കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളഞ്ഞിട്ടു പോകണം... സഖാവേ.....

  • By Super
Google Oneindia Malayalam News

രംഗം ഒന്ന്. കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജകമണ്ഡലത്തിലെ നിലമേലിനടുത്ത് ഒരു മരണ വീട്. മരണം നടന്ന് അഞ്ചാം ദിവസം ഉച്ച നേരം. മൂന്നുപേര്‍ വീട്ടിലേയ്ക്ക് കടന്നു വരുന്നു. വീടിന്റെ ഉമ്മറത്ത് സ്ത്രീകള്‍ മാത്രം. വന്നവരെ ആര്‍ക്കും പരിചയമില്ല.

സഹികെട്ട ആഗതരിലൊരാള്‍ സ്വയം പരിചയപ്പെടുത്തി. ഞാന്‍ മുല്ലക്കര രത്നാകരന്‍. മന്ത്രിയാണ്. വീട്ടുകാര്‍ ഞെട്ടി. തുടര്‍ന്ന് ആചാരപൂര്‍വമായ സ്വീകരണം.

രംഗം രണ്ട്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്ത് അടയമണില്‍ ഒരു സര്‍ക്കാര്‍ സ്കൂള്‍ നൂറു വര്‍ഷം പൂര്‍ത്തിയാക്കി. നൂറാം വാര്‍ഷികത്തിന്റെ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ നാട്ടുകാര്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ മന്ത്രി മുല്ലക്കര രത്നാകരനെ ക്ഷണിച്ചു.

മന്ത്രി വരാമെന്നേറ്റു. നോട്ടീസ് തയ്യാറാക്കി. ആഘോഷദിവസമെത്തി. സ്ക്കൂളലങ്കരിക്കാന്‍ അതിരാവിലെ അങ്കണത്തിലെത്തിയ സംഘാടക സമിതിക്കാര്‍ ഞെട്ടി.

അവര്‍ക്കു മുന്പേ മന്ത്രി ഹാജര്‍. തോരണമൊട്ടിക്കാനും ഊണിന് വാഴയില വെട്ടാനും അവരിലൊരാളായി മുല്ലക്കര മാറി. ജനത്തിനൊപ്പം കപ്പ പുഴുങ്ങിയതും മുളകരച്ച ചമ്മന്തിയും കഴിച്ചു. വൈകുന്നേരം ഉദ്ഘാടനത്തിന് ഗംഭീര പ്രസംഗം നടത്തി. ജനകീയനായ മന്ത്രിയെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറഞ്ഞു.

രംഗം മൂന്ന്. ഇക്കഴിഞ്ഞ ദിവസം. കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ ചടങ്ങ്.

കര്‍ഷകര്‍ക്ക് വേണ്ടി കേരള നിയമസഭ 100 കോടി രൂപ അനുവദിച്ചിട്ടും ഇതുവരെ അത് വിതരണം ചെയ്തിട്ടില്ലെന്ന് തുറന്നടിച്ചു കൊണ്ട് കമ്മിഷന് ചെയര്‍മാന്‍ ജസ്റ്റിസ് അബ്ദുള്‍ ഗഫൂര്‍ കത്തിക്കയറുന്നു. കമ്മിഷന്റെ ഓഫീസില്‍ ജീവനക്കാരില്ലെന്നും ഇതുവരെ അഞ്ചു പൈസ ശംബളം നല്‍കിയിട്ടില്ലെന്നും ചെയര്‍മാന്‍ തുറന്നടിച്ചു. വിമര്‍ശനത്തില്‍ കോപാകുലനായ മന്ത്രി ടെലിവിഷന്‍ കാമറകള്‍ക്കു മുന്നില്‍ വച്ച് ഒരുളുപ്പുമില്ലാതെ ഇറങ്ങിപ്പോക്കു നടത്തി.

ചിലര്‍ക്ക് ചിലതേ പറഞ്ഞിട്ടുളളൂവെന്ന് പറയുന്നതെത്ര ശരി. യശശരീരനായ കണിയാപുരം രാമചന്ദ്രന്റെ അത്യുഗ്രന്‍ പ്രസംഗങ്ങളും ലേഖനങ്ങളും കാണാതെ പഠിച്ച് കവലയോഗങ്ങളില്‍ പ്രസംഗപ്പണിയുമായി നടന്ന ഒരു പാവത്തിനെപ്പിടിച്ച് മന്ത്രിയാക്കിയാല്‍ അതിയാന്‍ ഇതിലപ്പുറം എന്തു ചെയ്യാനാണ്?

എല്ലാ കല്യാണ വീടുകളിലും മുല്ലക്കര പോകും. മരണം നടന്നാല്‍ അവിടെയും പോകും. മണ്ഡലത്തിലെ കോഴിക്കൂടും മൂത്രപ്പുരയും വരെ ഉദ്ഘാടിച്ച് ജനകീയനായകപ്പട്ടം കരസ്ഥമാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിക്കൊണ്ടിരിക്കവെയാണ് കാര്‍ഷിക കടാശ്വാസ കമ്മിഷനും മാങ്ങാത്തൊലിയും.

മരണവീട്ടില്‍ പോയി ദുഖമഭിനയിക്കുന്നതും കല്യാണവീട്ടില്‍ പോയി കവറു നല്‍കി മണവാട്ടിയുടെ കൈയില്‍ നിന്നും നാരങ്ങാ വാങ്ങുന്നതും ഉത്സവപ്പറന്പില്‍ പോയി മിമിക്രി കേട്ട് കൈയടിക്കുന്നതും പോലെയല്ല മന്ത്രിപ്പണിയെന്ന് സഖാവിന് മനസിലായി വരുന്നതേയുളളൂ.

പിടിപ്പു കേടില‍്‍ ഒന്നാം സ്ഥാനത്തിനായി പരസ്പരം മത്സരിക്കുകയാണ് സിപിഐ മന്ത്രിമാര്‍ . ഒന്നാം സ്ഥാനം ആര്‍ക്കാണെന്നു പറയാന്‍ കഴിയാത്ത വിധം ഫോട്ടോഫിനിഷിലേയ്ക്കാണ് മത്സരം പുരോഗമിക്കുന്നത്.

ഏറെ കൊട്ടിഘോഷിച്ചാണ് ഇടതുമുന്നണി കാര്‍ഷിക കടാശ്വാസ കമ്മിഷനു് രൂപം നല്‍കിയത്. പഴയ സിപിഐ പ്രവര്‍ത്തകന്‍ കൂടിയായ ജസ്റ്റിസ് അബ്ദുള്‍ ഗഫൂര്‍ ചെയര്‍മാന്‍. തൊഴിലാളി വര്‍ഗത്തിന്റെ മുന്നണിപ്പോരാളി സഖാവ് മുല്ലക്കര രത്നാകരന്‍ കൃഷിമന്ത്രി. ഭരിക്കുന്നതോ കര്‍ഷകത്തൊഴിലാളികളുടെ കണ്ണിലുണ്ണിയായ ഇടതുമുന്നണിയും. ആനന്ദലബ്ധിയ്ക്ക് ഇനി രണ്ടെണ്ണം ധൈര്യമായി വീശാം എന്നു കര്‍ഷകര്‍ സത്യമായും ചിന്തിച്ചു.

കടാശ്വാസ കമ്മിഷന്‍ വരുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് സിപിഐക്കാരും ഇടതുമുന്നണിക്കാരും പ്രഖ്യാപന ദിവസം ചാനല്‍ മുറികളിലെത്തി വാതോരാതെ അഭിമാനിച്ചു. പിറ്റേന്ന് ന്യൂസ് അവറില്‍ അടുത്ത ചര്‍ച്ച വന്നപ്പോള്‍ കടാശ്വാസം കടലില്‍ കലക്കിയ കായം പോലെയായി.

തിരുവനന്തപുരത്തെ ജഗതിയില്‍ കമ്മിഷന് ഓഫീസ് അനുവദിച്ചത് കഴിഞ്ഞയാഴ്ച മാത്രമാണെന്ന് ദയവായി അറിയുക. ഫണ്ടില്ല. ശംബളമില്ല. കെട്ടിക്കിടക്കുന്നത് പാവം കര്‍ഷകരുടെ രണ്ടു ലക്ഷത്തോളം അപേക്ഷകള്‍.

എഴുതാന്‍ ക്ലര്‍ക്കില്ല. കവറു പൊട്ടിക്കാന്‍ ശിപായിയില്ല. ഒടുവില്‍ പാവം ചെയര്‍മാന്‍ സ്വന്തം ലാപ് ടോപ്പില്‍ റിപ്പോര്‍ട്ട് ടൈപ്പു ചെയ്തു. കമ്മിഷനിലെ മറ്റ് അംഗങ്ങളായ സത്യന്‍ മൊകേരിയും എം കെ ഭാസ്കരനും റിപ്പോര്‍ട്ട് കൈമാറുന്ന ചടങ്ങില്‍ കൃത്യമായെത്തി. ടെലിവിഷന്‍ കാമറയില്‍ പതിയാന്‍ നല്ല ആംഗിളില്‍ കസേര പിടിച്ചിട്ടിരുന്നു.

കല്യാണവീട്ടിലും മരണവീട്ടിലും കയറിയിറങ്ങി സംസ്ഥാന ഭരണം നിര്‍വഹിക്കുന്ന മുല്ലക്കരയ്ക്ക് കൈയില്‍ കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ ജസ്റ്റിസ് കണക്കിന് കൊടുത്തു. ഇനിയിങ്ങനെയൊരു റിപ്പോര്‍ട്ടുണ്ടാക്കാന്‍ വേറെയാളെ നോക്കണമെന്ന് അദ്ദേഹം തുറന്നടിച്ചപ്പോള്‍ അന്പരന്നത് മാധ്യമ പ്രവര്‍ത്തകരാണ്. ശരവര്‍ഷം പോലെ നീളുന്ന അവരുടെ ചോദ്യങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഇറങ്ങിപ്പോക്കല്ലാതെ മന്ത്രിയെന്തു ചെയ്യാന്‍?.

ഇതിനേക്കാല്‍ ഭേദം മരണവീടും കല്യാണവീടുമല്ലേ. ഒരു ഡെഡ് ബോഡിയും ചോദ്യം ചോദിക്കില്ല. ഒരു കല്യാണപ്പെണ്ണും ഫയലെഴുതി മന്ത്രിയോട് ഒപ്പിടാന്‍ പറയില്ല. കവലപ്രസംഗം കേള്‍ക്കാനെത്തുന്ന പാവങ്ങളും ഇങ്ങോട്ട് ചോദ്യങ്ങളൊന്നും ചോദിക്കില്ല. വെടിപ്പന്‍ വാചകങ്ങള്‍ അവരോട് കസറിയാല്‍ മതി. കൈയടിച്ചു തരും. സെക്രട്ടേറിയറ്റിലിരുന്ന് കാര്യങ്ങള്‍ നടത്താന്‍ പാവം മുല്ലക്കരയ്ക്ക് പാങ്ങില്ല.

ശവത്തില്‍ കുത്തുംപോലെ വൈകുന്നേരം അച്യുതാനന്ദന്‍ വക ഡയലോഗും. കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ ക്ഷോഭത്തില്‍ കാര്യമുണ്ടെന്ന്. കെ പി രാജേന്ദ്രനെയും ബിനോയ് വിശ്വത്തെയും പഴയ പട്ടയവീരന്‍ കെ ഇ ഇസ്മായിലിനെയും നാണം കെടുത്തിയ വിഎസിന് നിനച്ചിരിക്കാതെ വീണു കിട്ടിയ ഇരയായി അങ്ങനെ മുല്ലക്കര രത്നാകരന്‍. നിയമസഭയിലും വിഎസ് ഇതേ വാചകം പറഞ്ഞപ്പോള്‍ നിസഹായനായി തലതാഴ്ത്തിയിരിക്കുന്ന മുല്ലക്കരയുടെ മുഖത്ത് ഒരു മരണവീട്ടിലെത്തിയ ഭാവം.

എല്ലാ വകുപ്പിലും കാര്യം നടക്കണമെങ്കില്‍ അച്യുതാനന്ദന്‍ ഇടപെടണമെന്നാണ് അവസ്ഥയെങ്കില്‍ നമുക്കെന്തിനാണ് ഇത്രയും മന്ത്രിമാര്‍? ഒരു കാര്യവും യഥാവിധി ചെയ്യാതെ ടെലിവിഷന്‍ കാമറയ്ക്കു മുന്നിലും വാര്‍ത്താ സമ്മേളനങ്ങളിലും ദരിദ്രരുടെ ദൈവങ്ങളായി അവതരിക്കുന്ന ഒരുപറ്റം ശപ്പന്മാരെ നാമെന്തിന് തീറ്റിപ്പോറ്റണം?

ശാപം കിട്ടിയ നാടാണ് കേരളം. കഴിവു കെട്ട രാഷ്ട്രീയക്കോരമങ്ങളുടെ നീരാളിപ്പിടിത്തത്തില്‍ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുകയാണ് ഓരോ തലമുറയും. രക്ഷപെടാന്‍ പരശുരാമന്‍ വീണ്ടും അവതരിക്കേണ്ടിയിരിക്കുന്നു. ഇവറ്റകളുടെ തലയറുത്ത് അറബിക്കടലിലെറിയാന്‍..........

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X