• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോയ്‌സ് ജോര്‍ജ്ജ്, എന്തൊരശ്ലീലമാണ് താങ്കള്‍?- നിസാർ മുഹമ്മദ് എഴുതുന്നു

  • By Desk

നിസാർ മുഹമ്മദ്

തലസ്ഥാനത്തെ മുതിർന്ന മാധ്യമ പ്രവർത്തകനാണ് നിസാർ മുഹമ്മദ്. വീക്ഷണം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. ചലച്ചിത്ര പ്രവർത്തകനും ആണ്.

ഒടുവില്‍, ഇടുക്കിയിലെ മുന്‍ പാര്‍ലമെന്റംഗം ജോയ്‌സ് ജോര്‍ജ് മാപ്പു പറഞ്ഞിരിക്കുന്നു. രാഹുല്‍ഗാന്ധിക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശം തെറ്റായിരുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. താന്‍ നടത്തിയ പ്രസംഗം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. മിസ്റ്റര്‍ ജോയ്‌സ് ജോര്‍ജ്ജ്, മാപ്പ് വെറും മര്യാദ വാക്കു മാത്രമാണ്. അപ്പോഴും താങ്കളുടെ മനസിലെ കറ മാഞ്ഞുപോയെന്ന് വിശ്വസിക്കാനാവുന്നില്ല. എന്തൊരശ്ലീലമാണ് താങ്കള്‍? എറണാകുളം സെന്റ് തെരേസാസ് കോളേജിലെ പെണ്‍കുട്ടികളോട് അങ്ങനെയൊരു ആഹ്വാനം നടത്തുക വഴി കേരളത്തിലെ സ്ത്രീ സമൂഹത്തിന് അങ്ങ് നല്‍കിയ സന്ദേശമെന്താണ്?. രാഷ്ട്രീയ എതിരാളിയെ നേരിടാന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുക വഴി താങ്കളിലെ ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകനും മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയവും പൊതുബോധവും എന്താണ്? ഏതായാലും, അശ്ലീല പരാമര്‍ശം നടത്തിയ വേദിയുടെ ഏതാനും കിലോമീറ്ററുകള്‍ക്കപ്പുറം മറ്റൊരു വേദിയില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കൂടി പങ്കെടുത്ത തെരഞ്ഞെടുപ്പ് പരിപാടിയില്‍ വെച്ചു തന്നെ ജോയ്‌സ് ജോര്‍ജ്ജിന് മാപ്പുപറയേണ്ടി വന്നു. ആ മാപ്പുപറച്ചില്‍ വൈകിയിലാണ്ടാകുന്ന അപകടം പിണറായി വിജയനും ഇടതുമുന്നണി നേതൃത്വവും മണത്തുവെന്നത് പറയുന്നതാകും ശരി.

പടിക്കല്‍ കലമുടച്ച കോണ്‍ഗ്രസ് പതിയെ കരകയറുന്നു; സ്ഥാനാർത്ഥി പട്ടിക മുതൽ പ്രകടന പത്രിക വരെ

ഇനിയാര് ഭരിക്കും കേരളം...? തുടര്‍ഭരണം ? അട്ടിമറി ജയം ? ശക്തിപ്രകടനം ? - നിസാർ മുഹമ്മദ് എഴുതുന്നു

ചില പരാമര്‍ശങ്ങളില്‍ സ്വാധീനിക്കപ്പെടുന്ന ജനവിധി

ചില പരാമര്‍ശങ്ങളില്‍ സ്വാധീനിക്കപ്പെടുന്ന ജനവിധി

കേരളത്തില്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമാണിത്. പതിനഞ്ചാം കേരള നിയമസഭയുടെ പടി ചവിട്ടിക്കയറേണ്ടത് ആരെന്ന് ജനങ്ങള്‍ വിധിയെഴുതുന്ന ദിവസത്തിന് ഇനി കൃത്യം ഒരാഴ്ച മാത്രമാണുള്ളത്. വോട്ടര്‍മാരുടെ ചൂണ്ടുവിരലില്‍ മഷി പുരളുന്ന ആ ദിവസം മാത്രമാണ് ജനാധിപത്യമുള്ളതെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം ആളുകളുള്ള നാടാണിത്. ഈ ഘട്ടത്തില്‍ ചില പരാമര്‍ശങ്ങള്‍ പോലും ജനവിധിയെ സ്വാധീനിക്കുമെന്നരിക്കെ ജോയ്‌സ് ജോര്‍ജ്ജിന്റെ അശ്ലീല പരാമര്‍ശം ഇടതുമുന്നണിക്ക് ഏതെങ്കിലും തരത്തില്‍ തിരിച്ചടിയാകുമോയെന്നത് വിലയിരുത്തപ്പെടേണ്ടതാണ്. സൗഹൃദ സംഭാഷണങ്ങളിലല്ല, തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് ജോയ്‌സ് ജോര്‍ജ്ജ് സ്ത്രീവിരുദ്ധനായി മാറുന്ന അശ്ലീല കാഴ്ചക്ക് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചതെന്നത് ഗൗരവതരവുമാണ്. ഇടതുമുന്നണിയെയാകെ ഈ പരാമര്‍ശം കുറച്ചെങ്കിലും കളങ്കപ്പെടുത്തുമെന്നതില്‍ സംശയമില്ല. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ ചില നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ തിരിച്ചടിയായത് ഇടതുമുന്നണിക്ക് അത്ര പെട്ടെന്ന് മറക്കാനുമാകില്ല.

മാപ്പ് എന്ന വാക്കില്‍ തീരില്ല 'ഞരമ്പു രോഗം'

മാപ്പ് എന്ന വാക്കില്‍ തീരില്ല 'ഞരമ്പു രോഗം'

രാഹുല്‍ ഗാന്ധി വിവാഹിതനല്ല. അതുകൊണ്ട് പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന് പറയുന്നത് ജോയ്‌സ് ജോര്‍ജ്ജ് എന്ന പൊതുപ്രവര്‍ത്തകനല്ലെന്ന് ഉറപ്പാണ്. പകരം, അത് പറയുന്നത് അദ്ദേഹത്തിന്റെ ഉള്ളിലെ 'ഞരമ്പ് രോഗി'യാണ്. ഇത്തരം ഞരമ്പു രോഗികള്‍ ജനപ്രതിനിധികളുടെ വേഷത്തില്‍ നുഴഞ്ഞു കയറുന്നതിലെ അപകടമാണ് ഇനി ചര്‍ച്ച ചെയ്യപ്പേടേണ്ടത്. ജോയ്‌സ് ജോര്‍ജ്ജ് സ്വന്തം കണ്ണിലൂടെ മറ്റുള്ളവരെ കാണരുതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ മറുപടി. ആ മറുപടി കിറുകൃത്യമാണ്. ജോയ്‌സ് ജോര്‍ജ്ജെന്ന ഞരമ്പുരോഗിക്ക് അതിനേക്കാള്‍ നല്ല മറുപടിയില്ല തന്നെ. ഒരു മാപ്പ് പറച്ചില്‍ കൊണ്ട് വിവാദം കെട്ടടങ്ങുമെന്ന് തോന്നുന്നില്ല. തുടര്‍ന്നും ജോയ്‌സ് ജോര്‍ജ്ജിനെതിരെയും അതുവഴി ഇടതുമുന്നണിക്കെതിരെയും പ്രതിഷേധമുയരുകയാണ്. നിയമപരമായി നേരിടുമെന്നും പരാതി നല്‍കുമെന്നുമുള്ള മുന്നറിയിപ്പ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിക്കഴിഞ്ഞു.

മന്ത്രിയുടെ കുലുങ്ങിച്ചിരിയിലുമുണ്ട് അശ്ലീലം

മന്ത്രിയുടെ കുലുങ്ങിച്ചിരിയിലുമുണ്ട് അശ്ലീലം

പെണ്‍കുട്ടികളെയും സ്ത്രീ സമൂഹത്തെയും മാത്രമല്ല, കേരളത്തെ തന്നെയാണ് ജോയ്‌സ് ജോര്‍ജ്ജ് ആക്രമിച്ചതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആദ്യ പ്രതികരണം. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി മുതലുള്ള പാര്‍ട്ടി നേതാക്കള്‍ സ്ത്രീവിരുദ്ധ ജ്വരം ബാധിച്ചവരാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി ഒരു മുഴം നീട്ടിയെറിഞ്ഞു. ജോയ്‌സ് ജോര്‍ജ്ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല വാക്കുകള്‍ കടുപ്പിച്ചു. ജോയ്‌സിന്റെ പരാമര്‍ശം കേട്ട് മന്ത്രി എംഎം മണി കുലുങ്ങിച്ചിരിച്ചതിലെ അശ്ലീലവും ചെന്നിത്തല പ്രസ്താവനയില്‍ തുറന്നുകാട്ടി. കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം തൊടുത്തതിന് തൊട്ടുപിന്നാലെ സിപിഎം ഇറക്കിയ പത്രക്കുറിപ്പില്‍ വല്ലാത്തൊരു ഖേദമാണ് തെളിഞ്ഞുനിന്നത്. രാഹുല്‍ഗാന്ധിക്കെതിരെയുള്ള ജോയ്‌സിന്റെ പരാമര്‍ശങ്ങള്‍ സിപിഎം തള്ളിക്കളഞ്ഞത് വെറുതെയല്ല. രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി ലോക്‌സഭാ തെരഞ്ഞെടുപ്പ് പിടിച്ച യുഡിഎഫിന്റെ കയ്യിലേക്ക് ഇനി വടികൊടുക്കരുതെന്ന വികാരമായിരുന്നു അത്. ഇത്തരം പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന സിപിഎമ്മിന്റെ പ്രസ്താവന നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴലായി വിവാദം

സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴലായി വിവാദം

രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കുകയെന്നത് ഇടതുമുന്നണിയുടെ നയമല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം യഥാസമയം ഉചിതമായി. കെടാത്ത കനല്‍ ആളിപ്പടര്‍ന്ന് അഗ്നിഗോളമാകുന്നതിന് മുമ്പ് അത് കെടുത്താനുള്ള വ്യഗ്രതയാണ് പിണറായി വിജയന്റെ വാക്കുകളിലുണ്ടായിരുന്നത്. അല്ലെങ്കില്‍, ആ അഗ്നിനാളങ്ങളില്‍ വിഴുങ്ങപ്പെടുന്നത് ആരായിരിക്കുമെന്ന് മറ്റാരേക്കാളും ഉറപ്പുള്ളത് പിണറായിക്കാണ്. ഭരണത്തുടര്‍ച്ചയെന്ന സ്വപ്‌നത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഒന്നിനോടും സമരസപ്പെടാന്‍ ഇപ്പോള്‍ പിണറായിക്കാവില്ല. അതുകൊണ്ടു തന്നെയാണ് ലൗ ജിഹാദ് വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയുടെ നിലപാടിനെ ആ നിമിഷം തന്നെ പിണറായി തള്ളിക്കളഞ്ഞതും. ജോയ്‌സ് ജോര്‍ജ്ജിന്റെ മാപ്പ് പറച്ചിലിന്റെ കാരണവും മറ്റൊന്നല്ല.

ആഴക്കടലിലെ വിവാദത്തിരയിളക്കം; ഇത് അപ്രതീക്ഷിത ആയുധം- നിസാർ മുഹമ്മദ് എഴുതുന്നു

രാഹുൽ ഗാന്ധി
Know all about
രാഹുൽ ഗാന്ധി

ഈ സമരാഗ്നി അത്ര പെട്ടെന്ന് അണയുമോ? തിരഞ്ഞെടുപ്പ് കാഹളം ഉയരുമ്പോൾ കാത്തിരിക്കുന്നത് - നിസാർ മുഹമ്മദ് എഴുതുന്നു

English summary
Kerala Assembly Election 2021: Kerala Circus- Nizar Mohammed Analyzes Joice George's comment against Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X