• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലീഗിന്‍റെ ഉരുക്ക് കോട്ട... പൊന്നാനിയില്‍ ഭയമില്ലാതെ മുസ്ലീം ലീഗ്; അട്ടിമറി കൊതിച്ച് ഇടതുപക്ഷം...

cmsvideo
  #LoksabhaElection2019 : പൊന്നാനിയിൽ ലീഗ് കോട്ട തകരുമോ? | Oneindia Malayalam

  കേരളത്തിലെ മുസ്ലീങ്ങളുടെ മെക്ക എന്ന് അറിയപ്പെടുന്ന സ്ഥലം ആണ് പൊന്നാനി. 2004 ലെ പൊതു തിരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ യുഡിഎഫ് വിരുദ്ധ തരംഗത്തില്‍ ഒലിച്ചുപോയപ്പോള്‍ യുഡിഎഫിന് ആശ്വാസം നല്‍കിയ ഏക മണ്ഡലം ആയിരുന്നു പൊന്നാനി. ഇന്ന് നാം ചര്‍ച്ച ചെയ്യുന്നത് പൊന്നാനിയെ കുറിച്ചാണ്.

  കേരള ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു നാടാണ് പൊന്നാനി. സമീപകാല രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ മുസ്ലീം ലീഗിന്റെ ഉരുക്കുകോട്ട! എന്നാല്‍ പൊന്നാനിയെ വെറും ഒരു ലീഗ് കോട്ടയായി ഒതുക്കാന്‍ ആവില്ലെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ചരിത്രത്തിൽ മൂന്ന് തവണ കമ്യൂണിസ്റ്റ് സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുണ്ട് പൊന്നാനിയിൽ. 1962 ൽ ഇകെ ഇന്പിച്ചിബാവയും 1967 ൽ സികെ ചക്രപാണിയും, 1971 ൽ എംകെ കൃഷ്ണനും.

  തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, കോട്ടയ്ക്കല്‍, തൃത്താല എന്നീ നിയമസഭ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പൊന്നാനി ലോക്‌സഭ മണ്ഡലം. ഇതില്‍ പൊന്നാനി, താനൂര്‍, തവനൂര്‍ മണ്ഡലങ്ങള്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം ആയിരുന്നു. ബാക്കി നാല് മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പവും. മുസ്ലീം ലീഗ്, കോണ്‍ഗ്രസ്, സിപിഎം- മൂന്ന് പാര്‍ട്ടികള്‍ക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലം ആണിത്. അത് തന്നെയാണ് യുഡിഎഫിന്റെ ഏറ്റവും വലിയ പ്രതീക്ഷയും.

  മലയാളികളല്ലാത്തവര്‍ മത്സരിച്ച് ജയിച്ച ലോക്‌സഭ മണ്ഡലം എന്ന ഒരു ചരിത്രമുണ്ട് പൊന്നാനിയ്ക്ക്. 1977 മുതല്‍ 1989 വരെ ജിഎം ബനാത്ത് വാല ആയിരുന്നു പൊന്നാനിയില്‍ മത്സരിച്ച് ജയിച്ചത്. അതിന് ശേഷം 1991 ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി ജയിച്ചു. അതിന് ശേഷം 1996 മുതല്‍ 1999 വരെ നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളില്‍ വീണ്ടും ജിഎം ബനാത്ത് വാല തന്നെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുജയിച്ചു.

  പതിറ്റാണ്ടുകള്‍ക്ക് ശേഷം 2004 ലെ തിരഞ്ഞെടുപ്പില്‍ ആണ് പൊന്നാനിക്കാര്‍ക്ക് മലയാളിയായ ഒരു എംപിയെ സ്വന്തമായി കിട്ടുന്നത്. ആ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ഇ അഹമ്മദ് ആയിരുന്നു. തുടര്‍ന്ന് 2009 ലും 2014 ലും നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ഇടി മുഹമ്മദ് ബഷീര്‍ തുടര്‍ച്ചയായി വിജയിച്ചു.

  എന്നാല്‍ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലെ കണക്കെടുത്താല്‍, പൊന്നാനിയില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 1999 ലെ തിരഞ്ഞെടുപ്പില്‍ 1,29,478 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജിഎം ബനാത്ത് വാല വിജയിച്ചത്. 2004 ല്‍ ഇ അഹമ്മദിന്റെ ഭൂരിപക്ഷം 102,758 ആയി. 2009 ല്‍ ഇടി മുഹമ്മദ് ബഷീര്‍ ആദ്യം മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 82,684 ആയിരുന്നു. 2014 ല്‍ എത്തിയപ്പോള്‍ അത് 25,410 ആയി കുറഞ്ഞു.

  എന്നാല്‍ 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്ഥിതി അല്ല 2016 കഴിഞ്ഞപ്പോള്‍. ഒരു മണ്ഡലം കൂടുതലായി ഇടതുപക്ഷം സ്വന്തമാക്കിക്കഴിഞ്ഞു. മറ്റ് മണ്ഡലങ്ങളില്‍ പലതിലും മുസ്ലീം ലീഗിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞിട്ടും ഉണ്ട്.

  പക്ഷേ, ഇടി മുഹമ്മദ് ബഷീറിന്റെ ജനസമ്മതിയില്‍ കാര്യമായി ഇടിവൊന്നും തട്ടിയിട്ടില്ല. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ മികച്ച പേര് നേടിയ ആളായിരുന്നു ഇ ടി. പക്ഷേ, ഇത്തവണത്തെ കണക്കുകള്‍ അത്രയ്ക്ക് പ്രതീക്ഷ നല്‍കുന്നതല്ലെന്നതാണ് മറ്റൊരു വസ്തുത. ലോക്‌സഭയില്‍ അദ്ദേഹം പങ്കെടുത്ത ചര്‍ച്ചകളുടെ എണ്ണം 86 മാത്രം ആണ്. സംസ്ഥാന ശരാശരിയായ 135 നേക്കാള്‍ ഏറെ താഴെയാണിത്. ഉച്ചയിച്ച ചോദ്യങ്ങളുടെ കാര്യത്തിലും സംസ്ഥാന ശരാശരിയേക്കാള്‍ താഴെയാണ് ഇടി മുഹമ്മദ് ബഷീര്‍. പ്രൈവറ്റ് ബില്ലുകളുടെ കാര്യത്തില്‍ മാത്രം അദ്ദേഹം സംസ്ഥാന ശരാശരിക്കൊപ്പം നില്‍ക്കുന്നു. നാല് സ്വകാര്യ ബില്ലുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. 80 ശതമാനം ആണ് ഹാജര്‍ നില.

  ഇത്തവണ ഇ ടിയെ മാറ്റി മറ്റൊരാളെ പരീക്ഷിക്കാനുള്ള ശ്രമം മുസ്ലീം ലീഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ ഇടയില്ല. എന്നാല്‍ ആരായിരിക്കും ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി എന്നറിയാന്‍ ആണ് ഏവരും കാത്ത് നില്‍ക്കുന്നത്. നേരത്തേ സിപിഐയുടെ സീറ്റ് ആയിരുന്നു പൊന്നാനി. 2009 ല്‍ അബ്ദുള്‍ നാസര്‍ മദനിയുമായുണ്ടാക്കിയ നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ സീറ്റ് ഹുസൈന്‍ രണ്ടത്താണിക്ക് നല്‍കി. അതിന് ശേഷം 2014 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പിണങ്ങിപ്പോന്ന വി അബ്ദുറഹ്മാന്‍ ആയിരുന്നു ഇടത് സ്ഥാനാര്‍ത്ഥി. അന്ന് ഇടിയ്ക്ക് ശക്തമായ വെല്ലുവിളിയാണ് അബ്ദുറഹ്മാന്‍ ഉയര്‍ത്തിയത്.

  എന്നാല്‍ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ താനൂരില്‍ ഇടത് സ്വന്തന്ത്രനായി അബ്ദുറഹ്മാന്‍ മത്സരിച്ച് വിജയിച്ചു. അതുകൊണ്ട് തന്നെ ഇനി അബ്ദുറഹ്മാന്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത വളരെ കുറവാണ്. ഒരുപക്ഷേ, സീറ്റ് സിപിഐയ്ക്ക് തിരികെ നല്‍കാനും സാധ്യത ഏറെയാണ്.

  പക്ഷേ, ഇതിനിടെ മറ്റൊരു പ്രചാരണവും വ്യാപകമായി നടക്കുന്നുണ്ട്. നിലവിലെ മന്ത്രിയും തവനൂര്‍ എംഎല്‍എയും ആയ ഡോ കെടി ജലീലിനെ പൊന്നാനി മണ്ഡലത്തില്‍ മത്സരിപ്പിച്ചേക്കും എന്നതാണത്. അങ്ങനെയെങ്കില്‍ പൊന്നാനിയില്‍ വീണ്ടും ഒരു തീപാറുന്ന പോരാട്ടത്തിന് സാക്ഷ്യം വഹിക്കാം.

  English summary
  Know detailed information on Ponnani Lok Sabha Constituency like election equations, sitting MP, demographics, election history, performance of current sitting MP, 2014 election results and much more about Ponnani Loksabha Seat.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X