• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉമ്മാക്കി പേടിയില്‍ നിന്നും ഇസ്ലാം പേടിയിലേയ്ക്കുള്ള ദൂരം

  • By Neethu B

ആതിര ബാലന്‍

യൂറോപ്യന്‍ രാജ്യങ്ങള്‍ മുതല്‍ ഇന്ത്യവരെ പടരുന്ന ഇസ്ലാം പേടി. എന്തുകൊണ്ട്‌ ഇസ്ലാമോഫോബിയ ലോകത്ത്‌ പടരുന്നു എന്നത്‌ അവ്യക്തം. ഒരു മതത്തെ..വിശ്വാസികളെ ഭയക്കേണ്ട സാഹചര്യത്തിലേയ്‌ക്ക്‌ ലോകം എങ്ങനെ എത്തപ്പെട്ടു. അന്വേഷിച്ചാല്‍ ലഭിയ്‌ക്കുക ഞെട്ടിയ്‌ക്കുന്ന ഒട്ടേറെ വിവരങ്ങളാണ്‌. ഒരു ഭാഗത്ത്‌ മതത്തിന്റെ പേരില്‍ തീവ്രവാദം ശക്തമാകുമ്പോള്‍ മ്യാന്‍മര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇസ്ലാമോഫോബിയ കവര്‍ന്നെടുക്കുന്നത്‌ നിരപരാധികളായ ഒട്ടേറെപ്പേരുടെ ജീവനുകളാണ്‌. ഇസ്ലാമോഫോബിയ വളര്‍ത്തി നേട്ടം കൊയ്യുന്നവരും കുറവല്ല. അത്തരം ചില വിഷയങ്ങളാണ്‌ ഇന്ന്‌ കിലുക്കാംപെട്ടി ചര്‍ച്ച ചെയ്യുന്നത്‌.

നാട്ടിന്‍പുറങ്ങളില്‍ ഭക്ഷണം കഴിയ്‌ക്കാത്ത കുട്ടികളെ ഉമ്മാക്കി പിടിയ്‌ക്കുമെന്ന്‌ പറഞ്ഞ്‌ പേടിപെടുത്തുന്ന ഒരു പതിവുണ്ട്‌. ഉമ്മാക്കിപ്പേടിയില്‍ ഞാനും കുറച്ച്‌ നാള്‍ അകപ്പെട്ടിട്ടുണ്ട്‌. മുഖം മൂടിയാണ്‌ ഉമ്മാക്കിയെത്തുകയെന്നാണ്‌ കെട്ടുകഥ. പക്ഷേ കെട്ടുകഥയിലെ ഉമ്മാക്കിയ്‌ക്ക്‌ സ്വയം കണ്ടെത്തിയ രൂപം പര്‍ദ്ദ ധരിച്ച സ്‌ത്രീകളെയായിരുന്നു. ആ വിഡ്‌ഢിത്തം ഓര്‍ത്ത്‌ ഇപ്പോഴും ചിരി വരും.

കാരണം നാട്ടില്‍ പര്‍ദ്ദ ധരിയ്‌ക്കുന്നവര്‍ അന്ന്‌ വളരേ കുറവായിരുന്നു. പര്‍ദ്ദ കണ്ടാല്‍ അത്‌ ഉമ്മാക്കിയാണെന്ന്‌ തെറ്റിദ്ധരിയ്‌ക്കാനും അത്‌ ധാരാളമായിരുന്നു. കറുത്ത പര്‍ദ്ദയെ (പര്‍ദ്ദ മാത്രമല്ല കറുത്ത ഒട്ടുമിക്ക വസ്ത്രങ്ങളും) പ്രത്യേകിച്ചും പേടിയായിരുന്നു.. രസകരമായി പറഞ്ഞാല്‍ ആദ്യത്തെ ഇസ്ലാംപേടി. ഈ ഉമ്മാക്കി കഥയില്‍ നിന്നൊക്കെ ലോകം ഒരുപാട്‌ മാറി.ഉമ്മാക്കിയുടെ രൂപം ആരും അടിച്ചേല്‍പ്പിയ്‌ക്കാതെ മനസില്‍ വന്ന്‌ ചേര്‍ന്നതാണ്‌. പക്ഷേ...ഇന്നോ ബോധപൂര്‍വ്വം ഇസ്ലാമോഫോബിയ അടിച്ചേല്‍പ്പിയ്‌ക്കപ്പെടുകയാണ്‌.

ഷാര്‍ലി ഹെബ്ദോ ആക്രമണത്തിന്‌ പിന്നാലെ ഫ്രാന്‍സ്‌ ഉള്‍പ്പടെ പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇസ്ലാം വിരുദ്ധ വികാരം പൊട്ടിപ്പുറപ്പെട്ടു(വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ ശേഷമാണ് ഇസ്ലാമോഫോബിയ വ്യാപകമാകുന്നത്..എന്നാല്‍ അടുത്തിടെ ഇസ്ലാം പേടി ശക്തമാകുന്നത് ഷാര്‍ലി ഹെബ്ദോയ്ക്ക് ശേഷമാണ് ). ഷാര്‍ലി ഹെബ്ദോ ആക്രമണത്തിന്‌ പിന്നാലെ ഫ്രാന്‍സില്‍ ഒരാഴ്‌ചയ്‌ക്കകം നൂറിലേറെ ഇസ്ലാം വിരുദ്ധ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. ഇതില്‍ നിരപരാധികളായ ഒട്ടേറെപ്പേരും കൊല്ലപ്പെട്ടു.ഫ്രാന്‍സില്‍ ഇസ്ലാം വിരുദ്ധത പടര്‍ത്തുന്നതില്‍ നിര്‍ണായക വഴിത്തിരവായതും ഷാര്‍ലി ഹെബ്ദോ ആക്രമണം തന്നെയാണ്‌. ലോകം മുഴുവന്‍ ഇസ്ലാംതീവ്രവാദത്തിനെതിരെ തിരിഞ്ഞതും ഷാര്‍ലി ഹെബ്ദോ ആക്രമണത്തെത്തുടര്‍ന്നുണ്ടായ ഭീതിയില്‍ നിന്നാണ്‌.

ഫ്രഞ്ച്‌ മുസ്ലീങ്ങള്‍ വ്യാപകമായി ആക്രമിയ്‌ക്കപ്പെട്ടു. ഒട്ടേറെ പള്ളികള്‍ തകര്‍ക്കപ്പെട്ടു. ഒരിയ്‌ക്കല്‍ കുടിയേറ്റക്കാരായി എത്തിയ മുസ്ലീങ്ങളെ ഫ്രാന്‍സ്‌ ജനത ഒന്നടങ്കം ഭയക്കാന്‍ തുടങ്ങി. നിര്‍ഭാഗ്യകരമെന്ന്‌ പറയട്ടേ മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ അധികാരികള്‍ പോലും മൗനസമ്മതം നല്‍കിയിരുന്നു. ശരിയ്‌ക്കും ഇസ്ലാമോഫോബിയ എന്ന വാക്കിന്റെ പൂര്‍ണമായ അര്‍ത്ഥം ഫ്രാന്‍സുകാര്‍ ഉള്‍ക്കൊള്ളുകയായിരുന്നു.

ഇസ്ലാമിനോടോ മുസ്ലിങ്ങളോടോ കാണിയ്‌ക്കുന്ന മുന്‍വിധിയേയും വിവേചനത്തേയും സൂചിപ്പിയ്‌ക്കുന്ന ഒരു പുത്തന്‍ പദമാണ്‌ ഇസ്ലാമോഫോബിയ അല്ലെങ്കില്‍ ഇസ്ലാം പേടി. 1980കളിലാണ്‌ ഈ പദം രൂപപ്പെടുന്നത്‌. 2001 സെപ്‌റ്റംബറിലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ ശേഷമാണ്‌ ഇസ്ലാമോഫോബിയ പൊതു പ്രയോഗമായി മാറിയത്‌. പിന്നീട്‌ ഇസ്ലാം തീവ്രവാദത്തോടൊപ്പം ചേര്‍ത്തും ഇസ്ലാമോഫോബിയ വളര്‍ന്നു. ഓസ്‌ട്രേലിയ, ബ്രിട്ടണ്‍, അമേരിയ്‌ക്ക എന്നീ രാജ്യങ്ങളിലും ഇസ്ലാം പേടി നിലനില്‍ക്കുന്നെങ്കിലും ഇസ്ലാമോഫോബിയ ഊട്ടിഉറപ്പിയ്‌ക്കുകയാണ്‌ ജര്‍മ്മനി.

കുടിയേറ്റക്കാരായി വിവിധ രാജ്യങ്ങളില്‍ നിന്ന്‌ ലക്ഷക്കണക്കിന്‌ മുസ്ലിങ്ങളാണ്‌ ജര്‍മ്മനിയില്‍ എത്തിയത്‌. ജര്‍മ്മനിയാകട്ടേ അതിഥികലെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അതിഥികള്‍ ശരിയത്ത്‌ നിയമവ്യവസ്ഥിതിയ്‌ക്ക്‌ അനുസരിച്ച്‌ പ്രവര്‍ത്തിയ്‌ക്കാന്‍ പോവുകയാണെന്നും രാജ്യത്ത്‌ ഇസ്ലാമികവത്‌ക്കരണം നടത്താനൊരുങ്ങുകയാണെന്നും ജര്‍മ്മനിയില്‍ പ്രചാരണം വ്യാപിയ്‌ക്കുകയാണ്‌. പെഗിഡ എന്ന സംഘടനയാണ്‌ ജര്‍മ്മനിയില്‍ ഇസ്ലാംവിരുദ്ധത പടര്‍ത്തുന്നത്‌.

പാട്രിയോട്ടിക്ക്‌ യൂറോപ്യന്‍സ്‌ എഗൈന്‍സ്റ്റ്‌ ദി ഇസ്ലാമൈസേഷന്‍ ഓഫ്‌ ദ വെസ്റ്റ്‌ എന്നതിന്‍രെ ചുരുക്കപ്പേരാണ്‌ പെഗിഡ. ജര്‍മ്മനിയില്‍ മാത്രമല്ല യൂറോപ്പില്‍ ഒരിടത്തും ഇസ്ലാമികവത്‌ക്കരണം അനുവദിയ്‌ക്കില്ലെന്നാണ്‌ പെഗിഡ പറയുന്നത്‌. ലക്ഷക്കണക്കിന്‌ ജര്‍മന്‍കാരാണ്‌ പെഗിഡയ്‌ക്ക്‌ പിന്നില്‍ അണിനിരന്ന്‌ ഇസ്ലാവിരുദ്ധ പ്രക്ഷോഭങ്ങളില്‍ അണിനിരക്കുന്നത്‌. 2014 ല്‍ നിലവില്‍വന്ന ഈ സംഘടന ഇന്ന്‌ ജര്‍മ്മന്‍ ദേശീയതയുടേ പേരില്‍ മുസ്ലിങ്ങളെ ഒറ്റപ്പെടുത്തുകയാണ്‌. ശരിയത്ത്‌ നിയമം യൂറോപ്പില്‍ അനുവദിയ്‌ക്കില്ലെന്നാണ്‌ പെഗിഡ വാദിയ്‌ക്കുന്നത്‌. കുടിയേറ്റക്കാരായ ലക്ഷക്കണക്കിന്‌ മുസ്ലിങ്ങളുടെ ഭാവിയാണ്‌ ജര്‍മ്മനിയില്‍ അനിശ്ചിതത്വത്തിലാകാന്‍ പോകുന്നത്‌. മ്യാന്‍മറിലെ അവസ്ഥ മറ്റിടങ്ങളിലും ആവര്‍ത്തിയ്‌ക്കാനിടയുണ്ട്‌.

മ്യാന്‍മറില്‍ മുസ്ലിങ്ങള്‍ ആക്രമണകാരികളാണെന്നും അവരെ കൊന്നൊടുക്കണമെന്നും അഷിന്‍ വിരാതു എന്ന ബുദ്ധസന്യാസി നടത്തിയ പ്രചാരണങ്ങളാണ്‌ കലാപത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്‌. ജനിച്ച നാട്ടില്‍ അഭയാര്‍ത്ഥികളെപ്പോലെ കഴിഞ്ഞും ആട്ടിപ്പായിക്കപ്പെട്ടു റൊഹിംഗ്യകളുടെ ജീവിതം ഇന്നും തീരാദുരിതത്തിലാണ്‌. മുസ്ലിമിന്‌ ജോലി നിഷേധിച്ചും മറ്റും ഇന്ത്യയും നീങ്ങുന്നത്‌ ഇസ്ലാമോഫോബിയയിലേയ്‌ക്കാണോ?

മനസിനെ ബാധിയ്‌ക്കുന്നതാണ്‌ ഇസ്ലാമോഫോബിയ...മറ്റ്‌ രോഗങ്ങളെപ്പോലെ തന്നെ ഇതും ചികിത്സിച്ച്‌ മാറ്റേണ്ടതാണ്‌. ചികിത്സ ലഭിയ്‌ക്കേണ്ടതാവട്ടേ സമൂഹത്തില്‍ നിന്നും. ഉമ്മാക്കിപ്പേടി മാറുന്നത്‌ പോലെ ഇസ്ലാം പേടിയും മാറട്ടേ. ലോകത്ത്‌ ചെറിയൊരു ശതമാനം മുസ്ലിങ്ങള്‍ മാത്രമേ തീവ്രവാദത്തിന്റെ പാത തിരഞ്ഞെടുക്കുന്നുള്ളൂ. ബാക്കിയുള്ളവര്‍ സമാധാനം ഇഷ്ടപ്പെടുന്നവരാണ്‌. മതത്തിന്റെ പേരില്‍ ആര്‍ക്കും വിമാനത്തില്‍ വച്ച് സോഡ നിഷേധിയ്‌ക്കപ്പെടാതിരിയ്‌ക്കട്ടേ...ജോലി നിഷേധിയ്‌ക്കപ്പെടാതാരിയ്‌ക്കട്ടേ...ആരും കൊല്ലാനും കൊല്ലപ്പെടാനും ഇടയാവാതിരിയ്‌ക്കട്ടേ. സമൂഹം തന്നെ ചികിത്സിച്ച്‌ മാറ്റട്ടേ ഇസ്ലാമോഫോബിയയെ.

English summary
Islamophobia spreading far and wide. Kilukkampetty talking about Islamophobia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more