അധികാരത്തിലത്തൊന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കച്ചകെട്ടുന്നു. അധികാരത്തില്‍ തിരിച്ചെത്തി, കോണ്‍ഗ്രസിന് തലസ്ഥാനവാസികളെക്കൊണ്ട് ചുട്ട അടി കൊടുപ്പിക്കാനായി ബിജെപി രംഗത്തുണ്ട്. അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടി ആം ആദ്മിയും രംഗത്തത്തെുന്നതോടെ കടുത്ത ത്രികോണ മത്സരമാകും. ദില്ലി തെരഞ്ഞെടുപ്പ് രംഗം മുമ്പത്തേക്കാളും ചൂടുപിടിക്കുമെന്ന് സാരം. കെജ്രിവാളിനെ രംഗത്തിറക്കി നേട്ടംകൊയ്യാനാണ് കോണ്‍ഗ്രസ് നീക്കമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനു വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

തലസ്ഥാനത്തെ അഴിമതിക്കാരുടെ ഉറക്കംകെടുത്തിയ നേതാവാണ് അരവിന്ദ് കെജ്രിവാള്‍. അണ്ണ ഹസാരയുടെ അനുയായിയും പിന്നെ പ്രതിയോഗിയുമായി. ആം ആദ്മി എന്ന പേരിലൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി അതിന്റെ നേതാവായി. അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ പടവെട്ടിയ കെജ്രിവാള്‍ ദില്ലിയുടെ നാവായത് വളരെ പെട്ടെന്നാണ്.

Kejriwal

ഇടത്തരക്കാരുടെ ആരാധ്യപുരുഷന്‍. കുടുംബസംഗമങ്ങളിലെ സ്ഥിരം അതിഥി. താഴത്തുവെച്ചാല്‍ ഉറുമ്പരിക്കും തോളത്തുവെച്ചാല്‍ പേനരിക്കും എന്നു കരുതി ആള്‍ബലം നല്‍കി ആളാക്കിയ കെജ്രിവാളിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണോ എന്ന സംശയമാണ് ഇപ്പോള്‍ ദില്ലിയിലുയരുന്നത്. ദില്ലിയിലെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇത്തവണ കെജ്രിവാളുണ്ടാകുമെന്ന് ഉറപ്പാണ്. തനിക്ക് പിന്നില്‍ അണിനിരന്ന ആള്‍ക്കൂട്ടം വോട്ടാകുമെന്ന മോഹം അദ്ദേഹത്തിനുണ്ടാകും.

ദില്ലിയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. വര്‍ഷങ്ങളായി അതുതന്നെയാണ് രീതി. മൂന്നാമതൊരു പാര്‍ട്ടി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയാല്‍ അത് ഇതിലേതെങ്കിലും ഒരു പാര്‍ട്ടിക്ക് ഗുണം ചെയ്യും. മുന്നനുഭവം അതാണ്. 1983ല്‍ ജനതാപാര്‍ട്ടി വന്നപ്പോള്‍ ഉണ്ടായ ത്രികോണ മത്സരത്തില്‍ മെച്ചം കോണ്‍ഗ്രസിനായിരുന്നു. 1993ല്‍ ജനതാദള്‍ മൂന്നാംകക്ഷിയായി വന്ന് മത്സരം കൊഴുപ്പിച്ചപ്പോള്‍ ബിജെപിക്കായി നേട്ടം. 1983ന്റെയും 1993ന്റെയും തനിയാവര്‍ത്തനമാകും 2013ല്‍ സംഭവിക്കുകയെന്നാണ് കരുതുന്നത്. അത് കോണ്‍ഗ്രസിന് അനുകൂലമാകും.

കാരണം, കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ഒരു പെട്ടിയില്‍ മാത്രം വീഴാതെ ഭിന്നിക്കും. അത് കെജ്രിവാളിന്റെ പാര്‍ട്ടിക്കും ബിജെപിക്കുമായി കിട്ടും. ഫലം, കോണ്‍ഗ്രസ് നാലാംവട്ടം ദില്ലിയുടെ ഭരണം കൈയാളും. എന്തുനല്ല നടക്കാത്ത സ്വപ്നം എന്നു കരുതാന്‍ വരട്ടെ. വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാന്‍ കോണ്‍ഗ്രസ് എന്തുപണിക്കിറങ്ങാനും മടിക്കില്ല. ആള്‍ക്കൂട്ടം പിന്നിലുണ്ടെന്നും അത് വോട്ടാകുമെന്നും കരുതുന്ന കെജ്രിവാളിനെ മത്സരരംഗത്തുനിന്ന് പിന്മാറ്റാനും പ്രയാസമാകും. തിരിച്ചുവരവ് കൊതിച്ചിരിക്കുന്ന ബിജെപിക്കാവും ഇതേറ്റവും തലവേദനയാവുക. കെജ്രിവാളിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് ദില്ലിയിലെ രാഷ്ട്രീയ സാഹചര്യം.

രാജ്യത്തെ മധ്യവര്‍ഗത്തിന്റെ പിന്തുണയേറെയുള്ള പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ ദില്ലിയിലത്തെുമ്പോള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയും. അവിടെ അവരുടെ ഭൂരിപക്ഷ പിന്തുണ കോണ്‍ഗ്രസിനാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിതിനും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനും. ഇതാണ് ബിജെപിയുടെ ഉറക്കം കെടുത്തുന്നത്. കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതും. എന്നാല്‍, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഇന്ധന വില വര്‍ധനയും അടക്കമുള്ള കോണ്‍ഗ്രസിന്റെ അടിവേരിളക്കുന്ന ഒട്ടേറെ വിപരീത സാഹചര്യങ്ങള്‍ നിലവിലുണ്ട്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് വിരുദ്ധത വോട്ടെടുപ്പില്‍ പ്രതിഫലിക്കും. ഈ സാഹചര്യത്തില്‍, കോണ്‍ഗ്രസിന് വീണുകിട്ടിയ രക്ഷകനായി കെജ്രിവാള്‍ മാറുമെന്ന കാര്യം ഉറപ്പാണ്. മധ്യവര്‍ഗത്തിലെ ഒരു വിഭാഗം അണ്ണാ ഹസാരെക്കും കെജ്രിവാളിനും പിറകെ പോയത് ബിജെപിക്ക് ക്ഷീണമാകും. അവരുടെ വോട്ട് ബിജെപിക്ക് ഉറപ്പാണെന്ന് കരുതാവുന്ന രാഷ്ട്രീയ സാഹചര്യം ദില്ലിയില്‍ തെളിഞ്ഞുവരാത്തതും വെല്ലുവിളിയാണ്.

കിഴക്കന്‍ ദില്ലിയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി സന്ദീപ് ദീക്ഷിതുമായി കെജ്രിവാള്‍ ധാരണയിലത്തെിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഇപ്പോള്‍തന്നെ തലസ്ഥാനത്ത് പരക്കുന്നുണ്ട്. അണ്ണാ ഹസാരെയും കെജ്രിവാളും ഭായി ഭായി ആയിരുന്ന നാളില്‍ ദില്ലി രാംലീല മൈതാനത്ത് നടന്ന നിരാഹാരം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിനുവേണ്ടി രംഗത്തിറങ്ങിയ എംപിയാണ് സന്ദീപ് ദീക്ഷിത്. അതുപോലെ കേന്ദ്രമന്ത്രിയായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വിലാസ് റാവു ദേശ്മുഖും ഇതേ റോളിലുണ്ടായിരുന്നു. കോണ്‍ഗ്രസിനും ടീം അണ്ണാ ഹസാരെക്കുമിടയില്‍ ഒത്തുതീര്‍പ്പുകാരന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ച സന്ദീപ് ദീക്ഷിത് കെജ്രിവാളിനെ തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമായി നിലനിര്‍ത്താനും ചരടുവലിക്കുന്നുണ്ടെന്നാണ് ഇപ്പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. കോണ്‍ഗ്രസിനെ വീഴ്ത്താനിറങ്ങിയ കെജ്രിവാള്‍ വാഴ്ത്താനൊരുങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്. അതറിയാന്‍ വോട്ടെടുപ്പ് കഴിയുംവരെ കാക്കുകയാണ് ഏക പോംവഴി.

English summary
Arvind Kejriwal, social activist and founder of the Aam Aadmi’s party has acquired an image of a crusader against corruption over a period of time.Is Kejriwal helping the Congress inadvertently?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X